അക്കിത്തം അസാധ്യമായവയെ സാധനകൊണ്ട് സാധ്യമാക്കിയ കവി - കല്‍പ്പറ്റ നാരായണന്‍

എടപ്പാള്‍: അസാധ്യമെന്ന് കരുതിയവയെ സ്വന്തം സാധനകൊണ്ട് സാധ്യമാക്കിയ കവിയായിരുന്നു മഹാകവി അക്കിത്തമെന്ന് കല്‍പ്പറ്റ നാരായണന്‍. മഹാകവി അക്കിത്തത്തിന്റെ മൂന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി വള്ളത്തോള്‍ സഭാമണ്ഡപത്തില്‍ ഞായറാഴ്ച നടന്ന അക്കിത്തം സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാഹിത്യാഭിരുചിയില്ലാത്ത സാധാരണക്കാരുടെ ചുണ്ടില്‍പ്പോലും ആരെഴുതിയെന്നറിയാതെ പറ്റിപ്പിടിച്ച ഒട്ടേറെ വരികള്‍ ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായതെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.
കടവല്ലൂര്‍ അന്യോന്യ പരിഷത്ത്, വള്ളത്തോള്‍ വിദ്യാപീഠം, തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ എന്നിവ ചേര്‍ന്നാണ് സാഹിത്യോത്സവം സംഘടിപ്പിച്ചത്. ഡോ. എസ്.കെ. വസന്തന്‍ സാഹിത്യോത്സവം ഉദ്ഘാടനംചെയ്തു. ഡോ. കെ.പി. മോഹനന്‍ അധ്യക്ഷനായി. കവി മരിച്ചാലും അദ്ദേഹത്തിന്റെ കാവ്യമയമായ ശരീരം വലിയ സുകൃതമായി നമുക്കൊപ്പമുണ്ടെന്ന് ബോധ്യപ്പെടുത്തിയ മൂന്നുവര്‍ഷമാണ് കടന്നുപോയതെന്ന് ആത്മാരാമന്‍ പറഞ്ഞു. ജില്ലാപഞ്ചായത്തംഗം അഡ്വ. പി.പി. മോഹന്‍ദാസ്, ചാത്തനാത്ത് അച്യുതനുണ്ണി, നന്ദന്‍ എന്നിവരും പ്രസംഗിച്ചു. മുരളി പുറനാട്ടുകരയുടെ കവിതാലാപനത്തോടെയാണ് സാഹിത്യോത്സവം ആരംഭിച്ചത്.
വിവിധ സെമിനാറുകളില്‍ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ അധ്യക്ഷരായി. കെ.എന്‍. രാമനുണ്ണി, ഡോ. ആര്‍സു, ഡോ. കെ.വി. സജയ്, കവി സി.വി. ഗോവിന്ദന്‍, പി. ഐവി, ടി.വി. ശൂലപാണി, പി.പി. നാരായണന്‍, മിഹിര, സ്നേഹ എന്നിവര്‍ പ്രസംഗിച്ചു.
അക്കിത്തം കവിതകളിലെ ഗ്രാമസങ്കല്‍പ്പങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന പ്രബന്ധമത്സരത്തിലെ വിജയി കെ.ടി. പ്രവീണിന് 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പൗര്‍ണമി പുരസ്‌കാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണി സമ്മാനിച്ചു. ഡോ. എസ്.കെ. വസന്തന്റെ തിരഞ്ഞെടുത്ത അക്കിത്തമൊഴികള്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്റെ അകതാരില്‍ അക്കിത്തം, ഡോ. ശുഭ കക്കാടിന്റെ തെളിനീരിലെ വെള്ളാരങ്കല്ലുകള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. ആനക്കര നിനവ് അണിയിച്ചൊരുക്കിയ അക്കിത്തത്തിന്റെ നാടോടിപ്പാട്ടുകളുടെ അവതരണവുമുണ്ടായി.
Content Highlights: Kalpetta Narayanan, Akkitham Achuthan Namboothiri, Literature festival