ദൈവത്തിന്റെ സുകൃതി; ആയിരം പൂർണചന്ദ്രന്മാരുടെ പ്രഭയിൽ എം.മുകുന്ദൻ

മയ്യഴിയുടെ ഒാരങ്ങളിൽനിന്ന് ലോകസാഹിത്യത്തിന്റെ തീരങ്ങളിലേക്കു പടർന്ന മലയാളിയുടെ പ്രിയസാഹിത്യകാരൻ എം. മുകുന്ദൻ ശതാഭിഷിക്തനാവുകയാണ്. മാതൃഭൂമി പ്രതിനിധി കെ. മധു നടത്തിയ അഭിമുഖത്തിൽനിന്ന്
ഈ പിറന്നാളിൽ, ഈ ശതാഭിഷിക്തനോട് വെള്ളിയാങ്കല്ലിലെ തുമ്പികൾ എന്താണ് പറയുന്നത്?
ആയിരം പൂർണചന്ദ്രന്മാരെ കാണുന്നത് ഒരു ഭാഗ്യമാണ്. പണ്ടിത് ആലോചിക്കാൻ പറ്റില്ല. തിരിഞ്ഞുനോക്കുമ്പോൾ ഞാൻ അല്പം എഴുതി. കുറച്ചു വായനക്കാരുണ്ടായി. ഇത്രയൊന്നും പ്രതീക്ഷിച്ചിട്ടില്ല. ശരിക്കും ഒരദ്‌ഭുതമാണ്. കണ്ണാടിയിൽ എന്റെ തല നരച്ചിട്ടുണ്ട്. ഇത്രയുംകാലം ജീവിച്ചു എന്നതിന് തെളിവാണ് ഈ നരച്ച മുടി. യൗവനത്തിൽ വാർധക്യം ഭയമായിരുന്നു. ഇപ്പോൾ അത് തോന്നുന്നില്ല. പ്രായമാകുമ്പോൾ മനസ്സ് പക്വമാവുന്നു. യൗവനത്തിൽ സംഘർഷമുണ്ടാകും. ഇപ്പോൾ അതില്ല. ജോലിയുടെ കാര്യം കഴിഞ്ഞു. മക്കൾ എല്ലാവരും സെറ്റിൽഡാണ്. അതിനാൽ വാർധക്യം നല്ലതാണ്. ജീവിതം പുതിയരീതിയിൽ ആസ്വദിക്കുകയാണ്. തല നരയ്ക്കുന്നത് എളുപ്പമല്ല. ഒരുപാട് കടലും മലയും താണ്ടണം.
മയ്യഴിയിലെത്തിയ ഫ്രഞ്ച് പടക്കപ്പൽകണ്ട് പകച്ച കുട്ടിക്കാലമുണ്ട്. അന്ന് ജനാധിപത്യത്തെ സ്വപ്നംകണ്ടു. പിന്നെ വിവിധ ലോകങ്ങളെ അറിഞ്ഞു. പുതിയ സംഘർഷങ്ങളെ, അപരവത്‌കരണത്തെ, ഇന്ന് എങ്ങനെ കാണുന്നു?
സംവാദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഇടം ദുരുപയോഗം ചെയ്യുമ്പോഴാണ് ഹിംസ ഉണ്ടാകുന്നത്. ജനാധിപത്യത്തിൽ വയലൻസ് ഉണ്ടാക്കുന്നത് ജനങ്ങൾതന്നെയാണ്. ഫാസിസത്തിൽ ഇത് അധികാരമാണ്, ഹിറ്റ്‌ലറെയൊക്കെപ്പോലെ. എന്നാൽ, ഇന്ന് മതങ്ങൾ വീണ്ടും ഉയിർത്തെണീക്കുകയാണ്. ഫ്രാൻസിൽ തീവ്രവലതുപക്ഷം ശക്തമാവുന്നു. ഏറ്റവും വലിയ മാനവികതയൊക്കെയുയർന്ന സ്ഥലത്താണ് മതങ്ങൾ പിടിമുറുക്കുന്നത്. യൂറോപ്പിൽ മാത്രമല്ല, ലോകം മുഴുവൻ ഇത് അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഞാനൊക്കെ എഴുതാൻ തുടങ്ങുമ്പോൾ യുദ്ധാനന്തര കെടുതികളും മുതലാളിത്ത പരിവർത്തനങ്ങളും സൃഷ്ടിക്കുന്ന പ്രശ്നങ്ങളൊക്കെയായിരുന്നു ലോകത്ത്. ഇന്ന് മതങ്ങളാണ് ഏറ്റവും കുഴപ്പമുണ്ടാക്കുന്നത്. ഇത് എളുപ്പമല്ല. അറുപതുകളിലും എഴുപതുകളിലുമൊക്കെ എല്ലാവരും മനുഷ്യരായിരുന്നു. മനുഷ്യൻ മനുഷ്യനെപ്പറ്റി എഴുതുന്നതായിരുന്നു എഴുത്ത്. ഇന്ന് മനുഷ്യൻ ഇല്ല. എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു. ഹിന്ദുവായും മുസ്‌ലിമായും ക്രിസ്ത്യാനിയായും നായരായും ഈഴവനായുമൊക്കെ നമ്മൾ ചിതറിപ്പോയി. മനുഷ്യനെപ്പറ്റിയല്ല, ചിതറിയ മനുഷ്യനെപ്പറ്റിയാണ് എഴുത്ത്. മനുഷ്യന്റെ വീണ്ടെടുപ്പാണ് ഇപ്പോൾ ആവശ്യം. ഇനിവരുന്നകാലത്തെ സാഹിത്യം അതാവും എന്നുതോന്നുന്നു.
'നൃത്തം' വന്നപ്പോൾ ആദ്യ സൈബർ നോവൽ എന്നാണ് വിളിച്ചത്. പണ്ടൊക്കെ ഒരു നോവൽ വന്നാൽ കുറെക്കാലം കഴിഞ്ഞാലേ ആ പുസ്തകം വായിക്കാനാവൂ. ഇന്നങ്ങനെയല്ല. വായനക്കാരൻ അതിവേഗം എഴുത്തിനെ തൊടുന്നു. ഈ സൈബർ സൗകര്യവും വെല്ലുവിളിയും എന്താണ്?
എഴുത്തുകാരൻ നവീകരിക്കണം. പണ്ട് മുപ്പതുനാല്പതു കൊല്ലമൊക്കെ നിലനിൽക്കാനാവുമായിരുന്നു. ഇന്ന് അത് പറ്റില്ല. ആശയങ്ങളുടെ സമുദ്രമാണ് ദിവസവും തേടിവരുന്നത്. ഭാവുകത്വം വേഗത്തിൽ മാറുകയാണ്. പണ്ട് ഇങ്ങനെയല്ല. നവീകരിക്കാൻ ശ്രമിച്ചതുകൊണ്ടാണ് എനിക്ക് ഇപ്പോഴും നിലനിൽക്കാനാവുന്നത്. ഇത് ചിലപ്പോൾ ബോധപൂർവവും ചിലപ്പോൾ അല്ലാതെയും സംഭവിക്കും. എഴുത്തുകാർ മാത്രമല്ലാ രാഷ്ട്രീയക്കാരും ഇതേ പ്രശ്നം നേരിടുന്നുണ്ട്.
ലോകസാഹിത്യത്തിലെ പുതിയ പ്രവണത എന്താണ്? വായിക്കുന്ന പുസ്തകങ്ങൾ?
