ഇടയകന്യക ആഷ്‌ലിയോ അന്നയോ മറിയക്കുട്ടിയോ?

#അഖിൽ കൃഷ്ണൻ

യണ പൂത്ത വഴിയിൽ വെറുതെ നിൽക്കുന്ന ഇടയകന്യകയാണ് ഇപ്പോൾ ട്രെൻഡ്. ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ഗിരീഷ് എ ഡി ചിത്രത്തിലൂടെയാണ് മൂന്ന് പതിറ്റാണ്ടിനു മുൻപ് ഹിറ്റ് ആയ ഈ പാട്ട് വീണ്ടും ഹിറ്റായിരിക്കുന്നത്. 31 വർഷങ്ങൾക്ക് മുൻപ് ഇറങ്ങേണ്ടിയിരുന്ന അന്ന എന്ന ജോഷി ചിത്രത്തിന് വേണ്ടി ഷിബു ചക്രവർത്തി എഴുതി ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവ്വഹിച്ച ഈ ഗാനം ആലപിച്ചത് കെജെ യേശുദാസും കെഎസ് ചിത്രയും ചേർന്നായിരുന്നു. സാങ്കേതിക കാരണങ്ങളാൽ സിനിമ നിലച്ചുപോയെങ്കിലും അന്നയിലെ ഗാനങ്ങൾ കാസറ്റിലൂടെ പുറത്ത് വന്ന് ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. അന്നത്തെ ഇടയകന്യകയ്ക്ക് അന്ന എന്ന കഥാപാത്രം അവതരിപ്പിക്കേണ്ടിയിരുന്ന ശ്രീദേവിയുടെ മുഖച്ഛായ ആണെങ്കിൽ ഇന്നത് മമിതാ ബൈജു ആണ്. ഇൻസ്റ്റഗ്രാം റീലുകളിൽ ഇടയകന്യകയ്ക്ക് മറ്റൊരു അവകാശി കൂടിയുണ്ട്. ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ എൻ മോഹനന്റെ മറിയക്കുട്ടി എന്ന ചെറു കഥയിലെ നായികയാണ് ആ അവകാശി.

അന്ന എന്ന സിനിമയുടെ കഥയായി അറിയാൻ കഴിഞ്ഞത് ഹൈറേഞ്ചിൽ സബ്കളക്ടറായി എത്തുന്ന ഒരു ഹിന്ദു യുവാവും അന്ന എന്ന ക്രിസ്ത്യൻ യുവതിയുമായുള്ള പ്രണയകഥയാണെന്നാണ്. മറിയക്കുട്ടിയും സമാനമായ കഥാപശ്ചാത്തലം പങ്ക് വെയ്ക്കുന്നു. ഇവിടെയും നായകൻ ഹിന്ദുവും നായിക ക്രിസ്ത്യാനിയുമാണ്. നായകൻ ഐഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയിൽ ഹൈറേഞ്ചിലെ ഒരു കോളേജിൽ അധ്യാപകനായി എത്തിയ ആളാണ്. അവിടെ വെച്ച് പരിചയപ്പെടുന്ന തന്നെക്കാൾ മുതിർന്ന അധ്യാപികയാണ് മറിയക്കുട്ടി. എന്നാൽ അവരുടെ പ്രണയം സഫലമാകുന്നില്ല. ഇതിൽ വിഷമിച്ചു അവിടം വിടുന്ന നായകൻ പിൽക്കാലത്ത് ഐഎഎസ് നേടി ഭാര്യാസമേതനായി തിരിച്ചെത്തുമ്പോഴേക്കും മറിയക്കുട്ടി മരണത്തെ പുല്കിക്കഴിഞ്ഞിരുന്നു. ദുരന്തപര്യവസായിയെന്നു തോന്നിക്കുമെങ്കിലും അതങ്ങനെ അല്ലെന്നു മനസിലാക്കാൻ വായിക്കേണ്ടുന്ന ഒരു കഥയാണ് മറിയക്കുട്ടി.

പുതിയ കാലം ആഘോഷിക്കുന്ന ഒരു സിനിമയിലൂടെ പോയ കാലത്ത് നടക്കാതെ പോയ ഒരു സിനിമയും മനോഹരമായ ഒരു കഥയും ഇൻസ്റ്റാഗ്രാമിൽ പോലും സെൻസേഷൻ ആകുന്നു. മറിയക്കുട്ടി എന്ന കഥയിലെ മനോഹരമായ ഒരു വാചകം പോലെ "സ്നേഹത്തിനു ജന്മാന്തരങ്ങളിൽ ആവർത്തനമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു...അപ്പോൾ വീണ്ടും വരാം...കാണാം..."