ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ 'കാലം സാക്ഷി'; രണ്ടാഴ്ചക്കുള്ളിൽ മൂന്നാം പതിപ്പ്

'കാലം സാക്ഷി'യുടെ കവര്‍
'കാലം സാക്ഷി'യുടെ കവര്‍

ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്കിയിട്ടില്ല. നല്കുകയായിരുന്നുവെങ്കില്‍ അത് മനുഷ്യസ്‌നേഹത്തിലാകണമായിരുന്നു. കാരണം ചുറ്റുമുള്ള ഓരോ മനുഷ്യനെയും എങ്ങനെ സഹായിക്കാം എന്ന വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ഗവേഷണം നടത്തിയ ആളാണ് അദ്ദേഹം. അതിനുവേണ്ടിയാണ് ജീവിതം സമര്‍പ്പിച്ചതും. അധികാരം എന്ന വാക്കിലുള്ള ഗര്‍വ്വിനെയും പിടിച്ചടക്കല്‍ സ്വഭാവത്തെയും ഇല്ലാതാക്കി അതിനെ മനുഷ്യരുടെ വേദനകള്‍ പരിഹരിക്കുന്നതിനുള്ള ഉപകരണമാക്കിയെടുത്തതിന്റെ പ്രതിഫലനമാണ് ഉമ്മന്‍ചാണ്ടിക്കു ചുറ്റുമുണ്ടായ മനുഷ്യരുടെ മഹാസമ്മേളനങ്ങള്‍. കേരളരാഷ്ട്രീയത്തിലെ ഒരു യുഗത്തെ ഉമ്മന്‍ ചാണ്ടി തന്റെ ജീവിതത്തോട് ബന്ധപ്പെടുത്തി വിവരിക്കുമ്പോള്‍ പലകാലങ്ങള്‍ തിരശ്ശീലയിലെന്നോണം നമ്മുടെ കണ്‍മുന്നില്‍ തെളിഞ്ഞുവരും. അങ്ങനെ ഇത് കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ നാളുകളുടെ ദൃക്‌സാക്ഷിവിവരണം കൂടിയായി മാറുന്നു. ഉമ്മന്‍ ചാണ്ടിക്കൊപ്പം കാലവും അവിടെ സാക്ഷിയാണ്. വായിച്ചുതീരുമ്പോള്‍ കാലം കടപ്പാടെന്നോണം അദ്ദേഹത്തെ പ്രത്യഭിവാദ്യം ചെയ്യുന്നതും നമുക്ക് കാണാം. - ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി'യുടെ അവതാരികയില്‍ മമ്മൂട്ടി എഴുതി വാക്കുകളാണിത്. കേരള രാഷ്ട്രീയത്തില്‍ ആറു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന ജനപ്രിയനായ രാഷ്ട്രീയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ പുറത്തിറങ്ങി രണ്ടാഴ്ചക്കുള്ളിൽത്തന്നെ മൂന്നാം പതിപ്പിലെത്തിനില്‍ക്കുകയാണ്. 

വിദ്യാര്‍ഥിയായിരിക്കേ തന്നെ രാഷ്ട്രീയത്തിന്റെ ലഹരി കീഴടക്കിയ ഉമ്മന്‍ ചാണ്ടി എന്ന നേതാവിന്റെ ഉയര്‍ച്ച താഴ്ചകള്‍ ആത്മകഥയായി രേഖപ്പെടുത്തിയത് സണ്ണിക്കുട്ടി എബ്രഹാം ആണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഉള്ളുകള്ളികളും അടിവലികളും 'കാലം സാക്ഷി'യില്‍ രേഖപ്പെടുത്തുന്നുണ്ട്. ഗുരുസമാനരായ നേതാക്കളുടെ അപാരമായ നേതൃപാടവത്തില്‍ ആകൃഷ്ടനായി ഊണും ഉറക്കവും നഷ്ടപ്പെട്ട് കേരളമൊട്ടാകെ ആദര്‍ശവുമായി അലഞ്ഞ ഉമ്മന്‍ ചാണ്ടി എന്ന നേതാവിന്റെ അന്തഃസംഘര്‍ഷങ്ങളും ആത്മവിലാപങ്ങളും രേഖപ്പെടുത്തുന്നുണ്ട് ഈ പുസ്തകം.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ആത്മകഥ ഒരാഴ്ചയ്ക്കുള്ളില്‍ ആദ്യപതിപ്പ് കടന്ന് രണ്ടാം പതിപ്പിലെത്തിയിരുന്നു. പുസ്തകം മാതൃഭൂമിബുക്‌സിന്റെ എല്ലാ സ്റ്റാളുകളിലും ലഭ്യമാണ്. ഓണ്‍ലൈനില്‍ പുസ്തകം വാങ്ങാന്‍ www.mbibooks.com സന്ദര്‍ശിക്കുക.

Content Highlights: Kaalam sakshi, Oommen Chandy, Mathrubhumi Books