എംബസിയിലുള്ളപ്പോൾ വായിക്കുന്നതിൽ എൺപതു ശതമാനവും ഫ്രഞ്ചായിരുന്നു. ബുക്കർപോലെ അവർക്ക് പ്രീ ഗോംഗ്കൂർ പുരസ്‌കാരമുണ്ട്. പുസ്തകങ്ങൾ ഡിപ്ലോമാറ്റിക് ചാനലിലൂടെ വേഗം കിട്ടും. അന്ന് അങ്ങനെ നവീകരിക്കാനും ഉൾക്കൊള്ളാനും സാധിച്ചു. പക്ഷേ, ഇംഗ്ലീഷ് വായിക്കാത്തതുകൊണ്ട് വായന അപൂർണമാണെന്നറിഞ്ഞു. അങ്ങനെ ബ്രിട്ടീഷ് ലൈബ്രറിയിലും അമേരിക്കൻ ലൈബ്രറിയിലും മാക്‌സ് മുള്ളർ ലൈബ്രറിയിലുമൊക്കെ പോയി. വായന ശരിക്കും ബുദ്ധിമുട്ടുള്ള പണിയാണ്. വൈവിധ്യങ്ങളാണ് ഇപ്പോൾ എങ്ങും. ട്രെൻഡിനുപുറകേ ആരും പോകുന്നില്ല. ആരും ആരേയും പിന്തുടരുന്നില്ല. നമുക്ക് ചോയ്‌സുണ്ട്. അതിനാൽ പല രൂപങ്ങളിൽ സാഹിത്യം വരുന്നു. ഭാഷയിലും പ്രമേയത്തിലും ശൈലിയിലും എല്ലാം. ഹാൻ കാംഗ്, ജെന്നി എർപെൻബർഗിന്റെ കയ്‌റോസ്, ഡേവിഡ് സെലേയുടെ പുസ്തകങ്ങൾ ഒക്കെ നോക്കാറുണ്ട്. റുഷ്ദിയുടെ നൈഫ് വായിച്ചേയുള്ളൂ. ഉപമന്യു ചാറ്റർജിയുടെ 'ലോറൻസോ സെർച്ചസ് ഫോർ ദ മീനിങ് ഓഫ് ലൈഫ്' രസികൻ പുസ്തകമാണ്. എഴുത്തിൽ അവരെല്ലാം നമ്മേക്കാൾ വളരെ മുന്നിലാണ്. രചനാപരമായി അവർ പെർഫെക്ടാണ്, നമുക്ക് അതില്ല. നമ്മുടെ നോവലുകൾക്ക് എഡിറ്റിങ്ങിന്റെ അഭാവമുണ്ട്, കഥാപാത്രങ്ങളിലും അത് പ്രകടമാണ്. ബുക്ക് എഡിറ്റർ അത്യാവശ്യമാണ് എന്നുതോന്നുന്നു. പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളെമാത്രമേ അപ്പോഴും തൊടാനാവൂ. മുതിർന്ന എഴുത്തുകാരെ തിരുത്താൻ സാധ്യമല്ല. ഈഗോ അതിന് സമ്മതിക്കില്ല. എം.ടി.യെയാണ് ഇവിടെ കണ്ടുപഠിക്കേണ്ടത്. അദ്ദേഹം സ്വയം എഡിറ്റുചെയ്യുമായിരുന്നു. അതിന് നമ്മൾ പലവട്ടം സ്വയം തിരുത്തണം. അതാണ് ആദ്യം വേണ്ടത്.
എന്നും ഇഷ്ടമുള്ളവർ?
സാർത്രിനെക്കാളും കാമ്യുവിനെക്കാളും സ്വാധീനിച്ചത് ദസ്തയേവ്‌സ്‌കിയാണ്. പണ്ട് പീപ്പിൾസ് പബ്ലിഷിങ് ഹൗസിലൂടെ റഷ്യൻ ക്ലാസിക്കുകൾ ലോകം മുഴുവനുമെത്തി. സ്റ്റാലിനാണ് ഇതു ചെയ്തത്. ഹിറ്റ്‌ലർ പുസ്തകങ്ങൾ കത്തിച്ചു. പരാതികൾക്കിടെ സ്റ്റാലിനെപ്പറ്റി അതുകൂടി പറയണം.
