ബുദ്ധിജീവികളുടെ കപട നിഷ്പക്ഷരാഷ്ട്രീയം ആലങ്കോടിനില്ല -ഒ.കെ. ജോണി

കല്പറ്റ : ബുദ്ധിജീവികളുടെ കപട നിഷ്പക്ഷരാഷ്ട്രീയം ആലങ്കോട് ലീലാകൃഷ്ണനില്ലെന്ന് എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഒ.കെ. ജോണി. പത്മപ്രഭാ പുരസ്കാരസമർപ്പണത്തിന് മുന്നോടിയായി കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച എഴുത്തുകാരുടെ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ‘എഴുത്തിനെ സാമൂഹികപ്രതിബദ്ധതയുടെ ആവിഷ്കാരമായി ഉപയോഗിക്കുന്നയാളാണ് ആലങ്കോട് ലീലാകൃഷ്ണൻ. കണിശമായും ഉത്തരവാദിത്വത്തോടെയും രാഷ്ട്രീയവീക്ഷണത്തോടെയും എഴുതുന്നയാളാണ് അദ്ദേഹം. സാഹിത്യവും കലയും മാത്രം സംസാരിക്കുന്നവരെ പേടിക്കണം, സാഹിത്യത്തിനൊപ്പം രാഷ്ട്രീയവും പറയണം. അനീതിയോട് മൗനാനുവാദം നൽകരുത്’ -ഒ.കെ. ജോണി പറഞ്ഞു.
എഴുത്തുകാരി പ്രീതാ ജെ. പ്രിയദർശിനി ‘ആലങ്കോടിന്റെ സാഹിത്യജീവിതം’ എന്ന വിഷയം അവതരിപ്പിച്ചു. സാംസ്കാരികപാരമ്പര്യത്തിന്റെ അറ്റത്ത് കണ്ണിചേരുന്നയാളാണ് ലീലാകൃഷ്ണനെന്ന് പ്രീത അഭിപ്രായപ്പെട്ടു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാർ സംഗമത്തിൽ പങ്കെടുത്തു. 27-ന് വൈകീട്ട് 3.30-ന് പുളിയാർമല കൃഷ്ണഗൗഡർ ഹാളിലാണ് പത്മപ്രഭാ പുരസ്കാരസമർപ്പണം. ആലങ്കോട് ലീലാകൃഷ്ണന് പ്രൊഫ. വി. മധുസൂദനൻ നായർ പുരസ്കാരം സമ്മാനിക്കും.
സംഘാടകസമിതി ചെയർമാൻ എ.കെ. ബാബു പ്രസന്നകുമാർ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ പി.കെ. സത്താർ, എഴുത്തുകാരായ ഏച്ചോം ഗോപി, സിരാജ് ശാരംഗപാണി, റൂബി ഫൈസൽ, താജ് മൺസൂർ, ഡോ. മിനി ഉതുപ്പ്, ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ, സെക്രട്ടറി കെ. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: writers meet at kalpetta OK Johny inaugurates