സങ്കീര്‍ണ സാമ്പത്തിക പ്രശ്‌നം: ഇറ്റ്‌ഫോക്ക്, സാഹിത്യോത്സവം, ബിനാലെ, കേരളീയം...എല്ലാം മാറ്റിവെക്കും

തൃശ്ശൂര്‍: സാംസ്‌കാരികവകുപ്പുമായി ചേര്‍ന്ന് കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവം 'ഇറ്റ്‌ഫോക്ക്' മാറ്റിവെച്ചു. അന്താരാഷ്ട്ര സാഹിത്യോത്സവം, കൊച്ചി ബിനാലെ, കേരളീയം തുടങ്ങിയ പ്രധാന സാംസ്‌കാരികസംരംഭങ്ങളൊന്നും ഈ വര്‍ഷം നടക്കില്ലെന്നാണ് സൂചന. 2025 ഫെബ്രുവരിയില്‍ നടത്താനിരുന്ന 'ഇറ്റ്ഫോക്ക്' സങ്കീര്‍ണമായ സാമ്പത്തിക സാഹചര്യത്തില്‍ നീട്ടിവെക്കുകയാണെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. അക്കാദമി നിര്‍വാഹകസമിതിയോഗത്തിലാണ് തീരുമാനമെടുത്തത്. അതേസമയം അന്താരാഷ്ട്ര നാടകോത്സവം എന്നെന്നേയ്ക്കുമായി അവസാനിച്ചുവെന്ന പ്രചാരണം ശരിയല്ലെന്നും കരിവെള്ളൂര്‍ മുരളി അറിയിച്ചു.
'സര്‍ക്കാരില്‍ പരമാവധി സമ്മര്‍ദം ചെലുത്തിയും കിട്ടാവുന്നത്ര ഫണ്ട് സമാഹരിച്ചും 2025 ഡിസംബറിനു മുന്‍പ് നാടകോത്സവം നടത്തണമെന്നാണ് അക്കാദമി ലക്ഷ്യംവെക്കുന്നത്. ഇറ്റ്ഫോക്ക് പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ടിനെ ആശ്രയിച്ചുനടത്തുന്നതാണ്. 2024 ജൂണ്‍ മുതല്‍ ഇതിനുള്ള ഒരുക്കങ്ങളിലും ഫണ്ടിനായുള്ള പരിശ്രമത്തിലുമായിരുന്നു. പ്രാഥമികപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി. എന്നാല്‍, പ്രത്യേക ഫണ്ട് അനുവദിക്കാന്‍ കഴിയാത്തവിധം സാമ്പത്തികപ്രതിസന്ധി രൂക്ഷമായി. ഭരണാനുമതി ലഭിച്ച പദ്ധതിഫണ്ടില്‍ത്തന്നെ 50 ശതമാനം വെട്ടിക്കുറക്കേണ്ട സാഹചര്യമുണ്ടായി' -സെക്രട്ടറി പറഞ്ഞു.
Content Highlights: crucial financial constraints ifok biennale keraleeyam postponed