മലയാളത്തിൽ പുതിയ കൃതികൾ
ഇഷ്ടപ്പെട്ട പുസ്തകങ്ങൾ ഞാൻ ആദ്യം മുഴുവൻ വായിക്കും. പ്രിയപ്പെട്ടവ പിന്നെ വീണ്ടും വീണ്ടും വായിക്കും. മനസ്സ് അലോസരപ്പെടുമ്പോൾ ചിലർ സംഗീതത്തിൽ മുഴുകും. എനിക്കത് പുസ്തകങ്ങളാണ്. മാറ്റിവെച്ച പ്രിയപുസ്തകങ്ങളിലെ ഇഷ്ടഭാഗങ്ങൾ ഞാൻ പിന്നെയും പിന്നെയും വായിക്കും. അങ്ങനെ ഞാനിപ്പോൾ ഇടയ്ക്കിടെ എടുത്തു വായിക്കുന്ന പുസ്തകം ആർ. രാജശ്രീയുടെ ആത്രേയകമാണ്. അത് ഞാൻ വീണ്ടും വീണ്ടും വായിക്കാൻ ഇഷ്ടപ്പെടുന്ന പുസ്തകമാണ്. ഇപ്പോൾ പിന്നെ വീണ്ടും വായിക്കുന്നത് മാർക്കേസിന്റെ ഏകാന്തതയുടെ നൂറു വർഷമാണ്. ഷാജിയുടെ മരണവംശം, ഏച്ചിക്കാനത്തിന്റെ മാതംഗലീല ഒക്കെ വായിച്ചു. അസ്വസ്ഥമാക്കുന്ന ഒട്ടേറെ പുസ്തകങ്ങൾ നിരന്തരം വരുന്നുണ്ട്. മലയാള നോവൽ നല്ലപോലെ കരുത്താർജിക്കുന്നുണ്ട്. ജെ.സി.ബി. പുരസ്‌കാരം അഞ്ചാണ്ടിനിടെ മൂന്നുവട്ടം വന്നു. ഇന്ദുഗോപനും ബെന്യാമിനുമൊക്കെ പുതിയ വഴികളിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് യാത്രചെയ്യുകയാണ്. അപ്പോഴും പക്ഷേ, എഡിറ്റിങ്ങിന്റെ അഭാവം പ്രകടമാണ്. പണ്ട് എം.ടി. മാതൃകയായി ഉണ്ടായിരുന്നു. അത്തരം മാതൃകകളെ കണ്ടെത്തണം. അതിനായി ശ്രമിക്കണം. എനിക്കുമുന്നിൽ നടക്കാൻ ഒരുപാടുപേർ ഉണ്ടായിരുന്നു. അതും ഒരു ഭാഗ്യം.
മുന്തിയ തലച്ചോറുകൾക്കൊപ്പം ജീവിച്ചൊരാളാണ്. അവരെ ഇപ്പോൾ എങ്ങനെ ഓർക്കുന്നു?
അക്കാലം മനുഷ്യബന്ധങ്ങൾ സജീവമായിരുന്നു. ഡൽഹിയിൽത്തന്നെ കാക്കനാടൻ, വിജയൻ, നാരായണപിള്ള, വി.കെ.എൻ. പിന്നീട് സച്ചിദാനന്ദൻ, മാധവൻ തുടങ്ങി എണ്ണമറ്റ ഓർമ്മകൾ. അതാണിപ്പോൾ മിസ് ചെയ്യുന്നത്. ഇപ്പോൾ ഒക്കെ ഒറ്റഫോണിൽ തീരും. കുട്ടിക്കാലത്ത് മാഹിയിൽ, വഴിയിൽ ആരെയെങ്കിലും കണ്ടാൽ തോളിൽ കൈയിട്ടാണ് നടത്തം. ‘വാ ഒരു ചായ കുടിക്കാം’ ചെറിയ കടയിലേക്ക് കയറും. ആ നടത്തം, ആ ചായകുടി, ആ സിഗററ്റ് വലി, ആ കാലം. എല്ലാം പോയി. നമുക്ക് അതിലേക്ക് തിരിച്ചുപോകാൻ പറ്റില്ല. അതെല്ലാം ഗൃഹാതുരത്വങ്ങൾ മാത്രം. പുതിയ കാലത്തിന്റെ രീതികൾ സ്വീകരിച്ചേ പറ്റൂ.
ഇതിനിടെ മാറ്റിവെച്ച പ്രമേയങ്ങളും പുസ്തകങ്ങളും?
