അടൂരിനും കെ. ജയകുമാറിനും പി.വി. ഷാജികുമാറിനും അബുദാബി ശക്തി അവാര്‍ഡ്

പുരസ്‌കാരം നേടിയ കെ. ജയകുമാര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, പി.വി.ഷാജികുമാര്‍ എന്നിവര്‍. | ഫോട്ടോ: മാതൃഭൂമി
പുരസ്‌കാരം നേടിയ കെ. ജയകുമാര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, പി.വി.ഷാജികുമാര്‍ എന്നിവര്‍. | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: അബുദാബി ശക്തി അവാര്‍ഡ് പ്രഖ്യാപിച്ചു. ശക്തി ടി.കെ. രാമകൃഷ്ണന്‍ പുരസ്‌കാരത്തിന്ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും കവിതാ വിഭാഗത്തിനുള്ള അവാര്‍ഡിന് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറും അര്‍ഹരായി. മാതൃഭൂമി സോഷ്യല്‍ മീഡിയ വിഭാഗം കണ്ടന്റ് ക്രിയേറ്ററും എഴുത്തുകാരനുമായ പി.വി. ഷാജികുമാറാണ് കഥാവിഭാഗത്തില്‍ അവാര്‍ഡ് നേടിയത്. 

ഇതര സാഹിത്യ വിഭാഗത്തില്‍ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ വി.എസ്. രാജേഷും നോവല്‍ വിഭാഗത്തില്‍ ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എസ്. അജയകുമാറും അവാര്‍ഡ് നേടി. അബുദാബിയില്‍ ജോലിചെയ്യുന്ന മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ ഓഗസ്റ്റ് മൂന്നാം വാരം പൊന്നാനിയില്‍ നടക്കുന്ന ചടങ്ങില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിതരണം ചെയ്യും.

മുന്‍ സാംസ്‌കാരിക മന്ത്രി ടി.കെ. രാമകൃഷ്ണന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ശക്തി ടി.കെ. രാമകൃഷ്ണന്‍ പുരസ്‌കാരം 50,000 രൂപയും പ്രശസ്തിഫലകവും ഉള്‍പ്പെട്ടതാണ്. ഓരോ സാഹിത്യ വിഭാഗത്തിനും 25,000 രൂപയും പ്രശസ്തിഫലകവും ഉള്‍പ്പെട്ടതാണ് അവാര്‍ഡ്.

മറ്റു അവാര്‍ഡുകള്‍ക്ക് പി.എന്‍. ഗോപികൃഷ്ണന്‍ (കവിത), മാനസീദേവി (നോവല്‍), പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍ (ബാലസാഹിത്യം), എമില്‍ മാധവി, ജോണ്‍ ഫെര്‍ണാണ്ടസ് (നാടകം), ഡോ.ബി. ഇക്ബാല്‍, ബി. ശ്രീകുമാര്‍ (വിജ്ഞാന സാഹിത്യം), ഡോ. ശ്രീകല മുല്ലശ്ശേരി (ഇതര സാഹിത്യം), സജയ് കെ.വി., പി.ജി. സദാനന്ദന്‍ (നിരൂപണം) എന്നിവര്‍ അര്‍ഹരായി.


 

Content Highlights: Abu Dhabi Sankthi award, Adoor Gopalakrishnan, K. Jayakumar