വയലാർ അവാർഡ് ലഭിച്ചതിൽ വലിയ സന്തോഷം, അഭിമാനം; വായനക്കാർക്ക് നന്ദി- ആർ. രാജശ്രീ

#സ്വന്തം ലേഖകൻ
ആര്‍. രാജശ്രീ
ആര്‍. രാജശ്രീ

കൊച്ചി: വയലാർ അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും 'ആത്രേയകം' എന്ന നോവലിനുണ്ടായ മികച്ച വായനയ്ക്കും വിലയിരുത്തലുകൾക്കും വായനക്കാരോട് നന്ദിപറയുന്നെന്നും എഴുത്തുകാരി ആർ. രാജശ്രീ. വയലാർ അവാർഡ് നേടിയവരുടെ പട്ടികയിൽ കയറിപ്പറ്റാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അവർ പറഞ്ഞു. പുരസ്കാരം ലഭിച്ച സാഹചര്യത്തിൽ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അവർ.

'വളരെ സന്തോഷമുണ്ട്. മലയാളത്തിലെ ഏറ്റവും പ്രമുഖമായിട്ടുള്ള സാഹിത്യ അവാർഡാണ്. മലയാളത്തിലെ ഏറ്റവും സർഗ്ഗധനനായിട്ടുള്ള കവികളിൽ ഒരാളുടെ പേരിലുള്ള അവാർഡാണ്. കുട്ടിക്കാലം മുതൽ തന്നെ വയലാർ അവാർഡ് ജേതാക്കളെയും അവരുടെ കൃതികളെയുമൊക്കെ പരിചയപ്പെടുകയും ആ പട്ടിക വളരെ വിസ്മയത്തോടു കൂടി നോക്കുകയുമൊക്കെ ചെയ്തിട്ടുള്ള ഒരാളെന്ന നിലയ്ക്ക് അതിന്റേതായിട്ടുള്ള ഒരു കൗതുകമുണ്ട്, അഭിമാനമുണ്ട്, ആ പട്ടികയിൽ കയറിപ്പറ്റാൻ പറ്റിയതിൽ', രാജശ്രീ പറഞ്ഞു.

'അരനൂറ്റാണ്ടോളം നീളുന്ന വയലാർ അവാർഡിന്റെ ചരിത്രത്തിൽ അത് ലഭിച്ചത് ഏഴ് സ്ത്രീകൾക്കാണ്. അപ്പോൾ അങ്ങനെയും ഇതിനൊരു ഭംഗിയുണ്ട് എന്നാണ് കരുതുന്നത്. അതിലുപരി, 'ആത്രേയകം' എന്ന നോവൽ ഒരുപാട് പേർ വായിച്ചു. ഒരുപാട് പേർ അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പറഞ്ഞു. നല്ല വിലയിരുത്തലുകൾ ഉണ്ടായി, വിമർശനങ്ങൾ ഉണ്ടായി. അതിനൊക്കെ വായനക്കാരോട് നന്ദിപറയുന്നു.

