ഓർമ്മകളുടെ നിലാവ് പെയ്തിറങ്ങി

വാക്കിലും വരയിലും എം.ടി.യുടെ ഓർമ്മകൾ തുടിച്ച സായാഹ്നത്തിൽ പാട്ടിന്റെ തേരിറങ്ങി. എം.ടി. സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്റെ നേതൃത്വത്തിൽ നടന്ന ഗാനാഞ്ജലി കോഴിക്കോട് കടപ്പുറത്തെ നിലാവിനെ ഓർമ്മയുടെ മഞ്ഞണിപ്പൂവണിയിച്ചു.
കെ.കെ. നിഷാദും സിന്ധു പ്രേംകുമാറും ആലപിച്ച പാട്ടുകൾ ഹൃദ്യാനുഭവമായി. ബി.കെ. ഹരിനാരായണന്റെ വിവരണം ആസ്വാദകരെ പാട്ടിന്റെകൂടെ നടത്തിച്ചു. എം.ടി.യുടെ സിനിമകളിലെ 237 പാട്ടുകളിൽനിന്ന് തിരഞ്ഞെടുത്ത 16 പാട്ടുകളാണ് ആലപിച്ചത്. നിർമ്മാല്യത്തിലെ ‘സമയമായി സമയമായി’ എന്ന പാട്ടിന്റെ പല്ലവിയിൽനിന്നാണ് ഗാനാഞ്ജലി തുടങ്ങിയത്.
എം.എസ്. ബാബുരാജിന്റെ സംഗീതത്തിൽ മച്ചാട്ട് വാസന്തി യേശുദാസിനോടൊപ്പം ആലപിച്ച ‘മണിമാരൻ തന്നത്’ എന്ന ഗാനം കോഴിക്കോട്ടെ രണ്ട് സംഗീതപ്രതിഭകൾക്കുള്ള ആദരംകൂടിയായി. എം.ടി.തന്നെ ഗാനരചന നിർവഹിച്ച ‘ശുഭരാത്രി’ എന്ന ഗാനവും ആലപിച്ചു.
കരയുന്നോ പുഴ ചിരിക്കുന്നോ, പകൽക്കിനാവിൻ, മഞ്ഞണിപ്പൂനിലാവ്, മൈനാകം, കണ്ണാന്തളിയും, സാഗരങ്ങളെ, മഞ്ഞൾപ്രസാദവും, ആത്മാവിൽ മുട്ടി, ഇന്ദുപുഷ്പം, ഇന്ദുലേഖ, കടലിന്നഗാധമാം, ചെമ്പകപ്പൂമൊട്ടിൻ, അനുരാഗവിലോചനൻ, ആദിയുഷസ്സന്ധ്യ തുടങ്ങിയ ഗാനങ്ങളും ആലപിച്ചു. ഗാനാഞ്ജലിയുടെ അവസാനം ആദിയുഷസ്സന്ധ്യ എന്ന പാട്ടിനൊപ്പം നടൻ വിനീത് ചുവടുവെച്ചു.
Content Highlights: Remembering MT Vasudevan Nair: A Tribute