സദയത്തിൽ എം.ടി. എഴുതിയതിന് അപ്പുറത്തേക്ക് ചില കടുംകൈകൾ ഞാൻ ചെയ്തു-സിബി മലയിൽ

കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ മാതൃഭൂമി സംഘടിപ്പിച്ച 'രമണീയം എം.ടി കാലം' പരിപാടിയിൽ 'എം.ടി. എന്ന ചലച്ചിത്രകാരൻ' എന്ന വിഷയത്തിൽ സിബി മലയിൽ, ശ്യാമപ്രസാദ്, ലാൽ ജോസ്, വിനീത്, കെ. വിശ്വനാഥ്‌ എന്നിവർ | ഫോട്ടോ പി. പ്രമോദ്‌കുമാർ /  മാതൃഭൂമി
കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ മാതൃഭൂമി സംഘടിപ്പിച്ച 'രമണീയം എം.ടി കാലം' പരിപാടിയിൽ 'എം.ടി. എന്ന ചലച്ചിത്രകാരൻ' എന്ന വിഷയത്തിൽ സിബി മലയിൽ, ശ്യാമപ്രസാദ്, ലാൽ ജോസ്, വിനീത്, കെ. വിശ്വനാഥ്‌ എന്നിവർ | ഫോട്ടോ പി. പ്രമോദ്‌കുമാർ / മാതൃഭൂമി

സംവിധായകന്റെ സ്വാതന്ത്ര്യത്തെ മാനിച്ച തിരക്കഥാകൃത്ത് -സിബി മലയിൽ

എം.ടി.യുടെ തിരക്കഥയിൽ ചെയ്ത തന്റെ ആദ്യസിനിമയിൽപ്പോലും സംവിധായകന്റെ സ്വാതന്ത്ര്യത്തെ പൂർണമായി അനുവദിച്ചുതന്നു അദ്ദേഹം. സദയത്തിൽ എം.ടി. എഴുതിവെച്ചതിന് അപ്പുറത്തേക്ക് ചില കടുംകൈകൾ ഞാൻ ചെയ്തിരുന്നു. ആരുടെ തിരക്കഥയിലാണ് ഞാനീ വ്യാഖ്യാനങ്ങൾ നടത്തുന്നത് എന്ന ഭയമുണ്ടായിരുന്നു. പക്ഷേ, സിനിമയുടെ ഫൈനൽ കോപ്പി കണ്ട് പുറത്തുവന്ന എം.ടി. ഒരു ബീഡികത്തിച്ച്‌ ചുമലിൽ കൈവെച്ചുകൊണ്ട് ചുണ്ടിന്റെ കോണിൽ ഒരു ചിരിവന്നു. അപ്പോഴാണ് എന്റെ ഭയം അകന്നത്. ഞാൻ ചെയ്തുവെച്ചിരിക്കുന്നത് അദ്ദേഹം അംഗീകരിച്ചിരിക്കുന്നു എന്ന്. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സിനിമയാണത്.

എം.ടി. തിരക്കഥ എഴുതിത്തുടങ്ങിയ സമയംതൊട്ടുള്ള സിനിമകളാണ് എന്നിലെ സിനിമയോടുള്ള ഇഷ്ടത്തെ, താത്‌പര്യത്തെ ഉണർത്തിയത്. അദ്ദേഹത്തിന്റെ തിരക്കഥയിൽ സിനിമ എന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നെങ്കിലും അതിനുള്ള യോഗ്യത എനിക്കുണ്ടോ എന്ന ചോദ്യമായിരുന്നു ഉള്ളിൽ. ഉള്ളിലെ ആഗ്രഹമടക്കി നടക്കുമ്പോൾ വളരെ യാദൃച്ഛികമായാണ് അങ്ങനെ ഒരവസരം ലഭിക്കുന്നത്. മമ്മൂട്ടിയെയും മോഹൻലാലിനെയും ഉൾപ്പെടുത്തി ജൂലിയസ് സീസർ എന്ന ബിഗ് ബജറ്റ് സിനിമ ചെയ്യാമെന്നാണ് എം.ടി. പറഞ്ഞത്. അതിനായി ദക്ഷിണ കർണാടക മുഴുവൻ ഞാനും എം.ടി.യും യാത്രചെയ്തു. വലിയ ബജറ്റ് മുടക്കിയിട്ട് തിരിച്ചുകിട്ടാത്ത സിനിമയാണെന്ന് മനസ്സിലാക്കിയപ്പോൾ അത് ഒഴിവാക്കി. മനസ്സിലുണ്ടായിരുന്ന സ്വപ്നം ഇല്ലാതായിത്തീരുമോ എന്ന് ഞാൻ ഭയപ്പെട്ടു. അത് മനസ്സിലാക്കിയിട്ടാവാം അദ്ദേഹം എന്നോട് മറ്റൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞതും സദയത്തിലേക്ക് എത്തിയതും.