എന്റെ മനസ്സിൽ എക്കാലവും കഥകളുണ്ടാവും. എന്നാൽ, നോവലുകളാണ് കൂടുതൽ. ഭ്രൂണാവസ്ഥതൊട്ട് പല പ്രായത്തിലുള്ള നോവലുകൾ. എന്നാൽ, ഞാൻ മാറ്റിവെച്ച ഒരു നോവലുണ്ട്. നൂറ്റിപ്പത്ത് പേജ് എഴുതി നിർത്തിവെച്ചത്. വടക്കേ മലബാറിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രമാണത്. കമ്യൂണിസം വളർന്ന കാലം. ഓരോ വീട്ടിലും ആരെങ്കിലും ഒരാൾ കമ്യൂണിസത്തിനുവേണ്ടി ത്യാഗം സഹിച്ചവരും ആത്മാഹുതി ചെയ്തവരുമൊക്കെയായി ഉണ്ടായിരുന്നു. ഇപ്പോഴില്ല. പണ്ട് ഉണ്ടായിരുന്നു. ഓരോ വീടിനും ഒരു കഥ പറയാനുണ്ടായിരുന്നു. വിമോചനം സ്വപ്നംകണ്ടവർ, അതിനായി ഇറങ്ങിത്തിരിച്ചവർ, പോരടിച്ചവർ. ജയിലിൽപ്പോയവർ, പ്രാണാഹുതി നടത്തിയവർ, രക്തസാക്ഷിയായവർ. അവിടത്തെ പുഴയുടെ നിറംപോലും ചുവപ്പായിരുന്നു. നമ്മൾ നീലയായിട്ടാണ് കാണുന്നത്. പക്ഷേ, അത് എഴുതണം എന്നത് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ 110 പേജ് എഴുതി. പിന്നെ തോന്നി. സത്യസന്ധമായി എഴുതാൻ പറ്റില്ല. സത്യസന്ധമായി എഴുതിയാൽ ഒരുപാടുപേരെ വേദനിപ്പിക്കേണ്ടിവരും. അതിനാൽ അവിടെ നിർത്തിവെച്ചിരിക്കുകയാണ്.
അങ്ങുതന്നെ പണ്ട് പറഞ്ഞിട്ടുണ്ട്, സ്റ്റാലിനെ പറഞ്ഞാൽ കമ്യൂണിസ്റ്റുകാരെ വേദനിപ്പിക്കേണ്ടിവരും. സിഖ് കൂട്ടക്കൊലയെ പറഞ്ഞാൽ കോൺഗ്രസുകാരെ വേദനിപ്പിക്കേണ്ടിവരും. ഗുജറാത്ത് കലാപം പറഞ്ഞാൽ സംഘപരിവാറിനെ വേദനിപ്പിക്കേണ്ടിവരും. അത്തരമൊരു പേടി ഇനിയും ആവശ്യമുണ്ടോ?
സൈബർ ഗുണ്ടകളെ ഞാൻ ഭയപ്പെടുന്നില്ല. പക്ഷേ, ഏതെങ്കിലും ഒരു കമ്യൂണിസ്റ്റുകാരൻ ഇത് വായിച്ചു കരഞ്ഞാൽ എനിക്ക് സങ്കടമാവും. കഴിഞ്ഞദിവസം ഇടതുപക്ഷത്തെപ്പറ്റി പറഞ്ഞത് മാതൃഭൂമിയുടെ ഒന്നാം പേജിൽ വായിച്ച് ഒരു സഹോദരി എഴുതിയത്. ‘ഈ ഓണദിവസം എന്തിനെന്നെ കരയിച്ചു മുകുന്ദേട്ടാ?’ എന്നാണ്. ഇതിനെയാണ് ഞാൻ ഭയപ്പെടുന്നത്. എന്റെ നോവലിനെ ആക്രമിച്ചോട്ടെ. അതെനിക്ക് ശീലമാണ്. അതല്ല പ്രശ്നം. എന്റെ നോവൽ വായിച്ച് കുറച്ചുപേരെങ്കിലും ഇരുന്നു കരഞ്ഞാൽ എനിക്ക് സങ്കടമാവും. അതിനെന്താണ് പരിഹാരം എന്നാണ് നോക്കുന്നത്. ഒരു കാര്യം ഉറപ്പാണ് ഞാൻ എന്തായാലും ഇത് എഴുതും. എഴുതാതെ പോവില്ല.
