2023-ലെ ഒ.വി. വിജയന്‍ സ്മാരക സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

എഴുത്തുകാരായ കെ.പി. രാമനുണ്ണി, ജിന്‍ഷ ഗംഗ, വി. ഷിനിലാല്‍
എഴുത്തുകാരായ കെ.പി. രാമനുണ്ണി, ജിന്‍ഷ ഗംഗ, വി. ഷിനിലാല്‍

കോഴിക്കോട്: ഒ.വി. വിജയന്‍സ്മാരക സമിതിയുടെ 2023-ലെ സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിക്കാണ് കഥാപുരസ്‌കാരം. നോവല്‍ പുരസ്‌കാരത്തിന് വി. ഷിനിലാലും യുവകഥാ പുരസ്‌കാരത്തിന് ജിന്‍ഷ ഗംഗയും അര്‍ഹരായി. ഹരികൃഷ്ണന്‍ തച്ചാടനാണ് യുവകഥാ പുരസ്‌കാരത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം. 

കെ.പി. രാമനുണ്ണിയുടെ 'ശരീരദൂരം', 'ഹൈന്ദവം' എന്നീ കൃതികള്‍ക്കാണ് അവാര്‍ഡ്. വി. ഷിനിലാലിന്റെ നോവല്‍ '124', ജിന്‍ഷ ഗംഗ രചിച്ച 'തേറ്റ' എന്ന കഥയുമാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഹരികൃഷ്ണന്റെ 'പാത്തുമ്മയുടെ വീട്' ആണ് പ്രത്യേക ജൂറി പരാമര്‍ശം നേടിയ കഥ. 

കഥ, നോവല്‍ എന്നീ വിഭാഗത്തില്‍ 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും യുവകഥയ്ക്ക് 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 

ജൂലായ് രണ്ടിന് ഒ.വി. വിജയന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മന്ത്രി സജിചെറിയാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് സ്മാരകസമിതി ചെയര്‍മാന്‍ ടി.കെ. നാരായണദാസ്, സെക്രട്ടറി ടി.ആര്‍. അജയന്‍, ഖജാന്‍ജി സി.പി. പ്രമോദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Content Highlights: O.V. Vijayan memorial awards 2023