മാധവിക്കുട്ടിയെ കന്നഡിഗർക്ക് പരിചയപ്പെടുത്തിയ മലയാളി വിവർത്തകൻ, കെ.കെ. ഗംഗാധരന്‍ വിടപറയുമ്പോൾ

കെ.കെ. ഗംഗാധരൻ, മികച്ച വിവർത്തകനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം അക്കാദമി പ്രസിഡന്റ് മാധവ് കൗശിക്കിൽനിന്ന്  കെ.കെ. ഗംഗാധരൻ എറ്റുവാങ്ങുന്നു
കെ.കെ. ഗംഗാധരൻ, മികച്ച വിവർത്തകനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം അക്കാദമി പ്രസിഡന്റ് മാധവ് കൗശിക്കിൽനിന്ന് കെ.കെ. ഗംഗാധരൻ എറ്റുവാങ്ങുന്നു

ബെംഗളൂരു: മലയാളം നെഞ്ചേറ്റിയ കഥകളെ കന്നഡമൊഴിയുടെ തിളക്കംനല്‍കി വായനക്കാരിലെത്തിച്ച മലയാളിയാണ് ഞായറാഴ്ച വിടപറഞ്ഞ കെ.കെ. ഗംഗാധരന്‍. കേരളത്തില്‍ ജനിച്ച് കുട്ടിക്കാലത്തുതന്നെ കര്‍ണാടകത്തിലെത്തിയ അദ്ദേഹം മലയാളത്തിന്റെ സാഹിത്യലോകത്തെയും കന്നഡനാട്ടിലെത്തിക്കാന്‍ പരിശ്രമിച്ചു. മലയാളഭാവനയ്ക്ക് കന്നഡമൊഴിനല്‍കാന്‍ നാലരപ്പതിറ്റാണ്ടുനീണ്ട വിവര്‍ത്തനസപര്യ നടത്തി.

മാധവിക്കുട്ടിയുടെ കഥകളാണ് കെ.കെ. ഗംഗാധരനെ ഏറ്റവുമധികം വിവര്‍ത്തനത്തിന് പ്രേരിപ്പിച്ചത്. മാധവിക്കുട്ടിയുടെ 243 കഥകളില്‍ 235 കഥകളും ഗംഗാധരന്‍ വിവര്‍ത്തനംചെയ്തു. മാധവിക്കുട്ടിയുടെ കഥകളോടുള്ള ഇഷ്ടവും ആ കഥകള്‍ക്ക് കന്നഡ വായനക്കാരിലുള്ള താത്പര്യവുമാണ് അവരുടെ ഇത്രയധികം കഥകള്‍ വിവര്‍ത്തനംചെയ്യാന്‍ ഗംഗാധരനെ പ്രേരിപ്പിച്ചത്. ഒരു എഴുത്തുകാരിയുടെ ഇത്രയധികം കഥകള്‍ ഒരാള്‍ വിവര്‍ത്തനംചെയ്യുന്നത് അപൂര്‍വമാണ്. ഇത് റെക്കോഡാണെന്ന് ഒരിക്കല്‍ ഗംഗാധരന്‍ പറഞ്ഞിരുന്നു.

തകഴി, ബഷീര്‍, എം.ടി. വാസുദേവന്‍ നായര്‍, ടി. പത്മനാഭന്‍, പുനത്തില്‍ കുഞ്ഞബ്ദുളള, മലയാറ്റൂര്‍ രാമകൃഷ്ണന്‍, യു.കെ. കുമാരന്‍ തുടങ്ങി പ്രമുഖ കഥാകൃത്തുക്കളുടെ കഥകള്‍ ഗംഗാധരന്‍ മൊഴിമാറ്റി. കന്നഡ പ്രസിദ്ധീകരണങ്ങള്‍ക്കായും അദ്ദേഹം കഥകള്‍ വിവര്‍ത്തനംചെയ്തു. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പാഞ്ചാലിയുടെ ലോകം കന്നഡ മാസികയായ മല്ലികെയില്‍ മൊഴിമാറ്റി പ്രസിദ്ധീകരിച്ചു.

സുധ, തരംഗ, മയൂര, തുഷാര തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും മലയാളത്തിലെ പ്രമുഖകഥകള്‍ മൊഴിമാറ്റി നല്‍കി. മലയാളത്തിലെ ജനപ്രിയ നോവലുകള്‍ കന്നഡ വായനക്കാരിലേക്കെത്തിക്കാനും അദ്ദേഹം തയ്യാറായി.

