‘ആയിരം പൂർണചന്ദ്രൻമാരെ കണ്ടുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല’; ശതാഭിഷേക നിലാവിൽ സേതു

#സിറാജ് കാസിം
സേതു| ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ
സേതു| ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ

കൊച്ചി: “ആയിരം പൂർണചന്ദ്രൻമാരെ കണ്ടുവല്ലോയെന്നാണ് ശതാഭിഷേകത്തിന്റെ ആശംസകൾ നേർന്നവരെല്ലാം ചോദിക്കുന്നത്. എന്നാൽ ഇതിനിടയിൽ എത്രയോ കറുത്തരാവുകൾ വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ആയിരം പൂർണചന്ദ്രൻമാരെ കണ്ടുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല...” -84-ാം പിറന്നാൾ ദിനത്തിൽ കടുങ്ങല്ലൂരിലെ വീടിന്റെ പൂമുഖത്തിരുന്ന് സംസാരിക്കുമ്പോൾ സേതു അല്പം താത്ത്വികമായിട്ടാണ് ശതാഭിഷേകത്തെ വരച്ചിട്ടത്. രാഷ്ട്രീയമായും പാരിസ്ഥിതികമായും സാമൂഹികമായും സാഹിത്യപരമായുമൊക്കെ ആ ജീവിതത്തിന്റെ നിലപാടുകൾ എന്തായിരുന്നുവെന്നതിന്റെ അടയാളങ്ങൾ കൂടിയായിരുന്നു ആ വാക്കുകൾ. ആഘോഷങ്ങളൊന്നുമില്ലാതെ ലളിതമായി 84-ാം പിറന്നാളിനെ സ്വീകരിച്ച പകലിൽ, സേതു വിവിധ വിഷയങ്ങളിലെ നിലപാടുകളും ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച് ‘മാതൃഭൂമി’യുമായി സംസാരിക്കുന്നു.

പടവുകളിലെ തിരിഞ്ഞുനോട്ടം
പണ്ടൊക്കെ ഷഷ്ടിപൂർത്തിയായിരുന്നു ഒരാളുടെ ജീവിതത്തിലെ നാഴികക്കല്ലായ ഒരാഘോഷം. പിന്നീടത് സപ്തതിയും അശീതിയുമൊക്കെയായി വളർന്ന് ഇപ്പോൾ നവതിയും പിന്നിട്ടിരിക്കുന്നു. ഇതിനിടയിൽ 84-ാം പിറന്നാളിനെ ശതാഭിഷേകമെന്ന് വാഴ്ത്തി ചിലർ ആഘോഷിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഓരോ പ്രായവും ഓരോ പടവുകളാണ്. അത് പിന്നിടുന്ന നേരത്ത് അല്പനേരം ആ പടവുകളിൽ നിന്ന് ഞാൻ തിരിഞ്ഞുനോക്കാറുണ്ട്. ജീവിതത്തിൽ തിരിഞ്ഞുനോട്ടം വേണ്ടെന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നെങ്കിലും ചില കാര്യങ്ങളും ചില നേരങ്ങളും നമ്മളെ തിരിഞ്ഞുനോക്കാൻ നിർബന്ധിതമാക്കും.

സാരല്യ, എല്ലാം ശരിയാകും
എന്റെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച വ്യക്തി എന്റെ അമ്മയാണ്. പഴയ പത്താംക്ലാസുകാരിയായ അമ്മ നന്നായി വായിച്ചിരുന്ന ആളാണ്. എന്നെ വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയത് അമ്മയാണ്. അമ്മ എപ്പോഴും പറയുന്ന ഒന്നായിരുന്നു ‘സാരല്യ, എല്ലാം ശരിയാകും’ എന്ന ആശ്വാസവചനം. ബാങ്കിങ് മേഖലയിൽ വലിയ ഉത്തരവാദിത്വങ്ങളുടെ ലോകത്ത് എത്തുമ്പോഴും ഈ വാചകമായിരുന്നു എന്റെ മാനേജ്‌മെന്റ് ഗുരു. ഔദ്യോഗികജീവിതത്തിലും എഴുത്തുജീവിതത്തിലും കുടുംബജീവിതത്തിലുമൊക്കെ ഈ വാചകം തന്നെയായിരുന്നു ഞാൻ പിന്തുടർന്നത്.

