96-ാം വയസ്സില്‍ നാലാംക്ലാസ് ജയം; കാര്‍ത്യായനിയമ്മയുടെ കഥയുമായി വികാസ്ഖന്ന

കാര്‍ത്യായനിയമ്മ
കാര്‍ത്യായനിയമ്മ

പ്രായത്തെയും പരീക്ഷയെയും തോല്‍പ്പിച്ച് മലയാളിയുടെ അഭിമാനമായി മാറിയ കാര്‍ത്യായനിയമ്മയുടെ ജീവിതം കുട്ടികള്‍ക്കുമുന്നിലെത്തിച്ച് സെലിബ്രിറ്റി ഷെഫ് വികാസ് ഖന്ന. 'ബെയര്‍ഫൂട്ട് എംപ്രസ്' എന്ന പേരിലുള്ള ചിത്രകഥാപുസ്തകമാണ് പുറത്തിറങ്ങിയത്. 

കാര്‍ത്യായനിയമ്മയെക്കുറിച്ച് വികാസ് നേരത്തേ തയ്യാറാക്കിയ ഡോക്യുമെന്ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പുതുതലമുറയെ പ്രചോദിപ്പിക്കാന്‍ ഈ കഥയ്ക്ക് കഴിയുമെന്ന് പുസ്തകം പ്രസിദ്ധീകരിച്ച ബ്ലൂംസ്ബെറിയുടെ ചീഫ് എഡിറ്റര്‍ കൃഷന്‍ ചോപ്ര പറഞ്ഞു.

ആലപ്പുഴയിലെ ഹരിപ്പാട് സ്വദേശിയായ കാര്‍ത്യായനിയമ്മയ്ക്ക് കുട്ടിക്കാലത്ത് പഠിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം 96-ാം വയസ്സില്‍ നൂറില്‍ 96 മാര്‍ക്ക് നേടി അവര്‍ നാലാംക്ലാസ് ജയിച്ചു.

അന്ന് അക്ഷരലക്ഷം പരിപാടിയുടെ ഭാഗമായി പരീക്ഷയെഴുതിയ 43,330 പേരില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്നു കാര്‍ത്യായനിയമ്മ. 2020-ലെ വനിതാദിനത്തില്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചു.

Content Highlights: Barefoot Empress': After documentary, Vikas Khanna writes children's book on Karthyayani Amma