രോഗബാധിതനായിരുന്നപ്പോഴും എംജിഎസ് പറഞ്ഞു; 'കോയേ, ബിരിയാണി മതി!'

എം.ജി.എസിന്റെ മൃതദേഹംകണ്ട് തൊഴുത് എഴുന്നേറ്റയുടന്‍ അദ്ദേഹത്തിന്റെ ഭാര്യ പ്രേമലത ടീച്ചര്‍ കോയയെ അടുത്തേക്കുവിളിച്ചു: ''കോയേ, കോയയുടെ ബിരിയാണി!...''അതേ, മലാപ്പറമ്പിലെ 'മൈത്രി'യെന്ന വീട്ടിലെ സ്ഥിരം സന്ദര്‍ശകനായ കോയ വരുന്നതിനുമുന്‍പ് എം.ജി.എസിനെ ഫോണില്‍വിളിച്ച് ചോദിക്കും. എന്താണ് വാങ്ങേണ്ടത്. ഉടനെ മറുഭാഗത്തുനിന്ന് മറുപടിവരും: ''കോയേ, ബിരിയാണിമതി...''
മൂന്നുമാസം മുന്‍പാണ് കോയ അവസാനമായി എം.ജി.എസിനെ കാണാനെത്തിയത്. രോഗബാധിതനായതിനാല്‍ വിളിച്ചുചോദിച്ചു, പഴങ്ങള്‍ മതിയോയെന്ന്. അന്നും മറുപടി ബിരിയാണിമതി'യെന്നായിരുന്നു. ''എന്റെ രണ്ടാംപുസ്തകത്തിന്റെ അവതാരികയെഴുതിയത് എം.ജി.എസ്. നാരായണനാണ്. അത് തുടങ്ങുന്നത് ബിരുദമില്ലാത്ത ചരിത്രകാരനെന്ന് തന്നെ വിശേഷിപ്പിച്ചാണ്...'' -കോയ പറയുന്നു.
ബിരുദമില്ലാത്ത എന്നെ ചരിത്രകാരനാക്കിയത് എം.ജി.എസ്. നാരായണനാണെന്ന് 'കോഴിക്കോട്ടെ മുസ്ലിങ്ങളുടെ ചരിത്ര'മെന്ന പുസ്തകത്തിന്റെ രചയിതാവ് പി.പി. മമ്മദ് കോയ ഓര്‍ക്കുന്നു. മൂന്നാംപതിപ്പിന്റെ എഴുത്തിനെക്കുറിച്ചും എം.ജി.എസുമായി സംസാരിച്ചിരുന്നു. ''കോഴിക്കോട്ടെ കുതിരക്കച്ചവട ചരിത്രത്തെക്കുറിച്ചെഴുതണമെന്ന് നിര്‍ദേശവുംകിട്ടി. പക്ഷേ, അദ്ദേഹം പോയി, എഴുത്തിന്റെ ലോകത്തേക്ക് എന്നെ എത്തിച്ചിട്ട്...'' -മമ്മദ് കോയ പറഞ്ഞുനിര്‍ത്തി.
പൊന്നാനിക്കളരിയില്‍നിന്ന് കോഴിക്കോട്ടെ കോലായയിലേക്ക്
- കെ.പി. ഷൗക്കത്തലി
ദേശീയപ്രസ്ഥാനത്തിന്റെ ചൂരും സാഹിത്യത്തിന്റെ സുഗന്ധവുമുള്ള പൊന്നാനിയാണ് എം.ജി.എസിന്റെ ജന്മദേശം. പൊന്നാനിതന്നെയാണ് ഈ ചരിത്രകുലപതിയെ രൂപപ്പെടുത്തിയതും. പൊന്നാനിയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഞാന്‍ മറ്റെന്തോ ആയിത്തീരുമായിരുന്നെന്നും സാഹിത്യത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായതും പൊതുപ്രവര്‍ത്തനത്തിലേക്ക് നടന്നുകയറിയതും ഇവിടെവെച്ചാണെന്നും എം.ജി.എസ്. പറഞ്ഞിട്ടുണ്ട്്. അമ്മയുടെ നാടായ പരപ്പനങ്ങാടിയിലാണ് ആറാംക്ലാസുവരെ പഠിച്ചത്. ഹൈസ്‌കൂളില്‍ ചേരാനായി അച്ഛന്റെ നാടായ പൊന്നാനിയിലെത്തി. എട്ടാംക്ലാസ് മുതല്‍ പൊന്നാനി എ.വി. സ്്കൂളിലായിരുന്നു.
