ക്രോസ് വേഡ് ബുക്ക് പുരസ്‌കാരത്തിനുള്ള ലോങ് ലിസ്റ്റില്‍ ഇടംപിടിച്ച് 'മരിയ ജസ്റ്റ് മരിയ'

2024-ലെ ക്രോസ് വേഡ് ബുക്ക് പുരസ്‌കാരത്തിനുള്ള ലോങ് ലിസ്റ്റില്‍ ഇടംപിടിച്ച് സന്ധ്യാമേരിയുടെ 'മരിയ വെറും മരിയ' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും. പുരസ്‌കാരത്തിന്റെ പരിഭാഷാ വിഭാഗത്തിലെ ലോങ് ലിസ്റ്റിലാണ് 'മരിയ ജസ്റ്റ് മരിയ' ഇടംനേടിയത്. ജയശ്രീ കളത്തിലാണ് പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്.
ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, പരിഭാഷ, ബാലസാഹിത്യം, ബിസിനസ് ആന്‍ഡ് മാനേജ്‌മെന്റ് എന്നിങ്ങനെ അഞ്ച് വിഭാഗത്തില്‍നിന്നുള്ള പുസ്തകങ്ങളാണ് ക്രോസ് വേഡ് ബുക്ക് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഓരോ വിഭാഗത്തില്‍നിന്നുമുള്ള പത്ത് പുസ്തകങ്ങള്‍ വീതമാണ് ലോങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക നവംബര്‍ 11-ന് പ്രഖ്യാപിക്കും. പുരസ്‌കാരദാനം ഡിസംബര്‍ 12-ന് മുംബൈയില്‍ നടക്കും. അമ്പതിനായിരം രൂപയാണ് പുരസ്‌കാരത്തുക.
ഓരോ വിഭാഗത്തിലെയും സൃഷ്ടികള്‍ പരിഗണിക്കാന്‍ വെവ്വേറെ ജൂറികളാണുള്ളത്. മഞ്ജുള നാരായണന്‍, പ്രയാഗ് അക്ബര്‍, സോമാക് ഘോഷാല്‍ എന്നിവരാണ് ഫിക്ഷന്‍ വിഭാഗത്തിലെ ജൂറി. ടി.സി.എ. രാഘവന്‍, അനുരാധ സെന്‍ഗുപ്ത, കാവേരി ബംസായി എന്നിവര്‍ അടങ്ങിയ ജൂറിയാണ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ വിധിനിര്‍ണയിക്കുക. അര്‍ശിയ സത്താര്‍, നന്ദിനി നായര്‍, മാലാശ്രീ ലാല്‍ എന്നിവരാണ് പരിഭാഷാവിഭാഗത്തിന്റെ ജൂറി. പാറോ ആനന്ദ്, പാര്‍വതി ശര്‍മ, ബുള്‍ബുള്‍ ശര്‍മ എന്നിവരുടെ ജൂറി ബാലസാഹിത്യ വിഭാഗത്തിലും ഖോസെം മര്‍ച്ചന്റ്, ഷൈലി ചോപ്ര, ശ്രീറാം എന്നിവര്‍ ബിസിനസ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗത്തിലെ ജൂറി.
നേരത്തെ ജെ.സി.ബി. പുരസ്‌കാരത്തിനുള്ള ലോങ് ലിസ്റ്റിലും മരിയ ജസ്റ്റ് മരിയ ഇടംപിടിച്ചിരുന്നു. അഞ്ച് ഇംഗ്ലീഷ് കൃതികളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ അഞ്ച് കൃതികളും ഉള്‍പ്പെടെ പത്തു പുസ്തകങ്ങളാണ് ലോങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. അഞ്ച് പുസ്തകങ്ങള്‍ ഉള്‍പ്പെട്ട ഷോര്‍ട്ട് ലിസ്റ്റ് ഒക്ടോബര്‍ 23-ന് പ്രഖ്യാപിക്കും. നവംബര്‍ 23-നാണ് പുരസ്‌കാര പ്രഖ്യാപനം.
Content Highlights: maria just maria in longlist for 2024 crossword book