മാതൃഭൂമി സാഹിത്യ പുരസ്‌കാരം സച്ചിദാനന്ദന്

കോഴിക്കോട്: 2020-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം മലയാളകവിതയെ ലോകാന്തരങ്ങളിലെത്തിച്ച കവി സച്ചിദാനന്ദന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. കഥാകൃത്ത് സക്കറിയ ചെയര്‍മാനും നോവലിസ്റ്റ് സാറാ ജോസഫ്, കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് സച്ചിദാനന്ദനെ തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ്ങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍, ചെയര്‍മാനും മാനേജിങ്ങ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
ദീര്‍ഘമായ തന്റെ എഴുത്തുജീവിതത്തിലൂടെ മലയാള ഭാഷയേയും ഭാവുകത്വത്തേയും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന കവിയാണ് സച്ചിദാനന്ദന്‍ എന്ന് പുരസ്‌കാര നിര്‍ണ്ണയസമിതി വിലയിരുത്തി. മലയാളത്തിന്റെ നാട്ടുമണം ഉള്‍ക്കൊള്ളുമ്പോള്‍തന്നെ സച്ചിദാനന്ദന്റെ കവിതകള്‍ ലോകകവിതയുടെ ലാവണ്യത്തേയും ഉള്‍ക്കനത്തേയും സ്വാംശീകരിച്ചിരിക്കുന്നു. കവിത്വം ചോരാത്ത പരിഭാഷകളിലൂടെ സച്ചിദാനന്ദന്‍ ലോക കവിതയെ മലയാളികളിലേക്ക് പ്രവഹിപ്പിച്ചു. ഗദ്യത്തിലും നിരൂപണത്തിലും പഠനങ്ങളിലും സ്വന്തമായി ഒരിടം സൃഷ്ടിച്ചു. യാത്രകളെ കാവ്യതീര്‍ത്ഥാടനങ്ങളാക്കി. ഇന്ത്യന്‍ കവിതയുടെ വിശാലമായ ചക്രവാളത്തേയും വിവിധ ധാരകളേയും സച്ചിദാനന്ദന്‍ തന്റെ പരിഭാഷകളിലൂടെ മലയാളിക്ക് പരിചിതമാക്കി. കാല്‍പ്പനികതയുടെ ലോകത്ത് മാത്രം വിഹരിക്കാതെ കാലത്തിന്റെ തീപിടിച്ച പ്രശ്നങ്ങള്‍ക്കെതിരെ കവിതയിലൂടെ പ്രതികരിക്കാനും സച്ചിദാനന്ദന്‍ ഇതപര്യന്തമുള്ള തന്റെ കാവ്യജീവിതത്തിലൂടെ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു. ഇത്തരത്തില്‍ സമര്‍പ്പിതമായ ഒരു കാവ്യജീവിതമാണ് സച്ചിദാനന്ദന്റേത് -സമിതി വിലയിരുത്തി.
കെ. സച്ചിദാനന്ദന്‍ എന്ന സച്ചിദാനന്ദന്‍ 1946-ല്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ പുല്ലൂറ്റിലാണ് ജനിച്ചത്. കുട്ടിക്കാലത്തേ കവിതയെഴുത്താരംഭിച്ച അദ്ദേഹം ക്രൈസ്റ്റ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകന്‍, ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്റര്‍, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി, 'ഇഗ്നോ'വില്‍ പരിഭാഷാവകുപ്പ് പ്രൊഫസറും ഡയറക്ടറും എന്നിങ്ങനെ നിരവധി പദവികള്‍ വഹിച്ചു. സച്ചിദാനന്ദന്റെ കവിതകള്‍ 1965-2015, തഥാഗതം, നില്ക്കുന്ന മനുഷ്യന്‍, സമുദ്രങ്ങളെക്കുറിച്ചു മാത്രമല്ല, പക്ഷികള്‍ എന്റെ പിറകേ വരുന്നു, ദുഃഖം എന്ന വീട് എന്നിവ പ്രധാന കാവ്യഗ്രന്ഥങ്ങളാണ്. പടിഞ്ഞാറന്‍ കവിതകള്‍, മൂന്നാംലോക കവിത, ഇന്ത്യന്‍ കവിത, പലലോക കവിത, ഉറങ്ങുന്നവര്‍ക്കുള്ള കത്തുകള്‍ (സ്വീഡിഷ് കവിത), കെട്ടിയിട്ട കോലാട് (കമലാദാസ്) എന്നീ സമാഹാരങ്ങളില്‍ സച്ചിദാനന്ദന്റെ മുഴുവന്‍ കാവ്യപരിഭാഷകളും അടങ്ങിയിരിക്കുന്നു.
അറബി, ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഐറിഷ്, ചൈനീസ്, ജാപ്പനീസ്, ജര്‍മന്‍, ഹിന്ദി, ബംഗാളി ഉള്‍പ്പെടെയുള്ള ഭാഷകല്‍ലേയ്ക്ക് സച്ചിദാനന്ദന്റെ കവിതകള്‍ പരിഭാഷപ്പെടുത്തിട്ടുണ്ട്. മലയാള കവിതാപഠനങ്ങള്‍ ഉള്‍പ്പെടെ 23 ലേഖനസമാഹാരങ്ങള്‍ എഴുതിയിട്ടുണ്ട്. 'അനന്തരം' എന്ന ആദ്യ കഥാസമാഹാരം മാതൃഭൂമി ബുക്‌സ് പുറത്തിറക്കി. അഞ്ച് തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഗംഗാധര്‍ മെഹര്‍ ദേശീയപുരസ്‌കാരം, കുസുമാഗ്രജ് ദേശീയപുരസ്‌കാരം, എന്‍.ടി.ആര്‍. ദേശീയപുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, ഉള്ളൂര്‍ പുരസ്‌കാരം, ആദ്യ പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം, ആദ്യ കടമ്മനിട്ട അവാര്‍ഡ് തുടങ്ങിയവയും സച്ചിദാനന്ദനെത്തേടിയെത്തിയിട്ടുണ്ട്. ഇറ്റലിയില്‍നിന്ന് 'നൈറ്റ്ഹുഡ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മെറിറ്റ്', പോളണ്ടില്‍നിന്ന് ഇന്ത്യാ-പോളണ്ട്് ഫ്രന്‍ഡ്ഷിപ്പ് മെഡല്‍, കേരള സാഹിത്യ അക്കാദമി ഫെല്ലോ എന്നിവയും നേടിയിട്ടുണ്ട്. ഭാര്യ: തുളസീദേവി (ബിന്ദു). മക്കള്‍: സരിത, സബിത.
Content Highlights: K. Satchidanandan bags Mathrubhumi Literary Award 2020
Content Highlights: