കഞ്ചാവ് വലിച്ചപ്പോൾ ഓർമയിൽ വന്നത് താലിബാന്‍ ആക്രമണത്തിന്റെ ഭയാനക ദൃശ്യങ്ങൾ- മലാല

കഞ്ചാവ് വലിക്കുന്ന ആളുകളുടെ കൂടെ ഞാന്‍ ഇരിക്കുന്നത് അതാദ്യമായിട്ടായിരുന്നില്ല. ഞാന്‍ തന്നെ അത് പരീക്ഷിച്ച് നോക്കിയിട്ടുമുണ്ട്; ''ഉള്ളിലേക്കെടുത്ത് വലിക്കണം! പുക വിഴുങ്ങിയ അതേ സമയം തന്നെ പുറത്തേക്ക് വിടണം! അല്ല, മൂക്കിലൂടെയല്ല, വായിലൂടെ ശ്വാസമെടുക്ക്!'' എന്നൊക്കെപ്പറഞ്ഞ് എന്റെ കൂട്ടുകാര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന നിര്‍ദ്ദേശങ്ങള്‍ വിളിച്ചുപറയുമായിരുന്നു. എന്റെ അറിവില്‍, എനിക്കൊരിക്കലും ലഹരി പിടിച്ചിട്ടില്ല, പക്ഷേ പുക വായുവിലേക്ക് ഊതിപ്പറത്തി, മടിയോടെ അടുത്തയാള്‍ക്ക് ജോയിന്റ് കൈമാറുന്നത് ഒരു രസവും മുതിര്‍ന്നവരെപ്പോലെയുള്ള ഒരു അനുഭവവുമായിരുന്നു.
''ഇനി നിന്റെ ഊഴം,'' ആ ആണ്‍കുട്ടി പറഞ്ഞു.
''ഏയ്, ഞാന്‍ മുന്‍പ് വലിച്ചിട്ടുണ്ട്, എനിക്കത് ഏല്‍ക്കാറില്ല,'' ഞാന്‍ മറുപടി പറഞ്ഞു.
''രാവും പകലും പോലെ,'' അനീസ പറഞ്ഞു. ഞാന്‍ അവളെ നീരസത്തോടെ നോക്കി. അവളുടെ ബ്രിട്ടീഷ് പ്രയോഗങ്ങളൊന്നും എനിക്ക് മനസ്സിലാകില്ലെന്ന് അവള്‍ക്കിതിനകം തന്നെ നന്നായി അറിയാമായിരുന്നു. ''ഞാന്‍ ഉദ്ദേശിച്ചത്,'' അവള്‍ തുടര്‍ന്നു, ''ഒരു ബോങ്ങ് ജോയിന്റില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. കൂടുതല്‍ ഫലപ്രദമാണ്, ഈ കാര്യത്തിന് ഏറ്റവും പറ്റിയതും.''
അങ്ങനെയെങ്കില്‍ എന്തുകൊണ്ടായിക്കൂടാ? ഞാന്‍ എന്തായാലും ഇവിടെയെത്തി, ഒരു പുതിയ കോളേജ് അനുഭവം കൂടിയാവട്ടെ. ഞാന്‍ ബോങ്ങ് മുഖത്തേക്ക് ഉയര്‍ത്തിയപ്പോള്‍ എന്റെ വലതുവശത്തുള്ള ആണ്‍കുട്ടി ലൈറ്റര്‍ കത്തിച്ചു പിടിച്ചു. അതോടെ എന്റെ മുഖം പുക കൊണ്ട് നിറഞ്ഞു, ഞാന്‍ ചുമച്ച് കുനിഞ്ഞുപോയി. അനീസ ചിരിച്ചു. ഞങ്ങളുടെ അവധിക്കാല യാത്രകളെക്കുറിച്ച് സംസാരിച്ചുകൊണ്ട് എല്ലാവരും ഓരോരുത്തരായി വലിച്ചു.
