'മലയാള നോവൽ സാഹിത്യത്തെ പിടിച്ചു കുലുക്കുന്ന ഒന്നായിരുന്നു ആ ഫയലിൽ, ചരിത്രനിർമ്മിതിക്ക് സാക്ഷി...'

ഇന്ന് മലയാളത്തിൽ എഴുതിക്കൊണ്ടിരിക്കുന്ന എം.ടി മുതൽ പുതുതലമുറക്കാർ വരെ കണ്ടിട്ടുള്ള അക്ഷരമാണ് എസ്.ജയചന്ദ്രൻ നായരുടേത്. ആ കത്തുകൾ അത്ര ദീർഘമായിരുന്നിരിക്കില്ല.
പ്രിയ സുഹൃത്തെ, കഥ / കവിത / ലേഖനം കിട്ടി. ഉടൻ പ്രസിദ്ധീകരിക്കും. നന്ദി. അല്ലെങ്കിൽ, കഥ / കവിത / നോവൽ / അയച്ചതിന് നന്ദി. ചെറിയൊരു പ്രതിഫലം ഇതോടൊപ്പം... ഇങ്ങനെയൊക്കെയാവും ആ കത്തുകളുടെ രത്‌നച്ചുരുക്കം. അത് സർഗ്ഗാത്മകമായൊരു ഉണർവ്വാണ് എഴുത്തുകാർക്ക് നൽകിയത്.
1970 കളുടെ തിളച്ചുമറിയുന്ന രാഷ്ട്രീയാന്തരീക്ഷത്തിലാണ് കലാ കൗമുദി വാരിക പ്രസിദ്ധീകരണമാരംഭിക്കുന്നത്. അതിനു മുമ്പ് രണ്ടു ദശാബ്ദങ്ങളുടെ സമ്പന്നമായ പത്രപ്രവർത്തന പാരമ്പര്യത്തിന്റെ ഉടമയായിരുന്നു ജയചന്ദ്രൻ നായർ. തിരുവനന്തപുരത്ത് കൗമുദി വാരികയിൽ തുടങ്ങി, കൊല്ലത്ത് മലയാളരാജ്യത്തിലൂടെ കടന്ന് തിരിച്ച് പേട്ടയിൽ കൗമുദിയിലെത്തിയ അക്ഷരചക്രമാണ് എസ്.ജെയുടേത്. ആ യാത്രയ്ക്കുശേഷമാണ് കലാകൗമുദി വാരികയുടെ പിറവിയിൽ സഹസഞ്ചാരിയാകുന്നത്. കേരളകൗമുദി പത്രാധിപരായിരുന്ന എം.എസ് മണിയുടെ ഉന്മേഷകരമായ മാധ്യമ മനസ്സാണ് അങ്ങനെയൊരു വാരികയുടെ ജന്മകാരണം.
ചിലത് സംഭവിക്കാതെ വയ്യ. അന്നത്തെ കേരളീയ രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ- സാംസ്ക്കാരിക അന്തരീക്ഷത്തിൽ കലാകൗമുദി ചരിത്രപരമായ അനിവാര്യതയായിരുന്നു. അതിന്റെ ചുക്കാൻ എം.എസ്. മണി ജയചന്ദ്രൻ നായകരെ ഏല്പിച്ചത് മാധ്യമ ചരിത്രത്തിലെ മറ്റൊരു അനിവാര്യത.
മലയാളിയെ ആധുനികവല്ക്കരിച്ചതിൽ കലാകൗമുദി വലിയ പങ്കുവഹിച്ചു. മലയാളത്തിൽ മാതൃകയില്ലാത്ത വഴിയിലൂടെ സഞ്ചരിക്കാനാണ് ആ വാരിക ശ്രമിച്ചത്. അത് ഫലം കണ്ടു എന്നത് മലയാള പത്രപ്രവർത്തനത്തിലെ നേർചിത്രം. കഠിനമായ ജീവിതപ്പാതയാണ് എസ് ജയചന്ദ്രൻ നായർ നടന്നു തീർത്തത്. വലിയ അക്ഷരപൈതൃകകമോ മാധ്യമപൈതൃകമോ അവകാശപ്പെടാനില്ലാത്ത ഒരു യുവാവ്, വാക്കാണ് സത്യം എന്നു വിശ്വസിച്ചു നടത്തിയ ഒരു യാത്ര. അതാണ് എസ്.ജെയുടെ ജീവിതം. പുസ്തകങ്ങളുടെ മണമുള്ള രാപ്പകലുകൾ നൽകിയ കരുത്തായിരുന്നു ആകെ കൈമുതൽ. പിന്നെ സർഗ്ഗശേഷിയെയും മാനുഷികതയെയും നന്മയെയും തിരിച്ചറിയാനുള്ള ഒരു മനസ്സും.
ആർട്ടിസ്റ്റ് നമ്പൂതിരിക്കും എം.പി.നാരായണപിള്ളയ്ക്കും ഒ.വി. വിജയനും എം.ടിയ്ക്കും എം.കൃഷ്ണൻ നായർക്കും വി.കെ.എന്നിനും മാധവിക്കുട്ടിക്കും മലയാറ്റൂരിനും ഒ.എൻ.വിക്കും ബാലചന്ദ്രൻ ചുള്ളിക്കാടിനുമെല്ലാം പ്രിയപ്പെട്ട എഡിറ്ററായി എസ്.ജെ വളർന്നു. അതിനുകാരണം ഒന്നു മാത്രം, ആത്മാർത്ഥത. പുതിയ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും അദ്ദേഹം വഴികാട്ടിയായി. വാക്കുകള്‍ വസന്തങ്ങളെ സൃഷ്ടിക്കുമെന്നു കരുതിയ പല തലമുറകള്‍ മലയാളത്തിലുണ്ടായി.
ആദ്യമായി ഒരു കവിത പ്രസിദ്ധീകരണത്തിനു നൽകാനെത്തുന്ന ഒരു തരുണകവിയോടു പോലും ആദരവോടെ മാത്രമേ ജയചന്ദ്രൻ നായരിലെ പത്രാധിപർ പെരുമാറൂ. അതുകൊണ്ടാണ് 'ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കവികളുള്ള സംസ്ഥാനമായി കേരളത്തെ ജയചന്ദ്രന്‍ മാറ്റു'മെന്ന് അയ്യപ്പപ്പണിക്കര്‍ ഫലിതത്തിന്റെ അകമ്പടിയില്‍ പറഞ്ഞത്. കാലം പലവഴി മാറ്റങ്ങൾക്കും സാക്ഷിയാകും. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട കലാകൗമുദിക്കാലത്തിനു ശേഷം സമകാലിക മലയാളം വാരികയുടെ തുടക്ക പത്രാധിപരും എസ്.ജെ ആയിരുന്നു. അതിന് കാരണഭൂതനായത് എം.പി നാരായണ പിള്ള എന്ന പ്രിയപ്പെട്ടവരുടെ നാണപ്പൻ.
മലയാളത്തിൽ പലതലമുറകളെ അക്ഷരക്കടവു കടക്കാൻ നട്ടെല്ലുപാലം തീർത്തുകൊടുത്ത പത്രാധിപരാണ് ജയചന്ദ്രൻ നായർ. താൻ ഇല്ലായിരുന്നെങ്കിലും അതൊക്കെ സംഭവിക്കുമായിരുന്നു, ഞാൻ കേവലം നിമിത്തം എന്നു പറഞ്ഞ് മൗനിയാകും അരവിന്ദന്റെ ഈ ആത്മമിത്രം. അതുകൊണ്ടാണ് നെടുമുടി വേണു, ജയൻ സാർ ഒരു സ്നേഹവലയമായിരുന്നിട്ടും, സിനിമയുടെ പ്രലോഭനമായിരുന്നു ഞാൻ പേട്ട വിട്ട് മദിരാശിക്കു പോകാന്‍ കാരണം.
എസ്. ജയചന്ദ്രന്‍ നായരുമായി സി. അനൂപ് നടത്തിയ അഭിമുഖം. 2022 ഏപ്രിലില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. അദ്ദേഹം അന്തരിച്ചതിനെത്തുടര്‍ന്ന് പുനഃപ്രസിദ്ധീകരിക്കുന്നത്.
?കുട്ടിക്കാലം, മാതാപിതാക്കൾ, സാമൂഹ്യാന്തരീക്ഷം, ഇതൊക്കെ എങ്ങനെ ഓർത്തെടുക്കുന്നു
എത്രയോ വർഷങ്ങൾ. ഒരു പുരുഷായുസ്സ് പൂർത്തിയായി. ആനന്ദമോ വ്യസനമോ ഇല്ല. സമതലത്തിലെത്തിയിരിക്കുന്നു. ഇനി? നല്ലൊരു ബാല്യകാലം ഉണ്ടായിട്ടില്ല. പരിമിതവരുമാനമുള്ള ഉദ്യോഗസ്ഥയായ (മുനിസിപ്പൽ കോർപ്പറേഷന്റെ മിഡ് വൈഫ് ) അമ്മ. ആറു പെൺമക്കൾ. ആൺകുട്ടിയായി ഞാൻ. ഓർക്കുമ്പോൾ എത്ര മായ്ച്ചാലും മായാത്ത ഒരു സങ്കടം അവശേഷിക്കുന്നു. അച്ഛായെന്ന് അച്ഛനെ വിളിക്കാനോ അച്ഛന്റെ തലോടൽ അനുഭവിക്കാനോ കഴിയാതെപോയ കറുത്ത ബാല്യം. അമ്മയായിരുന്നു എനിക്ക് എല്ലാം.
?പഠനം, സ്കൂളും കോളജും, എഴുത്തിന്റെ ആരംഭം
ശരാശരിക്കാരൻ. ജോലിക്കുവേണ്ടി പഠിത്തം. മറ്റെന്തെങ്കിലും മോഹിക്കാനുള്ള കുടുംബാന്തരീക്ഷം ഇല്ലായിരുന്നു. ദുരിതങ്ങൾ. മനഃക്ലേശങ്ങൾ. അതിനിടയിൽ, പുസ്തകങ്ങൾ ഒരു ദൈവദൂതിയെപോലെ വന്നു് എന്നെ അനുഗ്രഹിച്ചു. എന്റെ വരണ്ട ജീവിതത്തെ പ്രതീക്ഷകളുടെ നനവുള്ളതാക്കിയതായിരുന്നു അത്. സ്റ്റുഡന്റ്സ് ഫെഡറേഷനും കമ്മ്യൂണിസ്റ്റ് പാർട്ടിയും. ആ മഹാസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു ചെറുപ്പകാലമെങ്കിലും അവർ വാഗ്ദാനം ചെയ്ത യാതൊന്നും എന്നെ പ്രലോഭിപ്പിച്ചില്ല. അതിനേക്കാൾ മോഹനമായിട്ടുള്ളതായിരുന്നു എന്റെ വായന, എന്റെ പുസ്തകങ്ങൾ. തിരിഞ്ഞുനോക്കുമ്പോൾ വിസ്മയം. എങ്ങനെ അത് സംഭവിച്ചു? വീട്ടിനടുത്തുള്ള ഗ്രന്ഥശാലയിൽ നിന്ന് തുടങ്ങുന്നതായിരുന്നു അത്. സ്കൂളിലും കോളേജിലും നിന്ന് മടങ്ങിവന്ന് സന്ധ്യവരെ ചെലവഴിക്കാൻ മാത്രമല്ല, മനസ്സിന് സ്വാസ്ഥ്യം നൽകുന്നതായിരുന്നു വീടിനടുത്ത ഗ്രന്ഥശാലയും അവിടത്തെ പുസ്തകങ്ങളും. പതുക്കെ അതെന്നെ എഴുത്തിലേക്ക് കൊണ്ടുചെന്നു. ഇന്റർ മീഡിയേറ്റ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ ചെറുകഥാമത്സരങ്ങൾക്ക് സമ്മാനം ആവർത്തിച്ച് കിട്ടിയപ്പോൾ ലോകം കീഴടക്കാൻ സാധിക്കുമെന്ന വിചാരം. ചെറുപ്പത്തിന്റെ വ്യാമോഹം.
