യുവത്വത്തിന്റെ മാറ്റങ്ങള്‍ മനസ്സിലാക്കണം -പെരുമാള്‍ മുരുഗന്‍

കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിൽ പങ്കെടുക്കാനെത്തിയ പെരുമാൾ മുരുകൻ, ബെന്യാമിൻ, മധുപാൽ, ടി.ഡി. രാമകൃഷ്ണൻ എന്നിവർ. | Mathrubhumi
കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിൽ പങ്കെടുക്കാനെത്തിയ പെരുമാൾ മുരുകൻ, ബെന്യാമിൻ, മധുപാൽ, ടി.ഡി. രാമകൃഷ്ണൻ എന്നിവർ. | Mathrubhumi

തൃശ്ശൂര്‍: തലമുറകള്‍ മാറുന്നതനുസരിച്ച് യുവത്വത്തിന്റെ മൂല്യങ്ങള്‍ മാറുന്നത് മനസ്സിലാക്കാന്‍ തയ്യാറാകണമെന്ന് തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുഗന്‍. പുതിയ തലമുറയില്‍ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിൽ കണ്ണന്‍ സുന്ദരവും എന്‍. സുകുമാരനുമായി നടത്തിയ സംവാദത്തിലാണ് പെരുമാള്‍ മുരുഗന്‍ മനസ്സുതുറന്നത്.

കവിതകള്‍ എഴുതിയാണ് താന്‍ തുടങ്ങിയത്. മനസ്സില്‍ അസ്വസ്ഥത ഉണ്ടാകുമ്പോള്‍ കവിത എഴുതുന്നത് തനിക്ക് സാന്ത്വനമാണെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സകരും വായനക്കാരാകണം - ഡോ. ബി. ഇക്ബാല്‍ 

രോഗങ്ങള്‍ ശാരീരികപ്രശ്‌നങ്ങളിലേക്ക് മാത്രമല്ല, ധാര്‍മികവും നൈതികവുമായ പ്രതിസന്ധികളിലേക്കും നയിക്കുന്നുവെന്നും ആ ശാരീരികേതര അവസ്ഥകളെ മനസ്സിലാക്കാന്‍ ഡോക്ടര്‍മാര്‍ പുസ്തകം വായിക്കണമെന്നും ഡോ. ബി. ഇക്ബാല്‍ പറഞ്ഞു. 'രോഗവും സാഹിത്യവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രത്തിന്റെ ഗതി നിര്‍ണയിച്ചത് പലപ്പോഴും മഹാമാരികളാണ്. ഇതേ മഹാമാരികളാണ് ശാസ്ത്രത്തിന്റെ വളര്‍ച്ചയിലും നിര്‍ണായകമായത്- ഡോ. ബി. ഇക്ബാല്‍ പറഞ്ഞു.

ലോകസാഹിത്യത്തില്‍ത്തന്നെ, രണ്ട് മഹാമാരികളെക്കുറിച്ച് സംസാരിക്കുന്ന ഒരേയൊരു കൃതി മലയാളത്തിലാണ്. അത് തകഴിയുടെ 'തോട്ടിയുടെ മകനാ'ണ്. കോളറ, വസൂരി എന്നീ രോഗങ്ങള്‍ ഈ ചെറുകൃതിയുടെ ഗതി നിര്‍ണയിക്കുന്നുണ്ട് -അദ്ദേഹം പറഞ്ഞു.

ആവിഷ്‌കാരം പ്രതിസന്ധി നേരിടുന്ന കാലം

ഉള്ളടക്കമല്ല, അതിന്റെ അനന്തരഫലമാണ് ഭരണകൂടത്തെ ഭയപ്പെടുത്തുന്നതെന്ന് കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി. 'കാര്‍ട്ടൂണ്‍: കലയും സാമൂഹികവിമര്‍ശനവും' എന്ന വിഷയത്തില്‍ നടന്ന പാനല്‍ച്ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആവിഷ്‌കാരം ഇന്ന് പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്ന് എം.പി. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഒരേസമയം പല ധര്‍മങ്ങള്‍ ചെയ്യുന്ന ശക്തവും വാചാലവുമായ ഒന്നാണ് കാര്‍ട്ടൂണ്‍.

അച്ചടിയെക്കാളും ഇന്ന് ഇന്റര്‍നെറ്റിലൂടെയാണ് കാര്‍ട്ടൂണ്‍ കൂടുതല്‍ പ്രചരിക്കുന്നതെന്ന് കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥും ചൂണ്ടിക്കാട്ടി. കാര്‍ട്ടൂണ്‍ വരച്ചാല്‍ പ്രശ്‌നമാകുമോ എന്ന ഭയത്തോടെയാണ് ഓരോ കാര്‍ട്ടൂണിസ്റ്റും ഇന്ന് കാര്‍ട്ടൂണ്‍ സൃഷ്ടിക്കുന്നതെന്ന് കെ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlights: Perumal Murugan, International Literature Festival of Kerala