ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ശ്രീജിത്ത് മൂത്തേടത്തിനും പി.വി. ഷാജികുമാറിനും പുരസ്‌കാരം

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കഥ, കവിത, ശാസ്ത്രം, വൈജ്ഞാനികം, ജീവചരിത്രം, പുനരാഖ്യാനം, ചിത്രീകരണം, നാടകം എന്നീ എട്ടു വിഭാഗങ്ങളിലായാണ് ഇത്തവണത്തെ പുരസ്‌കാരങ്ങൾ നൽകുന്നത്. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ വിഭാഗത്തിലെയും പുരസ്‌കാരം.
2022, 2023, 2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികളിൽ നിന്നാണ് ഈ വർഷത്തെ പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്. സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്.
പുരസ്‌കാരജേതാക്കളും കൃതികളും ഇവയാണ്
കഥ: ശ്രീജിത്ത് മൂത്തേടത്ത് ( പെൻഗ്വിനുകളുടെ വൻകരയിൽ)
പി. വി. ഷാജികുമാർ ( ജാനകി ഉണ്ടാക്കിയ കഥകൾ )
കവിത: രാവുണ്ണി ( മാവമ്മ )
വൈജ്ഞാനികം: ഫൈറോസ് ബീഗം പി. (വീട്ടിലെത്തിയ വിരുന്നുകാർ)
ശാസ്ത്രം: പ്രദീപ് ഓർക്കാട്ടേരി (പുല്ലരി മധുരം - മുത്താറി മുതൽ മലഞ്ചാമ വരെ)
ജീവചരിത്രം / ആത്മകഥ: ഫില്ലിസ് ജോസഫ് (മലയാളത്തിന്റെ കവികൾ)
നാടകം: ജി. ശ്രീകണ്ഠൻ (മുതലക്കെട്ട്)
ചിത്രീകരണം: അരുണ നാരായണൻ ആലഞ്ചേരി (കാട്ടിൽ ഒരു ഒളിച്ചുകളി)
വിവർത്തനം / പുനരാഖ്യാനം: എം. ചന്ദ്രപ്രകാശ് (ഡിറ്റക്റ്റീവ് ഫെലൂദ)
പുരസ്‌കാരങ്ങൾ സമ്മാനിക്കുന്ന തീയതി പിന്നീട് നിശ്ചയിക്കും.
Content Highlights: Kerala State Institute of Children`s Literature announces 2025 awards. Discover winners across 8 categories for best children`s literature published 2022-2024.