മനോരഥങ്ങളുടെ 91 വര്‍ഷങ്ങള്‍! മലയാളത്തിന്റെ അക്ഷരഗോപുരത്തിന് ഇന്ന് പിറന്നാള്‍മധുരം

എം.ടി / ഫോട്ടോ: പ്രവീണ്‍ കെ.കെ
എം.ടി / ഫോട്ടോ: പ്രവീണ്‍ കെ.കെ

കോഴിക്കോട്:  എം.ടി. എന്ന മലയാളത്തിന്റെ അക്ഷരസുകൃതത്തിന് തിങ്കളാഴ്ച പിറന്നാള്‍മധുരം. 91-ാം ജന്മദിനം. നവതി പിന്നിട്ട എഴുത്തിന്റെ ഗോപുരത്തിന് കൈരളി മനസ്സാ ആയുരാരോഗ്യസൗഖ്യം നേരുന്നദിനം.

ആഡംബരപൂര്‍വം പിറന്നാള്‍ ആഘോഷിക്കുന്ന പതിവ് ചെറുപ്പംമുതലേയില്ല. പക്ഷേ, ജൂലായ് 15 കൈരളിക്ക് ആഘോഷമാണ്. നക്ഷത്രപ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയാണ് എം.ടി.യുടെ പിറന്നാള്‍. അന്നും സാഹിത്യാചാര്യന് നാട് ആശംസ നേരും.

പിറന്നാള്‍ദിനത്തില്‍ ഇക്കുറി വിശേഷങ്ങളേറെയുണ്ട്. എം.ടി. വാസുദേവന്‍നായര്‍ തിരക്കഥയെഴുതി, മുന്‍നിര സംവിധായകര്‍ ഒരുക്കി, സൂപ്പര്‍താരങ്ങള്‍ അഭിനയിച്ച ഒന്‍പത് സിനിമകള്‍ വൈകാതെ പ്രേക്ഷകരിലേക്ക് എത്തുന്നു. 'മനോരഥങ്ങള്‍' എന്ന് എം.ടി.തന്നെ പേരിട്ട ചിത്രസഞ്ചയം ഇനി ഒ.ടി.ടി.യില്‍ കാണാനാവും. തിരക്കഥയുടെ പെരുന്തച്ചനായ എം.ടി.യും സിനിമയുടെ ആധുനിക സംവേദനമാധ്യമത്തിലൂടെ പുതുതലമുറയോട് സംവദിക്കും.

പിറന്ന നാടായ കൂടല്ലൂര്‍ വിട്ട്, 68 വര്‍ഷംമുന്‍പ് എം.ടി. സ്ഥിരതാമസമാക്കിയ കോഴിക്കോട് നഗരം ഇന്ന് സാഹിത്യനഗരമെന്ന ഉയരങ്ങളിലെത്തിനില്‍ക്കുകയാണ്. ഈ ജന്മദിനം വ്യത്യസ്തമാവുന്നത് ഇതുകൊണ്ടുകൂടിയാണ്. യുനെസ്‌കോയുടെ ബഹുമതി ലഭിച്ചപ്പോഴും കോഴിക്കോട് എം.ടി.യെ മറന്നില്ല -ആ സാഹിത്യക്കാരണവരെ വീട്ടിലെത്തി ആദരിച്ചു.

12-ാം വയസ്സുമുതല്‍ കോഴിക്കോട് നഗരവും അതിന്റെ കൗതുകക്കാഴ്ചകളും എം.ടി.യെ ആകര്‍ഷിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് നഗരം അദ്ദേഹത്തിന്റെ കര്‍മഭൂമിയായി മാറി. അക്ഷരങ്ങളുടെ മാന്ത്രികതയിലൂടെ എം.ടി. മലയാളികളുടെ ആരാധനയ്ക്ക് പാത്രമായത് ഈ നഗരത്തിലിരുന്നാണ്. നടക്കാവ് കൊട്ടാരം റോഡിലെ 'സിതാര'യില്‍നിന്നുള്ള ഏതു സ്വരവും അതിന് ഇടയ്ക്കിടെ മറയിടുന്ന ദീര്‍ഘമൗനംപോലും ലോകത്തെവിടെയുമുള്ള മലയാളി ശ്രദ്ധിക്കും. അമിതാധികാരപ്രയോഗങ്ങള്‍ക്കുമേല്‍ മിതവും സാരവുമായ ആ വാക്കുകള്‍ താക്കീതാവും.

മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഒട്ടേറെ എഴുത്തുകാരെ കൈപിടിച്ചുയര്‍ത്തിയ, കാലത്തിന്റെ ഓര്‍മ്മപ്പൂക്കളങ്ങള്‍ ഗൃഹാതുരതയോടെ ചേര്‍ത്തുവെച്ച്, നീറിപ്പുകയുന്ന മനുഷ്യമനസ്സുകളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ച പ്രിയപ്പെട്ട എഴുത്തുകാരന് മലയാളികള്‍ ഒന്നടങ്കം നേരുന്നു-ഹൃദ്യമായ ജന്മദിനാശംസകള്‍.

Content Highlights: mt vasudevan nair 91 birthday film anthology manoradhagnal announces today