ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിംകുമാര്‍ അന്തരിച്ചു

കെ.എം സലിംകുമാർ ഫോട്ടോ സുമേരൻ പി.ആർ
കെ.എം സലിംകുമാർ ഫോട്ടോ സുമേരൻ പി.ആർ

കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ കെ.എം സലിംകുമാര്‍ അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു.ന്യൂമോണിയ ബാധിതനായി ചികിത്സയില്‍ കഴിയവേ എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

രണ്ടുപതിറ്റാണ്ടുകാലം കേരളത്തിലെ നക്‌സല്‍ മുന്നേറ്റങ്ങളുടെ ഭാഗമായും ആറുപതിറ്റാണ്ടിലേറെക്കാലം ദളിത് പുരോഗമനപ്രസ്ഥാനങ്ങളുടെ ഭാഗമായും നേതൃനിരയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 

ഭൂനിയമ ഭേദഗതി, നെഗ്രിറ്റിയൂഡ്, സ്വകാര്യമേഖലയും സാമൂഹ്യനീതിയും, ദളിത് ജനാധിപത്യചിന്ത, ഭൂമിയുടെ ജാതിയും രാഷ്ട്രീയവും, ദളിത് പ്രത്യയശാസ്ത്രവും സമുദായവത്ക്കരണവും, സംവരണം ദളിത് വീക്ഷണത്തില്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന രചനകള്‍. ആത്മകഥയായ കടുത്തയുടെ രചന പൂർത്തിയാക്കി പ്രസിദ്ധീകരിക്കാനിരിക്കേയാണ് മരണം സംഭവിച്ചത്. 

പരേതയായ ആനന്ദവല്ലിയാണ് ഭാര്യ. മക്കള്‍ ഡോ. പി.എസ് ഭഗത്, പി.എസ് ബുദ്ധ. 

Content Highlights: Dalit intellectual KM Salimkumar Passed Away