'കുട്ടികളാണ് പ്രതീക്ഷ, കലയാണ് വഴി'- കിരണ്‍ സേത്ത്

കൊച്ചി: ''കലകളിലൂടെയേ കുട്ടികള്‍ക്ക് മൊബൈല്‍ അടിമത്തത്തില്‍നിന്ന് മോചനമുള്ളൂ. ഞങ്ങള്‍ സ്‌കൂളിലും കോളേജിലുമാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്'' - കലയ്ക്കും സംസ്‌കാരത്തിനുമായുള്ള സന്നദ്ധപ്രസ്ഥാനമായ സ്പിക് മാകേയുടെ സ്ഥാപകന്‍ ഡോ. കിരണ്‍ സേത്ത് പറയുന്നു. കേരളത്തിലെ പ്രവര്‍ത്തകരെ കാണുന്ന യാത്രയ്ക്കിടെ കൊച്ചിയില്‍ എത്തിയതായിരുന്നു അദ്ദേഹം.
1970-ല്‍ ഐഐടി ഖരഗ്പുരില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ മികച്ച വിജയം നേടിയ കിരണ്‍ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയത്. ന്യൂെജഴ്സിയിലെ ബെല്‍ ലബോറട്ടറീസില്‍ ടെക്നിക്കല്‍ ഉദ്യോഗസ്ഥനായെങ്കിലും 1976-ല്‍ ഇന്ത്യയിലേക്ക് മടങ്ങി. തൊട്ടടുത്ത വര്‍ഷം സ്പിക് മാകേ (സൊസൈറ്റി ഫോര്‍ ദ പ്രമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ എമങ്സ്റ്റ് യൂത്ത്) തുടങ്ങിയതിനു പിന്നിലൊരു സംഭവമുണ്ട്.
ഡല്‍ഹി ഐഐടിയില്‍ കിരണ്‍ അധ്യാപകനായിരിക്കേ ക്ലാസില്‍ വെച്ച് ഒരിക്കല്‍ വിശ്വപ്രശസ്തനായ ഒരു സിത്താര്‍ കലാകാരനെ കുറിച്ചു ചോദിച്ചു. ഒരു കുട്ടിക്കും അദ്ദേഹത്തെ അറിയില്ല. അതു കിരണിന് അമ്പരപ്പായി. കുട്ടികളില്‍ കലയും സംസ്‌കാരവും എത്തിക്കാന്‍ ലക്ഷ്യമിട്ട സ്പിക് മാകേയുടെ പിറവിക്ക് അത് വഴിയൊരുക്കി.
കലാപ്രവര്‍ത്തനങ്ങള്‍ക്കിടെ പദ്മശ്രീ ഉള്‍പ്പെടെ പല ബഹുമതികള്‍ കിരണ്‍ സേത്തിനെ തേടിവന്നു. ഇപ്പോഴും കലയുടെ പ്രചാരണത്തിനുള്ള നിരന്തര യാത്രയിലാണ് 76-കാരനായ കിരണ്‍ സേത്ത്.
രണ്ടുവര്‍ഷം കഴിഞ്ഞാല്‍ സംഘടനയുടെ 50-ാം വാര്‍ഷികമാണ്.
സംഘടന വര്‍ഷംതോറും രാജ്യത്തെ വിവിധ ഇടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 5000 സോദാഹരണ ക്ലാസുകള്‍ നടത്തുന്നു. ''ഏകദേശം മൂന്ന് ദശലക്ഷത്തിലധികം കുട്ടികള്‍ക്ക് നാടിന്റെ കലയും സംസ്‌കാരവും അറിയാന്‍ അവസരമൊരുക്കുന്നു. പരമ്പരാഗത നൃത്തം, സംഗീതം, ചിത്രകല, ശില്പം, കരകൗശല വേലകള്‍...എല്ലാം അറിയാനുള്ള വേദി. 50 വര്‍ഷം കഴിഞ്ഞെങ്കിലും സ്പിക് മാകേ ഓഫീസ് തുറന്നിട്ടില്ല. കല ഇഷ്ടപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകരാണ് ഞങ്ങളുടെ ഓഫീസ്''- കിരണ്‍ പുഞ്ചിരിക്കുന്നു.