പണ്ട് ‘രാധ രാധ മാത്രം’ വായിച്ചിട്ടും ‘ഞാൻ കരഞ്ഞു, എനിക്ക് ഉറങ്ങാനായില്ല’ എന്ന് പറഞ്ഞ് പെൺകുട്ടികൾ കത്തയച്ചിരുന്നില്ലേ. അതെല്ലാം എഴുത്തുകാരനെ ഉൾക്കൊള്ളുന്ന വിലാപങ്ങളല്ലേ?
എഴുത്തിലൂടെ വേദനിപ്പിക്കാൻ വയ്യ. അമർഷംകൊണ്ടോട്ടെ. അത് പ്രശ്നമല്ല. ഇതിനായി പുതിയൊരു രീതി ആവിഷ്‌കരിക്കണം. ഞാൻ പറയുന്ന കാര്യങ്ങൾ വായനക്കാരനെ ബോധ്യപ്പെടുത്തണം. യഥാർഥ കമ്യൂണിസ്റ്റിന് ഞാൻ സത്യസന്ധനാണെന്നു തോന്നണം. അതിനുള്ള വഴിയാണ് ആലോചിക്കുന്നത്. ഞാൻ തനിച്ചായിരിക്കില്ല ഇത് എഴുതുന്നത്. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ കമ്യൂണിസ്റ്റ് ശുദ്ധാത്മാക്കളും എനിക്കൊപ്പമുണ്ടാകും. അവർക്കൊപ്പം ഇരുന്നാകും ഞാൻ ഈ നോവൽ എഴുതുന്നത്.
ദസറയ്ക്ക് ചൗൻ എൻ ലായുടെ കോലം കത്തിച്ചത് കണ്ടപ്പോൾ വേദനതോന്നിയ മനസ്സല്ലേ?
കേരളത്തിൽ ഇടതുപക്ഷം മാറിയിരിക്കുന്നു. തെറ്റുതിരുത്താൻ തയ്യാറാവുന്നില്ല എന്ന വിമർശനം വരുന്നു. ഇതിനെ എങ്ങനെ കാണുന്നു?
ഞാൻ മോഹഭംഗങ്ങളുടെ എഴുത്തുകാരനാണ്. പണ്ട് ദാർശനികമായ മോഹഭംഗങ്ങൾ. ഇപ്പോൾ രാഷ്ട്രീയമായ മോഹഭംഗങ്ങളാണ്. മോഹങ്ങൾ അസ്ഥാനത്തായ കാലമാണിത്. പറയാനുള്ള സ്വാതന്ത്ര്യം ഇപ്പോൾ ഇല്ലാതാവുന്നു. എന്തു പറഞ്ഞാലും അതിനെ വിമർശിക്കാൻ സൈബർ ഗുണ്ടകൾ എത്തും. അസഭ്യം പറയുന്ന കൂട്ടം മാത്രമാണവർ. അതിനെ ഭയക്കേണ്ട. പക്ഷേ, മുൻപേ പറഞ്ഞ സഹോദരിയുടേതുപോലുള്ള കരച്ചിൽ വേദനിപ്പിക്കും.
