'ഡല്‍ഹിയിലെത്തുമ്പോള്‍ ആദ്യത്തെ ഒപ്പ് ഇതുകൊണ്ട്'; സി. രാധാകൃഷ്ണന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് സമദാനി

പാര്‍ലമെന്റിലെത്തിയ പൊന്നാനി ലോക്സഭാ മണ്ഡലം നിയുക്ത എം.പി. ഡോ. അബ്ദുസമദ് സമദാനി അംഗത്വ രജിസ്റ്ററില്‍ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ നല്‍കിയ പേനകൊണ്ട് ഒപ്പിടുന്നു. സ്ഥാനാര്‍ഥി പര്യടനത്തിനിടെ ചമ്രവട്ടത്തെ വീട്ടിലെത്തിയപ്പോള്‍ സി. രാധാകൃഷ്ണന്‍ സമദാനിയുടെ കീശയില്‍ പേന കുത്തിനല്‍കുന്നു (ഫയല്‍ ചിത്രം) -സമദാനി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്‌.

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ മിന്നുന്ന ജയത്തിനു ശേഷം പാര്‍ലമെന്റിലെത്തിയ ഡോ. എം.പി. അബ്ദുസമദ് സമദാനി അംഗത്വരജിസ്റ്ററില്‍ ആദ്യ ഒപ്പിട്ടത് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ നല്‍കിയ പേനകൊണ്ട്. സ്ഥാനാര്‍ഥി പര്യടനത്തിനിടെ ചമ്രവട്ടത്തെ വീട്ടിലെത്തിയപ്പോഴാണ് രാധാകൃഷ്ണന്‍ സമദാനിക്ക് പേന നല്‍കിയത്.

ഡല്‍ഹിയിലെത്തുമ്പോള്‍ ഇതുകൊണ്ട് ആദ്യത്തെ ഒപ്പുവെക്കണമെന്നും രാധാകൃഷ്ണന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും ഞായറാഴ്ച ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലൂടെ സമദാനി സൂചിപ്പിച്ചു.

മലയാളത്തോടൊപ്പം ഇംഗ്ലീഷിലും സാഹിത്യവും ശാസ്ത്രവും ദര്‍ശനവും സമന്വയിപ്പിച്ചുകൊണ്ടുള്ള രചനകള്‍ നിര്‍വഹിച്ച കേരളീയനായ ഒരേയൊരു എഴുത്തുകാരനാണ് സി. രാധാകൃഷ്ണനെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

തുഞ്ചത്തെഴുത്തച്ഛന്‍, മേല്പുത്തൂര്‍, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തുടങ്ങി മഹാന്മാരായ നിരവധി വ്യക്തികളുടെ ജന്മദേശം ഉള്‍ക്കൊള്ളുന്ന പൊന്നാനിയില്‍നിന്ന് തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: M. P. Abdussamad Samadani signs with C. Radhakrishnan pen