കവി ആദ്യം വിമുഖനായിരുന്നു, പാര്‍ട്ടി നിര്‍ബന്ധിച്ചു, ഒടുവില്‍ സമ്മതംമൂളി;ഓര്‍മയിലുണ്ട് ആ പ്രചാരണകാലം

#പ്രവീണ്‍ കൃഷ്ണന്‍
കടമ്മനിട്ട രാമകൃഷ്ണന്‍, അദ്ദേഹത്തിന്റെ ഭാര്യ ശാന്ത | Photo: Mathrubhumi
കടമ്മനിട്ട രാമകൃഷ്ണന്‍, അദ്ദേഹത്തിന്റെ ഭാര്യ ശാന്ത | Photo: Mathrubhumi

പത്തനംതിട്ട: തിരഞ്ഞെടുപ്പ് യുദ്ധത്തിന്റെ ഗോദയിലേക്ക് ഇറങ്ങാന്‍ പാര്‍ട്ടിയുടെ വിളിവന്ന ആ ദിവസം ഇപ്പോഴും ഓര്‍മയുണ്ട്. രാത്രിയിലാണ് ഐ.വി. ദാസിന്റെ ഫോണ്‍ വരുന്നത്. ആറന്മുളയില്‍ മത്സരിക്കണം. പരിചിതമല്ലാത്ത തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങാന്‍ കവി ആദ്യം വിമുഖനായിരുന്നു. വിവരം പറഞ്ഞപ്പോള്‍ തനിക്കും താത്പര്യക്കുറവായിരുന്നു. എന്നാല്‍ പാര്‍ട്ടി നിര്‍ബന്ധിച്ചു. ഒടുവില്‍ താനും സമ്മതംമൂളി. 

ഇ.കെ.നായനാര്‍ അടക്കമുള്ള അന്നത്തെ സി.പി.എമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയും കവിയുടെ അടുത്ത സുഹൃത്തുമായിരുന്ന ഐ.വി. ദാസിന്റെ ഫോണ്‍ വിളി.

കേരളത്തിന്റെ പ്രിയകവി കടമ്മനിട്ട രാമകൃഷ്ണന്‍ 1996-ല്‍ ആറന്‍മുളയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ സാഹചര്യങ്ങള്‍ കവിയുടെ ഭാര്യ ശാന്ത ഇന്നലത്തേപ്പോലെ ഓര്‍ക്കുന്നു. അന്ന് കേരള രാഷ്ട്രീയത്തില്‍ കരുത്തനും തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ അഗ്രഗണ്യനുമായിരുന്ന സി.എം.പി. നേതാവ് എം.വി. രാഘവനായിരുന്നു യു.ഡി.എഫ്. സ്ഥാനാര്‍ഥി.

യു.ഡി.എഫിന് പരമ്പരാഗതമായി വേരോട്ടമുള്ള മണ്ഡലമാണ് ആറന്മുള. മത്സരിക്കാന്‍ തീരുമാനിച്ചതോടെ കവിയുടെ പ്രചാരണത്തിനായി രണ്ടും കല്‍പ്പിച്ച് താനും ഇറങ്ങി. ജീവിതത്തിലെ ഏത് പോരാട്ടത്തിലും താന്‍ ഒപ്പമുണ്ടെങ്കില്‍ കവിക്ക് അത് ഇരട്ടി ആത്മവിശ്വാസമാണെന്ന ബോധ്യത്തിലായിരുന്നു അത്. ആറന്മുള ഐക്കര ജങ്ഷനില്‍ ഒരു വീടെടുത്തു. ഓഫീസും താമസവും എല്ലാം അവിടെ. പ്രചാരണത്തില്‍ സ്ഥിരം രാഷ്ട്രീയക്കാരുടെ മെയ്വഴക്കമൊന്നും കവിക്ക് ഉണ്ടായിരുന്നില്ല.

തുടക്കത്തില്‍ വീടുകളിലും മറ്റും ചെന്നാല്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍പോലും അദ്ദേഹം മടിച്ചിരുന്നു. സാധാരണ രീതിയിലുള്ള സംസാരം. കണ്ടുമുട്ടുന്ന ആരോടും വ്യക്തിപരമായ ഒരു ഐക്യമുണ്ടാക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ഇഷ്ടപ്പെട്ട വിഷയങ്ങളാണെങ്കില്‍ കൂടുതല്‍ സംസാരിക്കും. തന്റെ സ്വാഭാവിക ശൈലിയില്‍ തന്നെയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് രംഗത്തും. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലൊക്കെയാണ് വോട്ട് ചോദിക്കാനൊക്കെ തുടങ്ങിയത്.

