കുഞ്ഞു കഥകൾ തേടി കൊൽക്കത്തയിൽ നിന്ന് ഒരതിഥി| അനുഭവം

ഭാഷയുടെ അതിരുകൾ ഭേദിച്ച് മലയാളത്തിന്റെ മിന്നൽക്കഥകൾ ബംഗാളി ഹൃദയങ്ങളിലേക്ക് എത്തിയതിനെക്കുറിച്ച് എഴുത്തുകാരൻ പി. കെ. പാറക്കടവ് പങ്കുവെക്കുന്ന ഹൃദ്യമായ അനുഭവം.
ഇന്നലെ രാവിലെ കോഴിക്കോട്ടെ നവകേരള ബുക് സ്റ്റാളിൽ നിന്ന് അവിടുത്തെ ജീവനക്കാരനായ പ്രകാശിന്റെ ഒരു ഫോൺ കോൾ. "നിങ്ങളെവിടെയാനുള്ളത്? കൊൽക്കത്തയിൽ നിന്നും ഒരു പ്രൊഫസർ ഇവിടെ വന്ന് ഫോണിൽ നിങ്ങളുടെ പുസ്തകത്തിന്റെ ചിത്രം കാണിച്ച് ഇതെവിടെ കിട്ടുമെന്നും നിങ്ങളെ അറിയാമോ എന്നും ചോദിക്കുന്നു.
ഞാൻ ഫോൺ അയാൾക്ക് കൈമാറാൻ പറഞ്ഞു. അയാൾ പറഞ്ഞു. "ഞാൻ സുശീൽകുമാർ ബർമൻ. കോൽക്കത്തയ്ക്കടുത്ത് ഹൌറയിലാണ്. ഒരു റിട്ടയേർഡ് കോളേജ് പ്രൊഫസർ. നിങ്ങളുടെ കഥകൾ ഞാൻ ചില ബംഗാളി ലിറ്റിൽ മാഗസിനുകളിൽ വായിച്ചിട്ടുണ്ട്."
ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് അളകാപുരിയിൽ വെച്ച് കാണാമെന്ന് ഞാൻ പറഞ്ഞു.
ഇടയ്ക്ക് എന്റെ ഫോണിൽ അദ്ദേഹത്തിന്റെ മെസ്സേജ്. "അളകാപുരി എവിടെയാണ്? "
ഞാൻ കൃത്യമായി സ്ഥലം മെസ്സേജ് ചെയ്തു.
മൂന്ന് മണിക്ക് അളകാപുരിയിൽ എത്തിയപ്പോൾ സുശീൽ കുമാർ അവിടെ റിസപ്ഷനിൽ.
ഞാൻ അദ്ദേഹത്തെക്കുറിച്ച് ആദ്യം ചോദിച്ചറിഞ്ഞു.
റാണി ഇന്ദിര ദബി ഗവ. ഗേൾസ് കോളേജിൽ നിന്ന് പ്രിൻസിപ്പൽ ആയി റിട്ടയർ ചെയ്തു. ഏഴ് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മകൻ ഐ ഒ സിയിൽ ഉന്നതോദ്യോഗം. കോഴിക്കോട്ട് താമസം. മകനെ കാണാൻ വന്നതാണ്.
കഥയുടെ പുതു രൂപങ്ങളെക്കുറിച്ച്, ഫ്ലാഷ് ഫിക്ഷൻ, മൈക്രോ ഫിക്ഷൻ എന്നിവയെക്കുറിച്ച് ഏറെ നേരം സംസാരിച്ചു. എന്റെ കഥകൾ ബംഗാളി മാസികകളിൽ വായിച്ചിട്ടുണ്ടെന്നും പ്രശസ്ത ബംഗാളി എഴുത്തുകാരിയും വിവർത്തകയുമായ തൃഷ്ണ ബാസകിൽ നിന്നാണ് മലയാളത്തിലെ മിന്നൽ കഥകളെക്കുറിച്ച് മനസ്സിലാക്കിയതെന്നും പറഞ്ഞു. തൃഷ്ണ ബാസക് വിവർത്തനം ചെയ്ത എന്റെ തിരഞ്ഞെടുത്ത കഥകളുടെ (നിർബാചിതോ മലയാളം ഒനു ഗോൽപോ) ഒരു കോപ്പി സുശീൽ കുമാറിന് സമ്മാനിച്ചു.
ഇനിയും കോഴിക്കോട് വരുമ്പോൾ കാണാമെന്നും ഇടയ്ക്കിടെ ബന്ധപ്പെടാമെന്നും പറഞ്ഞു പിരിഞ്ഞു.
ഇപ്പോൾ സുശീൽ ബർമന്റെ എഫ് ബി പേജിൽ നിറയെ മലയാളീ കുഞ്ഞുകഥകൾ ബംഗാളി ഭാഷയിൽ.
ഭാഷയുടെ അതിരുകൾക്കപ്പുറത്തേക്ക് നടന്ന് പോകുന്ന കുഞ്ഞു കഥകളെ നോക്കി ഞാൻ പറയുന്നു.
കാലത്തിന് നന്ദി.