ഓർമയുടെ നാലാംവർഷം; എം.പി. വീരേന്ദ്രകുമാർ അനുസ്മരണ പ്രഭാഷണം 28-ന്

എം.പി. വീരേന്ദ്രകുമാർ | ഫോട്ടോ: കെ.കെ. സന്തോഷ്‌
എം.പി. വീരേന്ദ്രകുമാർ | ഫോട്ടോ: കെ.കെ. സന്തോഷ്‌

കോഴിക്കോട്: കാലം ആവശ്യപ്പെടുന്ന ജാഗ്രതയായിരുന്നു എല്ലാ അർഥത്തിലും എം.പി. വീരേന്ദ്രകുമാർ. രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സോഷ്യലിസത്തിൽ അടിയുറച്ച നിലപാടുകളിലൂടെയും ഇന്നിനു വേണ്ടി മാത്രമല്ല, നാളേക്കുകൂടിയുള്ള പാരിസ്ഥിതിക ദർശനത്തിലൂടെയും നൈതികമായ മാധ്യമബോധത്തിലൂടെയും അരനൂറ്റാണ്ടിലേറെ വീരേന്ദ്രകുമാർ ഇന്ത്യൻജീവിതത്തിൽ നിറഞ്ഞുനിന്നു. വിടപറഞ്ഞിട്ട് നാലുവർഷമാകുമ്പോഴും അദ്ദേഹം വ്യാപരിച്ച മേഖലകളെല്ലാം ആ സാന്നിധ്യത്തെ കൂടുതൽ ഓർക്കുന്നു.

വിപുലമായ ഓർമകളുടെ പശ്ചാത്തലത്തിൽ മാതൃഭൂമി ഇത്തവണയും എം.പി. വീരേന്ദ്രകുമാർ അനുസ്മരണപ്രഭാഷണം സംഘടിപ്പിക്കുന്നു. ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയാണ് പ്രഭാഷണം നടത്തുന്നത്.

രാമചന്ദ്ര ഗുഹ | ഫോട്ടോ: കെ.കെ. സന്തോഷ്‌

ചരിത്രപശ്ചാത്തലത്തിൽ ഇന്ത്യയുടെ രാഷ്ട്രീയത്തെയും സാമൂഹികജീവിതത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന രാമചന്ദ്ര ഗുഹ ‘ഇന്ത്യ എങ്ങോട്ട്?’ എന്ന വിഷയത്തിലായിരിക്കും പ്രഭാഷണം നിർവഹിക്കുക.

വീരേന്ദ്രകുമാർ ഓർമയായ മേയ് 28-ന് അഞ്ചിന് കോഴിക്കോട് തളി ക്ഷേത്രത്തിനു സമീപമുള്ള കണ്ടംകുളത്തെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലിഹാളിലാണ് അനുസ്മരണപ്രഭാഷണം. പ്രവേശനം സൗജന്യമായിരിക്കും.

Content Highlights: M.P. Veerendra Kumar Memorial Lecture