യു.പി.യെ 'ഓർവെലിയൻ ഡിസ്റ്റോപ്പിയ' ആക്കരുത്: അലഹാബാദ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയ ആ ലോകം എന്താണ്?

ത്തർപ്രദേശിലെ നോയിഡയിൽ ന്യായമായ ആവശ്യങ്ങൾക്കായി തെരുവിലിറങ്ങിയ തൊഴിലാളികൾക്ക് പിന്തുണ നൽകിയെന്ന 'കുറ്റ'ത്തിനാണ് ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർഥിനിയും ആക്ടിവിസ്റ്റുമായ ആകൃതി ചൗധരിക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റ് ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കൽ ഉത്തരവിറക്കിയത്.

മാസങ്ങളോളം ജയിലിൽ കഴിയേണ്ടിവന്ന ആകൃതിയുടെ കരുതൽ തടങ്കൽ റദ്ദാക്കിക്കൊണ്ട് അലഹാബാദ് ഹൈക്കോടതി നടത്തിയ നിരീക്ഷണം രാജ്യത്തെ ജനാധിപത്യ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്നതായിരുന്നു: "ഉദ്യോഗസ്ഥവൃന്ദത്തിന്റെ സ്വേച്ഛാധിപത്യപരമായ ഇത്തരം വഴിവിട്ട നടപടികൾ തടഞ്ഞില്ലെങ്കിൽ, ഉത്തർപ്രദേശ് ഒരു 'ഓർവെലിയൻ ഡിസ്റ്റോപ്പിയ'യായി മാറും..."

കൊളോണിയൽ കാലത്ത് ഇന്ത്യയിൽ ജനിച്ച വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരൻ ജോർജ് ഓർവെലിന്റെ രാഷ്ട്രീയ നോവലുകളെ അടുത്തറിയാത്ത വായനക്കാരിലേക്ക് ഈ വിധിവാചകം എത്തിച്ചേരുമ്പോൾ ഉയരുന്ന സ്വാഭാവികമായ ചില ചോദ്യങ്ങളുണ്ട്: എന്താണ് കോടതി പരാമർശിച്ച ഈ 'ഓർവെലിയൻ ഡിസ്റ്റോപ്പിയ' (Orwellian Dystopia)? സാഹിത്യലോകത്തെ ഒരു സങ്കൽപം എങ്ങനെയാണ് ഒരു ജനാധിപത്യ രാജ്യത്തെ ഭരണകൂട ഭീകരതയുടെ പ്രതീകമായി മാറുന്നത്?

എന്താണ് യൂട്ടോപ്പിയയും ഡിസ്റ്റോപ്പിയയും?

എല്ലാം തികഞ്ഞ, ദുരിതങ്ങളോ അനീതികളോ ഇല്ലാത്ത ആദർശ സുന്ദര ലോകത്തെയാണ് നാം പൊതുവെ 'യൂട്ടോപ്പിയ' (Utopia) എന്ന് വിളിക്കുന്നത്. ഇതിന്റെ നേർവിപരീതമായ അവസ്ഥയാണ് 'ഡിസ്റ്റോപ്പിയ' (Dystopia).

വ്യക്തിസ്വാതന്ത്ര്യം പൂർണമായി ഇല്ലാതാക്കപ്പെടുകയും പൗരന്മാർ ഭരണകൂടത്തിന്റെ ക്രൂരമായ നിരീക്ഷണ വലയത്തിലാവുകയും ഭയവും അടിച്ചമർത്തലും നിസ്സഹായാവസ്ഥയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്ന നരകതുല്യമായ വ്യവസ്ഥിതിയാണ് ഡിസ്റ്റോപ്പിയൻ ലോകം.

ജോർജ് ഓർവെൽ 1949-ൽ പ്രസിദ്ധീകരിച്ച 'നയന്റീൻ എയ്റ്റി-ഫോർ' (1984) എന്ന ക്ലാസിക് നോവലിൽ നിന്നാണ് 'ഓർവെലിയൻ' എന്ന വാക്കിന്റെ ജനനം. ഒരു ഏകാധിപത്യ ഭരണകൂടം അധികാരം നിലനിർത്താൻ ഏതൊക്കെ തരത്തിൽ മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും മനസ്സിനെയും വേട്ടയാടുമെന്ന് ദീർഘദർശനം ചെയ്ത കൃതിയാണിത്.