?സഹപാഠികൾ, സുഹൃത്തുക്കൾ അവരുമായൊക്കെ സൂക്ഷിച്ച ബന്ധം
കോളേജിൽ പഠിക്കുമ്പോൾ നോട്ടുബുക്കുകൾ വാങ്ങിത്തന്ന് എന്നെ സഹായിച്ചിരുന്നു ചില സുഹൃത്തുക്കള്‍. ആർ ബാലകൃഷ്ണ പിള്ളയ്ക്ക് പുറമേ എ.കെ. ആന്റണിയുമായി മാത്രമാണ് എനിക്ക് അന്ന് പരിചയം. മറ്റുള്ളവരെല്ലാം ഇടതുപക്ഷക്കാർ.
?കൗമുദിയിലെത്തിയതെങ്ങനെ
ചരിത്രമായിരുന്നു എന്റെ ഐച്ഛികവിഷയം. കോളേജ് പഠനം പൂർത്തിയായപ്പോൾ ആദ്യം ശ്രമിച്ചത് കോർപ്പറേഷനിൽ ഒരു ജോലിയായിരുന്നു. അമ്മയായിരുന്നു അതിനുപിന്നിൽ. എന്നാൽ അതിനിടയിൽ ഞാൻ ആരെയും അറിയിക്കാതെ കൗമുദിയിലെത്തിച്ചേർന്നു. ആ സാഹചര്യത്തില്‍, പത്രപ്രവര്‍ത്തനമാണ് മോക്ഷമാര്‍ഗ്ഗമെന്ന് തീരുമാനിച്ചതിനോട് ആരും യോജിച്ചില്ല. അതിലുള്ള പ്രതിഷേധവും നീരസവും രേഖപ്പെടുത്താന്‍ മൂന്നാല് ദിവസം അമ്മ ഉപവസിക്കുകപോലും ചെയ്തു. എങ്കിലും സി.എന്‍. ശ്രീകണ്ഠന്‍നായരുമായി ഉണ്ടായ അടുപ്പം, എന്നെ കെ. ബാലകൃഷ്ണനിലെത്തിച്ചു. എല്ലാ അര്‍ത്ഥത്തിലും എന്റെ ജീവിതം അതില്‍ നിന്നാണ് തുടങ്ങുന്നത്. അത് ആഴത്തില്‍ സ്വാധീനിച്ചതിനു പുറമെ ജീവിതത്തോടുള്ള എന്റെ സമീപനത്തെയും മാറ്റി മറിച്ചു. തുച്ഛമായ വേതനം. എന്നാൽ അതു നൽകിയ സ്വാതന്ത്ര്യം, അത് നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറായില്ല.
?കെ. ബാലകൃഷ്ണനോടൊപ്പം
കൗമുദി ദിനപത്രവും കൗമുദി വാരികയും എന്റെ ലോകമായി. എത്രയെത്ര രാത്രികള്‍. പത്രപ്രവര്‍ത്തന ജീവിതത്തെ സ്വയംവരിച്ചത്. വീഴ്ചയായില്ലെന്ന വിശ്വാസത്തെ അന്നത്തെ അനുഭവങ്ങള്‍ ദൃഢമാക്കി. ഒരു പക്ഷേ, പത്രപ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഉറയ്ക്കാന്‍ സ്വാധീനിച്ച മറ്റൊന്ന് ആഴമുള്ള ബന്ധങ്ങളായിരുന്നു. ഊഷ്മളമായിരുന്നു അക്കാലത്തെ ബന്ധങ്ങള്‍. - ബാലയണ്ണനും, സി. എന്നും, വിജയരാഘവനും കെ.സി.എസ്. മണിയും, ജി. വേണുഗോപാലും - ഒരുപാട് ഓര്‍മ്മകളുണ്ട് അക്കാലത്തെപ്പറ്റി.
കൗമുദിയിൽ ചേർന്ന് അധികനാൾ പിന്നിടും മുമ്പ് വിമോചന സമരം തുടങ്ങി. അതിൽ പങ്കാളിയായ ആർഎസ്‌പിക്കാരായിരുന്നു കൗമുദിക്കാർ. പക്ഷേ ഞാൻ അതിൽ നിന്ന് ഒഴിഞ്ഞു നിന്നു നിശബ്ദനായി. അതിനിടയിൽ വലിയതുറയിൽ നടന്ന വെടിവയ്പ്പിൽ ഫ്ലോറി എന്ന് മത്സ്യബന്ധന സ്ത്രീ കൊല്ലപ്പെട്ടു. മരിച്ചുകിടക്കുന്ന ആ പാവം അമ്മയുടെ ഫോട്ടോ കൗമുദി പ്രസിദ്ധീകരിച്ചു. (പിന്നീട് വിമോചന സമരത്തിന്റെ പ്രതീകമായി മാറിയതായിരുന്നു നിസ്സഹായയായ ആ സ്ത്രീയുടെ ജീവനറ്റ ശരീരം) അതുമായി ബന്ധപ്പെട്ടു നടന്ന ലാത്തിചാർജ് റിപ്പോർട്ട് ചെയ്യാൻ നിയോഗിക്കപ്പെട്ട എന്നെ ഉലയ്ക്കുകയും മാനസികമായി തകർക്കുകയും ചെയ്തതായിരുന്നു നിരായുധരായ ഏതാനും പേരെ റോഡിൽ തടഞ്ഞു നിർത്തി അടിച്ചോടിച്ച സംഭവം. പോലീസിന്റെ അതിക്രൂരമായ വേട്ട ഒഴിവാക്കി പ്രക്ഷോഭങ്ങളെ എന്തുകൊണ്ട് കൈകാര്യം ചെയ്യുന്നില്ല? ഒഴിവാക്കാവുന്നതാണ് ഹിംസ. എന്നാൽ അധികാരത്തിന് എതിരെ നിലനിൽപ്പില്ലെന്ന് വൈകിയാണ് ഞാൻ തിരിച്ചറിയുന്നത്.
ദിനപത്രമെന്ന നിലയ്ക്ക് കൗമുദിക്ക് കാലുറപ്പിക്കാനായില്ല. സാമ്പത്തികമായ പ്രയാസത്തിൽ പെട്ട അതിന് ഒടുവിൽ പ്രസിദ്ധീകരണം നിർത്തേണ്ടി വന്നു. ദുഃഖകരമായ ആ പരിസമാപ്തിയിൽ പങ്കാളിയാവാതെ മലയാളരാജ്യം ദിനപ്പത്രത്തിൽ ജോലിയായി കൊല്ലത്തേക്ക് ഞാന്‍ പോയി.
കൗമുദിയില്‍ നിന്നും മലയാളരാജ്യത്തിലെത്തുമ്പോഴേക്കും പറക്കമുറ്റിയിരുന്നു. ഒറ്റയ്ക്ക് പറക്കാനുള്ള പ്രാപ്തി. എന്നാല്‍ കൊല്ലത്തോട് വിടപറഞ്ഞ് കേരളകൗമുദിയില്‍ ചേരാനെത്തുമ്പോള്‍ പഴയതെല്ലാം തകര്‍ന്നിരുന്നു.
?കെ. ബാലകൃഷ്ണനെപ്പോലെയുള്ള ഒരു ജീനിയസ്സിനെ എങ്ങനെ ഓർത്തെടുക്കും
എല്ലാ അർത്ഥത്തിലും ഐതിഹാസികമായ ജീവിതം നയിച്ച് മരണത്തിലേക്ക് നടന്നുപോയ കെ ബാലകൃഷ്ണൻ എരിഞ്ഞുതീർന്ന അഗ്നിപർവതമായിരുന്നു. പത്രപ്രവർത്തനത്തിൽ കാലുറപ്പിക്കാൻ അദ്ദേഹം എനിക്ക് വഴികാട്ടിയായി. അദ്ദേഹം സ്ഥാപിച്ച കൗമുദിവാരികയിലൂടെ എല്ലാ അർത്ഥത്തിലും മലയാളസാഹിത്യത്തിലെ ആധുനികതയുടെഘട്ടം അടയാളപ്പെട്ടു. പിൽക്കാലത്ത് പ്രശസ്തരായ കവികളും കലാകാരന്മാരും അതിലൂടെ വളർന്നു വലുതായി.
രാത്രി പത്തുമണിയോടെ ദിനപത്രത്തിന്റെ ജോലി പൂർത്തിയാവുന്നു. പിന്നീട് നേരം വെളുക്കുവോളം ജിന്നിന്റെ ഗന്ധം നിറഞ്ഞ നീലരാവുകൾ. വിക്രമന്‍ ചേട്ടൻ ഉൾപ്പെടെ (പ്രമുഖ അഭിനേതാവായ പി.കെ. വിക്രമൻ നായർ) നിരവധിപേരുടെ സാന്നിധ്യത്തിൽ ടോൾസ്റ്റോയിയുടെ റിസറക്ഷനിൽ നിന്നുള്ള ഏതാനും അദ്ധ്യായങ്ങൾ ഓർമ്മയിൽ നിന്ന് ബാലയണ്ണൻ ചൊല്ലുന്നത് കാലം ഒരുപാടായെങ്കിലും എനിക്ക് മറക്കാനാവുന്നില്ല. സൈഗാളിനെ പോലെ പാട്ടുപാടാനും മണിക്കൂറോളം സദസ്സിനെ മുൾമുനയിൽ നിർത്താനുമുള്ള വാഗ്മികതയും മൂർച്ചയേറിയ തൂലികയും സർവോപരി മനുഷ്യസ്നേഹവും കൊണ്ട് അനുഗ്രഹീതനായ ആ മനുഷ്യൻ എല്ലാം നശിച്ച് സ്നേഹിതന്മാരാലും ബന്ധുജനങ്ങളാലും ഉപേക്ഷിക്കപ്പെട്ടു. ഒടുവിൽ അദ്ദേഹത്തെ ഞാൻ കാണുമ്പോൾ ഒരുനേരത്തെ മുറുക്കാൻ (വെറ്റിലയും പാക്കും പുകയിലയും) വാങ്ങാനുള്ള പണത്തിനുവേണ്ടി മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടേണ്ടി വന്ന അവസ്ഥയിലായിരുന്നു. മദ്യപാനം മാത്രമായിരുന്നു അതിന് കാരണമായതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഭദ്രമായ കുടുംബജീവിതത്തിന്റെ അഭാവം കൂടി അതിനു വഴിവച്ചിരുന്നു.