ഒടുവില്‍ വീണ്ടും എന്റെ ഊഴമെത്തി. ''ശരി, ഒരെണ്ണം കൂടി, പക്ഷേ ഇത് അവസാനത്തേതാണ്,'' ഞാന്‍ പറഞ്ഞു. ഇത്തവണ ഞാന്‍ തന്നെ ലൈറ്റര്‍ പിടിച്ചു, അതിന്റെ വാവട്ടം മെല്ലെ എന്റെ മുഖത്തേക്ക് കൊണ്ടുവന്നു, ചുമച്ചില്ല. മറ്റുള്ളവര്‍ സംസാരിച്ചുകൊണ്ടിരിക്കെ ഞാന്‍ കസേരയില്‍ ചാരിയിരുന്ന് പരിസരം മറന്നു.
എപ്പോഴോ ഞാന്‍ ഫോണില്‍ നോക്കിയപ്പോള്‍ സമയം ഒരു മണി കഴിഞ്ഞിരുന്നു. ഇതെങ്ങനെ സാധിക്കും? ഞാന്‍ ഇവിടെ വന്നിട്ട് കുറച്ച് മിനിറ്റുകളല്ലേ ആയുള്ളൂ. ഇത്രയും സമയം എവിടെ പോയി എന്നതിന് യുക്തിസഹമായ ഒരു വിശദീകരണം കണ്ടെത്താന്‍ എന്റെ മനസ്സ് ശ്രമിച്ചു, പക്ഷെ ഒന്നും ഓര്‍മ്മയുണ്ടായിരുന്നില്ല. ഞാനറിയാതെ എന്റെ ജീവിതത്തിലെ രണ്ട് മണിക്കൂര്‍ എങ്ങനെയാണ് ഇല്ലാതായത്?
'എനിക്ക് പോകണം,' ഞാന്‍ പറഞ്ഞു.
'ഞാനും കൂടെ വരാം,' അനീസ പറഞ്ഞു.
ഡോര്‍മെട്രിയിലേക്കുള്ള ആ ചെറിയ വഴി മൈലുകളോളം നീണ്ടതായി തോന്നി. എന്റെ കാലുകള്‍ക്ക് ഭാരം വെച്ചതുപോലെയും, അവ നിലത്ത് ഉറച്ചുപോയതുപോലെയും എനിക്ക് തോന്നി. എനിക്ക് എന്തുപറ്റി? ഞാന്‍ ചിന്തിച്ചു. നടക്കാന്‍ ഒരു ബോധപൂര്‍വമായ ശ്രമം ആവശ്യമായിരുന്നു. കാലിടറി ഒരു ചുവടുവെക്കാന്‍ സാധിച്ചപ്പോഴേക്കും ഒരു മണിക്കൂര്‍ കൂടി കടന്നുപോയതുപോലെ തോന്നി. 'സോറി,' ഞാന്‍ അനീസയോട് പറഞ്ഞു. 'ഒന്നും... കാലിനൊരു വിറയല്‍ പോലെ.'
പിന്നെ എന്റെ കാലുകളിലെ പേശികള്‍ കോച്ചിവലിക്കാന്‍ തുടങ്ങി, പിന്നാലെ കാല്‍മുട്ടുകള്‍ മരവിച്ചുപോയി. എനിക്ക് അനങ്ങാന്‍ കഴിഞ്ഞില്ല. ഒരു ചുവട്, ഒരടി മുന്നോട്ട്. എന്റെ തലച്ചോര്‍ ഒരു ശൂന്യതയിലേക്ക് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. വീണ്ടും വീണ്ടും, ഒരു പ്രതികരണവുമില്ല, ഒരനക്കവുമില്ല. ഞാന്‍ കൈകള്‍ മുറുക്കി ചുരുട്ടി, ഉള്ളംകൈകളില്‍ നഖങ്ങളാഴ്ത്തി, ഇത്തവണ കൂടുതല്‍ ശക്തിയോടെ വീണ്ടും ശ്രമിച്ചു: നടക്ക്, മലാല! എന്നിട്ടും ഒന്നും സംഭവിക്കാതെ വന്നപ്പോള്‍, എന്റെ വയറ്റില്‍ നിന്നും തണുത്തുറഞ്ഞ ഒരു ഭയം ഇഴഞ്ഞ് തോളുകളിലേക്ക് കയറി. പിന്നെ എന്റെ കണ്മുന്നില്‍ ഇരുട്ടു കയറി. ബോധം മറയാന്‍ തുടങ്ങിയപ്പോള്‍ ആ സത്യം ഞെട്ടലോടെ ഞാനറിഞ്ഞു: ഈ അനുഭവം എനിക്ക് പരിചിതമായിരുന്നു, സ്വന്തം ശരീരത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതിന്റെ ഭീകരത. ഇത് മുന്‍പും സംഭവിച്ചിട്ടുണ്ട്.