ഇത്തരം കരച്ചിലുകൾക്ക് കാതുകൊടുക്കുന്ന ആളാണ്. പക്ഷേ, എപ്പോഴും ഒപ്പംനിൽക്കുന്ന കുടുംബത്തെപ്പറ്റി പറയാറില്ലല്ലോ. അത് കേൾക്കാൻ ആരും ഉണ്ടാകാറില്ലല്ലോ. എനിക്ക് അച്ചടക്കം തന്നത് കുടുംബവും എന്റെ തൊഴിലുമാണ്. എനിക്കൊപ്പം എഴുതിയിരുന്ന പലർക്കും അച്ചടക്കം തീരെ ഇല്ലായിരുന്നു. കാക്കനാടനോ പുനത്തിലിനോ അച്ചടക്കം ഇല്ലായിരുന്നു. എനിക്ക് അച്ചടക്കം ഇല്ലാതെ ഒരു ദിവസംപോലും എംബസിയിൽ കയറാൻപറ്റില്ല. കുടുംബം വളരെ പ്രധാനമായിരുന്നു. എഴുത്തുകാരന് എവിടെയും അലയാം. പക്ഷേ, എത്ര കൂട്ടംതെറ്റി മേഞ്ഞാലും തിരിച്ചുചെല്ലാൻ ഒരു വീടുവേണം. ഭാഗ്യം, അരനൂറ്റാണ്ടിലേറെയായി ശ്രീജ ഒപ്പംനിന്നു. വലിയപിന്തുണയായിരുന്നു. ആരും പറഞ്ഞാൽ വിശ്വസിക്കാത്തത്രയും അവർ തിരിക്കിനിടെ എന്നെ സഹായിച്ചു. മക്കൾ പ്രീതിഷും മകൾ ഭാവനയും യു.എസിലാണ്.
കേരളത്തിൽ വന്നപ്പോൾ തിരക്ക് കുറഞ്ഞോ?
എന്ന് തോന്നിയിരുന്നു. ഇപ്പോൾ ഒന്നു വിളിച്ചു പറയുകപോലും ചെയ്യാതെയാണ് ആളുകൾ വരുന്നത്. ചിലപ്പോൾ രണ്ടു കാറുനിറയെ. എല്ലാരും എന്നോട് സ്നേഹംകൊണ്ടല്ല. അവർക്ക് ചില ആവശ്യങ്ങളുണ്ട്. മീറ്റിങ്ങിന് ക്ഷണിക്കാൻ ഒക്കെയാണ്. ഒരറിയിപ്പുമില്ലാതെ സ്‌കൂൾക്കുട്ടികളെയുംകൊണ്ട് അധ്യാപകർ വരുന്നു. ഒരുപാടുപേർ. ഒന്ന് ഫോണിൽ വിളിച്ച് വരാവുന്നതേയുള്ളൂ. പക്ഷേ, അത് പലരും ചെയ്യില്ല. ഞാനാലോചിക്കും. എഴുത്തുകാരനാണോ കെട്ടിടം ഉദ്ഘാടനം ചെയ്യേണ്ടത് എന്ന്. സ്നേഹംകൊണ്ട് വരുന്നവരുണ്ട്. ഓണത്തിനുതന്നെ ഇങ്ങനെ ഒട്ടേറെപ്പേരെത്തി. അവർ പ്രാധാന്യം കല്പിക്കുന്നുണ്ട്. എന്നാൽ, എഴുത്തുകാരന് സ്വകാര്യതവേണം എന്ന് ആരും ഓർക്കാറില്ല. എനിക്ക് രണ്ടു മനസ്സാണ്. മാറിയിരിക്കാൻ തോന്നും. പക്ഷേ, എഴുത്തുകാരെ ഇത്രയേറെ ആരാധിക്കുന്ന മനുഷ്യർക്കുമുന്നിൽ ഒഴിഞ്ഞുമാറാനും വയ്യ. ഞാനിപ്പോൾ ഉള്ളിൽ ഏകാന്തതയുടെ സ്വന്തം തുരുത്തുണ്ടാക്കുകയാണ്.
അച്ചടക്കമുള്ള മുകുന്ദന്റെ പതിവുരീതികൾ എന്താണ്?