അവിടെവെച്ച് അന്ന് മലയാളത്തിലെ മഹാരഥന്മാരായ ഇടശ്ശേരി ഗോവിന്ദന്‍നായര്‍, കടവനാട് കുട്ടികൃഷ്ണന്‍, പി.സി. കുട്ടികൃഷ്ണന്‍ എന്നിവരുമായി സൗഹൃദമുണ്ടായി. അവിടെ അധ്യാപകനായിരുന്ന തായാട്ട് ശങ്കരന്‍ ഉള്‍പ്പെടെയുള്ള ആളുകളുടെയും കേളപ്പജിയുടെയും സാന്നിധ്യം ഗാന്ധിയന്‍ ആദര്‍ശങ്ങളുമായി അടുപ്പിച്ചു. കുട്ടിക്കാലത്ത് പല ദേശീയനേതാക്കളും പൊന്നാനിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന രാമന്‍ മേനോന്റെ അതിഥികളായിരുന്നു. അവിടത്തെ സന്ദര്‍ശകനായിരുന്നതിനാല്‍ ദേശീയപ്രസ്ഥാനത്തെ കൂടുതല്‍ അറിയാന്‍ എം.ജി.എസിന് കഴിഞ്ഞു.
സ്‌കൂള്‍വിദ്യാഭ്യാസകാലത്താണ് പൊന്നാനിക്കളരിയിലൂടെ എം.ജി.എസ.് സാഹിത്യത്തില്‍ അരങ്ങേറ്റംകുറിച്ചത്. ഹൈസ്‌കൂള്‍ പഠനകാലത്ത് മാതൃഭൂമി മുന്‍ഡെപ്യൂട്ടി എഡിറ്ററും സഹപാഠിയുമായിരുന്ന ടി. വേണുഗോപാലിനൊപ്പം ഒമര്‍ ഖയ്യാമിന്റെ റുബയ്യാത്ത് ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. പിന്നീട് ഒട്ടേറെ കവിതകളും സാഹിത്യനിരൂപണങ്ങളുമെഴുതി. എഴുത്തുകാരുടെ കൂട്ടായ്മയ്ക്കൊപ്പമായിരുന്നു എപ്പോഴും എം.ജി.എസ്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലും ഫാറൂഖ് കോളേജിലും തൃശ്ശൂര്‍ കേരളവര്‍മയിലും മദിരാശിയിലുമെല്ലാം പഠിച്ചശേഷം കോഴിക്കോട്ടെത്തിയതും എഴുത്തുകാരുടെ കൂട്ടത്തിലേക്കുതന്നെ.
അറുപതുകളുടെ അവസാനം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായെത്തിയപ്പോഴാണ്് എം.ജി.എസ്. സാഹിത്യചര്‍ച്ചകളുടെയും വിമര്‍ശനങ്ങളുടെയും ചൂരുംചൂടുംകൊണ്ട് സജീവമായ കോലായ എന്ന കോഴിക്കോട്ടെ സാഹിത്യക്കൂട്ടായ്മയുടെ ഭാഗമായത്. ടി. വേണുഗോപാല്‍തന്നെയാണ്് കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. ഞായറാഴ്ചകളില്‍ തളിയിലെ കവി ആര്‍. രാമചന്ദ്രന്റെ വീടായിരുന്നു കോലായയുടെ വേദി.
എന്‍.പി. മുഹമ്മദും കേരളവര്‍മകോളേജിലെ എം.ജി.എസിന്റെ സഹപാഠിയുമായിരുന്ന എന്‍.എന്‍. കക്കാടും അവിടത്തെ പതിവുകാരായിരുന്നു. സിനിമകളിലും ആര്‍ഭാടങ്ങളിലുമൊന്നും കമ്പമില്ലാത്ത കവിതാ ആസ്വാദകര്‍ക്കുള്ള ഇടമായിരുന്നു കോലായ. സ്ഥിരം അധ്യക്ഷന്‍ രാമചന്ദ്രന്‍ തന്നെയായിരിക്കും. അക്കാലത്ത് കോഴിക്കോടായിരുന്നു തട്ടകമെങ്കിലും ഉറൂബും തിക്കോടിയനും അഴീക്കോടുമൊന്നും കോലായയിലേക്ക് വരാന്‍ ഒരിക്കല്‍പ്പോലും തയ്യാറായില്ല. അത്രയേറെ മൂര്‍ച്ചയുള്ള വിമര്‍ശനങ്ങളുടെ വേദിയായിരുന്നു കോലായ.
Content Highlights: P.P. Mammad koya remembers MGS