എം.ടി.യുടെ സ്വപ്‌നത്തിന് മിഴിവുനല്‍കാന്‍ പരിശ്രമിക്കും- വൈശാഖന്‍

തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട കഥാകൃത്ത് വൈശാഖന്‍ സംസാരിക്കുന്നു
സഹോദരതുല്യനായി കണ്ട എം.ടി.വാസുദേവന്‍ നായരുടെ പിന്‍ഗാമിയായി തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്തു തോന്നുന്നു?
ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ട്രസ്റ്റ് യോഗത്തില്‍ ഞാന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. സന്തോഷമുണ്ട് പക്ഷേ എം.ടി.യെ കുറിച്ചോര്‍ക്കുമ്പോള്‍ ഏറെ ദുഃഖവുമുണ്ട്.
പുതിയ ചുമതലയില്‍ എന്തെല്ലാമാണ് പ്രതീക്ഷകള്‍?
എം.ടി.യുടെ ഓര്‍മ്മയില്‍ വിജയകരമായി മുന്നോട്ടു പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എം.ടി.യുടെ സ്വപ്നമാണ് തുഞ്ചന്‍ പറമ്പിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. എം.ടി.യുടെ സ്വപ്നത്തിന് പൂര്‍ണമായ മിഴിവ് നല്‍കാന്‍ ഞാന്‍ തുഞ്ചന്‍ ട്രസ്റ്റ് അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നു ആത്മാര്‍ഥമായി പരിശ്രമിക്കും.
തുഞ്ചന്‍ പറമ്പുമായുള്ള ബന്ധം തുടങ്ങിയിട്ട് എത്ര കാലമായി?
കഴിഞ്ഞ 25 വര്‍ഷമായി തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗമായി എം.ടി.വാസുദേവന്‍ നായര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. അദ്ദേഹവുമായി വളരെ നല്ല സൗഹൃദം മരണം വരെ കാത്തുസൂക്ഷിച്ചു. ട്രസ്റ്റ് അംഗം ആകുന്നതിന് മുന്‍പും തുഞ്ചന്‍ പറമ്പിലെത്താറുണ്ടായിരുന്നു.
തുഞ്ചന്‍ പറമ്പില്‍ താങ്കളുടെ നേതൃത്വത്തില്‍ ഇനിയെന്തെല്ലാം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു?
ഭാഷയുടെയും സാഹിത്യത്തിന്റെയും പുരോഗതിക്കായി പൊതു ജനങ്ങളിലും തുഞ്ചന്‍ പറമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ട്രസ്റ്റ് പരിശ്രമിക്കും.
അടുത്ത പ്രധാന പൊതു പരിപാടിയെന്താണ്?
പ്രണാമം എം.ടി.എന്ന പേരില്‍ എം.ടിയുടെ ഓര്‍മ്മകളുമായി ഫെബ്രുവരി 27, 28, 29 മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളില്‍ തുഞ്ചന്‍ ഉത്സവം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.ഇത് ജനകീയ പങ്കാളിത്തത്തോടെ വന്‍ വിജയമാക്കാനാണ് ആദ്യ പരിശ്രമം.
എം.ടി.യുമായി സൗഹൃദം തുടങ്ങിയത് എപ്പോള്‍?
മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് തന്റെ 23-ാം വയസില്‍ സീതാന്വേഷണം എന്ന കഥ എം.ടി.ക്ക് അയച്ചു. അത് മടക്കി ഒരു ഇന്‍ലാന്‍ഡ് മുഴുവനായി എനിക്ക് അദ്ദേഹം കത്തയച്ചു. എന്റെ കഥയെ നിരൂപണം ചെയ്യുക മാത്രമല്ല കഥയെഴുത്തിന്റെ ചില മര്‍മ്മങ്ങള്‍ അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. ആ കത്ത് ഇന്നും എന്റെ കൈവശമുണ്ട്.മലയാളത്തില്‍ ഒരു കഥാകൃത്താകാനുള്ള അടിസ്ഥാന കാരണം എം.ടി. വാസുദേവന്‍ നായരാണ്. എം.ടി.യുടെ ഓര്‍മ്മ മാത്രമാണ് എന്റെ ഊര്‍ജ്ജവും ധൈര്യവും.കൂടാതെ എം.ടി.യുടെ നേതൃത്വത്തില്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി.നന്ദകുമാര്‍ എം.എല്‍.എ, ട്രസ്റ്റ് അംഗങ്ങള്‍, ട്രസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് ഇതേ വരെ പ്രവര്‍ത്തിച്ചത്.ഈ ആത്മധൈര്യം കൈവിടാതെ ഇനിയും മുന്നോട്ടു പോകും.
വൈശാഖന്‍ എന്ന കഥാകൃത്തിന്റെ വളര്‍ച്ചയെ കുറിച്ച്?
1969 ലാണ് വൈശാഖന്‍ എന്ന തൂലികാനാമം സ്വീകരിച്ചത്.ഈ തൂലികാനാമത്തില്‍ നിഴല്‍ യുദ്ധം എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നു. എം.ടി. എന്നെ നിര്‍ത്താതെ പ്രോത്സാഹിപ്പിച്ചു അതെനിക്ക് എഴുതി തെളിയാന്‍ ആവേശം പകര്‍ന്നു.
സാഹിത്യ അക്കാദമിയില്‍ എം.ടിക്കൊപ്പം പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങള്‍ പങ്കുവെക്കാമോ?
എം.ടി. സാഹിത്യ അക്കാദമി അധ്യക്ഷനായ കാലത്ത് ഞാന്‍ അക്കാദമി ഭരണ സമിതി അംഗമായിരുന്നു. കേരളത്തില്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലെ എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ട് അക്കാലത്ത് സാഹിത്യ അക്കാദമിയില്‍ അതിഗംഭീരമായി എം.ടി. സാഹിത്യോത്സവം നടത്തി. മഹാശ്വേതാദേവി, ശിവശങ്കരി ,ഇന്ദിരാ ഗോസ്വാമി, നിര്‍മ്മല്‍ വര്‍മ്മ എന്നിവരെയെല്ലാം എം.ടി. സാഹിത്യോത്സവത്തില്‍ അതിഥികളായി കൊണ്ടുവന്നു. ഇവരെയെല്ലാം തുഞ്ചന്‍ ഉത്സവത്തിനും എം.ടി. കൊണ്ടുവന്നു.
അവസാനമായി താങ്കള്‍ എം.ടി.യെ കണ്ടത് എപ്പോഴാണ്?
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം എം.ടി. എനിക്ക് സമ്മാനിച്ചപ്പോള്‍. സാമ്പത്തിക ശേഷിയില്ലാത്ത നന്നായി പഠിക്കുന്ന കുട്ടിയുടെ പേര് നിര്‍ദ്ദേശിക്കാനും അന്ന് എം.ടി.എന്നോടാവശ്യപ്പെട്ടു, ഞാന്‍ നല്‍കി. കുട്ടിക്ക് 15,000 രൂപ അവാര്‍ഡും നല്‍കി. ആ ദിനം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.
Content Highlights: Vaisakhan speaks about succeeding M.T. Vasudevan Nair as chairman of Thunchan Trust