രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വൈശാഖന്‍, ആര്‍ രാജശ്രീ, വിനോയ് തോമസ്, ദേവദാസ് വി.എം
വൈശാഖന്‍, ആര്‍ രാജശ്രീ, വിനോയ് തോമസ്, ദേവദാസ് വി.എം

തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 2021-ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം ആര്‍. രാജശ്രീയും വിനോയ് തോമസും പങ്കിട്ടു. കവിതയ്ക്കുള്ള പുരസ്‌കാരം അന്‍വര്‍ അലിയും ചെറുകഥയ്ക്കുള്ള പുരസ്‌കാരം ദേവദാസ് വി.എമ്മും നേടി. മുതിര്‍ന്ന എഴുത്തുകാരായ വൈശാഖന്‍, പ്രൊഫ. കെ.പി. ശങ്കരന്‍ എന്നിവര്‍ക്ക് അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവലാണ്‌ ആര്‍. രാജശ്രീയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. പുറ്റ് എന്ന നോവലിനാണ് വിനോയ് തോമസിന് പുരസ്‌കാരം. മെഹബൂബ് എക്‌സ്പ്രസ് എന്ന കവിതയ്ക്ക് അന്‍വര്‍ അലിയും വഴി കണ്ടുപിടിക്കുന്നവര്‍ എന്ന കഥയ്ക്ക് ദേവദാസ് വി.എമ്മും പുരസ്‌കാരത്തിന് അര്‍ഹരായി. 

നാടകം- പ്രദീപ് മണ്ടൂര്‍, സാഹിത്യ വിമര്‍ശനം- എന്‍. അജയകുമാര്‍, വൈജ്ഞാനിക സാഹിത്യം- ഡോ. ഗോപകുമാര്‍ ചോലയില്‍, ആത്മകഥ- പ്രൊ. ടി.ജെ ജോസഫ്, എം. കുഞ്ഞാമന്‍, യാത്രാവിവരണം- വേണു, വിവര്‍ത്തനം- അയ്മനം ജോണ്‍, ബാലസാഹിത്യം- രഘുനാഥ് പലേരി, ഹാസസാഹിത്യം- ആന്‍ പാലി എന്നിവയാണ് മറ്റ് പുരസ്‌കാരങ്ങള്‍. ഇരുപത്തയ്യായിരം രൂപയും ഫലകവും സാക്ഷ്യപത്രവും ഉള്‍കൊള്ളുന്നതാണ് പുരസ്‌കാരം. വിശിഷ്ടാംഗത്വത്തിന് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. 

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഡോ. കെ. ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.എ. ജയശീലന്‍ എന്നിവരും അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും ഫലകവും പൊന്നാടയുമാണ് പുരസ്‌കാരം.

2018 ലെ വിലാസിനി പുരസ്‌കാരത്തിന് ഇ.വി. രാമകൃഷ്ണന്‍ രചിച്ച മലയാള നോവലിന്റെ ദേശകാലങ്ങള്‍ എന്ന പുസ്തകം അര്‍ഹമായി. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍

ഐ.സി. ചാക്കോ അവാര്‍ഡ്- വൈക്കം മധു, സി.ബി. കുമാര്‍ അവാര്‍ഡ്- അജയ് പി. മങ്ങാട്ട്, കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്- പ്രൊഫ.പി.ആര്‍. ഹരികുമാര്‍, കനകശ്രീ അവാര്‍ഡ്- കിങ് ജോണ്‍സ്, ഗീതാ ഹിരണ്യന്‍ അവാര്‍ഡ്- വിവേക് ചന്ദ്രന്‍, ജി.എന്‍. പിള്ള അവാര്‍ഡ്- ഡോ. പി.കെ. രാജശേഖരന്‍, ഡോ. കവിത ബാലകൃഷ്ണന്‍, തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം- എന്‍.കെ. ഷീല.

Content Highlights: kerala sahitya akademi award 2021