പുലർച്ചെ നാലുമണിക്കുതന്നെ എണീക്കും. ഭക്ഷണത്തിന്റെ കാര്യത്തിൽ ഞാനൊരു പഴഞ്ചനാണ്. ഡൽഹിയിൽ ആയിരുന്നപ്പോഴും അതെ. എംബസിയിലെ അത്താഴവിരുന്നുകൾക്കുശേഷവും വീട്ടിലെത്തിയാൽ ചോറും മീൻകറിയും കഴിക്കും. മാക്‌ഡൊണാൾഡിലെ ബർജറിനും പിസയ്ക്കും തിരക്കുവന്നപ്പോഴും എനിക്ക് പ്രിയം പഴയ വിഭവങ്ങളാണ്. മീൻകറി, പപ്പടം, അച്ചാറ്, പുട്ടും കടലയും ഒക്കെ. ആരും വിശ്വസിക്കില്ല. കോട്ടും ടൈയും ഒക്കെ കെട്ടി ചോറും മീൻകൂട്ടാനും കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ഓർത്തുനോക്കൂ.
ലോകമൊക്കെ കണ്ടതല്ലേ താമസിക്കാൻ ഏറ്റവും പ്രിയം എവിടെയാണ്?
അത് മയ്യഴിതന്നെ. ജനിക്കാനും മരിക്കാനും ഇഷ്ടപ്പെടുന്ന സ്ഥലം മയ്യഴിതന്നെ. ഈ നാടിനെ എനിക്കിഷ്ടമാണ്.
ഇവിടെ ജനിച്ചതുകൊണ്ടാണ് എനിക്ക് ഇങ്ങനെ എഴുതാനായത്. എവിടെ ജനിക്കുന്നു, എവിടെ ജീവിക്കുന്നു എന്നത് വളരെ പ്രധാനമാണ്. ഞാൻ മയ്യഴിയിൽ ജനിച്ചില്ലെങ്കിൽ, ഡൽഹിയിൽ പോയില്ലെങ്കിൽ മിക്കവാറും പുസ്തകങ്ങൾ ഉണ്ടാകുമായിരുന്നില്ല. എന്നാൽ, ഇവിടെനിന്ന് ഇടയ്ക്കിടെ പലായനം ചെയ്യും. എന്റെ മയ്യഴിയിലേക്ക് തിരിച്ചുവരാൻവേണ്ടി മാത്രം.
ഈ ആയിരത്തിനിടെ ഏറ്റവും ഗൃഹാതുരമായ ആ പൂർണ്ണചന്ദ്രൻ ഏതാണ്?
ഞാനും ആലോചിച്ചിട്ടുണ്ട്. അതേതായാലും, ആയിരാമത്തെ പൂർണ്ണചന്ദ്രനെ കാണാൻ ഏറ്റവും പറ്റിയ സ്ഥലം മാഹിയിലെ അഴിമുഖമാണ്. ഞങ്ങൾ പാതാർ എന്നു പറയും. ഇടതുവശത്ത് പുഴയും വലതുവശത്ത് കടലുമാണ്. ഫ്രഞ്ചുകാരൊക്കെ നടന്നിരുന്ന സ്ഥലമാണ്. പാതാർ എന്നത് മയ്യഴിക്കാരുടെ മക്കോണ്ടോ ആണ്. മാർക്കസിന്റെ മക്കോണ്ടോ പോലെ. അവിടെ പോയിരുന്നാണ് ഞാൻ ജീവിതം കണ്ടത്. അവിടെ ഇരുന്നാൽ ഞാൻ യുദ്ധങ്ങൾ കാണും. മരിക്കുന്നവരുടെ ആത്മാക്കളെ കാണും. പ്രണയം കാണും. വിപ്ലവം കാണും. ലോകം കാണും. ഏകാന്തതയുടെ നൂറുവർഷങ്ങൾ മുഴുവൻ ഞാൻ പാതാറിൽ കാണും. ആയിരാമത്തെ പൂർണ്ണചന്ദ്രനെയും പാതാറിൽ ഇരുന്ന് കാണാനാണ് ആഗ്രഹം. മഴയും മഴക്കാറുമില്ലെങ്കിൽ ചന്ദ്രനെ മയ്യഴിയുടെ മക്കോണ്ടോവിൽ കാണും
Content Highlights: Celebration of M. Mukundan's milestone birthday and literary journey., Insights into modern global literature, editing in novels, and writing challenges., Reflections on his connection to Mahe and his upcoming unfinished novel about the communist movement.