പെട്ടെന്നാണെന്ന് പിന്നെയും ഞാനാ പതിനഞ്ചുവയസ്സുകാരിയായത്. ഒരു വെള്ള വിരിയ്ക്കടിയില്‍ കിടത്തിയിരിക്കുന്നു. തൊണ്ടയിലൂടെ ഒരു കുഴല്‍ കടത്തിയിറക്കിയിട്ടുണ്ട്. കണ്ണുകള്‍ അടഞ്ഞ്...എഴുദിവസത്തോളം ഡോക്ടര്‍മാര്‍ എന്റെ മുറിവുകള്‍ ചികിത്സിക്കുമ്പോള്‍ ഞാന്‍ കോമയിലായിരുന്നു. പുറത്തുനിന്ന് നോക്കുമ്പോള്‍ ഞാന്‍ ഗാഢനിദ്രയിലാണെന്ന് തോന്നുമായിരുന്നു. എന്നാല്‍ ഉള്ളില്‍ എന്റെ മനസ്സ് ഉണര്‍ന്നിരുന്നു, അത് അടുത്തിടെ നടന്ന സംഭവങ്ങള്‍ ഒന്നൊന്നായി കാണിച്ചുതന്നു:
എന്റെ സ്‌കൂള്‍ ബസ്.
തോക്കേന്തിയ ഒരാള്‍.
എല്ലായിടത്തും രക്തം.
തിരക്കേറിയ ഒരു തെരുവിലൂടെ എന്റെ ശരീരം കൊണ്ടുപോകുന്നത്. അപരിചിതര്‍ എന്റെ മുകളിലേക്ക് കുനിഞ്ഞ്, എനിക്ക് മനസ്സിലാകാത്ത കാര്യങ്ങള്‍ വിളിച്ചുപറയുന്നത്.
എന്റെ കൈ പിടിക്കാന്‍ അച്ഛന്‍ സ്‌ട്രെച്ചറിനടുത്തേക്ക് പാഞ്ഞുവരുന്നത്.
അപ്പോഴാണ് ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞത്: ഈ അനുഭവം എനിക്ക് പരിചിതമായിരുന്നു, സ്വന്തം ശരീരത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതിന്റെ ഭീകരത. ഇത് മുന്‍പും സംഭവിച്ചിട്ടുണ്ട്.
ആ ദൃശ്യങ്ങള്‍ ഒരേ ക്രമത്തില്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍, ഞാന്‍ അവയ്‌ക്കെതിരെ ആഞ്ഞടിച്ചു, അവയെ തട്ടിമാറ്റാന്‍ ശ്രമിച്ചു. ഇത് സത്യമല്ല! ഞാന്‍ എന്നോടുതന്നെ പറഞ്ഞു. ഈ പേടിസ്വപ്നത്തില്‍ കുടുങ്ങിക്കിടക്കുന്നവളാണ് യഥാര്‍ത്ഥ മലാല, സ്‌ട്രെച്ചറിലുള്ള പെണ്‍കുട്ടിയല്ല. ഉണര്‍ന്നാല്‍ മതി, ഇതെല്ലാം നില്‍ക്കും. ഉണരൂ!
ഭീകരതയുടെ ഈ കറങ്ങുന്ന കാഴ്ചകളല്ലാതെ മറ്റെന്തെങ്കിലും കാണാനായി ഞാന്‍ എന്റെ കണ്ണുകള്‍ ബലമായി തുറക്കാന്‍ ശ്രമിച്ചിരുന്നു. ഉള്ളില്‍ ഞാന്‍ അലറിവിളിച്ചു; പുറത്ത്, എന്റെ ചുണ്ടുകള്‍ അനക്കമില്ലാതെ അടഞ്ഞുതന്നെയിരുന്നു. ഞാന്‍ ഉണര്‍ന്നിരുന്നു, പക്ഷേ എന്റെ ശരീരമാകുന്ന ശവപ്പെട്ടിയില്‍ ജീവനോടെ അടക്കം ചെയ്യപ്പെട്ടിരുന്നു.
