എഴുത്തുജീവിതത്തിന് ശക്തി പകര്‍ന്നത് മയ്യഴി മാതാവ്, പ്രചോദനം അമ്മ ത്രേസ്യയുടെ യൗവനകാലത്തെ കവിതകള്‍ - എം. മുകുന്ദന്‍

'മാഹീലമ്മ' മാതൃഭൂമി മാഹി തിരുനാൾ പ്രത്യേക പതിപ്പ് എം. മുകുന്ദൻ പ്രകാശനം ചെയ്യുന്നു.
'മാഹീലമ്മ' മാതൃഭൂമി മാഹി തിരുനാൾ പ്രത്യേക പതിപ്പ് എം. മുകുന്ദൻ പ്രകാശനം ചെയ്യുന്നു.

മാഹി: മയ്യഴി മാതാവാണ് തന്റെ എഴുത്തുജീവിതത്തിന് ശക്തിപകര്‍ന്നതെന്ന് എം.മുകുന്ദന്‍. അമ്മത്രേസ്യ യൗവനകാലത്ത് കവിതകളെഴുതിയിരുന്നു. അവരുടെ എഴുത്തില്‍നിന്നുള്ള പ്രചോദനം തനിക്ക് എഴുത്തുകാരനായി ജീവിക്കാന്‍ കരുത്ത് പകര്‍ന്നു. സര്‍ഗാത്മകതയും ആത്മീയതയും സമന്വയിപ്പിച്ച ജീവിതമായിരുന്നു അമ്മത്രേസ്യയുടേത്. എല്ലാ പ്രതിസന്ധികളിലും പ്രശ്‌നങ്ങളിലും അഭയം തേടാനൊരിടമാണ് മയ്യഴിക്കാര്‍ക്ക് മാതാവെന്നും അദ്ദേഹം പറഞ്ഞു. മാഹി സെയ്ന്റ് തെരേസ ബസിലിക്ക തിരുനാളിന് 'മാതൃഭൂമി' ഒരുക്കിയ പ്രത്യേക പതിപ്പ് 'മാഹീലമ്മ' പ്രകാശനം ചെയ്യുകയായിരുന്നു മുകുന്ദന്‍.

മാഹിപ്പള്ളിയെയും അമ്മത്രേസ്യയെയും ചേര്‍ത്തുവെച്ച് പ്രത്യേക പതിപ്പിറക്കിയ മാതൃഭൂമിയുടെ ചുവടുവെപ്പ് അനുഗ്രഹമാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് പറഞ്ഞു. മാഹിയെക്കുറിച്ചും അമ്മയെക്കുറിച്ചും അറിയുന്നതിന് സഹായിക്കുന്ന പുസ്തകം മാതൃഭൂമിക്കും മയ്യഴിക്കും അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകാശഗോപുരമായി ബസിലിക്ക ഉയര്‍ന്നു നില്ക്കുന്നുവെന്നത് ഏതൊരു മയ്യഴിക്കാരനും ഏറെ സന്തോഷവും ആശ്വാസവും നല്‍കുന്നതാണെന്ന് രമേശ് പറമ്പത്ത് എംഎല്‍എ അഭിപ്രായപ്പെട്ടു. ബസിലിക്കയായി ഉയര്‍ത്തപ്പെട്ടശേഷം നടക്കുന്ന രണ്ടാമത്തെ തിരുനാളിന് മാതൃഭൂമി പ്രത്യേക പതിപ്പിറക്കിയത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

എം.മുകുന്ദന്‍, മെത്രാപ്പൊലീത്ത ഡോ. വര്‍ഗീസ് ചക്കാലക്കല്‍, മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, ഇ.വത്സരാജ്, വിനോയ് തോമസ്, അസീസ് മാഹി, സോണിയാ ചെറിയാന്‍, പി.പി.ശശീന്ദ്രന്‍ തുടങ്ങിയവരുടെ ലേഖനങ്ങളും വിഖ്യാത ചിത്രകാരന്‍ പാരീസ് മോഹന്‍കുമാറിന്റെ അപൂര്‍വചിത്രങ്ങളും പ്രത്യേക പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്..

സഹവികാരിമാരായ ഫാ. ബിനോയ് എബ്രഹാം, ഫാ. ബിബിന്‍ ബെനറ്റ്, മാതൃഭൂമി റീജണല്‍ മാനേജര്‍ ജഗദീഷ് ജി., ന്യൂസ് എഡിറ്റര്‍ വിനോയ് മാത്യു, ചീഫ് റിപ്പോര്‍ട്ടര്‍ കെ.രാജേഷ് കുമാര്‍, മാഹി റിപ്പോര്‍ട്ടര്‍ എന്‍.വി.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

സബ് എഡിറ്റര്‍ അലീന മേരി സൈമണാണ് എഡിറ്റിങ് നിര്‍വഹിച്ചത്. ഗിരീഷ് മക്രേരിയാണ് രൂപകല്പന. 30 രൂപ മുഖവിലയുള്ള പ്രത്യേക പതിപ്പ് മാതൃഭൂമി ബുക്ക്സ്റ്റാളുകളിലും ഏജന്റുമാര്‍ വഴിയും ലഭിക്കും.

മാഹി മഹാത്മാഗാന്ധി ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ആന്റണി ഫെര്‍ണാണ്ടസ്, ചാലക്കര സെയ്ന്റ് തെരേസ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എം. അമല, മാഹി നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ പി.പി.വിനോദന്‍, പള്ളൂര്‍ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയര്‍ എജുക്കേഷന്‍ ചെയര്‍മാന്‍ സജിത്ത് നാരായണന്‍, വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി, അഡ്വ.ടി. അശോക് കുമാര്‍, എഴുത്തുകാരായ പി. കൃഷ്ണപ്രസാദ്, രാജേഷ് പനങ്ങാട്ടില്‍, മാഹി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മോഹനന്‍, സെക്രട്ടറി കെ.സുരേഷ്, സിപിഎം മാഹി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.പി. നൗഷാദ്, മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി ചെയര്‍മാന്‍ കെ.കെ.അനില്‍ കുമാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങളായ ഷാജി പിണക്കാട്ട്, ജോസ് ബേസില്‍ ഡിക്രൂസ്, ഷാജു കാനത്തില്‍, പോള്‍ ഷിബു, കവിതാ ജെയിന്‍ ഫെര്‍ണാണ്ടസ്, കെ.ഇ. നിക്സണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.