മലയാള സിനിമയിൽ എം.ടി. പുതിയവഴി വെട്ടിത്തുറന്നു -ശ്യാമപ്രസാദ്

കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി മലയാള സിനിമയിൽ കണ്ടുവരുന്ന പുതിയ ഉണർവിന്റെ ആധാരശിലയിട്ടത് എം.ടി.യാണ്. ജീവിതത്തെയും മനുഷ്യനെയും സമൂഹത്തെയും കുറേക്കൂടെ സത്യസന്ധമായി കാണാനും അവതരിപ്പിക്കാനുമുള്ള ശ്രമം ഒരു ചലച്ചിത്രകാരനിൽ ആദ്യമായി മലയാള സിനിമയിലുണ്ടായത് എം.ടി.യിലാണ്. അദ്ദേഹം തിരക്കഥാകൃത്തായി വരുന്ന സമയത്ത് മെലോഡ്രാമകളാണ് മലയാളത്തിൽ അധികം ഉണ്ടായിരുന്നത്. തകഴിയുടെയും കേശവദേവിന്റെയും കഥകൾ സിനിമകളായെങ്കിലും സംഭാഷണപ്രധാനമായ നാടകത്തിൽനിന്ന് ജീവിതത്തിന്റെ വിവിധങ്ങളായ മുഖങ്ങളെ നവീനമായി അവതരിപ്പിക്കാനുള്ള ശ്രമം എം.ടി.യിൽനിന്നാണ് തുടങ്ങുന്നത്. കലാപരവും ദാർശനികവുമായുള്ള എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തുകൊണ്ടാണ് എം.ടി. സിനിമ ചെയ്തത്. അല്ലാതെ, അതിൽ പങ്കാളിയാവുക മാത്രമല്ല. എം.ടി.യുടെ പല കഥകളും ചെറിയ സിനിമകളാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പല കഥകളും എന്നെ കൊതിപ്പിച്ചിട്ടുണ്ട്.

നിധി വീണുകിട്ടിയപോലെ ആ സിനിമ -ലാൽ ജോസ്

എം.ടി.ക്ക് അദ്ദേഹത്തിന്റെ പഴയ സിനിമ, നീലത്താമര വീണ്ടും സിനിമയാക്കാൻ ആഗ്രഹമുണ്ടെന്ന് വേറൊരു കഥ ആലോചിക്കുമ്പോഴാണ് നിർമാതാവ് പറഞ്ഞത്. കോഴിക്കോട്ടെ ഹോട്ടലിൽ വെച്ച് അതിനായി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമ്പോൾ നീലത്താമര കണ്ടിട്ടില്ലെന്ന് ഞാൻ എം.ടി.യോട് പറഞ്ഞു. നന്നായി, നിനക്ക് നിന്റെ സിനിമ ചെയ്യാൻ കഴിയുമല്ലോ എന്നായിരുന്നു അതിന് എം.ടി.യുടെ മറുപടി. നീലത്താമരയുടെ പഴയ സ്‌ക്രിപ്റ്റ് തന്നു. നിധി വീണുകിട്ടിയതു പോലെയായിരുന്നു എനിക്ക്.

ഭരതനാട്യം പഠിക്കാനെത്തിയ കുട്ടി നായകനായി -വിനീത്

സരസ്വതി ടീച്ചറുടെ വിദ്യാർഥി എന്ന നിലയിലുള്ള തുടക്കമാണ് സിനിമയിലേക്ക് അവസരം തുറന്നത്. ക്ലാസ് കഴിഞ്ഞ് വിനീതിനെ വാസുവേട്ടന്റെ കൂടെ വിടും എന്ന് ഒരു ദിവസം ടീച്ചർ അമ്മയെ വിളിച്ചുപറഞ്ഞു. ആ യാത്ര ഓട്ടോയിൽ എം.ടി.ക്കൊപ്പം നഗരത്തിലെ ഒരു ഹോട്ടലിലേക്കായിരുന്നു. അവിടെ ഒ.എൻ.വി. കുറുപ്പും ഹരിഹരനുമെല്ലാമുണ്ട്. എം.ടി. അവിടെവെച്ച് കഥപറയാൻ തുടങ്ങി.

എം.ടി. കഥ വിവരിക്കുന്നതു കേൾക്കാൻ സൗഭാഗ്യം കിട്ടിയ ആർട്ടിസ്റ്റുകൾ വളരെ കുറവായിരിക്കും. അങ്ങനെയൊരു ഭാഗ്യം തനിക്കുണ്ടായെന്ന് വിനീത് പറഞ്ഞു.

Content Highlights: Remembering MT Vasudevan Nair: A Tribute