എം.കെ. സാനുവിനെതിരെയുള്ള പു.ക.സ. യുടെ വിലക്ക്; വിവാദം ചൂടുപിടിക്കുന്നു

കൊച്ചി: പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരവിതരണച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍നിന്ന് പ്രൊഫ. എം.കെ. സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കിയതിനെച്ചൊല്ലി വിവാദം ചൂടുപിടിക്കുന്നു. പു.ക.സ.യ്‌ക്കെതിരേ രൂക്ഷമായ പ്രതികരണവുമായി പുരസ്‌കാരം ഏര്‍പ്പെടുത്തിയ പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി രംഗത്തെത്തി.
പണ്ഡിറ്റ് കറുപ്പനെ അവഹേളിക്കുന്നതാണ് പു.ക.സ.യുടെ നിലപാടെന്ന് സംഘടന കുറ്റപ്പെടുത്തി. 'സുരേഷ് ഗോപിയോടുള്ള ദേഷ്യമാണ് ഈ വിലക്കിന് പിന്നില്‍. പണ്ഡിറ്റ് കറുപ്പന്റെ ആശയങ്ങള്‍ ആരുടെയും കുത്തകയല്ല. -വിചാരവേദി സെക്രട്ടറി സി.ജി. രാജഗോപാല്‍ പറഞ്ഞു. പുരസ്‌കാരം നല്‍കിയ സംഘടനയെക്കുറിച്ച് ഇതുവരെ ആരും കേട്ടിട്ടില്ലെന്ന പു.ക.സ. ജില്ലാ നേതൃത്വത്തിന്റെ ആരോപണത്തെയും അദ്ദേഹം വിമര്‍ശിച്ചു.
'വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. പണ്ഡിറ്റ് കറുപ്പന്റെ ആശയ പ്രചാരകരില്‍ പ്രമുഖനായിരുന്ന കെ.വി. മദനന്‍ മാസ്റ്ററെപ്പോലെയുള്ളവരാണ് തുടക്കക്കാര്‍. ഇതിനുമുന്‍പ് ഈ പുരസ്‌കാരം നല്‍കിയിട്ടുള്ളത് മാതാ അമൃതാനന്ദമയിക്കും സുഗതകുമാരിക്കുമൊക്കെയാണ്. ഇതുവരെ കേട്ടിട്ടില്ലെന്ന പ്രതികരണം അറിവില്ലായ്മകൊണ്ട് പറയുന്നതാണ്'-സി.ജി. രാജഗോപാല്‍ പറഞ്ഞു.
സംഘടന ഏറെ ആദരിക്കുന്ന വ്യക്തിയായതിനാലാണ് സാനു മാഷിനുണ്ടായ വിലക്കിനെക്കുറിച്ച് പരിപാടിക്കു മുന്‍പ് മൗനം പാലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാര്‍ ആഭിമുഖ്യമുള്ള ചടങ്ങുകളില്‍ സാനുവിന്റെ സാന്നിധ്യം ഇടതുപക്ഷത്തെ അലോസരപ്പെടുത്താന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'യുവം' പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള പതാകാ ദിനത്തില്‍ ഇത്തവണ പതാക കൈമാറിയതും എം.കെ. സാനുവാണ്.
വി.എച്ച്.പി.യോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദിയുടെ പുരസ്‌കാരവിതരണച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. പക്ഷേ, ഇതില്‍ പങ്കെടുക്കുന്നതില്‍നിന്ന് പു.ക.സ. ഭാരവാഹികള്‍ നേരിട്ടെത്തി അദ്ദേഹത്തെ വിലക്കുകയാണുണ്ടായത്.
Content Highlights: Prof. M.K. Sanu, PUKASA, Pandit Karuppan award, Suresh Gopi