അക്കാദമിയിൽ സ്റ്റാമ്പിനുപോലും പണമില്ല; ഭരണകൂട നിയന്ത്രണം ഉണ്ടാവില്ലെന്ന് പ്രതീക്ഷ- കൽപറ്റ നാരായണൻ

കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിച്ചതിൽ സന്തോഷമറിയിച്ച് എഴുത്തുകാരൻ കൽപറ്റ നാരായണൻ. അക്കാദമിയിൽ നിലവിൽ സ്റ്റാമ്പിനുപോലും പണമില്ലെന്നും തന്നെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ഭരണകൂടം അക്കാദമിക്കുമേൽ നിയന്ത്രണം കൊണ്ടുവരില്ലെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
'ഏറെക്കാലമായി സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എനിക്ക് ആ സാഹിത്യപ്രവർത്തനം കൂടുതൽ സർഗാത്മകമാക്കാനും കൂടുതൽ സ്വതന്ത്രമാക്കാനും കൂടുതൽ വ്യാപകമാക്കാനുമുള്ള സന്ദർഭമായി കേരള സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനത്തെ ഞാൻ കാണുന്നു. മുന്നിൽ വെല്ലുവിളികളുണ്ട്. ധനപരമായിട്ടുള്ള വലിയ വെല്ലുവിളി തന്നെയുള്ളതായി മനസ്സിലാക്കുന്നു. രാഷ്ട്രീയ നിയന്ത്രണങ്ങൾ ഉണ്ടാവാൻ ഇടയില്ലെന്നു കരുതുന്നു. മറ്റു നിയന്ത്രണങ്ങൾ വരില്ലെന്നും കരുതുന്നു.
‘സാമ്പത്തികമായ വെല്ലുവിളി വളരെ പ്രധാനമാണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിഞ്ഞുകൂടാത്ത സാഹചര്യത്തിലാണ് നിൽക്കുന്നത്. ഒരു സ്റ്റാമ്പിനുപോലും പണമില്ലാത്ത അവസ്ഥയാണ് അവിടെ എന്നാണ് അറിയാൻ കഴിഞ്ഞത്. അതൊക്കെ ഭരണകൂടം പരിഹരിക്കുമെന്ന വിശ്വാസമുണ്ട്. പുസ്തക വിൽപനയിലൂടെയും മറ്റു പല മാർഗങ്ങളിലൂടെയും പണം കണ്ടെത്താമെന്ന് പ്രത്യാശയുണ്ട്. വനം വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ടൂറിസം ഇവ മൂന്നുമായിട്ടും സഹകരിച്ചുകൊണ്ട് പരിപാടികൾ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം വനം വകുപ്പിന് ഒരുപാട് മനോഹരമായ സ്ഥലങ്ങളുണ്ട്. സാഹിത്യക്യാമ്പുകൾക്ക് അതൊക്കെ ഉപയോഗിക്കാൻ കഴിയുന്നതാണ്.
‘അക്കാദമി അധ്യക്ഷൻ, സെക്രട്ടറി എന്നീ പദവികളിലേക്കാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. വൈസ് പ്രസിഡണ്ട്, എക്‌സിക്യുട്ടീവ് കമ്മറ്റി തുടങ്ങിയവ നികത്തേണ്ടതുണ്ട്. വനിതാ പ്രാതിനിധ്യം ഉറപ്പാക്കണം, മികച്ച എഴുത്തുകാരുടെ സഹകരണം ആവശ്യമാണ്. ഭരണനിർവ്വഹണത്തിൽ ആർക്കും വിസമ്മതം ഉണ്ടാകാൻ ഇടയില്ലാത്ത തരത്തിൽ എഴുത്തുകാരുടെയും സംഘാടകരുടെയും സഹകരണം ഉണ്ടാവേണ്ടതുണ്ട്. അത്തരം ചർച്ചകൾ സാംസ്‌കാരിക വകുപ്പുമായും മന്ത്രിയുമായും നടത്തേണ്ടതുണ്ട്.'- കൽപറ്റ നാരായണൻ പ്രതികരിച്ചു