ഉച്ചയ്ക്ക് കൃത്യസമയത്ത് ഭക്ഷണവും വിശ്രമവും നിര്‍ബന്ധമാണ്. അത് പ്രവര്‍ത്തകരുടെ വീടോ തിരഞ്ഞെടുപ്പ് ഓഫീസോ എവിടെയുമാകാം. വലിയ സൗകര്യങ്ങളൊന്നും ആവശ്യമില്ല. എല്ലാവരോടും ഒരുപോലെ. അന്ന് കടമ്മനിട്ടയുടെ പ്രചാരണത്തിന് ഇ.എം.എസ്. എത്തിയിരുന്നു. ഇ.എം.എസിന്റെ മകന്‍ ഇ.എം. ശ്രീധരനായിരുന്നു അന്ന് ആറന്‍മുളയില്‍ പ്രചാരണത്തിന്റെ പാര്‍ട്ടി ചുമതല. ഇപ്പോള്‍ പത്തനംതിട്ട മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ ടി.എം. തോമസ് ഐസക്കും കവിക്കായി സജീവമായിരുന്നു. സാഹിത്യരംഗത്തുനിന്ന് ഒ.എന്‍.വി. കുറുപ്പ്, അയ്യപ്പപ്പണിക്കര്‍. ഡി. വിനയചന്ദ്രന്‍ എന്നിവരെല്ലാം എത്തിയിരുന്നു.

അന്തരിച്ച നടന്‍ മുരളിയാാണ് എടുത്തുപറയേണ്ട മറ്റൊരാള്‍. അന്ന് ഞാനടക്കം സ്ത്രീകളുടെ ഒരു സ്‌ക്വാഡ് സജീവമായിരുന്നു വീടുകള്‍ കയറി വോട്ട് ചോദിക്കാന്‍. സുഭഗടീച്ചര്‍, സുശീലടീച്ചര്‍, രാജമ്മ ടീച്ചര്‍ അങ്ങനെ പലരും. ഒപ്പമുണ്ടാകും. ശാന്തചേച്ചി പേരുകള്‍ ഓര്‍ത്തെടുത്തു.

മകള്‍ ഡോ. ഗീതാദേവിയും മകളുടെ ഭര്‍ത്താവ് ഡോ. വിജയകുമാറും പ്രചാരണത്തിന് ഇറങ്ങിയിരുന്നു. പിന്നീട് ആറന്മുള എം.എല്‍.എ. ആയ കെ.സി. രാജഗോപാലന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. കടമ്മനിട്ടക്കാരന്‍കൂടിയായ വി.കെ. പുരുഷോത്തമന്‍ പിള്ളയായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്റെ പ്രധാന തിരഞ്ഞെടുപ്പ് ഏജന്റ്.

നാട്ടുകാരനും സുഹൃത്തുമായ പ്രൊഫ. കടമ്മനിട്ട വാസുദേവന്‍പിള്ളയും പ്രചാരണത്തില്‍ സദാ കവിക്കൊപ്പം ഉണ്ടായിരുന്നു. പരിചിതമല്ലാത്ത തിരഞ്ഞെടുപ്പ് പോരാട്ടവും രാഷ്ട്രീയ കുപ്പായവും കവിക്ക് അല്‍പ്പം സമ്മര്‍ദം സൃഷ്ടിച്ചിരുന്നു. വോട്ടെണ്ണല്‍ നടക്കുമ്പോള്‍ ചെറിയ പനിയെത്തുടര്‍ന്ന് മാലക്കരയിലുള്ള സെയ്ന്റ് തോമസ് ആശുപത്രിയിലായിരുന്നു അദ്ദേഹം. വിജയിച്ചത് അറിയുന്നതും അവിടെവെച്ചാണ്. അന്ന് ഇതുപോലെ വലിയ സൗകര്യങ്ങളും മൊബൈലും വാട്‌സാപ്പും ഒന്നും ഇല്ലല്ലോ. പഴയമട്ടിലുള്ള പ്രചാരണം.

പക്ഷേ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥത. അത് ഇന്നത്തേക്കാള്‍ വളരെ കൂടുതലാണെന്ന് പറയേണ്ടിവരും. ആധുനിക, സംവിധാനങ്ങളൊക്കെ ഇപ്പോഴുണ്ട്. എന്നാലും അന്നത്തെ ആവേശവും ആത്മാര്‍ത്ഥയും നിറഞ്ഞ പ്രചാരണരീതി അതൊന്ന് വേറേ തന്നെ. കാലം മാറി. ശാന്ത ചേച്ചി പറഞ്ഞുനിര്‍ത്തി.

Content Highlights: Lok sabha election 2024 Santha w/o Kadammanitta Ramakrishnan shares memories