വരയ്ക്കുന്നതെല്ലാം കംപ്യൂട്ടര്‍കഥാപാത്രങ്ങളെ,പ്രകൃതിയെ കുട്ടികള്‍ക്കു നഷ്ടമായി-ആര്‍ട്ടിസ്റ്റ് മദനന്‍

വരമുറി ചിത്രകലാ ക്യാംപ് ആര്‍ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി ഡെയ്‌ലി ആന്‍ഡ് ഡിജിറ്റല്‍ എഡിറ്റര്‍ മനോജ്.കെ ദാസ്, ഫെഡല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡണ്ട് കെ.കെ സുരേഷ് എന്നിവര്‍ സമീപം
വരമുറി ചിത്രകലാ ക്യാംപ് ആര്‍ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി ഡെയ്‌ലി ആന്‍ഡ് ഡിജിറ്റല്‍ എഡിറ്റര്‍ മനോജ്.കെ ദാസ്, ഫെഡല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡണ്ട് കെ.കെ സുരേഷ് എന്നിവര്‍ സമീപം

ഇന്നത്തെ കുട്ടികള്‍ക്ക് പ്രകൃതിയുമായുള്ള ബന്ധം നഷ്ടമായെന്നും അവര്‍ കാണുന്നതും നിരീക്ഷിക്കുന്നതും വരയ്ക്കുന്നതുമെല്ലാം കംപ്യൂട്ടര്‍ കഥാപാത്രങ്ങളെയാണെന്നും ആര്‍ട്ടിസ്റ്റ് മദനന്‍ അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ് ഫെഡറല്‍ബാങ്കുമായി സഹകരിച്ച് നടത്തുന്ന ആറുദിവസത്തെ ചിത്രകലാ ക്യാംപ് 'വരമുറി' ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എല്ലാവര്‍ക്കും നൃത്തം ചെയ്യാന്‍ കഴിഞ്ഞെന്നുവരില്ല, എല്ലാവര്‍ക്കും പാട്ടുപാടാന്‍  കഴിഞ്ഞെന്നുവരില്ല, എല്ലാവര്‍ക്കും ചിത്രം വരയ്ക്കാനും കഴിഞ്ഞെന്നും വരില്ല. പക്ഷേ പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നുജീവിക്കുന്ന ഒരു തലമുറയ്ക്ക് ഏതെങ്കിലും വിധത്തില്‍ പ്രകൃതിയെ തങ്ങളുടെ കഴിവുകൊണ്ട് അടയാളപ്പെടുത്താന്‍ കഴിഞ്ഞാല്‍ നല്ലതാണ്. കുട്ടികളിലെ പല കഴിവുകളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ മാതൃഭൂമി സീഡ് നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണ.്'- മദനന്‍ പറഞ്ഞു. ചിത്രം വരച്ചാണ് അദ്ദേഹം വരമുറി ക്യാംപ് ഉദ്ഘാടനം ചെയ്തത്. 

മാതൃഭൂമി എം.എം പ്രസ്സില്‍ ആരംഭിച്ച വരമുറി ക്യാംപിന് മാതൃഭൂമി സീനിയര്‍ റീജ്യണല്‍ മാനേജര്‍ സി. മണികണ്ഠന്‍ സ്വാഗതം പറഞ്ഞു. മാതൃഭൂമിക്കുമുന്നിലുള്ള ആല്‍മരത്തണലില്‍ കൊച്ചുകലാകാരന്മാര്‍ ഒത്തുകൂടുമ്പോള്‍ ഇരുപത് വര്‍ഷം മുമ്പു നടന്ന ഒരു സംഭവമാണ് ഓര്‍മവരുന്നതെന്നും അത് ഈ ആല്‍മരത്തിന്റെ അതിജീവനകഥയാണെന്നും അദ്ദേഹം പറഞ്ഞു: ''എം.എം പ്രസ് പുതുക്കിപ്പണിയുമ്പോള്‍ മുറ്റത്തെ ആല്‍മരം മുറിച്ചുകളയണമെന്ന് എന്‍ജിനീയര്‍മാര്‍ ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ എം.ഡിയായിരുന്ന എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു: 'നിങ്ങള്‍ കെട്ടിടം പണിയുകയോ പണിയാതിരിക്കുകയോ ചെയ്‌തോളൂ, പക്ഷേ ആല്‍മരം അവിടെത്തന്നെ യാതൊരു പോറലുമേല്‍ക്കാതെ ഉണ്ടായിരിക്കണം.' വരയുടെ വിദ്യകളറിയാന്‍ ഈ ആല്‍മരത്തണലില്‍ ഇന്ന് ഒത്തുകൂടുമ്പോള്‍ അദ്ദേഹത്തെ ഓര്‍ക്കാതിരിക്കാനാവില്ല. വലിയ കണ്ടെയ്‌നര്‍ വരുമ്പോള്‍ പലപ്പോഴും റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ജില്ലാ കോടതി ജഡ്ജിമാര്‍വരെ ബ്ലോക്കില്‍പെട്ടു. കോടതി ഇടപെട്ട് മാനേജരായ എന്നെ വിളിപ്പിച്ചു. വീണ്ടും എം.ഡിയുടെ അടുത്ത് ആല്‍മരപ്രശ്‌നം അവതരിപ്പിച്ചപ്പോള്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം.''- സി. മണികണ്ഠന്‍ കുട്ടികളോട് പറഞ്ഞു. 

മാതൃഭൂമി എഡിറ്റര്‍ മനോജ് കെ. ദാസ് ചടങ്ങില്‍ മുഖ്യാതിഥിയായി. മാതൃഭൂമിയുടെ സാമൂഹിക പ്രതിബദ്ധത കുട്ടികളിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സീഡ് പദ്ധതി ഇതിനോടകം ധാരാളം പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. 'വരമുറി' പരിപാടിക്കുവേണ്ട സഹായസഹകരണങ്ങള്‍ ചെയ്തുതന്ന ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡണ്ട് കെ.കെ സുരേഷിന് എഡിറ്റര്‍ മാതൃഭൂമിയുടെ സ്‌നേഹോപഹാരം നല്‍കി. മാതൃഭൂമി ഓഫീസര്‍ സോഷ്യല്‍ ഇനീഷ്യേറ്റീവ് പ്രമോദ് കുമാര്‍ ചടങ്ങിന് നന്ദി പറഞ്ഞു. 

Content Highlights: artist madanan inaugurates mathrubhumi seed varamuri camp for children