എഴുത്തിൽനിന്ന് പിൻവാങ്ങി, നീണ്ടൊരു ഇടവേളയ്ക്കുശേഷം തിരിച്ചുവരുമ്പോൾ ഒരുപാട് ഇടർച്ചകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിലെ ഭാവുകത്വവുമായിട്ട് നമ്മൾ ഏത് തരത്തിലാണ് ഒത്തുപോവുക എന്നുള്ള പ്രശ്നം അവിടെയുണ്ട്. ഇനി എഴുതിയാൽ സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. അത്തരത്തിലുള്ള ആധിവ്യാധികളെ മുഴുവനും മാറ്റിക്കൊണ്ടാണ് 'കല്യാണിയും ദാക്ഷായണിയും എന്നുപേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവൽ വരുന്നത്. അത് ഫേസ്ബുക്കിൽ എഴുതപ്പെടുന്നു. ഒരുപാട് പേർ വായിക്കുന്നു. അങ്ങനെ ഒരു മീഡിയത്തിൽ ആവുമ്പോൾ സ്വാഭാവികമായിട്ടും അതിൻ്റെയൊരു രഹസ്യാത്മകത സൂക്ഷിക്കാനൊന്നും പറ്റില്ല. അത് ഇഷ്ടംപോലെ ആൾക്കാർ കോപ്പി ചെയ്തുപോകുന്നു, അങ്ങനെ വായിക്കുന്നു. അത്തരത്തിലൊരു നോവൽ ഏറ്റെടുത്ത് അത് പ്രസിദ്ധീകരിക്കാൻ മനസ്സ് കാണിച്ച മാതൃഭൂമി ബുക്സ്, ഒരർത്ഥത്തിൽ എനിക്കൊരു വലിയ ആത്മവിശ്വാസം നൽകുകയാണ് ചെയ്തത്. സാമൂഹികമായിട്ടുള്ള ഒരു പിന്തുണയുണ്ടല്ലോ, എഴുത്തിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന ഒരു സ്ത്രീക്ക് നൽകിയ പിന്തുണയായി അതിനെ ഞാൻ കാണുന്നു. ആ നോവൽ നന്നായിട്ട് വായിക്കപ്പെട്ടു, അതിന് ഒരുപാട് അംഗീകാരങ്ങൾ കിട്ടി.

അത് നൽകിയ ഒരു ബലത്തിലാണ് അതിനേക്കാൾ എത്രയോ മുൻപേ, കൃത്യമായി പറഞ്ഞാൽ 2016-ൽ എഴുതിത്തുടങ്ങിയിട്ട് ഭാഷാപരമായ പരീക്ഷണങ്ങളിൽ മനം മടുത്ത് ഉപേക്ഷിച്ച ഒരു നോവലിലേക്ക് തിരിച്ചു ചെല്ലുന്നത്. അതാണ് 'ആത്രേയകം'. അതിനു മുൻപേ ഗവേഷണവുമായി ബന്ധപ്പെട്ട് ഒരുപാട് പുസ്തകങ്ങൾ റഫർ ചെയ്യേണ്ടി വന്നിട്ടുണ്ട്. കുട്ടിക്കാലത്ത് ഒരുപാട് പുരാണകഥകൾ വായിച്ചു. പുരാണ കഥാഖ്യാനങ്ങളുമായിട്ടൊക്കെ ബന്ധപ്പെട്ട് ലേണിങ്ങും അൺലേണിങ്ങുമൊക്കെ ചേർന്ന ഒരു വലിയ നീണ്ടൊരു പ്രോസസ്സ് ഉണ്ടായിട്ടുണ്ട്. ഏത് എഴുത്തുകാരും നമ്മൾ ഇപ്പോൾ പറയുന്നതുപോലെ നമ്മൾ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിന്റെയും ഒക്കെ സമ്മർദ്ദങ്ങൾക്ക് വിധേയരായിരിക്കും. അതിനെയൊക്കെ അഡ്രസ്സ് ചെയ്തുകൊണ്ടാണ് അവർ ഓരോ അക്ഷരവും എഴുതുന്നത്. അത്തരത്തിലൊരു ഉത്തരവാദിത്വംകൂടി എഴുത്തുകാർക്കുണ്ടെന്ന് ഞാൻ കരുതുന്നു', രാജശ്രീ വ്യക്തമാക്കി.

'മഹാഭാരതത്തിന്റെ ഒരു ഫാബ്രിക്കിൽ ഒരു നോവൽ ഉണ്ടാക്കുന്ന സമയത്ത് ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ കഥ പുനരാഖ്യാനം ചെയ്തതുകൊണ്ട് അത് നിർവ്വഹിക്കപ്പെടും എന്ന് ഞാൻ കരുതുന്നില്ല. അതിൽ കൂടുതലായി നമുക്കെന്ത് ചെയ്യാൻ പറ്റും എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. അതാണ് 'ആത്രേയക'ത്തിൽ ചെയ്യാൻ ശ്രമിച്ചത്. ആ തരത്തിൽ ആ നോവലിനെ വായിച്ചെടുക്കുന്ന വായനകൾ ഒരുപാട് ഉണ്ടായിട്ടുണ്ട്, അതിൽ വളരെ സന്തോഷം', രാജശ്രീ പറഞ്ഞു.