?സി.എൻ. ശ്രീകണ്ഠൻ നായർ തുടങ്ങി മറ്റ് മുതിർന്ന പത്രപ്രവർത്തകരെക്കുറിച്ചുള്ള ഓര്‍മ്മ
കഥാകൃത്ത് എന്ന നിലയിൽ പ്രശസ്തനായിരുന്ന സി.എന്‍. ശ്രീകണ്ഠൻ നായർക്ക് പത്രപ്രവർത്തനം ഒരു ഇടത്താവളം മാത്രമായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ അദ്ദേഹം അതിലും ചതിക്കുഴികൾ പെട്ടെന്ന് തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തെ താമസത്തിനിടയിൽ നാടകവേദിയുമായി ബന്ധപ്പെട്ടു. സാവധാനം സാംസ്കാരിക ജീവിതത്തിന്റെ നടുത്തളത്തിലെത്തുകയും ചെയ്തു. കൗമുദി വിട്ട് കുറച്ചുകാലം സർക്കാർ ഉദ്യോഗസ്ഥനായി സി.എന്‍. പ്രവർത്തിച്ചു. അതിലും അദ്ദേഹം ഉറച്ചു നിന്നില്ല. ദേശബന്ധു എന്ന പേരിൽ പുതിയ ഒരു വാരികയുടെ പത്രാധിപരായി കോട്ടയത്തേക്കു താമസം മാറുകയും പിന്നീട് എറണാകുളത്തേക്ക് വാസം ഉറപ്പിക്കുകയും ചെയ്തു. പിന്നീടു് മലയാള നാടക പ്രസ്ഥാനത്തിന് പുതിയ പരിപ്രേക്ഷ്യം സംഭാവന ചെയ്ത മൂന്നു നാടകങ്ങൾ രചിച്ച് സമകാലികർക്കിടയിൽ അത്യുന്നതനായി അദ്ദേഹം നിലകൊണ്ടു. സ്നേഹത്തിന്റെ അർത്ഥമായിരുന്നു ശ്രീകണ്ഠൻ നായർ.
?പത്രപ്രവർത്തകനാകാനുള്ള നിശ്ചയം, പത്രപ്രവർത്തനത്തിന്റെ ആദ്യദിനങ്ങൾ, വ്യക്തികൾ
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കെ.ജി. ശങ്കർ ആരംഭിച്ച മലയാളരാജ്യം ദിനപത്രം (അദ്ദേഹത്തിന്റെ അകാലമരണം പൊതുജീവിതത്തിൽ ഉണ്ടാക്കിയ നഷ്ടം ചെറുതല്ല) യാഥാസ്ഥിതികമായിരുന്നെങ്കിലും വ്യക്തിപരമായ നിലയിൽ രാഷ്ട്രീയമായ ലക്ഷ്യങ്ങളൊന്നും അവർക്കുണ്ടായിരുന്നില്ല. നായർ സമുദായത്തിന്റെ ജിഹ്വയാവുക എന്നതായിരുന്നു അവരുടെ മോഹം. അതിന്റെ ഭാഗമായി, എൻ എസ് എസിന്റെ മഹാസമ്മേളനം റിപ്പോർട്ട് ചെയ്യാൻ അവർ സവിശേഷ താൽപര്യമെടുത്തു. “ഭാരത കേസരി” എന്ന് വിശേഷിപ്പിക്കപ്പെട്ട മന്നത്തു പത്മനാഭനെ സന്ദർശിച്ചു ദീർഘമായ ഇന്റർവ്യൂ നടത്താൻ ഞാൻ നിയോഗിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനെതിരെ വിജയകരമായി യുദ്ധം നടത്തിയ നേതാവാണ് താനെന്ന് അദ്ദേഹം അഹങ്കരിച്ചില്ല. നായരുടെ അർഹമായ അവകാശങ്ങൾക്കായാണു് താനും എൻഎസ്എസും പോരാടുന്നതെന്ന് വിശ്വസിക്കുക മാത്രമല്ല തന്റെ ജീവിതവ്രതമാണ് അതെന്ന് അദ്ദേഹം വിശ്വസിച്ചു. വിനയത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായാണ് അദ്ദേഹത്തെ സന്ദർശിച്ച് ദീർഘമായി സംസാരിച്ച എനിക്ക് അനുഭവപ്പെട്ടത്.
?കൊല്ലത്ത് മലയാളരാജ്യത്തിലെത്തിയ കാലം
മലയാളരാജ്യത്തിലെ നാലുവർഷങ്ങൾ അനുഭവങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. എംപി ആയിരുന്ന വി പി നായർ രാഷ്ട്രീയജീവിതത്തോട് വിടപറഞ്ഞു കേരളശബ്ദം വാരിക തുടങ്ങിയിരുന്നു അപ്പോൾ. വൈക്കം ചന്ദ്രശേഖരൻനായർ പത്രാധിപരായ ജനയുഗം, എസ് കെ നായരുടെ മലയാളനാട് - ഈ പ്രസിദ്ധീകരണങ്ങൾക്കിടയിൽ ചിത്രമാസിക മലയാളരാജ്യം എന്നപേരില്‍ ഒരു വാരിക പ്രസിദ്ധീകരിച്ചിരുന്നു. ഫാക്ടിന്റെ മാനേജിംഗ് ഡയറക്ടർ ആയിരുന്ന എം.കെ.കെ. നായർ കുട്ടികൾക്കുവേണ്ടി എഴുതിയ രാമായണകഥ മലയാളരാജ്യം പ്രസിദ്ധീകരിച്ചു. അതുവഴിയാണ് അദ്ദേഹവുമായി ഞാൻ ബന്ധപ്പെടുന്നത്. ആകസ്മികമായി സംഭവിച്ച ആ പരിചയപ്പെടൽ ദൃഢമായ സ്നേഹമായി വളർന്നു. ആരെയും കൈ അയച്ചു സഹായിക്കുന്ന എം.കെ.കെ. യുടെ ഹൃദയം നിറഞ്ഞ തലോടൽ അനുഭവിക്കാത്തവർ ചുരുക്കമായിരുന്നു. സ്വാഭാവികമായി അസൂയാലുക്കൾ അദ്ദേഹത്തെ നശിപ്പിക്കാൻ പല പദ്ധതികളും നടപ്പാക്കി. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന ആ നല്ല മനുഷ്യന്റെ ജീവിതകഥ ആരോടും പരിഭവമില്ലാതെ എന്ന ശീർഷകത്തിൽ പിൽക്കാലത്ത് കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചത് വളരെയേറെ പ്രശംസയ്ക്ക് പാത്രമായി.
മലയാളരാജ്യം പത്രാധിപസമിതി അംഗമായി ജോലി ചെയ്യുന്നതിനിടയിൽ നിയമസഭാനടപടികൾ ഞാൻ റിപ്പോർട്ട് ചെയ്യുമായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ താമസിക്കാൻ അത് സൗകര്യമായി. പകലെന്നോ രാത്രിയെന്നോ നോക്കാതെ ജോലി ശീലമാക്കിയ എനിക്ക് അതിനോട് പൊരുത്തപ്പെടാൻ ഒട്ടും വിഷമമുണ്ടായില്ല. ആയിടെ മാനേജരായി നിയമിക്കപ്പെട്ട ഒരാൾ ഓഫീസ് വൃത്തിയാക്കുന്നതിന്റെ ഭാഗമായി എഡിറ്റോറിയൽ മുറിയിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങൾ എടുത്തു വിറ്റു. യാതൊരു ഭയവും ഇല്ലാതെയായിരുന്നു ആ പ്രവർത്തി. കെജിഎസ് സ്വന്തം വരുമാനം ഉപയോഗിച്ച് വിലയ്ക്കുവാങ്ങിയവയായിരുന്നു അത്. അതിൽ രണ്ടു മൂന്നെണ്ണം ഇപ്പോഴും എന്റെ കൈവശമുണ്ട്.
?കേരളകൗമുദിയിലേക്ക്
കേരളകൗമുദി അസിസ്റ്റന്റ് എഡിറ്ററായിരുന്ന ജി. ഗോവിന്ദപ്പിള്ളയിൽ നിന്ന് ഒരു കാർഡ് കിട്ടിയത് എന്റെ ജീവിതത്തെ മാറ്റിമറിച്ചു. മന്ത്രിയായ ടി.കെ. ദിവാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായി എന്‍. രാമചന്ദ്രൻ പോയ ഒഴിവിലേക്കുള്ള ക്ഷണമായിരുന്നു അത്. കാർഡ് കിട്ടിയ ദിവസം തന്നെ ഞാൻ തിരുവനന്തപുരത്തെത്തി. അതിനുമുമ്പ് രാജിക്കത്ത് എഴുതി, മലയാളരാജ്യം എംഡിയെ ഏൽപ്പിച്ചെങ്കിലും അത് സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. പൊടുന്നനെ വിട്ടുപോകാൻ അനുവദിക്കുകയില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ ഞാൻ അതിനോട് യോജിച്ചില്ല. ശമ്പളം കൂടുതൽ ചോദിക്കുമ്പോഴെല്ലാം ഒഴിഞ്ഞുമാറുന്ന മാനേജ്മെന്റിന് എന്നോട് കർശനമായി പെരുമാറാനുള്ള ധാർമിക അവകാശമില്ലെന്ന് ഞാൻ വ്യക്തമാക്കി. അവരുടെ അനുമതിയില്ലാതെ തന്നെ തിരുവനന്തപുരത്തെത്തി ഗോവിന്ദപിള്ളസാറിനെ കണ്ടു. അപ്പോഴാണ് തന്റെ നിസ്സഹായാവസ്ഥ അദ്ദേഹം എന്നെ അറിയിക്കുന്നത്. നിരവധി ജൂനിയർ എഡിറ്റർമാർ പ്രമോഷൻ കാത്തു കഴിയുമ്പോൾ അവരെ മറികടന്നു് സീനിയർ പോസ്റ്റിൽ എന്നെ നിയമിക്കുന്നതിനെ എല്ലാവരും എതിർത്തു. കേരളകൗമുദിയുമില്ല മലയാള രാജ്യവുമില്ല എന്ന സ്ഥിതിയിലായി ഞാൻ. ഒടുവിൽ സബ് എഡിറ്ററായി കേരളകൗമുദിയിൽ ചേരാൻ ഞാൻ സന്നദ്ധനായി.
?ആ വിട്ടുവീഴ്ച വേണ്ടിയിരുന്നില്ല എന്നു പിന്നീടെപ്പോഴെങ്കിലും തോന്നിയിരുന്നോ
തിരുവനന്തപുരത്തെ വീട്ടിൽ താമസിക്കാനുള്ള സൗകര്യമായിരുന്നു അത്തരമൊരു വിട്ടുവീഴ്ചയ്ക്ക് എന്നെ പ്രേരിപ്പിച്ചത്. ഇതിനിടയിൽ രസകരമായ ഒരു സംഭവമുണ്ടായി. നായന്മാരായ എഡിറ്റർമാരെ അപഹരിക്കുകയാണ് ഈഴവപത്രമായ കേരളകൗമുദി ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് കെ. സുകുമാരന് മലയാളരാജ്യത്തിന്റെ ഉടമസ്ഥർ കത്തെഴുതി. തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 90% ജീവനക്കാരും നായന്മാരാണെന്നും അവരെയൊന്നും ഞാൻ തട്ടിയെടുത്തതല്ലെന്നും സ്വമേധയാ ജോലിക്കു വന്നവരാണെന്നും പത്രാധിപർ എഴുതിയ മറുപടി കത്ത് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചു. ചായക്കോപ്പയിലെ കൊടുങ്കാറ്റായി അത് ഒടുവിൽ അവസാനിച്ചു.
