എന്റെ പ്രണയമേ...: ഉള്ളിൽ കത്തുന്ന പ്രണയവുമായി അവരെത്തി, 66 പേർ; പ്രേമലേഖനമെഴുതാൻ

കൊച്ചി: ഒരു പരീക്ഷാഹാളിലെന്ന പോലെ അവരിരുന്നു...അച്ചടക്കത്തോടെ...പിന്നെ ഉത്തരക്കടലാസിൽ എഴുതിത്തുടങ്ങി, എന്റെ പ്രണയമേ..!
ജീവിതത്തിൽ ഒരിക്കൽപോലും അവരാരും പരീക്ഷയെഴുതുന്നതുപോലെ പ്രണയലേഖനമെഴുതിയിട്ടുണ്ടാവില്ല. പക്ഷേ, മലയാളത്തിന്റെ മഹാകവി ചങ്ങമ്പുഴയെ മനസ്സിൽ കുടിയിരുത്തി, പ്രേമം എന്നെഴുതിയ കറുത്ത ബോർഡിന് മുന്നിൽ ഞാത്തിയിട്ട പൂമാലകളെയും തൂക്കുവിളക്കുകളിൽ തെളിയുന്ന ദീപങ്ങളെയും നോക്കി അവർ ഒരുമണിക്കൂറിനുള്ളിൽ പ്രേമലേഖനം എഴുതിത്തീർത്തു.
മഹാകവി ചങ്ങമ്പുഴയുടെ 114-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച പ്രേമലേഖന മത്സരവേദിയായിരുന്നു അത്. പ്രണയത്തിന് പ്രായമില്ലെന്നതിന് അടിവരയിട്ട് 18 മുതൽ 78 വയസ്സുവരെ പ്രായമുള്ളവർ പ്രേമലേഖനമെഴുതാനെത്തി. 97 പേരാണ് മത്സരത്തിന് രജിസ്റ്റർ ചെയ്തത്. പക്ഷേ, ഉള്ളിൽ കത്തുന്ന പ്രണയവുമായി എത്തിയത് 66 പേരായിരുന്നു. വന്നതിലേറെയും അൻപതു പിന്നിട്ടവർ. തിരുവനന്തപുരത്തു നിന്നും കൊല്ലത്തു നിന്നുമെല്ലാം വന്ന പ്രണയികൾ ആ കൂട്ടത്തിലുണ്ടായിരുന്നു.
ഒരു മണിക്കൂറിനുള്ളിൽ ഒരു ഫുൾസ്‌കാപ്പ് കടലാസിലായിരുന്നു പ്രേമലേഖനം എഴുതേണ്ടിയിരുന്നത്. വിഷയം പ്രേമമായതു കൊണ്ടാവണം ആരും 'കോപ്പി അടിച്ചില്ല'..! ഉള്ളിലെ പ്രണയം മുഴുവൻ നിറഞ്ഞൊഴുകിയതുകൊണ്ടാവും ഒരാൾ മാത്രം ഒരു ഫുൾസ്‌കാപ്പിന് പകരം രണ്ട് ഫുൾസ്‌കാപ്പ് നിറയെ എഴുതി. ബുധനാഴ്ച രാവിലെ 11 മുതൽ 12 വരെ നടന്ന മത്സരത്തിന് ശേഷം നിറഞ്ഞ സന്തോഷത്തോടെ അവർ ചങ്ങമ്പുഴ ഗ്രന്ഥശാലാ ഹാളിൽ നിന്നും ഇറങ്ങി നടന്നു. ഇനി എട്ടാം തീയതി വരെ കാത്തിരിക്കണം. ആർക്കാണ് പ്രണയം ഏറെ തുളുമ്പുന്ന എഴുത്തുള്ളതെന്നറിയാൻ. ഒൻപതിന് അവർക്ക് സമ്മാനവും നൽകും.
Content Highlights: Changampuzha love letter writing competition