കേരളം എന്താണ് ഇങ്ങനെ
‘പാണ്ഡവപുരം’ ഉൾപ്പെടെയുള്ള എന്റെ പ്രധാന കൃതികളിലെല്ലാം സ്ത്രീയുടെ ആന്തരിക ലോകവും അവളുടെ കാമനാസംഘർഷങ്ങളുമായിരുന്നു പ്രധാനം. എന്നാൽ ഇന്നും കേരളത്തിൽ മണ്ണും പെണ്ണുമാണ് നമ്മുടെ മൃദുവായ ഇരകൾ. കേരളത്തിൽ ഇപ്പോഴും സ്ത്രീകൾക്ക് ഏതുനേരത്തും സ്വതന്ത്രമായി ഇറങ്ങിനടക്കാവുന്ന അവസ്ഥയുണ്ടെന്ന് ഉറപ്പ് പറയാനാകുമോ. കഴിഞ്ഞദിവസവും കൊച്ചിയിൽ കമന്റടി ചോദ്യംചെയ്ത സ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവമുണ്ടായി. അതുപോലെതന്നെയാണ് പാരിസ്ഥിതിക രംഗത്ത് നമ്മൾ ഇപ്പോഴും പുലർത്തുന്ന അശ്രദ്ധയും നിസ്സംഗതയും. മണ്ണും പെണ്ണും ഇപ്പോഴും കേരളത്തിന്റെ മൃദുവായ ഇരകളായി തുടരുന്നതിൽ വലിയ സങ്കടമുണ്ട്.

കൃഷി എന്ന രാഷ്ട്രീയം
എന്റെ രാഷ്ട്രീയം എന്താണെന്ന് ചോദിച്ചാൽ അത് ഒരിക്കലും കക്ഷിരാഷ്ട്രീയത്തിന്റെ അടയാളങ്ങളല്ല. ബാങ്കിങ് ജോലിയിൽനിന്ന് വിരമിച്ച് നാട്ടിൽ തിരിച്ചെത്തിയപ്പോൾ കൃഷിയായിരുന്നു എന്റെ ലോകം. വെണ്ടയും വഴുതനയും ചീരയും പയറും കോളിഫ്ളവറും കാബേജുമൊക്കെ ഞാൻ എന്റെ വീടിന്റെ പറമ്പിൽ കൃഷിചെയ്തിരുന്നു. ഞാൻ വിളയിച്ച കോളിഫ്ളവറും കാബേജുമൊക്കെ കഴിച്ചപ്പോഴാണ് സത്യത്തിൽ ഇതാണല്ലേ യഥാർഥ രുചിയെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അതുവരെ രാസവളം ഉപയോഗിച്ചുള്ള കൃഷിയിൽനിന്നുള്ള വിളകളല്ലേ ഞാൻ കഴിച്ചിരുന്നത്. ജൈവ പച്ചക്കറി എന്ന ആശയം ഞാൻ എന്റെ വീട്ടുപറമ്പിൽ യാഥാർഥ്യമാക്കിയപ്പോൾ സത്യത്തിൽ അതായിരുന്നു ഞാൻ മുന്നോട്ടുവെച്ച എന്റെ രാഷ്ട്രീയം.

വാട്സാപ്പും ഫെയ്‌സ്ബുക്കും 
ജീവിതത്തിലും എഴുത്തിലുമൊക്കെ നമ്മുടെ പിന്നാലെയെത്തുന്നവർ നമ്മളെ തള്ളിക്കൊണ്ടിരിക്കും. അത് ലോകത്തിന്റെ ക്രമവും യാഥാർഥ്യവുമാണ്. ഇതിനിടയിലും എഴുതാനും ജീവിക്കാനും ശ്രമിക്കുന്നതാണ് പ്രധാനം. ഞാൻ എഴുതുന്നത് അത് വായിക്കാൻ ലോകത്തെവിടെയോ, ആരൊക്കെയോ ഉണ്ടെന്ന വിശ്വാസത്തിലാണ്. അടുത്ത ഓണപ്പതിപ്പിലേക്ക് രചന ചോദിച്ച് കഴിഞ്ഞ ദിവസവും വിളിയെത്തിയത് ആ വിശ്വാസത്തെ അടിവരയിടുന്നു. അതുപോലെ തന്നെയാണ് ജീവിതത്തിലെ ഓരോ അപ്‌ഡേറ്റുകളും. വാട്സാപ്പും ഫെയ്‌സ്ബുക്കുമൊക്കെ അങ്ങനെയാണ് ഞാൻ കാണുന്നത്. കഴിഞ്ഞ 30 വർഷത്തിലേറെയായി കടലാസിന് പകരം കംപ്യൂട്ടറിൽ എഴുതിക്കൊണ്ടിരിക്കുന്ന ഞാൻ, എനിക്ക് സാധിക്കുന്നത്ര അപ്‌ഡേറ്റാകേണ്ടേ!

Content Highlights: Reflections on aging and life's milestones at 84., The influence of his mother on his writing and career management., Concerns regarding the safety of women and environmental neglect in Kerala., Organic farming as a form of personal and social politics., Adapting to the digital age while maintaining literary relevance.