?പത്രാധിപർ കെ.സുകുമാരനുമായുള്ള സന്തോഷകരമായ അനുഭവങ്ങള്‍
കേരളകൗമുദി പത്രാധിപസമിതി അംഗമായി കുറച്ചുകാലം നിയമസഭാനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും എനിക്ക് കിട്ടിയിരുന്നു. അതിനേക്കാള്‍ നിറഞ്ഞ സന്തോഷം തോന്നുന്നത്, ആഴ്ചയില്‍ ഒന്നിരാടം മുഖപ്രസംഗങ്ങള്‍ എഴുതാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടതിലായിരുന്നു. രാവിലെ പത്തുമണിയോടെ പത്രാധിപര്‍ എത്തും. മുഖപ്രസംഗവിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്തുറപ്പിക്കും. മുഖപ്രസംഗമെഴുതി കമ്പോസ് ചെയ്ത് പ്രൂഫ് കോപ്പി പത്രാധിപരുടെ വായനക്കായി കൊടുക്കുന്നു. അത് വായിച്ച്, തിരുത്തുമ്പോള്‍ പലപ്പോഴും തന്റെ അഭിപ്രായം, അദ്ദേഹം അതില്‍ രേഖപ്പെടുത്താറുണ്ട്. മിക്കപ്പോഴും ഞാനെഴുതുന്ന കുറിപ്പുകളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതിനുവേണ്ടി ഞാന്‍ വിശാലമായ വായനകള്‍ നടത്തിയിരുന്നു. പല രാത്രികളും ചെലവിട്ടത് പല തരത്തിലുള്ള പുസ്തകങ്ങളുമായിട്ടായിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍, യൂണിവേഴ്സിറ്റി ലൈബ്രറിയും യുഎസ് ഇന്‍ഫര്‍മേഷന്‍ ലൈബ്രറിയും ഞാന്‍ സ്ഥിരമായി സന്ദര്‍ശിച്ചിരുന്നു. അമേരിക്കന്‍ വിരുദ്ധപ്രകടനത്തിന്റെ ഭാഗമായി, ആ ലൈബ്രറി ഒരു സംഘം കൈയേറി നശിപ്പിച്ചു. അതൊരു നികത്താനാവാത്ത നഷ്ടമായിപ്പോയി. ആ ലൈബ്രറിയിലൂടെ അമേരിക്കന്‍ സാഹിത്യത്തിലെ സ്റ്റൈന്‍ബക്കും ഹെമിംങ്‌വേയും ഓനീലും - അങ്ങനെ എത്രയെത്ര എഴുത്തുകാര്‍ എന്റെ സ്നേഹിതന്മാരായി. പുസ്തകങ്ങള്‍ വാങ്ങുന്നത് പതുക്കെയെങ്കിലും എന്റെ ഒരു ശീലമായി. നല്ലൊരു പുസ്തകം ഷോപ്പില്‍ കണ്ടാല്‍ അതു സ്വന്തമാക്കാന്‍ ഞാന്‍ ഒരുപാട് വിഷമിച്ചിട്ടുണ്ട്. അത്തരം ധൂര്‍ത്തിനുള്ള വരുമാനം എനിക്കില്ലായിരുന്നു. എങ്കിലും പുസ്തകങ്ങള്‍ സ്വന്തമാക്കിയിരുന്നു.
?കണ്ടുമുട്ടിയതും ഇടപെട്ടതുമായ മഹാരഥന്മാരെക്കുറിച്ചുള്ള ഓര്‍മ്മകള്‍
സ്വന്തം നിലയില്‍ പ്രശസ്തിനേടിയ നല്ലൊരു ടീമായിരുന്നു അന്നു് കേരളകൗമുദിയില്‍ ഉണ്ടായിരുന്നത്. ‘ഇനി ഞാനുറങ്ങട്ടെ’ എന്ന നോവലിലൂടെ പ്രശസ്തനായ പ്രമുഖ നിരൂപകനായ പി.കെ. ബാലകൃഷ്ണന്‍, ആര്‍.എസ്.പി. നേതാവായ കെ. വിജയരാഘവന്‍ ആദ്യം സിറ്റി റിപ്പോര്‍ട്ടറായിരുന്നു. പിന്നീടാണ് ഡസ്കിലെത്തുന്നത്. നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അദ്ദേഹം അസാധാരണ മികവു പ്രകടിപ്പിച്ചിരുന്നു. സഭാനടപടികള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ അദ്ദേഹം റിപ്പോര്‍ട്ടു ചെയ്തു. നിയമസഭാ സമ്മേളനകാലത്ത്, കേരളകൗമുദിയില്‍ രണ്ടു പേജുകള്‍ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനായി നീക്കിവച്ചിരുന്നു. അതുകൊണ്ടു തന്നെ സഭയിലെ പ്രസംഗങ്ങള്‍ അതില്‍ അച്ചടിച്ചു വരാന്‍ മന്ത്രിമാരടക്കം എം.എല്‍.എമാര്‍ സവിശേഷ താല്പര്യം പ്രദര്‍ശിപ്പിച്ചു. ജസ്റ്റിസ് മുള്ളാ കമ്മിഷന്റെ സ്ഥാപനത്തിന് വഴി തെളിയിച്ചതതായിരുന്നു, സി.പി.ഐക്കാരായ സഹമന്ത്രിമാരെ പ്രതികളാക്കി മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നടത്തിയ ആരോപണങ്ങള്‍! അവ ഒന്നൊന്നായി കീറി മുറിച്ച് എഴുതി, മന്ത്രി ടി.വി. തോമസ് നിയമസഭയില്‍ നടത്തിയ പ്രസംഗം അതിപ്രസിദ്ധമായിരുന്നു. ഇരു കൈകളും ഉയര്‍ത്തി, ചങ്ങലയ്ക്കും ഭ്രാന്തുപിടിച്ചാല്‍ എന്തുചെയ്യുമെന്ന ടി.വിയുടെ ചോദ്യവും ഡല്‍ഹിയില്‍നിന്ന് വിളിച്ചുകൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കിയ നമ്പൂതിരിയില്‍നിന്ന് ഇത്ര ഹീനമായ പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്ന് എം.എസ്. ഗോവിന്ദന്‍നായര്‍ വേദനയോടെ സംസാരിച്ചതും രാഷ്ട്രീയ ചരിത്രമായിരുന്നു.
കൂട്ടത്തില്‍ ഒന്നുരണ്ടു കാര്യം. കേരളകൗമുദി പത്രാധിപര്‍ കെ. സുകുമാരന്റെ സ്നേഹിതനായിരുന്ന ടി.വി. തോമസ്. ചില രാത്രികളില്‍ ഒരുമിച്ചിരുന്ന് സംസാരിക്കാനായി അദ്ദേഹം പത്രാധിപരുടെ പേട്ടയിലെ വസതിയിലെത്തുമായിരുന്നു. പ്ലേയേഴ്സ് സിഗരറ്റായിരുന്നു അദ്ദേത്തിന് ഇഷ്ടം. ഒരു പ്രാവശ്യം ഏതാനും സിഗരറ്റുകളുടെ കൂട്, മടങ്ങുമ്പോള്‍ അദ്ദേഹം എടുക്കാന്‍ മറന്നു. അടുത്തദിവസം രാത്രിയില്‍ ഓഫീസില്‍ വന്നപ്പോള്‍ ആ സിഗരറ്റ് പായ്ക്കറ്റുകള്‍ പത്രാധിപര്‍ എനിക്കു നല്കി. അക്കാലത്ത് ഞാനൊരു പുകവലിക്കാരനായിരുന്നു. പനാമ, പ്ലേയേഴ്സ്, വില്‍സ് (കൂട്ടത്തില്‍ ബീഡി) ഒടുവില്‍ അതെന്നെ എംഫിസീമക്കാരനാക്കി. അങ്ങനെ പുകവലിയോട് വിടപറഞ്ഞു. എങ്കിലും, ഈ വാര്‍ദ്ധക്യകാലത്തും പുകവലിക്കാന്‍ തോന്നാറുണ്ട്. ഒറ്റയ്ക്കിരുന്ന പുകവലിക്കുമ്പോള്‍ കിട്ടുന്ന മാനസികമായ സ്വാസ്ഥ്യം തോന്നലായിരിക്കാം.
മന്ത്രിപദവും, പാര്‍ട്ടി സെക്രട്ടറി സ്ഥാനവുമെല്ലാം അവസാനിപ്പിച്ച് എം.എന്‍. ഗോവിന്ദന്‍ നായര്‍ വിശ്രമജീവിതം നയിച്ചിരുന്നത്, പട്ടത്തുള്ള എന്റെ വീടിനടുത്തായിരുന്നു. ചില ദിവസങ്ങളില്‍ പ്രഭാതത്തില്‍ നടക്കാനിറങ്ങുമ്പോള്‍ ഏതാനും കടലാസുകളുമായി അദ്ദേഹം വരുമായിരുന്നു. ചൂടുള്ള ഒരു കപ്പ് ചായ കുടിച്ചുകൊണ്ട്, ആ കടലാസുകള്‍ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം പറയുമായിരുന്നു.
?അന്നത്തെ പത്രപ്രവര്‍ത്തകരുടെ വരുമാനം ജീവിക്കാന്‍ തികയുന്നതായിരുന്നോ
കേരളകൗമുദിയിലെ ജോലിസമയം വ്യത്യസ്തമായിരുന്നു. വര്‍ക്കിംഗ് ജേര്‍ണലിസ്റ്റുകളുടെ ജോലിസമയം ആറു മണിക്കൂറായി നിശ്ചയിച്ചിരുന്നു. അതിനനുസരിച്ച് ആഴ്ചയില്‍ മൂന്നുദിവസം എല്ലാപേര്‍ക്കും അത് സൗകര്യപ്രദമായി. ഞാനാകട്ടെ ആഴ്ചയില്‍ മൂന്നു ദിവസമെന്നതിനു പകരം അഞ്ചുദിവസം ജോലി ചെയ്തു. രണ്ടുദിവസം ശമ്പളത്തെക്കാള്‍ കൂടുതല്‍ പണം കിട്ടുമായിരുന്നു. സാമ്പത്തികമായ ക്ലേശങ്ങള്‍ അഭിമുഖീകരിക്കാന്‍ അത് എനിക്ക് സഹായമായി. പ്രതിമാസം 45 രൂപ(മൂന്നുമാസം പിന്നിട്ടപ്പോള്‍ അത് 100 രൂപയാക്കി)യില്‍ തുടങ്ങിയതാണ് എന്റെ പത്രപ്രവര്‍ത്തന ജീവിതം. ബാങ്ക് നിക്ഷേപങ്ങളില്ലാതെ പ്രയാസപ്പെട്ടെങ്കിലും രണ്ടറ്റം മുട്ടിച്ച കുടുംബജീവിതം. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍, ഒട്ടും നിരാശ തോന്നാറില്ല. ജീവിതമെന്ന പാലം കടക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യം തോന്നാറുണ്ട്.
