സ്പാനിഷ് കവി ലോർക്കയുടെ അപ്രകാശിത കവിത 93 വർഷത്തിനുശേഷം കണ്ടെടുത്തു

#Literature Desk
ഫെഡറിക്കോ ഗാർസിയ ലോർക്ക | Photo: x.com/jacobin
ഫെഡറിക്കോ ഗാർസിയ ലോർക്ക | Photo: x.com/jacobin

മഡ്രിഡ്: 1936-ൽ മൺമറഞ്ഞ സ്പാനിഷ് കവിയും നാടകകൃത്തുമായ ഫെഡറിക്കോ ഗാർസിയ ലോർക്കയുടെ അപ്രകാശിത കവിത കണ്ടെടുത്തു. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് കൊല്ലപ്പെട്ട കവി, മരണത്തിന് മൂന്നുവർഷം മുൻപെഴുതിയതാണ് ഈ എട്ടുവരി കവിത.

ജന്മനാടായ ഗ്രനഡയിൽ അറബ് കവികൾക്കുള്ള ആദരവായി ‘ഡിബാൻ ഡെൽ താമാരിറ്റ്’ എന്ന സമാഹാരമിറക്കാൻ പ്രവർത്തിക്കുന്നതിനിടയിൽ, 1933-ലാണ് അദ്ദേഹം ഇതെഴുതിയതെന്നു കരുതപ്പെടുന്നു. ‘തമാരിറ്റ്’ കവിതകളിൽ ഒന്നെഴുതിയ കടലാസിന്റെ മറുപുറത്തുതന്നെയാണ് ലോർക്ക ഈ കവിത കുറിച്ചത്.

ലോർക്കയുടെ ആരാധകനായ മിഗ്വേൽ പൊവേദയ്ക്ക് ഒരു ജർമൻ വ്യാപാരിയിൽനിന്നാണ് ഈ കൈയെഴുത്തുപ്രതി കിട്ടിയത്. സ്പാനിഷ് എഴുത്തുകാരിയും ഭാഷാശാസ്ത്രജ്ഞയും ലോർക്കാ പണ്ഡിതയുമായ പെപാ െമർലോ ഇത് കവിയുടേതുതന്നെയെന്നു സ്ഥിരീകരിച്ചു.

ലോർക്കയുടെ പ്രിയ പ്രമേയങ്ങളിലൊന്നായ സമയത്തിന്റെ കടന്നുപോക്കാണ് ‘ഘടികാരം പാടുന്നു’ എന്ന വരിയിൽത്തുടങ്ങുന്ന ഈ കവിതയിലെയും പ്രതിപാദ്യവിഷയം. പൊവേദയും മെർലോയും ചേർന്നിറക്കുന്ന ‘തിങ്സ് ഫ്രം ദി അദർ സൈഡ്: ദി അൺപബ്ലിഷ്ഡ് ഫെഡറിക്കോ ഗാർസിയ ലോർക്ക’ എന്ന പുസ്തകത്തിൽ ഈ കവിതയുമുണ്ടാകും.

Content Highlights: A previously unknown eight-line poem by the legendary Spanish poet Federico García Lorca has been discovered 93 years after it was written. Penned in 1933, the manuscript was found on the back of a paper intended for his 'Diván del Tamarit' collection and deals with Lorca’s recurring theme of the passage of time.