അധികാര കേന്ദ്രങ്ങൾ സ്വന്തം താല്പര്യങ്ങൾക്കായി യാഥാർഥ്യത്തെ വളച്ചൊടിക്കുകയും കള്ളങ്ങളെ സത്യമാക്കുകയും പൗരന്മാരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുകയും വിയോജിക്കുന്നവരെ അടിച്ചമർത്തുകയും ചെയ്യുന്ന അവസ്ഥയെയാണ് ഇന്ന് ലോകം 'ഓർവെലിയൻ' എന്ന് വിളിക്കുന്നത്.

ഓർവെലിയൻ ലോകത്തിന്റെ 5 സവിശേഷതകൾ

നോവലിൽ ഓർവെൽ വരച്ചിട്ട ലോകത്തിന് ചില കൃത്യമായ ലക്ഷണങ്ങളുണ്ട്. കോടതികളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ആശങ്കകൾക്ക് കാരണമാകുന്നതും ഈ സ്വഭാവങ്ങളാണ്:

1. സർവവ്യാപിയായ നിരീക്ഷണം

നോവലിലെ 'ഓഷ്യാനിയ' എന്ന രാജ്യത്ത് ജനങ്ങൾ എന്ത് ചെയ്യുന്നു, ആരോട് സംസാരിക്കുന്നു, എങ്ങനെ ഉറങ്ങുന്നു എന്ന് പോലും നിരീക്ഷിക്കാൻ ഭിത്തികളിൽ 'ടെലിസ്ക്രീനു'കൾ സ്ഥാപിച്ചിട്ടുണ്ട്. "ബിഗ് ബ്രദർ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്" (Big Brother is Watching You) എന്ന വലിയ പോസ്റ്ററുകളാണ് നഗരമെങ്ങും. ഒരു പൗരനും സ്വകാര്യതയില്ല; ഭരണകൂടം എല്ലാ നിമിഷവും ഓരോരുത്തരെയും പിന്തുടരുന്നു.

2. തോട്ട് പോലീസ് (ചിന്താ പോലീസ്)

ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുക മാത്രമല്ല, അതിനെതിരെ തെറ്റായി ചിന്തിക്കുന്നത് പോലും അവിടെ മരണാർഹമായ കുറ്റമാണ് ('തോട്ട് ക്രൈം'). പൗരന്മാരുടെ മനസ്സിലിരുപ്പ് മണത്തറിഞ്ഞ് അവരെ തടവിലിടാൻ രഹസ്യപ്പോലീസ് സംവിധാനം എപ്പോഴും ജാഗരൂകമായി പ്രവർത്തിക്കുന്നു.

3. മിനിസ്ട്രി ഓഫ് ട്രൂത്ത് (സത്യ മന്ത്രാലയം)

പേര് സത്യ മന്ത്രാലയം എന്നാണെങ്കിലും, ചരിത്രത്തെയും വസ്തുതകളെയും തിരുത്തി മാറ്റിയെഴുതുക എന്നതാണ് ഈ സർക്കാർ വകുപ്പിന്റെ ജോലി. ഇന്നലെകളിൽ ഭരണകൂടം പറഞ്ഞത് തെറ്റായിരുന്നുവെന്ന് നാളെ തെളിയാതിരിക്കാൻ പത്രവാർത്തകളും പുസ്തകങ്ങളും ഔദ്യോഗിക രേഖകളും വരെ അവർ മായ്ച്ചുകളയുകയും തിരുത്തുകയും ചെയ്യുന്നു. തങ്ങൾക്ക് അനുകൂലമായി 'യാഥാർഥ്യങ്ങളെ' നിർമിച്ചെടുക്കുകയാണവർ.