?ആ കാലങ്ങളില്‍ ചെയ്ത പ്രധാന റിപ്പോര്‍ട്ടുകള്‍
അക്കാലത്ത്, വസന്തത്തിന്റെ ഇടിമുഴക്കം എന്ന ശീര്‍ഷകത്തില്‍ കേരളകൗമുദിയുടെ എഡിറ്റോറിയല്‍ പേജില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. കല്‍ക്കത്തയില്‍നിന്ന് നക്സലൈറ്റ് കാറ്റ് അടിച്ചുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ചാരു മജുംദാറും കനു സന്യാലും സൃഷ്ടിച്ച പുതിയ വഴിയിലൂടെ സഞ്ചരിക്കാന്‍ കല്‍ക്കത്തയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ തയാറായി. സമര്‍ത്ഥന്മാരായിരുന്നു അവരെല്ലാം. ആ സംഭവത്തെപ്പറ്റി മേരിടെയ്‌ലറെഴുതിയ ഒരു പുസ്തകം വായിച്ചത് ഞാനിപ്പോഴും ഓര്‍മ്മിക്കാറുണ്ട്. നഗരത്തെ വളയുന്നതിന്റെ ഭാഗമായി കൊള്ളപ്പലിശക്കാരേയും ക്രൂരന്മാരായ ഭൂവുടമകളേയും വെട്ടിക്കൊല്ലാന്‍ തുടങ്ങിയ പരിപാടിയുടെ ഭാഗമായാണ് കിളിമാനൂര്‍ കൊലപാതകം നടന്നത്. തലവെട്ടിമാറ്റിയ പോറ്റിയുടെയും ബന്ധുക്കളുടെയും ചിത്രങ്ങളായിരുന്നു പ്രസിദ്ധീകരിക്കാന്‍ ഏല്പിച്ചത്. പ്രശ്നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ഒരു റിപ്പോര്‍ട്ട് വിജയരാഘവന്‍ എഴുതി. അതൊരു ഞായറാഴ്ച ആയിരുന്നു. അന്നത്തെ ദിനപത്രത്തിന്റെ ചാര്‍ജ്ജ് എനിക്കായിരുന്നു. ആ ചിത്രങ്ങള്‍, പത്രത്തിന്റെ ഒന്നാംപേജില്‍ പ്രസിദ്ധീകരിക്കുന്നത് വായനക്കാരോടുള്ള ക്രൂരതയായിരിക്കുമെന്ന എന്റെ തോന്നല്‍ പത്രാധിപരെ അറിയിച്ചു. യാതൊരു വിസമ്മതവും കാണിക്കാതെ ചിത്രങ്ങള്‍ പത്രത്തിന്റെ ഉള്‍പ്പേജുകളിലേക്ക് മാറ്റാന്‍ അദ്ദേഹം അനുവദിച്ചു. അടുത്ത ദിവസം പുറത്തിറങ്ങിയ ദിനപത്രങ്ങളില്‍ കേരളകൗമുദി മാത്രമാണ് അതില്‍നിന്നൊഴിഞ്ഞു നിന്നത്. മലയാള പത്രപ്രവര്‍ത്തനത്തിന്റെ ദീര്‍ഘമായ ചരിത്രത്തില്‍ അതൊരു രേഖയായി.
പുല്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ തടവിലാക്കപ്പെട്ട അജിതയെ പൂജപ്പുരയിലെ സെന്‍ട്രല്‍ ജയിലിലടച്ചു. അവരെ സന്ദര്‍ശിക്കാനെത്തുന്ന അമ്മ മന്ദാകിനിയെ പൂജപ്പുര കൊണ്ടുപോകുന്നതും സന്ധ്യയോടെ ട്രയിന്‍ കയറ്റി അയയ്ക്കുന്നതും എന്നെ ഗാഢമായി സ്പര്‍ശിച്ചു. അപ്പോഴൊക്കെ ആ മൂന്നു് അമ്മമാരെക്കുറിച്ച്-എന്റെ അമ്മ, മന്ദാകിനിയമ്മ, കലാകൗമുദിയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ച ഇഎംഎസ്സിന്റെ പത്നി- ഞാന്‍ ആലോചിച്ചിരുന്നു. അവരില്‍ കണ്ണീരില്‍ മുങ്ങി താഴ്ന്നത് അജിതയുടെ അമ്മയായിരുന്നു. പതിനാറു വയസ്സുള്ള മകളുടെ ജീവിതം പട്ടിണിക്കാരന്റെ അഭ്യുത്ഥാനത്തിനായി ഹോമിക്കാന്‍ തയാറായ ആ അമ്മ. എത്രപേരുണ്ടാകും നമ്മില്‍ അവരെപ്പോലെ ഒരാള്‍.
?പത്രപ്രവര്‍ത്തനകാലത്തു നേരിട്ട പ്രതിസന്ധികൾ
വാർത്തകളോടും സംഭവങ്ങളോടും തുറന്ന സമീപനം. അത് വ്യക്തമായത് നക്സലൈറ്റ് പ്രസ്ഥാനത്തോട് കേരളകൗമുദി അവലംബിച്ച നിലപാടായിരുന്നു. തീവ്രവിപ്ലവകാരികളുടെ കയ്യിലെത്തിയാൽ കേരളം നശിക്കുമെന്ന് വിലപിച്ച ദിനപത്രങ്ങളിൽ നിന്ന് അകന്നു നിൽക്കുക മാത്രമല്ല, തീവ്രരാഷ്ട്രീയ നിലപാടുകളുമായി യോജിക്കുകയും ചെയ്തു. അക്കാലത്ത് പുല്‍പ്പള്ളിയിൽ നടന്ന അക്രമണങ്ങളിൽ പങ്കെടുത്ത അജിതയെ പരസ്യമായി അപമാനിച്ചതിനെതിരെ വിരൽ ഉയർത്തിയ ഒരേ ഒരു പത്രമായിരുന്നു കേരളകൗമുദി. പുല്‍പ്പള്ളിയ്ക്ക് പിന്നാലെ കിളിമാനൂരിൽ നടന്ന നരഹത്യയോട് പത്രം യോജിച്ചില്ല.
?എം.എസ്. മണിയെ ആദ്യം കാണുന്നതെപ്പോഴാണ്
ഒരു കേരളകൗമുദിക്കാരനായി ഞാൻ മാറുകയായിരുന്നു. ആയിടെയാണ് എംഎസ് മണിയെ പത്രാധിപരായി നിയമിക്കുന്നത്. സ്പെഷ്യൽ കറസ്പോണ്ടന്റായി ജോലി ചെയ്തിരുന്ന അദ്ദേഹം രണ്ടുമൂന്നു കൊല്ലം ഡൽഹിയിൽ താമസിച്ച് പ്രവർത്തിച്ചിരുന്നു. പത്രാധിപരായി നിയമിതനായ എംഎസ് മണിയുമായി പെട്ടെന്നായിരുന്നു ഞാൻ അടുത്തത്. തിരുവനന്തപുരത്തുകാരുടെ പത്രം എന്ന നിലയിൽ കേരളകൗമുദി വളർന്നു. പത്രങ്ങൾക്ക് ഒറ്റ എഡിഷൻ മാത്രമുണ്ടായിരുന്ന കാലം. പ്രതിദിനം ഒരു ലക്ഷം കോപ്പി എന്നത് കേട്ടുകേൾവിയില്ലാത്ത നേട്ടമായിരുന്നു. എംഎസ് മണിയുടെ നിസ്തന്ദ്രമായ അധ്വാനമായിരുന്നു അതിനു പിന്നിൽ. സമര്‍ത്ഥനായ ഒരു ഓർക്കസ്ട്ര കണ്ടക്ടറെ പോലെ അദ്ദേഹം പ്രവർത്തിച്ചു. സാധാരണക്കാരന്റ ശബ്ദമെന്ന നിലയ്ക്ക് വിമോചന സമരത്തെ എതിർത്ത ഒരു പത്രമായിരുന്നു കേരളകൗമുദി. ഇടതു ചായ്‌വിനു പുറമേ ക്രൈസ്തവ- നായർ പ്രമാണിത്തത്തെ എതിർക്കാൻ ധീരത കാണിച്ച പത്രാധിപർ കെ. സുകുമാരന്റെ കാലടികളെ പിന്തുടരുന്നതിൽ എം.എസ്. മണി സദാ ശ്രദ്ധിച്ചു.
?വിവാദമായ വനംകൊള്ളയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളും
കേരളകൗമുദിക്കാലം മനസ്സിന്റെ ഭാഗമായതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സംഭവം പൊതു സ്വത്തപഹരണം എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച വനം കൊള്ളയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. സഹപ്രവര്‍ത്തകനായ എന്‍.ആര്‍.എസ്സ്. ബാബുവുമൊത്ത് നടത്തിയ അന്വേഷണമായിരുന്നു. സഹപ്രവര്‍ത്തകരുമായി ഗാഢബന്ധം സ്ഥാപിച്ച യുവാവായിരുന്നെങ്കിലും അസാധാരണമായ പക്വത അദ്ദേഹത്തിന് കൈവന്നിരുന്നു. അക്കാലത്ത്, പ്രധാന പത്രങ്ങള്‍ക്കൊന്നും ജില്ലാതലത്തിലുള്ള എഡിഷനുകള്‍ ഇല്ലായിരുന്നു. തിരുവനന്തപുരത്തുകാരുടെ പത്രമായിരുന്നന്നു കേരളകൗമുദി. അതിന്റെ പ്രചാരം പ്രതിദിനം ലക്ഷം പ്രതികളാക്കാനായി ഞങ്ങള്‍ കഠിനായി അദ്ധ്വാനിച്ചു. ആ ലക്ഷ്യത്തിലെത്തിയ ദിവസം, ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു.
?കാട്ടുകള്ളന്മാര്‍ എന്ന പരമ്പര സൃഷ്ടിച്ച കോളിളക്കം
ഉന്നതങ്ങളിലെ അഴിമതികൾ പുറത്തുകൊണ്ടുവരുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയത് എംഎസ് മണിയാണ്. വനസ്വത്ത് അപഹരണത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ എന്നെയും എന്‍. ആര്‍.എസ്. ബാബുവിനെയും നിയോഗിച്ചത് മലയാള പത്രപ്രവർത്തന ചരിത്രത്തിൽ നാഴികക്കല്ലായി മാറി. ആ അന്വേഷണ റിപ്പോർട്ട് ഒരു മന്ത്രിയുടെ രാജിയിൽ കലാശിച്ചു.
ആ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ട് മറ്റൊരു വിധത്തിൽ എംഎസ് മണിയുടെ പത്രാധിപത്യത്തിനും വിനയായി. അദ്ദേഹം ആ സ്ഥാനത്തുനിന്ന് ഒഴിയാൻ നിർബന്ധിതനായി. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു അതിനു പിന്നിലെന്ന് പിന്നീടാണ് പുറത്തുവന്നത്.
?അതിനുമുമ്പുണ്ടായിരുന്ന പത്രപ്രവര്‍ത്തന അനുഭവങ്ങള്‍ അല്ലെങ്കില്‍ പരിചയം
മുന്‍പ് മലയാളരാജ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ കൊല്ലം കടപ്പാക്കടയിലെ ജനയുഗം ഓഫീസില്‍ അവധി സമയത്ത് പോകുമായിരുന്നു. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ പത്രാധിപത്യത്തില്‍ ആരംഭിച്ച വാരികയിലെ തുടക്ക ലേഖനം എന്റേതായിരുന്നു. പിന്നീട് സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ കോട്ടയത്തു താമസമുറപ്പിച്ചശേഷം ആരംഭിച്ച ദേശബന്ധു വാരികയില്‍ സ്ഥിരം പംക്തി ഞാന്‍ കൈകാര്യം ചെയ്തു.
?കലാകൗമുദിയുടെ തുടക്കം
പുതിയ പ്രസിദ്ധീകരണം തുടങ്ങുന്ന ദിവസം അറിയിച്ചിട്ട് എംഎസ് മണി എന്നോട് പറഞ്ഞു:
“നിങ്ങള്‍ കൂടി വരണം.”
രണ്ടുവട്ടം എനിക്ക് അതെപ്പറ്റി ആലോചിക്കേണ്ടിയിരുന്നില്ല. മാഗസിന്‍ ജേര്‍ണലിസത്തിന്റെ എ ബി സി അറിയാമായിരുന്നില്ലെങ്കിലും കടലില്‍ ചാടാന്‍ തന്നെ തീരുമാനിച്ചു.
മാതൃഭൂമി ആഴ്ചപ്പതിപ്പ്, അന്ന് സാംസ്കാരിക ജീവിതത്തിൽ നിറദീപമായി ജ്വലിച്ചു നിൽക്കുകയായിരുന്നു. ഉറൂബിന്റെ ഉമ്മാച്ചുവും വിജയനെഴുതിയ ഖസാക്കിന്റെ ഇതിഹാസവും- അതുപോലെ പല ഒന്നാന്തരം കൃതികളും മലയാളികളുടെ അടുത്ത് എത്തിച്ച ആ വാരികയുമായാണ് മത്സരിക്കുന്നതെന്ന് തുടക്കത്തിലെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. കേരളകൗമുദി വിട്ട് പേട്ടയില്‍ നിന്ന് ആദ്യം തൈയ്ക്കാട്ടും പിന്നീട് പട്ടത്തും വാടകവീടുകളിലായിരുന്നു കലാകൗമുദി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.
കേരളകൗമുദിയിൽ എന്റെ സഹപ്രവർത്തകനായിരുന്ന ബാബുവും കലാകൗമുദിയിൽ എത്തി. രണ്ടു സഹപത്രാധിപന്മാർ. കുറച്ചു കാലങ്ങൾക്കു ശേഷം എം.എസ്. മണി കേരളകൗമുദി പത്രാധിപസ്ഥാനത്തേക്ക് മടങ്ങി. അപ്പോൾ എന്നെ കലാകൗമുദി പത്രാധിപരാക്കാനുള്ള മഹാമനസ്കത എംഎസ് മണിയും പത്രാധിപർ ഉൾപ്പെടെയുള്ള ആ സ്ഥാപനത്തിന്റെ ഉടമസ്ഥരും കാണിച്ചു. തീർത്താലും തീരാത്ത കടപ്പാട്. അതിനിടയിലാണ് ഈ മാറ്റം. ക്ലേശകരവും കഠിനവുമായ ജോലിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമായി തോന്നി. ഏതാനും ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കലാകൗമുദിയുടെ എഡിറ്റര്‍ എന്നതിനുപുറമെ, പ്രിന്ററും പബ്ലിഷറുമായി. കൂടുതല്‍ ചുമതലകള്‍.
തുടക്കത്തിൽ തന്നെ കലാകൗമുദിയെ ഒരു സാഹിത്യപ്രസിദ്ധീകരണം എന്നതിലുപരി രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവും ചർച്ചചെയ്യുന്ന ഒരു പ്രസിദ്ധീകരണമാക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു. അങ്ങനെയാണ് ഫീച്ചറുകളും സ്പെഷ്യൽ റിപ്പോർട്ടുകളും സ്ഥാനം പിടിക്കുന്നത്. അവയിൽ ഭൂരിപക്ഷവും ഞങ്ങൾതന്നെ എഴുതി ഉണ്ടാക്കി. അവ അച്ചടിച്ചുവന്നതോടെ വായനക്കാരിൽ നിന്ന് ഹാർദ്ദവമായ സ്വീകരണം ലഭിച്ചു.
ഞങ്ങള്‍ -എം.എസ്. മണിയും എന്‍.ആര്‍.എസ് ബാബുവും ഞാനും- യുദ്ധം തന്നെയായിരുന്നു നടത്തിയിരുന്നത്. വിജയിച്ചേ തീരൂ എന്നതായിരുന്നു ഞങ്ങളുടെ വാശി. സഹായിക്കാന്‍ എത്രയോപേര്‍. വിശ്വസിക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു. അപ്പോള്‍ കിട്ടിയ സഹായസഹകരണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കേരളത്തിന്റെ സാംസ്കാരിക ജീവിതം കലാകൗമുദി ദത്തെടുക്കുകയായിരുന്നു. അക്കാലത്ത് പല പ്രശസ്തരുമായും അടുപ്പം ഉണ്ടായിരുന്നു. അവരില്‍ പലരും സ്നേഹിതന്മാരുമായി.
മികച്ചതെന്ന് തോന്നുന്നതുമാത്രം പ്രസിദ്ധീകരിച്ചു. അങ്ങനെ കാലത്തിനൊപ്പം സഞ്ചരിക്കാനായത് കൊണ്ടുമാത്രമാണ്, വളരെപ്പെട്ടെന്ന് കലാകൗമുദിയെ പരിലാളിക്കാന്‍ വായനക്കാര്‍ തയാറായത്. അതുപോലെ കലാകൗമുദി തൊണ്ണൂറായിരം കോപ്പികളിലെത്തിയതും. അപ്പോള്‍ അതിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ച ഞാന്‍ പ്രിന്ററും പബ്ലിഷറുമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍, പ്രിന്റ് ഓര്‍ഡര്‍ ഒപ്പുവച്ച നിമിഷം മറക്കാനാവില്ല.
?ആ കാലത്ത് എം. ഗോവിന്ദന്റെ ഇടപെടല്‍
കലാകൗമുദിയുടെ ആദ്യകാലത്ത് എം. ഗോവിന്ദൻ ഒരുപാട് സഹായിച്ചു. എംഎസ് മണിയും ഞാനും മദ്രാസിൽ പോയി അദ്ദേഹത്തെ സന്ദർശിച്ച് ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കലാകൗമുദിയുടെ അനൗദ്യോഗിക അംബാസഡറായിരുന്നു അദ്ദേഹം. അക്കാലത്താണ് ന്യൂയോർക്കിൽ വസിക്കുന്ന ജൂതഎഴുത്തുകാരനായ ബാഷേവിസ് സിംഗറുടെ കഥകൾ കണ്ടെടുത്ത് ഭാര്യയെക്കൊണ്ട് വിവർത്തനം ചെയ്യിച്ച് കലാകൗമുദിക്ക് അദ്ദേഹം അയച്ചു തന്നത്. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ബാഷേവിസ് സിംഗറിന് ലഭിക്കുമെന്ന് ഗോവിന്ദൻ പ്രവചിച്ചത് പിന്നീട് യാഥാർത്ഥ്യമായി. മദ്രാസിലെ കണ്ണിമേറ ലൈബ്രറി എന്ന പ്രശസ്തമായ വിജ്ഞാനകേന്ദ്രത്തിന്റെ മറ്റൊരു പതിപ്പായിരുന്നു ഗോവിന്ദൻ.
കഥാകൃത്തായ ഇ.വി. ശ്രീധരനും, ചിന്ത രവിയെന്ന് അറിയപ്പെടുന്ന രവിയും കലാകൗമുദിയിലെത്തുന്നത് അദ്ദേഹത്തിലൂടെയായിരുന്നു. നാഗാലാന്റ് ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സ്റ്റേറ്റുകള്‍ സന്ദര്‍ശിച്ച രവി എഴുതിയ കുറിപ്പുകള്‍ വായനക്കാരെ ആകര്‍ഷിച്ചിരുന്നു. ഇടതുപക്ഷ തീവ്രവാദക്കാരനായ രവിയെ പിടിക്കാന്‍ പോലീസ് കാത്തിരിക്കുകയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ആരെയും തടവിലാക്കുമെന്ന അവസ്ഥ. അതില്‍നിന്ന് മാറുന്നതാണ് വിവേകമെന്ന് അറിയിച്ചിരുന്നു. ഒരു പക്ഷേ, ആ മുന്നൊരുക്കമായിരിക്കണം അദ്ദേഹത്തെ രക്ഷിച്ചത്.
?കലാകൗമുദി ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നും ഒപ്പവും സഞ്ചരിക്കുകയും ചിലപ്പോഴെങ്കിലും പക്ഷം ചേരുകയും ചെയ്തു? അത് ശരിയായിരുന്നെന്ന് ഇന്നു തോന്നുന്നുണ്ടോ
തീര്‍ച്ചയായും ശരിയായിരുന്നു. സാംസ്കാരിക ജീവിതത്തില്‍ ശ്രദ്ധേയമായ ശബ്ദമായതിനു പുറമെ രാഷ്ട്രീയ കാര്യങ്ങളിലും വിശേഷിച്ച് ഇടതുപക്ഷരാഷ്ട്രീയത്തില്‍ കലാകൗമുദി നിര്‍ണ്ണായകമായ പങ്കു വഹിച്ചിരുന്നു. വിമോചന സമരം പോലുള്ള വലതുപക്ഷ പിന്തിരിപ്പന്‍ പ്രസ്ഥാനങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തിരുന്ന കേരളകൗമുദിയുടെ പാരമ്പര്യമാണ് കലാകൗമുദിയും പിന്‍പറ്റിയത്. തിരിഞ്ഞുനോക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നു. മലയാളിയുടെ ജീവിതത്തില്‍ ഇടതുപക്ഷ വിശ്വാസം ഊട്ടിഉറപ്പിക്കുന്നതില്‍ ഒരു പങ്ക് വഹിക്കാനായതില്‍.
?കലാകൗമുദിയുടെ എഡിറ്ററായി നിയമിതനായപ്പോള്‍
ബാബുവും ഞാനും പിന്നെ നെടുമുടിവേണു, കള്ളിക്കാട് രാമചന്ദ്രൻ, കെ. വേലപ്പൻ, ഇ.വി. ശ്രീധരൻ, മുരളി, കുസുമകുമാരി, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, ആര്‍.ശരത്ത്, ഭട്ടതിരി, ശശി, രാജേന്ദ്രൻ , വിജു വി. നായർ, റോയി മാത്യു, സി. അനൂപ്, ഉണ്ണികൃഷ്ണൻ, വി.ആര്‍.ജ്യോതിഷ് തുടങ്ങിയവര്‍ സ്വന്തം തൊഴിലിനോട് പ്രതിബദ്ധത പൂർണ്ണമായി നിറവേറ്റുന്നതിൽ യാതൊരു വിട്ടുവീഴ്ചയും കാണിച്ചില്ല. ആർട്ടിസ്റ്റ് നമ്പൂതിരി എത്തുന്നതിനുമുമ്പ് സെക്രട്ടറിയേറ്റിലെ നിയമ വകുപ്പ് ഉദ്യോഗസ്ഥനായ മാധവൻ നായരായിരുന്നു ചിത്രകാരൻ. ഫോട്ടോഗ്രാഫർമാരായ എൽ.എൻ. ബാലകൃഷ്ണൻ, എൻ. ശങ്കരൻകുട്ടി. കൂട്ടുപ്രവർത്തനത്തില്‍ സ്വാർത്ഥമോഹങ്ങൾ ക്കതീതമായി അക്ഷരങ്ങളെ ഞങ്ങൾ സ്നേഹിച്ചു പെട്ടെന്നായിരുന്നു കലാകൗമുദി വായനക്കാരുടെ ഉറ്റമിത്രമാവുന്നത്.
