പത്മപ്രഭാപുരസ്‌കാരം; എഴുത്തിലെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു- റഫീക്ക് അഹമ്മദ്

ഫോട്ടോ: ഫിലിപ് ജെ
ഫോട്ടോ: ഫിലിപ് ജെ

ത്മപ്രഭാപുരസ്‌കാരം എഴുത്തിലെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്ന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. ''പത്മപ്രഭ പുരസ്‌കാരത്തിന് അര്‍ഹനായതില്‍ ഏറെ സന്തോഷിക്കുന്നു. ഏതൊരു പുരസ്‌കാരവും എഴുത്തുകാരനുള്ള അംഗീകാരവും അഭിനന്ദനവുമായിരിക്കുമ്പോള്‍ തന്നെ പ്രതീക്ഷയും കൂടിയാണ്. അത് വായനസമൂഹത്തിന്റെ പ്രതീക്ഷയാണ്. അത് എഴുത്തുകാരന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു. സമത്വം സ്വപ്നം കണ്ട ഒരു മഹാവ്യക്തിയുടെ ഓര്‍മ്മയ്ക്കായുള്ളതാണെന്നതും ഈ പുരസ്‌കാരത്തെ കൂടുതല്‍ ശോഭയുള്ളതാക്കുന്നു. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയവും വളരെ മികച്ചരീതിയില്‍ നല്‍കിക്കൊണ്ടിരിക്കുന്നതുമായിട്ടുള്ള പത്മപ്രഭാപുരസ്‌കാരത്തിന്റെ എല്ലാ ഗൗരവവും ഉള്‍ക്കൊണ്ടുകൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുന്നു.''- റഫീക്ക് അഹമ്മദ് പുരസ്‌കാരവാര്‍ത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. 

 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപ്രതവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളീയ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായുള്ള മലയാള കവിതയുടെ ബന്ധം മുറിഞ്ഞുപോവാതെ നിലനിര്‍ത്തിയ കവിയാണ് റഫീക്ക് അഹമ്മദ് എന്ന് പുരസ്‌കാര സമിതി വിലയിരുത്തി. 
എന്‍.എസ്. മാധവന്‍ ചെയര്‍മാനും കല്‍പ്പറ്റ നാരായണന്‍, എസ്. ശാരദക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്്കാരജേതാവിനെ തിരഞ്ഞെടുത്തത്. പത്മപ്രഭാ ട്രസ്റ്റ് ചെയര്‍മാന്‍ എം.വി. ശ്രേയാംസ് കുമാര്‍ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. 

തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ ജനിച്ച റഫീക്ക് അഹമ്മദ് ഇപ്പോഴും കാവ്യരംഗത്തും ചലച്ചിത്രഗാന രംഗത്തും സജീവമാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം, വൈലോപ്പിള്ളി പുരസ്‌കാരം, ഒളപ്പമണ്ണ പുരസ്‌കാരം, ആറു തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. റഫീഖ് അഹമ്മദിന്റെ കവിതകള്‍, കടല്‍ക്കാഴ്ച, റഫീക്ക് അഹമ്മദിന്റെ ചലച്ചിര്ത ഗാനങ്ങള്‍, അഴുക്കില്ലം(നോവല്‍) എന്നിവയാണ് പ്രധാന കൃതികള്‍.

Content Highlights: rafeek ahammed grabs padmaprabha award