4. ഭാഷയുടെ തടവറ: 'ന്യൂസ്പീക്ക്' (Newspeak)

മനുഷ്യർക്ക് സ്വതന്ത്രമായി ചിന്തിക്കണമെങ്കിൽ ചിന്തകളെ പ്രകടിപ്പിക്കാൻ ഭാഷ വേണം. അതുകൊണ്ട് വിമതശബ്ദങ്ങൾ ഉയരാതിരിക്കാൻ ഭരണകൂടം വാക്കുകളുടെ എണ്ണം വെട്ടിച്ചുരുക്കി പുതിയൊരു ഭാഷ ഉണ്ടാക്കുന്നു-'ന്യൂസ്പീക്ക്'. വിമർശിക്കാനുള്ള പദങ്ങൾ ഭാഷയിൽ നിന്നേ നീക്കംചെയ്യപ്പെടുന്നതോടെ, ജനങ്ങളുടെ ചിന്താശേഷിയും ഇല്ലാതാകുന്നു.

5. ഇരട്ടച്ചിന്ത (Doublethink)

പരസ്പരവിരുദ്ധമായ രണ്ട് കാര്യങ്ങൾ ഒരേസമയം സത്യമാണെന്ന് സ്വയം വിശ്വസിപ്പിക്കാൻ ഭരണകൂടം ജനങ്ങളെ നിർബന്ധിക്കുന്ന രീതിയാണിത്. "യുദ്ധമാണ് സമാധാനം, അടിമത്തമാണ് സ്വാതന്ത്ര്യം, അറിവില്ലായ്മയാണ് കരുത്ത്" എന്നതാണ് നോവലിലെ സർക്കാരിന്റെ ഔദ്യോഗിക മുദ്രാവാക്യം.

കോടതി എന്തുകൊണ്ട് ഇത് ഓർമിപ്പിച്ചു?

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് വിയോജിക്കാനും ചോദ്യംചെയ്യാനുമുള്ള പൗരന്റെ മൗലികാവകാശമാണ്. എന്നാൽ, തൊഴിൽ അവകാശങ്ങൾക്കായി തെരുവിലിറങ്ങിയ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഒരു യുവതിക്കെതിരെ രാജ്യദ്രോഹത്തിനും ഭീകരവാദത്തിനുമെതിരെ പ്രയോഗിക്കേണ്ട ദേശീയ സുരക്ഷാ നിയമം എടുത്തുപ്രയോഗിക്കുമ്പോൾ, അത് ജനാധിപത്യപരമായ ഭരണമല്ല; മറിച്ച് ഓർവെലിന്റെ പുസ്തകത്തിലെ സ്വേച്ഛാധിപത്യ ഉദ്യോഗസ്ഥഭരണമാണ്.

പൗരന്റെ ഓരോ ചലനത്തെയും ശത്രുതാമനോഭാവത്തോടെ കാണുന്ന ഒരു ഭരണകൂടം, ക്രമേണ ഒരു ജനതയെ മുഴുവൻ '1984' നോവലിലെ നിസ്സഹായരായ അടിമകളാക്കി മാറ്റുമെന്ന ചരിത്രപരമായ താക്കീതാണ് അലഹാബാദ് ഹൈക്കോടതി ഓർമിപ്പിച്ചത്.

ഒരു പുസ്തകം എഴുതപ്പെട്ട് ഏഴ് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും, ഒരു കോടതിമുറിയിൽ ജഡ്ജിമാർ ഭരണകൂടത്തോട് ഓർവെലിനെ ഉദ്ധരിച്ച് രോഷം കൊള്ളുന്നുവെങ്കിൽ, സാഹിത്യം കേവലം ഭാവനയല്ല; അധികാരത്തിന്റെ ദുഷ്പ്രവണതകൾക്കെതിരെ എക്കാലവും നിലനിൽക്കുന്ന ഏറ്റവും മൂർച്ചയേറിയ പ്രതിരോധം കൂടിയാണെന്ന് അത് തെളിയിക്കുന്നു.

Content Highlights: In Noida, Uttar Pradesh, law student and activist Aakruti Choudhary was detained under the National Security Act for supporting workers' protests. The Allahabad High Court's decision to annul her detention highlighted concerns about democratic freedoms, warning that unchecked authoritarian actions could turn Uttar Pradesh into an "Orwellian Dystopia." This term, derived from George Orwell's 1949 novel "1984," describes a society where personal freedoms are obliterated, and citizens live under oppressive surveillance and control.