ഇപ്പോള്‍, ഓക്‌സ്‌ഫോര്‍ഡിലെ ഒരു പൂന്തോട്ട വഴിയില്‍, അത് വീണ്ടും സംഭവിക്കുകയായിരുന്നു: എന്റെ മനസ്സ് ശരീരത്തോട് ചലിക്കാന്‍ പറയുന്നു, എന്റെ ശരീരം കല്ലായി മാറിയിരിക്കുന്നു. ''എനിക്ക് നടക്കാന്‍ കഴിയില്ല!'' ഒടുവില്‍ ഞാന്‍ അനീസയോട് അലറി. ''ദയവായി എന്നെ സഹായിക്കൂ!''
മലാല യൂസഫ് സായി തന്റെ ഓര്‍മകള്‍ പങ്കുവെക്കുന്ന ഏറ്റവും പുതിയ പുസ്തകമായ 'ഫൈന്റിങ് മൈ വേ'യില്‍ നിന്നുള്ള ഒരു അധ്യായത്തിന്റെ തുടക്കം ഇങ്ങനെയാണ്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൂട്ടുകാര്‍ക്കൊപ്പം കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ തനിക്കു സംഭവിച്ചതിനെക്കുറിച്ച് വിശദമായിട്ടാണ് പുതിയ പുസ്തകത്തില്‍ മലാല എഴുതിയിരിക്കുന്നത്. 'ദ ഗാര്‍ഡിയന്‍' പ്രസിദ്ധീകരിച്ച പ്രത്യേക അധ്യായത്തിലാണ് മലാല കഞ്ചാവ് തനിക്കു നല്‍കിയ ട്രോമയെക്കുറിച്ച് പറയുന്നത്.
2013-ല്‍ പ്രസിദ്ധീകരിച്ച 'ഞാന്‍ മലാല' എന്ന പുസ്തകത്തിന് ശേഷം അവരുടെ രണ്ടാമത്തെ പ്രധാന പുസ്തകമായിരിക്കുകയാണ് ഫൈന്റിങ് മൈ വേ. മലാലയുടെ ആദ്യകാല ജീവിതം, ആക്ടിവിസം, താലിബാന്‍ ആക്രമണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ എന്നിവയായിരുന്നു 'ഞാന്‍ മലാല'യുടെ ഉള്ളടക്കമെങ്കില്‍ ഒരു സാമൂഹിക പ്രവര്‍ത്തകയുടെ ഉത്തരവാദിത്തങ്ങളും, കോളേജുജീവിതവും, പ്രണയവും ജീവിതവും പറയുന്നു പുതിയ പുസ്തകത്തില്‍.
'ഫൈന്‍ഡിംഗ് മൈ വേ'യില്‍, യൂസഫ്‌സായ് വെടിവെപ്പ് സംഭവങ്ങള്‍ക്കപ്പുറം തന്റെ സ്വകാര്യ വെല്ലുവിളികളെക്കുറിച്ച് വിവരിക്കുന്നുണ്ട്- പരീക്ഷകളില്‍ തോല്‍വി ഉറപ്പിക്കേണ്ടി വരുന്നത്, കൃത്യനിഷ്ഠപാലിക്കാത്തത്, ആക്ടിവിസവും സാധാരണ വിദ്യാര്‍ത്ഥി ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ പഠിക്കുന്നത്. ഓര്‍മ്മക്കുറിപ്പില്‍ സൗഹൃദം, പ്രണയം, രോഗമുക്തി എന്നിവയെക്കുറിച്ചുള്ള മലാലയുടെ അനുഭവങ്ങളും വിവരിക്കുന്നുണ്ട്. സൈമണ്‍ ആന്‍ഡ് ഷട്‌സര്‍ ആണ് പ്രസാധകര്‍.