‘കാക്കേ കാക്കേ കൂടെവിടെ...’ലോകത്തെ ഏറ്റവും വലിയ പ്രശ്‌നത്തെ അവതരിപ്പിച്ച കവിത

പി.കെ ഗോപിയും ഹരിനാരായണനും ഷാര്‍ജ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍
പി.കെ ഗോപിയും ഹരിനാരായണനും ഷാര്‍ജ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍

ഷാർജ: കുട്ടിക്കാലത്ത് നാം പഠിച്ച 'കാക്കേ കാക്കേ കൂടെവിടെ ....' എന്ന കവിതയെ കേരളത്തിന്റെ സാമൂഹിക യാഥാർഥ്യത്തിലേക്ക് സമന്വയിപ്പിച്ച് പുതിയ അർഥതലം സമ്മാനിച്ച് കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി. ഈ പാട്ടിന്റെ സാരം അറിയണമെങ്കിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം അറിയണമെന്ന് പി.കെ ഗോപി പറഞ്ഞു.
45-മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി 'കവിത ഒരു ഗാനമായി മാറുമ്പോൾ' എന്ന വിഷയത്തിൽ ഇന്റലക്ച്വൽ ഹാളിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ ഏറ്റവും വലിയ പ്രശ്‌നമായ വിശപ്പാണ് ഈ പാട്ടിലൂടെ കവി അവതരിപ്പിച്ചതെന്ന് വരികൾ ചൊല്ലിക്കൊണ്ട് കവി സമർഥിച്ചു. ഈ പ്രശ്‌നമാണ് കവിതയിൽ കൈകാര്യം ചെയ്തതെന്ന കാര്യം എന്തുകൊണ്ടാണ് അധ്യാപകർ കുഞ്ഞുങ്ങളെ പഠിപ്പിക്കാതിരുന്നതെന്ന് പി.കെ. ഗോപി ചോദിച്ചു. ഇത്ര ശക്തമായ കവിതയെ ബാലകവിതയുടെ പട്ടികയിൽപെടുത്തി, ചൊല്ലി നാം ഉപേക്ഷിച്ച് കളഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മറിച്ച് അതിനെ നാം ചൊല്ലി സ്വീകരിക്കണമായിരുന്നു, നിർവചിക്കണമായിരുന്നു, നിരൂപണം ചെയ്യണമായിരുന്നു, ഈ കവിതയുടെ ജാലകത്തിലൂടെ സാമൂഹിക യാഥാർഥ്യത്തെക്കുറിച്ച് പഠിക്കണമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാക്ക കറുത്ത നിറമുള്ള പക്ഷിയാണ്, അസുന്ദര പക്ഷിയാണ്, മയിലിനെ പോലെ ആടുകയില്ല, കുയിലിനെ പോലെ പാടുകയില്ല. അത് അടിയാള സ്വരൂപമാണ്. ഇതെല്ലം നാം മറന്നുപോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ഭരണാധികാരി എങ്ങനെ ദീർഘവീക്ഷണത്തോടെ പുസ്തകത്തെ സാഹിത്യത്തെ കലയെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു എന്നതിന്റെ വലിയ സാക്ഷ്യമാണ് ഷാർജ പുസ്തക മേളയെന്നും ഗോപി പറഞ്ഞു, ഇത് വേറൊരു സംസ്‌കാരത്തിന്റെ ആഘോഷം കൂടിയാണ്. ഭരണാധികാരിക്ക് മുന്നിൽ വാഴ്ത്ത് പറയുന്നുവെന്നും ഗോപി പറഞ്ഞു. പുസ്തകത്തേക്കാൾ പുത്തകമെന്ന് പറയാനാണ് ഇഷ്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങൾ' വായിച്ചില്ലായിരുന്നുവെങ്കിൽ താൻ എഴുതുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കവിതയെന്നത് സ്വയം പ്രകാശനമാണ്, പാട്ട് മറ്റൊന്നാണ്. കവിതക്ക് താഴെയാണ് പാട്ട് എന്നൊരു ധാരണ പണ്ട് മുതൽ നിലനിൽക്കുന്നുണ്ടെന്നും ഒന്ന് മറ്റൊന്നിന്റെയും താഴെയോ മുകളിലോ അല്ലെന്നും പരിപാടിയിൽ ആസ്വാദകരുമായി സംവദിക്കാനെത്തിയ കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണൻ വ്യക്തമാക്കി.'കാനനം' എന്ന് തുടങ്ങുന്ന വരികൾ ചീരാമൻ എന്ന കവി രാമചരിതത്തിൽ എഴുതിയത്

പാട്ടുരൂപത്തിലാണെന്ന് ഹരിനാരായണൻ ചൂണ്ടിക്കാട്ടി. ഇതിന് ശേഷം കണ്ണശ്ശ രാമായണം,രാമായണം കിളിപ്പാട്ട്,വഞ്ചിപ്പാട്ട്,തുള്ളൽപ്പാട്ട്, മോയിൻകുട്ടി വൈദ്യരുടെ കെട്ടിവെച്ച പാട്ട് ഇതെല്ലം പാട്ടുകളായിരുന്നു.

ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന് ഇപ്പോൾ പറയുന്നുവെങ്കിലും മുൻപ് ഇത് കൃഷ്ണപാട്ടായിരുന്നു എന്ന് ഹരിനാരായണൻ സമർഥിച്ചു. സാധാരണക്കാരന്റെ പാട്ട് കേൾക്കാൻ നാം സന്മനസ് കാണിച്ചില്ലെന്ന് ഇതിനിടയിൽ പി.കെ. ഗോപി അഭിപ്രായപ്പെട്ടു. ഇതൊന്നും നമ്മുടെ പാഠ്യക്രമത്തിൽ ഇടം നേടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ കുട്ടികൾ ചില്ലറക്കാരല്ലെന്ന് പുതു തലമുറയുടെ പ്രിയ പാട്ടെഴുത്തുകാരൻ ഹരിനാരായണൻ പറഞ്ഞു. സമരം നടത്തേണ്ടത് എങ്ങനെയെന്ന് നമ്മെ കാണിച്ചുതരുന്ന തലമുറയാണ് ഇത്. അവർ എല്ലാ പാട്ടുകളെയും ഭാഷകളെയും സംസ്‌കാരങ്ങളെയും ആഗിരണം ചെയ്യുന്നുണ്ട്. പാട്ടിന് വേറെ രീതിയിലുള്ള വളർച്ച ഉണ്ടായതുകൊണ്ടാണ് 'വിയർപ്പ് തുന്നിയിട്ട കുപ്പായം ..' പോലെയുള്ള വരികളും വേടനെപ്പോലെയുള്ള എഴുത്തുകാരും വളരുന്നതെന്ന് ഹരിനാരായണൻ ചൂണ്ടിക്കാട്ടി.

പ്രേമത്തിന്റെ യഥാർഥ അർഥം അറിയാത്തവരാണ് പ്രേമിക്കുന്നതിനൊപ്പം അസംസ്‌കൃത വസ്തുവായി കഠാര കൂടി വാങ്ങുന്നതെന്ന് പി.കെ. ഗോപി പറഞ്ഞു. പ്രമ എന്നാൽ സത്യം എന്നർഥം. പ്രേമം എന്നാൽ സത്യത്തെ സംബന്ധിക്കുന്നത്. എന്നാൽ ഇക്കാലത്ത് പ്രേമം മാംസത്തെ സംബന്ധിക്കുന്നതായി മാറുന്നതുകൊണ്ടാണ് പ്രേമിക്കുന്നയാളെ വെട്ടിക്കൊല്ലുന്നത്. ഭാഷ, സ്‌നേഹം, സംസ്‌കാരം എന്നിവ നഷ്ടപ്പെടുന്നിടത്ത് താളവും സത്യവുമുണ്ടാവില്ല. ഭാഷയുടെ സത്യവും സൗന്ദര്യവും നഷ്ടപ്പെട്ടുപോയ വിചിത്രമായ ഒരു കാലം വന്നതിൽ സങ്കടമുണ്ടെന്നും പി.കെ. ഗോപി പറഞ്ഞു. സംവാദത്തിൽ രാധാകൃഷ്ണൻ മച്ചിങ്ങൽ മോഡറേറ്ററായിരുന്നു. പരിപാടിക്ക് ശേഷം ഇരുവരും ആസ്വാദകർക്ക് പുസ്തകങ്ങൾ ഒപ്പുവെച്ച് നൽകി.

Content Highlights: PK Gopi reinterprets the classic children's poem 'Kake Kake Koodevide' to highlight hunger and social realities., BK Harinarayanan discusses the evolution of Malayalam songs and poetry across historical eras., Both poets emphasize the importance of literature, language, and cultural understanding at the 2026 Sharjah Book Fair.