ഭയം പിടിമുറുക്കുന്ന കാലം-എം.വി. ശ്രേയാംസ്‌കുമാർ; ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക പുരസ്കാരം സമ്മാനിച്ചു

ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷന്റെ 2025-ലെ ഉണ്ണികൃഷ്ണൻ പുതൂർ പുരസ്കാരം എഴുത്തുകാരൻ കെ.പി. രാമനുണ്ണിക്ക് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ സമ്മാനിക്കുന്നു. ഡോ. നെടുമുടി ഹരികുമാർ, എ.വി. ഗോപിനാഥ്, സി.എച്ച്. റഷീദ്, ഷാജു പുതൂർ, ജി.കെ. പ്രകാശൻ, ഡോ. പി. രശ്മി എന്നിവർ സമീപം
ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷന്റെ 2025-ലെ ഉണ്ണികൃഷ്ണൻ പുതൂർ പുരസ്കാരം എഴുത്തുകാരൻ കെ.പി. രാമനുണ്ണിക്ക് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ സമ്മാനിക്കുന്നു. ഡോ. നെടുമുടി ഹരികുമാർ, എ.വി. ഗോപിനാഥ്, സി.എച്ച്. റഷീദ്, ഷാജു പുതൂർ, ജി.കെ. പ്രകാശൻ, ഡോ. പി. രശ്മി എന്നിവർ സമീപം

ഗുരുവായൂർ: നിലപാടുകളെടുക്കാനും കൃത്യമായി കാര്യങ്ങൾ പറയാനും പലരും പേടിക്കുന്ന കാലമാണിതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ. ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷന്റെ 2025-ലെ ഉണ്ണികൃഷ്ണൻ പുതൂർ പുരസ്കാരം എഴുത്തുകാരൻ കെ.പി. രാമനുണ്ണിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെന്തെങ്കിലും അപചയം സംഭവിക്കുമ്പോൾ ആദ്യം പ്രതികരിക്കുക സാഹിത്യകാരൻമാരാണ്. ഇന്ന് ആ ശബ്ദം കേൾക്കുന്നില്ല. എല്ലാവരുടെയും ഉള്ളിലൊരു ഭയമുണ്ട്. എന്നാൽ, അത്തരം പേടി രാമനുണ്ണിക്കില്ല. എഴുത്തിലും പ്രസംഗത്തിലുമെല്ലാം മതേതരനിലപാട് പ്രതിഫലിപ്പിക്കാൻ എല്ലാ കാലത്തും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. മാതൃഭൂമിയിലാണ് രാമനുണ്ണി എഴുതിത്തുടങ്ങിയത്. സ്കൂളുകളിലേക്ക് അക്ഷരമാല തിരികെക്കൊണ്ടുവരാൻ പോരാടിയതിലൂടെ മലയാളഭാഷയ്ക്കും വിദ്യാഭ്യാസമേഖലയ്ക്കും ചെറുതല്ലാത്ത സംഭാവന നൽകിയ വ്യക്തികൂടിയാണ് രാമനുണ്ണി.

ഭയമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന ആളുകൾ ഇന്ന് വളരെക്കുറവാണ്. പുതൂർ അത്തരമൊരാളായിരുന്നു. എന്റെ അച്ഛൻ എം.പി. വീരേന്ദ്രകുമാറും പുതൂരും തമ്മിലുള്ള ആത്മബന്ധം അത്രമേൽ വലുതായിരുന്നു. അവർ മണിക്കൂറുകളോളമിരുന്ന് രാഷ്ട്രീയ, സാമൂഹിക, സാഹിത്യ വിഷയങ്ങളിൽ സംവദിക്കുന്നതിന് പലപ്പോഴും സാക്ഷിയായിട്ടുണ്ട്. ദേവസ്വം ജീവനക്കാരുടെ സംഘടനയിലൂടെ സോഷ്യലിസ്റ്റ് പാർട്ടിയിലേക്കുവരുകയും പിന്നീട് പൂർണസമയ എഴുത്തുകാരനായി മാറുകയും ചെയ്ത പുതൂർ മലയാള സാഹിത്യത്തിനു ശ്രദ്ധേയ സംഭാവനകൾ നൽകി.

മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ചില പ്രശ്നങ്ങൾ ഏറ്റെടുക്കാതെവരുമ്പോഴാണ് കോക്‌റോച്ച് പാർട്ടി പോലുള്ള മുന്നേറ്റങ്ങളുണ്ടാകുന്നത്. അതു നല്ലതാണ്. പ്രതികരണശേഷിയില്ലാത്ത ജനതയുടെ ആത്മാവ് നഷ്ടമാകും. രാജ്യത്തെ പാഠപുസ്തകങ്ങളിലടക്കമുണ്ടാകുന്ന മാറ്റങ്ങൾ നമ്മളെ ശിലായുഗത്തിലേക്കു കൊണ്ടുപോകുകയാണ്. സത്യം തേടി പോകുന്നതിനുപകരം ചിന്താധാരകൾ ചില ചട്ടക്കൂടുകളിൽ നിർത്താനുള്ള ശ്രമമാണ് നടക്കുന്നത്. 2030 ആകുമ്പോഴേക്കും ലോകത്ത്‌ വരാൻപോകുന്ന 30-40 ശതമാനം തൊഴിലവസരങ്ങളുടെ സ്വഭാവം എന്തായിരിക്കുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ല.

എ.ഐ. പോലുള്ള സാങ്കേതികവിദ്യകൾ തൊഴിൽ സ്ഥാപനങ്ങളിൽ മനുഷ്യനു പകരമായിക്കൊണ്ടിരിക്കുന്നു. അപ്പോൾ മനുഷ്യരെങ്ങോട്ടുപോകും. അതുകൊണ്ടുതന്നെ ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. -എം.വി. ശ്രേയാംസ്‌കുമാർ പറഞ്ഞു.

തന്റെ സാഹിത്യജീവിതം രൂപവത്കരിക്കുന്നതിൽ വലിയ പങ്കുവഹിച്ച എഴുത്തുകാരനാണ് ഉണ്ണികൃഷ്ണൻ പുതൂർ എന്ന് കെ.പി. രാമനുണ്ണി മറുപടിപ്രസംഗത്തിൽ പറഞ്ഞു. സ്നേഹത്തിന്റെ, ബന്ധുത്വത്തിന്റെ, മനുഷ്യത്വത്തിന്റെ, അനീതികളോടുള്ള എതിർപ്പിന്റെ പുതൂർ മാതൃക സ്വീകരിക്കപ്പെടേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണൻ പുതൂരിന്റെ 94-ാം ജന്മവാർഷിക സ്മൃതിദിനത്തിൽ നടന്ന ചടങ്ങിൽ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ അധ്യക്ഷനായി. സമസ്തകേരള സാഹിത്യപരിഷത്ത് ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ അനുസ്മരണപ്രഭാഷണം നടത്തി. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് മുഖ്യാതിഥിയായി.

ഐ.യു.എം.എൽ. സംസ്ഥാന വൈസ്‌പ്രസിഡന്റ് സി.എച്ച്. റഷീദ്, പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ ചെയർമാൻ ഷാജു പുതൂർ, ഡോ. പി. രശ്മി, ബാലൻ വാറണാട്ട് എന്നിവർ പ്രസംഗിച്ചു. ഹയർസെക്കൻഡറി പരീക്ഷയിൽ മലയാളത്തിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർഥികൾക്ക് ചടങ്ങിൽ ഉപഹാരം നൽകി.

ഉണ്ണികൃഷ്ണൻ പുതൂർ പുരസ്കാരം കെ.പി. രാമനുണ്ണിക്ക് സമ്മാനിച്ചു

Content Highlights: Mathrubhumi Managing Director M.V. Shreyams Kumar presented the 2025 Unnikrishnan Puthur Award to renowned writer K.P. Ramanunni in Guruvayur, while highlighting the contemporary fear among intellectuals to take bold, secular stands and raising concerns over AI replacing human labor.