'ഭയത്തിന്റെ കാലത്ത് വെളിച്ചമാകേണ്ടത് ഗാന്ധി';രാഷ്ട്രപിതാവിന്റെ കാലികപ്രസക്തി ഓര്‍മപ്പെടുത്തി ചര്‍ച്ച

തൃശ്ശൂര്‍: വിദ്വേഷത്തിന്റെ കെട്ടകാലത്ത് രാഷ്ട്രപിതാവിന്റെ കാലികപ്രസക്തി ഓര്‍മപ്പെടുത്തി സാര്‍വദേശീയ സാഹിത്യോത്സവം. 'എന്തുകൊണ്ട് ഗാന്ധി?' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവരോരോരുത്തരും ഓര്‍മിപ്പിച്ചത് ഭയത്തിന്റെ കാലത്ത് വെളിച്ചമാകേണ്ടത് ഗാന്ധിജിയാണെന്നാണ്. ഡോ. പി.വി. കൃഷ്ണന്‍ നായര്‍ മോഡറേറ്ററായ സെഷനില്‍ കെ.പി. ശങ്കരന്‍, ഗാന്ധിയന്‍ ചിന്തകനും എഴുത്തുകാരനുമായ കെ. അരവിന്ദാക്ഷന്‍, ചരിത്രകാരന്‍ എ.എം. ഷിനാസ് എന്നിവര്‍ മഹാത്മജിയുടെ കാലികപ്രസക്തിയെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെച്ചു.

പാര്‍ലമെന്ററി ജനാധിപത്യത്തെ അതിനിശിതമായി ചോദ്യംചെയ്തയാളാണ് മഹാത്മാഗാന്ധിയെന്നും 21-ാം നൂറ്റാണ്ടിലെ നവഫാസിസം വളര്‍ന്നുവന്നത് ഇതിലൂടെയാണെന്നും കെ.പി. ശങ്കരന്‍ പറഞ്ഞു. രാജ്യത്ത് വോട്ട് ബാങ്കുണ്ടാകുന്നത് ഇതിലൂടെയാണ്. ഗാന്ധി ഇത് നേരത്തെ കണ്ടു. പാര്‍ലമെന്ററി ജനാധിപത്യത്തെ ചോദ്യംചെയ്യാന്‍ ഗാന്ധിയുടെ ചിന്തകള്‍ വീണ്ടും കൊണ്ടുവരണം. ഗാന്ധിയുടെ സത്യാഗ്രഹമുറ പഠിച്ച് അതിലൂടെ ഫാസിസത്തെ തടയണം -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍ഭയത്തിന്റെ തത്ത്വശാസ്ത്രമാണ് ജീവിതത്തിലൂടെയും ദര്‍ശനങ്ങളിലൂടെയും ഗാന്ധി മുന്നോട്ടുവച്ചത്. ഭയം നമ്മെ കാര്‍ന്നുതിന്നുന്ന സമകാലികസാഹചര്യത്തില്‍ ആ തത്ത്വശാസ്ത്രത്തെ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് കെ. അരവിന്ദാക്ഷന്‍ പറഞ്ഞു. നമ്മള്‍ ഭയചകിതരാകാതെ എല്ലാം വിളിച്ചുപറയാന്‍ തയ്യാറാകണം. ഇന്ന് യുവജനസംഘടനകള്‍ എന്താണ് ചെയ്യുന്നത്. അധാര്‍മികതയ്ക്ക് ഒപ്പം നില്‍ക്കാനാകില്ലെന്ന നിലപാട് സ്വീകരിക്കാന്‍ എഴുത്തുകാരും തയ്യാറാകണം -അദ്ദേഹം പറഞ്ഞു.

മതപരമായ, രാഷ്ട്രീയപരമായ ബഹുസ്വരത ഗാന്ധി എന്നും പുലര്‍ത്തി. മതം വ്യക്തിയുടെ സ്വകാര്യമാണ്. അതില്‍ രാഷ്ട്രീയത്തിന് കാര്യമില്ലെന്നായിരുന്നു ഗാന്ധിയുടെ കാഴ്ചപ്പാട് - എ.എം. ഷിനാസ് വിശദീകരിച്ചു. അധികാരം ചീത്തയാണ്, അത് സമൂഹത്തില്‍ വിതരണം ചെയ്യണമെന്നതായിരുന്നു ഗാന്ധിയുടെ കാഴ്ചപ്പാടെന്ന് പി.വി. കൃഷ്ണന്‍ നായര്‍ പറഞ്ഞു. പുതിയ എഴുത്തുകാര്‍ ഗാന്ധിയെ മനസ്സിലാക്കി ചേര്‍ത്തുവയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: International literature festival of Kerala, Session on Mahatma Gandhi