'മതമേലധ്യക്ഷന്മാരും കാസയും കലാപരിപാടി തുടരുമോ എന്നറിഞ്ഞാല്‍ കൊള്ളാം'- പി.എഫ് മാത്യൂസ്

കൊച്ചി: ചത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിട്ട് ദിവസങ്ങളായിട്ടും നടപടികളില്ലെന്ന് വിമര്‍ശിച്ച് എഴുത്തുകാരന്‍ പി.എഫ് മാത്യൂസ്. ഇസ്ലാം വിരോധം പ്രചരിപ്പിച്ചുകൊണ്ട് മതമേലധ്യക്ഷന്മാരും കാസയും കാര്യസാധ്യം നടത്തുന്നുവെന്ന് പി.എഫ് മാത്യൂസ് ആരോപിച്ചു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മാത്യൂസ് പ്രതികരിച്ചിരിക്കുന്നത്. മതമേലധ്യക്ഷന്മാരും കാസയും ഇതേ കലാപരിപാടി തുടരുമോ എന്നറിഞ്ഞാല്‍ കൊള്ളാമെന്നും ഭരണാധികാരികള്‍ക്ക് സദ്യ ഒരുക്കുന്ന എല്ലാവര്‍ക്കും കന്യാസ്ത്രീകളെ തുറുങ്കിലടച്ച് സംഭവം ഒരു പാഠമാണെന്നും മാത്യൂസ് വിമര്‍ശിക്കുന്നു.
മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ചാണ് ചത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും അറസ്റ്റിലായത്. ഒരുപറ്റം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. നിലവില്‍ ഇവര്‍ റിമാൻഡിലാണ്.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സിറോ മലബാര്‍ സഭ, കെസിബിസി ജാഗ്രതാ കമ്മീഷന്‍ തുടങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
പി.എഫ് മാത്യൂസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അവർ നിങ്ങളെ തേടിയും വരും എന്ന് വിവരമുള്ളവർ പണ്ടേ പറഞ്ഞതാണ്. നിസ്സഹായരായ രണ്ടു കന്യാസ്ത്രീകളെ തുറുങ്കിലടച്ചിട്ട് ദിവസങ്ങളായി. കാര്യസാധ്യത്തിനായി ഇസ്ലാം വിരോധം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന മതമേലധ്യക്ഷൻമാരും കാസയും ഇനിയും അതേ കലാപരിപാടി തുടരുമോ എന്നുകൂടി അറിഞ്ഞാൽ കൊള്ളാം. ഭരണാധികാരികൾക്ക് സദ്യ ഒരുക്കുന്ന എല്ലാവർക്കും ഇതൊരു വലിയ പാഠമാണ്.
Content Highlights: PF Mathews reacts against the arrest of nuns in Chhattisgarh