എഴുത്ത് ഇടതുപക്ഷത്ത് നില്‍ക്കണം, എഴുത്തുകാരന്‍ വലതുപക്ഷത്തേക്ക് പോയാലും പ്രശ്‌നമില്ല- എം. മുകുന്ദന്‍

ബെംഗളൂരു: വലിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വംനല്‍കാന്‍ പറ്റിയ നേതാവ് ഇപ്പോഴില്ലെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. 'അതിനാല്‍ ചെറിയ ചെറിയ പ്രക്ഷോഭങ്ങള്‍ നടത്തണം. അതിന് നേതാവിന്റെ ആവശ്യമില്ല. വലിയനേതാവിനെ പ്രതീക്ഷിക്കേണ്ട. പ്രതിരോധത്തിന്റെ കൊച്ചുകൊച്ചു തുരുത്തുകളാണ് ഉണ്ടാകേണ്ടത്' - അദ്ദേഹം പറഞ്ഞു.
പുരോഗമന കലാസാഹിത്യസംഘം ബെംഗളൂരു യൂണിറ്റ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു എം. മുകുന്ദന്‍.
കാലം മാറിയിരിക്കുന്നു. മാറ്റം എന്നുകേള്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. പോസിറ്റീവായല്ല മാറ്റങ്ങള്‍. മതരാഷ്ട്രസങ്കല്പം പ്രചരിപ്പിക്കപ്പെടുന്നു. വൈവിധ്യമുള്ള രാജ്യം ഏകശിലാരൂപത്തിലുള്ളതാക്കാന്‍ ശ്രമം നടക്കുന്നു. തിരഞ്ഞെടുപ്പില്‍പ്പോലും പ്രതീക്ഷയില്ലാത്ത കാലമാണ് വരാന്‍പോകുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ കാര്യത്തില്‍ വലിയ ആശങ്കയുണ്ട് -അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എഴുത്തുകാര്‍ കൂടുതലും ഇടതുപക്ഷത്താണെങ്കിലും അവരുടെ എഴുത്ത് ഇടതുപക്ഷത്തിന്റെകൂടെയല്ലെന്ന് മുകുന്ദന്‍ അഭിപ്രായപ്പെട്ടു. എഴുത്താണ് ഇടതുപക്ഷത്ത് നില്‍ക്കേണ്ടത്. എഴുത്തുകാരന്‍ വലതുപക്ഷത്തേക്കുപോയാലും പ്രശ്‌നമില്ല.
സംഘപരിവാറിന് ഒരെഴുത്തുകാരനും കൂടെയുണ്ടെന്ന് പറയാനാവില്ല. അതാണ് സന്തോഷം. അത് നമ്മുടെ വിജയമാണ്. എ.കെ. ആന്റണിയുടെ മകന്‍ പോയെങ്കിലും ഒരെഴുത്തുകാരന്‍ പോയില്ല. എഴുത്തുകാരന്‍ അധികാരം ആഗ്രഹിക്കുന്നില്ലെന്നതാണ് കാരണം - അദ്ദേഹം പറഞ്ഞു.
പു.ക.സ. സംസ്ഥാന അധ്യക്ഷന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് കോടൂര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സുധാകരന്‍ പുത്തന്‍ചിറ, കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാര ജേതാവ് സുധാകരന്‍ രാമന്തളി, ആര്‍.വി. ആചാരി, ഡെന്നീസ് പോള്‍, കെ.പി. ശശിധരന്‍, സതീഷ് തോട്ടശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
വനിതാസമ്മേളനത്തില്‍ ഡോ. മിനി പ്രസാദ്, ബിലു പദ്മിനി, ഇന്ദിരാ ബാലന്‍, രമാ പ്രസന്ന പിഷാരടി, അര്‍ച്ചനാ സുനില്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: M. Mukundan says writings should stay on the left side