?എഴുത്തുകാരുമായുള്ള ബന്ധം
കലാകൗമുദിയെ പരിപാലിക്കേണ്ടത് സ്വന്തം ബാധ്യതയാണെന്ന് എഴുത്തുകാർ വിശ്വസിച്ചു. പലവട്ടം അക്കാര്യം എനിക്ക് നേരിട്ടറിയാൻ സാധിച്ചിരുന്നു. കലാകൗമുദിയുടെ പ്രവർത്തകർ പൂർണ്ണമായും ഇടതുപക്ഷത്തിൽ വിശ്വസിച്ചു. പാർട്ടി അംഗത്വം ഇല്ലായിരുന്നുവെങ്കിലും, യാതൊരു അതിരുകളുമില്ലാത്ത ഇടതുപക്ഷ കൂറ് കലാകൗമുദി കാണിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഭൂരിപക്ഷം കിട്ടുന്നില്ലെങ്കിൽ കേരളത്തിലെ വളർച്ച തടസ്സപ്പെടുമെന്നതിൽ ഞങ്ങൾക്ക് സംശയമില്ലായിരുന്നു. ഞാൻ ഇപ്പോഴും ഓർമിക്കുന്നുണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പ്രവചിക്കുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച അവസരം. ഊഹത്തിന്റെ അടിസ്ഥാനത്തിലല്ല. ഒരു സാമ്പിൾ സർവ്വേ നടത്തി, ചെറിയ ചെലവിൽ. മുമ്പ് ആരും അങ്ങനെ ചെയ്തിട്ടില്ല. സർവ്വേ ഫലം നൂറുശതമാനം ശരിയായി. അതിന്റെ അടിസ്ഥാനത്തിൽ അക്കൊല്ലത്തെ കെ. ബാലകൃഷ്ണൻ സ്മാരക അവാർഡ് കലാകൗമുദിയുടെ പത്രാധിപർക്കായിരുന്നു.
?കലാകൗമുദിയുടെ രാഷ്ട്ര്ീയ നിലപാടുകള്‍
കേരളത്തിലെ രാഷ്ട്രീയവും സാംസ്കാരികവുമായ അന്തരീക്ഷം ഇടത്തോട്ടു ചായ്‌വുള്ളതാണെന്ന് തിരിച്ചറിയാൻ കലാകൗമുദിയ്ക്ക് സാധിച്ചു. അതിന് അനുരോധമായി നിൽക്കുക മാത്രമല്ല അന്തരീക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്താനും പരമാവധി ഞങ്ങൾ പരിശ്രമിച്ചു. മറ്റൊരു കാര്യം, കണ്ണടച്ച് ഞാൻ ഒന്നിനെയും എതിർക്കില്ല. വിചാരങ്ങൾക്ക് ഇടം നൽകാൻ കലാകൗമുദി ഒരിക്കലും പിശുക്ക് കാണിച്ചില്ല. അതിന്റെയൊക്കെ ഫലമായി കലാകൗമുദിയിൽ പേര് അച്ചടിച്ചുവരുന്നത് അംഗീകാരത്തിന്റെ ലേബലായി കേരളം കരുതിയിരുന്നു.
രാഷ്ട്രീയ നേട്ടങ്ങൾക്കായിരുന്നില്ല, മറിച്ച് ചില വിശ്വാസങ്ങളുടെ ഉൾബലത്തിലായിരുന്നു ഞാനും കലാകൗമുദിയും വ്യക്തമായ നിലപാടെടുത്തത്. ഡൽഹിയിലെ താമസത്തിനിടയിൽ എകെജിയും മറ്റ് ഇടതുപക്ഷ നേതാക്കളുമായി എം.എസ്. മണിക്ക് നല്ല സ്നേഹബന്ധം ഉണ്ടാക്കാനായി. നേതാക്കളെന്ന നിലയിൽ പ്രശസ്തനായ സി.കെ. ഗോവിന്ദൻ നായരും എ.കെ. ആന്റണിയുമായും സൗഹൃദബന്ധമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
കോളേജ് വിദ്യാർഥിയായിരുന്നപ്പോൾ സ്റ്റുഡൻസ് ഫെഡറേഷൻകാരനായിരുന്നു അദ്ദേഹം. പൈതൃകമായി കിട്ടിയ കീഴാളസ്നേഹവും എംഎസ് മണിയുടെ രക്ഷാകവചമായി.
ഒന്നുമില്ലാത്തവന്റെ രക്ഷാമാർഗ്ഗം ഇടതുപക്ഷമാണെന്ന് ഞാൻ അടിയുറച്ചു വിശ്വസിച്ചു. കാറൽ മാർക്സിന്റെ ജീവിതദുഃഖങ്ങൾ പലപ്പോഴും ഞാൻ ഓർമിച്ചിരുന്നു. തണുപ്പുകാലത്ത് മക്കളുടെ ആഹാരത്തിനുള്ള ഉരുളക്കിഴങ്ങ് വാങ്ങാനായി ഓവർകോട്ട് വിൽക്കേണ്ടി വന്ന ഒരു പിതാവിന്റെ നിസ്സഹായത. പ്രേമവും കവിതയും വീഞ്ഞുമായി ജീവിതം ആഘോഷമാക്കിയ മാർക്സിനെ ജനിച്ച നാട്ടിൽ നിന്ന് പുറത്താക്കി. സഹധർമിണിയായ ജെന്നിയുമൊത്ത് ജർമനിയിൽനിന്ന് ബെൽജിയനിലേക്കും ഫ്രാൻസിലേക്കും ഒടുവിൽ ലണ്ടനിലുമെത്തിച്ചേർന്ന അദ്ദേഹത്തിന് അഭയമായത് ലണ്ടൻ ലൈബ്രറിയിലെ ഇരുൾ നിറഞ്ഞ പുസ്തകമുറിയായിരുന്നു. മനുഷ്യസ്നേഹത്തിന്റെ നറുംപാൽ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ആ വലിയ മനുഷ്യൻ ഒടുവിൽ രോഗിയായി വേദനതിന്ന് മരണമടഞ്ഞു. ഒപ്പം കാൻസർ രോഗം ജെന്നിയെയും അപഹരിച്ചു. അതിനു തുല്യമായി വേറെ എന്തുണ്ട് ദുഃഖം. ഈ വിചാരം എനിക്ക് വഴികാട്ടിയായിരുന്നു. രാഷ്ട്രീയ വിശ്വാസത്തിന്റെ കാര്യമല്ല, പാവപ്പെട്ട മനുഷ്യന്റെ കണ്ണീരിന്റെ വില ഇനിയും തിരിച്ചറിയുന്നില്ല.
?ഇ.എം.എസ്., അച്യുതമേനോന്‍
കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ ഞാൻ ആദരിക്കുന്നതും സ്നേഹിക്കുന്നതും ഇഎംഎസിനെയാണ്. ഒരിക്കൽപോലും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പിന്നാലെ അദ്ദേഹം പോയിട്ടില്ല. അധികാരത്തിൽ നിന്നൊഴിഞ്ഞ ശേഷം എത്രയോ പ്രാവശ്യം വീട്ടിൽ പോയി അദ്ദേഹത്തെ കണ്ടിരിക്കുന്നു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടയിൽ കലാകൗമുദിയിൽ എഴുതാൻ അദ്ദേഹം സദാ സന്നദ്ധനായി. പരിചയമോ സ്നേഹബന്ധമോ കാര്യസാധ്യത്തിനായി ഞാൻ ഉപയോഗിച്ചിട്ടേയില്ല.
ഭരണത്തില്‍ നിന്നുവിട്ടശേഷം തൃശ്ശൂരിലെ വീട്ടിൽ പോകാൻ ട്രാൻസ്പോർട്ട് ബസ് കാത്തുനിൽക്കുന്ന അച്യുതമേനോനെ പണവും പ്രതാപവും ലേശവും ആകർഷിച്ചില്ല. തന്റെ ഭരണകാലത്തുണ്ടായ രാജന്റെ വധവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദ്ദേഹം അതിക്രൂരമായി ക്രൂശിക്കപ്പെട്ടു. അതിനെപ്പറ്റി ആരാഞ്ഞതിന് മറുപടിയായി ആ സംഭവത്തിലുള്ള തന്റെ മനോവേദന സൂചിപ്പിക്കുന്ന കത്ത് അദ്ദേഹം അയച്ചുതന്നു. അത് സൂക്ഷിച്ചുവച്ചെങ്കിലും നഷ്ടപ്പെട്ടു. മടക്കി കിട്ടാൻ സാധിക്കാത്ത നഷ്ടം.
സുതാര്യതയ്ക്ക് പര്യായം ആരായുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നത് എ.കെ.ആന്റണിയുടെ നാമധേയമായിരിക്കും. മൂന്നോ നാലോ പ്രാവശ്യം മാത്രമേ ഞാന്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നുള്ളൂ. അപ്പോഴെല്ലാം ശുഭ്രവും ശുദ്ധവുമായ ആ വ്യക്തിത്വത്തില്‍ ഞാന്‍ ആകൃഷ്ടനായിരുന്നു.
എന്തുകൊണ്ടോ കെ. കരുണാകരനുമായി ബന്ധപ്പെടാൻ എനിക്കായില്ല. ഒരു പ്രാവശ്യം, പിന്നെ ഞാൻ അദ്ദേഹത്തിന്റെ നോട്ടത്തിൽ നിന്ന് മാറിനിന്നു. ഞാൻ കൂടി പങ്കാളിയായ മാധ്യമലോകത്തിന്റെ മുഖ്യബലഹീനത കാര്യങ്ങള്‍ വസ്തുനിഷ്ടമായി വിലയിരുത്താനുള്ള കഴിവില്ലായ്മയാണ്. അധികാരത്തിലെ വച്ചുകെട്ടലിൽ നാം ഭ്രമിക്കുന്നു. അപ്പോൾ കാഴ്ചയിൽപെടാതെ പോകുന്നത് യഥാർത്ഥ മുഖമാണ്. തനിനിറം തിരിച്ചറിയാതെ പോകുന്നത്, പലപ്പോഴും അപകടത്തെ ക്ഷണിച്ചുവരുത്തുന്നു.
?രണ്ടാമൂഴം പ്രസിദ്ധീകരിച്ച സമയം. അന്ന് എം.ടിയെ കണ്ടതും രണ്ടാമൂഴം കയ്യെഴുത്തു പ്രതി വാങ്ങിയതുമായ ഓർമ്മകൾ
എം.ടിയുടെ വിശ്രുത നോവലായ 'രണ്ടാംമൂഴം' കലാകൗമുദിയില്‍ അച്ചടിക്കാന്‍ സാധിച്ചത്, 'പൂര്‍വ്വജന്മസുകൃതം' കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കലാകൗമുദിയുമായി അദ്ദേഹം നേരത്തെ ബന്ധപ്പെട്ടിട്ടുണ്ട്. ഒരു കഥയ്ക്കുവേണ്ടി പലവട്ടം എം.ടി.യെ സമീപിച്ചിരുന്നുവെങ്കിലും അതെല്ലാം വിഫലമാവുകയുണ്ടായി. അപ്പോഴാണ് നോവല്‍ കാര്യം പരാമര്‍ശിക്കപ്പെട്ടത്. ഒരു ദിവസം അദ്ദേഹം ചോദിച്ചു:
‘കോഴിക്കോട്ടേക്ക് വരാമോ?’
അടുത്ത ട്രയിനില്‍ ഞാന്‍ ചെന്നു. അപ്പോള്‍ ഒരു ഫയല്‍ നല്കിയിട്ട് വായിച്ചു നോക്കൂയെന്നു പറയുമ്പോള്‍, മലയാള നോവല്‍ സാഹിത്യത്തെ പിടിച്ചുകുലുക്കുന്നതാണ് ആ ഫയലില്‍ മറഞ്ഞിരിക്കുന്നതെന്ന് സങ്കല്പിക്കുവാന്‍ പോലുമായില്ല. ഫയല്‍ ഏല്പിച്ച ശേഷം അദ്ദേഹം പറഞ്ഞു:
‘ഇതിന് ചിത്രം വരയ്ക്കുമ്പോള്‍ നമ്പൂതിരിയെ കാണണമെന്നുണ്ട്."
