മാതാപിതാക്കള്‍ ലക്ഷ്യംവെക്കേണ്ടത് കുട്ടികളുടെ സ്വാതന്ത്ര്യത്തില്‍ -കെ.ആര്‍. മീര

തൃശ്ശൂര്‍: സംരക്ഷണത്തിനു പകരം മാതാപിതാക്കള്‍ കുട്ടികളുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കിയിരുന്നെങ്കില്‍ മലയാളി കുടുംബബന്ധങ്ങള്‍ കൂടുതല്‍ മനോഹരമായിരുന്നേനെയെന്ന് എഴുത്തുകാരി കെ.ആര്‍. മീര. സാഹിത്യ അക്കാദമി സാര്‍വദേശീയ സാഹിത്യോത്സവത്തില്‍ ആര്‍. പാര്‍വതീദേവിയുമായുള്ള സംഭാഷണത്തിലാണ് മീരയുടെ നിരീക്ഷണം.
എല്ലാ മനുഷ്യരും അധികാരപ്രയോഗം ആഗ്രഹിക്കുന്നവരാണെന്നും അതില്ലാത്ത ജീവിതം മനുഷ്യര്‍ പഠിച്ചിട്ടില്ലെന്നും മീര പറഞ്ഞു. അനുവദിച്ചിരുന്നെങ്കില്‍ത്തന്നെ കെട്ടിയിടാനും അടിച്ചമര്‍ത്താനും ചുറ്റും ആളുകള്‍ ഉണ്ടായിരുന്നുവെന്നും മീര പറഞ്ഞു. പുരുഷന്മാര്‍ ആറ്റിക്കുറുക്കി എഴുതുന്ന ലോകത്തെക്കുറിച്ചുള്ള സാഹിത്യം സ്ത്രീകളുടെ അടുക്കള മുതല്‍ വരാന്തവരെയുള്ള എഴുത്തുകളില്‍ പ്രകടമാണെന്നും മീര പറഞ്ഞു.
ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം എല്ലാക്കാലത്തും ഉണ്ടായിരുന്നു. സ്ത്രീകള്‍ക്ക് നര്‍മം വഴങ്ങില്ല എന്നത് ശരിയല്ല. തന്നെക്കാള്‍ താഴ്ന്നത് എന്ന് ചിന്തിക്കുന്ന മനുഷ്യര്‍ ചിരിക്കുന്നത് ഇഷ്ടമല്ലാത്ത ഉമ്മറത്തിന്റെ അധികാരികള്‍ കെട്ടിച്ചമച്ചതാണ് ഈ ധാരണയെന്നും അവര്‍ പറഞ്ഞു.
അക്കാദമി ലൈബ്രറി ഇനി 'ലളിതാംബിക അന്തര്‍ജനം സ്മാരക ഗ്രന്ഥാലയം'
സാഹിത്യ അക്കാദമി സാര്‍വദേശീയ സാഹിത്യോത്സവം സമാപനസമ്മേളനം അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.പി. അബൂബക്കര്‍ സാഹിത്യോത്സവപതാക താഴ്ത്തി. ചടങ്ങില്‍ സാഹിത്യ അക്കാദമി ലൈബ്രറിക്ക് 'കേരള സാഹിത്യ അക്കാദമി ലളിതാംബിക അന്തര്‍ജനം സ്മാരക ഗ്രന്ഥാലയം' എന്ന് പ്രസിഡന്റ് സച്ചിദാനന്ദന്‍ പേരിട്ടു.
ജി.എസ്. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. പ്രസീത ചാലക്കുടി മുഖ്യാതിഥിയായി. നേപ്പാള്‍ കവികളായ ഭൂവന്‍ തപാലിയ, അമര്‍ ആകാശ്, ലളിതാംബിക അന്തര്‍ജനത്തിന്റെ കുടുംബാംഗങ്ങളായ രാജേന്ദ്രന്‍ നമ്പൂതിരി, തനൂജ ഭട്ടതിരി എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ അധ്യക്ഷനായി. സെക്രട്ടറി സി.പി. അബൂബക്കര്‍, കെ.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: K.R. Meera`s insightful views on parental control vs. children`s freedom