ഏറ്റുമാനൂര്‍ ശിവകുമാര്‍, മെഴുവേലി ബാബുജി എന്നിവരുടെ നോവലുകള്‍ ഗംഗാധരനിലൂടെ കന്നഡയിലെത്തി. ഇ.കെ. നായനാരുടെ ജീവചരിത്രം അദ്ദേഹം കന്നഡയിലേക്ക് വിവര്‍ത്തനംചെയ്തു. നടി ഷക്കീലയുടെ ആത്മകഥയുടെ കന്നഡ വിവര്‍ത്തനം ഗംഗാധരന്റേതാണ്.

കാസര്‍കോട് പാത്തനടുക്ക സ്വദേശിയായ കെ.കെ. ഗംഗാധരന്‍ 1979 മുതല്‍ ബെംഗളൂരുവിലാണ് താമസം. വളര്‍ന്നതും വിദ്യാഭ്യാസം നേടിയതും കുടകിലെ സോമവാര്‍പേട്ടിലായിരുന്നു. കന്നഡ മീഡിയം സ്‌കൂളിലാണുപഠിച്ചത്. മൈസൂരു സര്‍വകലാശാലയില്‍നിന്ന് ബി.എസ്സി. കരസ്ഥമാക്കി. റെയില്‍വേ മെയില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി കര്‍ണാടകത്തിലെ വിവിധയിടങ്ങളില്‍ ജോലിചെയ്തു. 2009-ലാണ് വിരമിച്ചത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് അദ്ദേഹത്തിന് വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. 'മലയാളം കഥെഗളു' എന്ന പുസ്തകത്തിനായിരുന്നു പുരസ്‌കാരം. തകഴി, ബഷീര്‍, എം.ടി., ടി. പത്മനാഭന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, യു.കെ. കുമാരന്‍, സന്തോഷ് ഏച്ചിക്കാനം, ബെന്യാമിന്‍ തുടങ്ങി 25 കഥാകൃത്തുക്കളുടെ കഥകള്‍ കന്നഡയിലേക്ക് മൊഴിമാറ്റംചെയ്ത് പ്രസിദ്ധീകരിച്ചതാണിത്. 2019-ല്‍ കര്‍ണാടകസര്‍ക്കാരിന്റെ കുവെംപു ഭാഷാഭാരതി പ്രാധികാരയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. 2010-ലും 2017-ലും കുവെംപു ഭാഷാഭാരതി പ്രാധികാരപുരസ്‌കാരം ലഭിച്ചു.

1978-ല്‍ മൈസൂരുവില്‍നിന്ന് പ്രസിദ്ധീകരിച്ചുവന്ന ഓടനാടി മാസികയില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ചോദ്യോത്തരങ്ങള്‍ എന്ന ലേഖനപരമ്പര വിവര്‍ത്തനംചെയ്താണ് ഈ രംഗത്തേക്കുകടന്നത്. പിന്നീട് മലയാളത്തിലെ പ്രമുഖരായ കഥാകൃത്തുക്കളുടെ കഥകള്‍ മൊഴിമാറ്റി കന്നഡയിലെത്തിച്ചു. ബഷീറിന്റെ 'ജന്മദിനങ്ങള്‍' ബെംഗളൂരു സര്‍വകലാശാലയുടെ കന്നഡ പാഠപുസ്തകത്തിലും മാധവിക്കുട്ടിയുടെ 'സ്വാതന്ത്ര്യസമര സേനാനിയുടെ മകള്‍' വിജയപുരയിലെ അക്കമഹാദേവി സര്‍വകലാശാലയുടെ പാഠപുസ്തകത്തിലുമുള്‍പ്പെട്ടു. പ്രഭാകരന്‍ പഴശ്ശിയുടെ 'ഭാരമേറിയ പേഴ്സ്' എന്ന കഥയുടെ വിവര്‍ത്തനം കാസര്‍കോട് ജില്ലയിലെ കന്നഡ മീഡിയം ഒന്‍പതാംക്ലാസ് പാഠപുസ്തകത്തിലുണ്ട്. മാധവിക്കുട്ടിയുടെ 235 ചെറുകഥകള്‍ കെ.കെ. ഗംഗാധരന്‍ വിവര്‍ത്തനംചെയ്തു. അഞ്ചുപുസ്തകമായാണ് ഇത് പുറത്തിറക്കിയത്.

ബെംഗളൂരു ഇന്‍കം ടാക്‌സ് ലേ ഔട്ടിലായിരുന്നു താമസം. ഭാര്യ: രാധ. മകന്‍: ശരത്. മരുമകള്‍: രേണുക. മൃതദേഹം തിങ്കളാഴ്ച രാവിലെ ഒന്‍പതുവരെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന്, എം.എസ്. രാമയ്യ മെഡിക്കല്‍ കോളേജിന് കൈമാറും.
 

Content Highlights: Remembering KK Gangadharan, translator who bridged Malayalam and Kannada literature