ആ കൈയെഴുത്തു പ്രതിയുടെ മറ്റൊരു കോപ്പിയെടുത്ത് നമ്പൂതിരിയെ ഞാന്‍ ഏല്പിച്ചു. അന്നുരാത്രി, ഹോട്ടലില്‍ തങ്ങി അത് വായിച്ചു. ആ ദിവസങ്ങള്‍ ഓര്‍മ്മിക്കുമ്പോള്‍, പലപ്പോഴും വികാരം കൊണ്ട് ശ്വാസം മുട്ടാറുണ്ട്. വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക മാത്രമല്ല, യാതൊന്നും ഇച്ഛിക്കാതെ ഇഷ്ടപ്പെട്ടവര്‍ക്ക് എല്ലാം വാരിക്കോരി കൊടുക്കുന്നതില്‍ യാതൊരു പിശുക്കും അദ്ദേഹത്തിനില്ലായിരുന്നു. ഒരു ചരിത്രനിര്‍മ്മിതിക്ക് സാക്ഷിയായതില്‍. എന്റെ സുകൃതമാണിതെന്ന് എനിക്കു തോന്നി.
മഹത്തരങ്ങളായ എത്രയോ നോവലുകള്‍ ഞാന്‍ വായിക്കുകയും ഊണിലും ഉറക്കത്തിലും ആ നോവലിലെ കഥാപാത്രങ്ങളുമായി മൗനഭാഷണം നടത്തുകയും ചെയ്തിരുന്നു. എന്നെ അക്ഷരാര്‍ത്ഥത്തില്‍ രണ്ടാംമൂഴം നിശ്ശബ്ദനാക്കി. അതെ, ഇപ്പോഴും, ആ നോവല്‍ വായിച്ചപ്പോഴുണ്ടായ അനുഭവം എന്നില്‍ ആവര്‍ത്തിക്കുന്നതുപോലെ. ആ നോവല്‍, രണ്ടാമൂഴം കലാകൗമുദിയില്‍ പ്രസിദ്ധീകരിക്കാന്‍ കൈവന്ന സൗഭാഗ്യത്തെപ്പറ്റി പലവട്ടം ഞാനെഴുതിയിട്ടുണ്ട്. അതാവര്‍ത്തിക്കുക മാത്രമാണ്. എല്ലാ അര്‍ത്ഥത്തിലും രണ്ടാമൂഴത്തിലൂടെ ഭാരതപ്പുഴയുടെ മറുകരയിലെത്താന്‍ കലാകൗമുദിക്ക് സാധിച്ചു. രണ്ടാംമൂഴം കലാകൗമുദിയെ മലയാളികളുടെ പ്രിയപ്പെട്ട പ്രസിദ്ധീകരണമാക്കി.
എല്ലാം കഴിഞ്ഞു. പ്രായമായി. ഓര്‍മ്മകള്‍ മങ്ങിത്തുടങ്ങി. അപ്പോഴും നിലനില്ക്കുന്നത് ഭദ്രാസനപ്പള്ളിപോലെ രണ്ടാമൂഴം മാത്രമാണ്.
?എം.പി. നാരായണപിള്ള - എഴുത്തിലും ജീവിതത്തിലും
മലയാള ജേര്‍ണലിസത്തില്‍ സ്വന്തമായൊരു സ്ഥാനം നേടിയ എം.പി. നാരായണപിള്ള (ഞങ്ങള്‍ക്ക് നാണപ്പന്‍) ഒറ്റപേജ് ലേഖനത്തിലൂടെ പുതിയൊരു പന്ഥാവ് നിര്‍മ്മിക്കുകയുണ്ടായി. ഡല്‍ഹിയിലും ഹോങ്കോങ്ങിലും കുറെക്കാലം പത്രപ്രവര്‍ത്തനവുമായി ജീവിച്ച ശേഷം ബോംെബയിലെത്തി നങ്കൂരം ഉറപ്പിച്ചു. നടുക്കടലില്‍ കാറ്റും മഴയും അതിജീവിച്ച് വിജയകരമായി യാത്ര അവസാനിപ്പിച്ച് തുറമുഖത്തില്‍ മടങ്ങിയെത്തി നങ്കൂരം ഉറപ്പിക്കുന്നിതു പോലെയാണ് നാണപ്പന്റെ മടങ്ങിവരവിനെ വിശേഷിപ്പിക്കേണ്ടത്. നിരവധി മികച്ച കഥകള്‍ ('കള്ളന്‍' എന്ന കഥ മറക്കാവുന്നതല്ല) രചിച്ച അദ്ദേഹം പരിണാമം എന്ന നോവല്‍ കലാകൗമുദിക്കായി എഴുതി. പത്തൊന്‍പതു അദ്ധ്യായങ്ങളില്‍ അവസാനിപ്പിക്കാനുള്ള തീരുമാനം മാറ്റി അതിനെ നൂറ് അദ്ധ്യായങ്ങളാക്കി വികസിപ്പിക്കാന്‍ നാണപ്പന് മാത്രമേ കഴിയൂ. അസാദ്ധ്യമായതെന്തും അദ്ദേഹം സാധാരണമായ ചാതുര്യത്തോടെ കൈകാര്യം ചെയ്യുന്നു.
സാമ്പത്തിക ശാസ്ത്രത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന നാണപ്പന്‍ ബോംബെയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കമ്മേഴ്സ് എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു. കാലക്രമേണ അദ്ദേഹം കലാകൗമുദിയുടെ ഭാഗമായി. കൈവിരലില്‍ എണ്ണാവുന്ന സ്നേഹിതന്മാര്‍ മാത്രമേ എനിക്കുള്ളൂ. നാണപ്പന്‍ സ്നേഹിതന്‍ എന്നതിലുപരി മറ്റെന്തോ ആയിരുന്നു.
?തകഴി, ഒ.വി.വിജയൻ
അതിനു മറുപടി പറയാന്‍ തുടങ്ങിയാല്‍ അവസാനിക്കുന്നില്ല അത്. ആ വിധം അതിവിപുലമായിരുന്ന ആ പരിചയവൃത്തം. കൂട്ടത്തില്‍ എപ്പോഴും ഞാനോര്‍ക്കുന്നതാണ് തകഴിചേട്ടനുമായുണ്ടായിരുന്ന ഊഷ്മളമായ ബന്ധം. അദ്ദേഹത്തിന്റെ ഒടുവിലത്തെ നോവലായ എരിഞ്ഞടങ്ങല്‍ കലാകൗമുദിയായിരുന്നു പ്രസിദ്ധീകരിച്ചത്. ഇ.വി. ശ്രീധരന്‍ തകഴിയില്‍പോയി താമസിച്ചായിരുന്നു ആ നോവല്‍ എഴുതിയെടുത്തത്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും തമ്മിലുള്ള ബന്ധത്തിലുപരി തകഴിച്ചേട്ടനുമായുണ്ടായിരുന്ന അടുപ്പം അത് ചേട്ടനും അനുജനും തമ്മിലുള്ളപോലെയായിരുന്നു. തകഴിയില്‍നിന്ന് തിരുവനന്തപുരത്ത് വരുന്നതിനു മുമ്പ് അദ്ദേഹം ഫോണില്‍ അറിയിക്കും ടാക്സിയ്ക്കുള്ള പണം കരുതി വയ്ക്കണമെന്ന്. അതൊരു പതിവായിരുന്നു.
തകഴി ചേട്ടനും മലയാറ്റൂരും മാധവിക്കുട്ടിയും.... അങ്ങനെ എത്രയോ എഴുത്തുകാര്‍. എല്ലാവരുമായി ദൃഢമായ സ്നേഹബന്ധമുണ്ടായിരുന്നു. മനുഷ്യന്‍ എത്ര നല്ല വാക്ക് എന്ന് അവര്‍ എന്നെ പഠിപ്പിച്ചു.
കലാകൗമുദിയുടെ ഭാഗമായി മാറിയ ഒ.വി. വിജയന്റെ അവസാനദിവസങ്ങള്‍ തേങ്ങലോടെ മാത്രമേ എനിക്കോര്‍ക്കാനാവൂ. സര്‍ഗ്ഗധനനായ എഴുത്തുകാരന്‍ എന്ന നിലയിലായിരുന്നില്ല വിജയനുമായുള്ള എന്റെ ബന്ധം. വിജയന്‍ പലപ്പോഴും സൂചിപ്പിക്കാറുള്ളതുപോലെ ആത്മീയമായിരുന്നു, വാക്കുകളുടെ ആ കുലപതിയുമായി എനിക്കുണ്ടായിരുന്ന ബന്ധം. അവസാനദിവസങ്ങളില്‍, കോട്ടയത്തു സഹോദരി ഉഷയുടെ വീട്ടില്‍ താമസിച്ചിരുന്ന വിജയന്‍, ശാരീരകമായ അവശതകളുമായി പൊരുതി വാക്കുകള്‍ നുള്ളിപ്പെറുക്കിയെടുത്ത് വികാരങ്ങളുടെ ചിത്രങ്ങള്‍ മെനഞ്ഞെടുക്കാന്‍ നടത്തിയിരുന്ന ശ്രമങ്ങള്‍ കണ്ണുനിറയാതെ ഓര്‍മ്മിക്കാനാവില്ല.
?ടി. പത്മനാഭനുമായുള്ള ഇണക്കവും പിണക്കവും
പ്രകാശം പരത്തുന്ന പെണ്‍കുട്ടിയിലൂടെ മലയാളിയുടെ സ്വപ്നലോകത്ത് നിറഞ്ഞുനില്ക്കുന്ന ടി പത്മനാഭനുമായി സൗഹൃദം സ്ഥാപിച്ചതും മറ്റൊരു നേട്ടമായിരുന്നു. കണ്ണൂരിലെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി സന്ദര്‍ശിച്ചിരുന്നു. ആലുവായില്‍ ഫാക്ടിലെ ഉദ്യോഗസ്ഥനായി താമസിച്ചിരുന്ന കാലത്ത്, കൂടെക്കൂടെ അദ്ദേഹത്തെ കാണുന്നതും പതിവായിരുന്നു. ടി. പത്മനാഭന്റെ കഥയില്ലാതെ ഒരു ഓണപ്പതിപ്പും കലാകൗമുദി പ്രസിദ്ധീകരിച്ചിട്ടില്ല. ഓണപ്പതിപ്പുകളിലും, വിശേഷാല്‍പ്പതിപ്പുകളിലും ആദ്യത്തെ കഥ അദ്ദേഹത്തിന്റേതായിരുന്നു. അതൊരു പതിവായിരുന്നു. കടുത്ത ഇഷ്ടാനിഷ്ട ബന്ധം നീരസം പ്രകടിപ്പിക്കുന്നതിന് ഒട്ടും മടിയില്ലാത്ത നിര്‍ദ്ദോഷിയായ സ്നേഹസമ്പന്നനായ സ്നേഹിതനായാണ് അദ്ദേഹം മനസ്സില്‍ നില്ക്കുന്നത്. ഹൃദയഹാരിയായ ഒരു രാഗംപോലെയുള്ള ഒരു ബന്ധം. ബാലചന്ദ്രന്‍ ചുള്ളിക്കാടും കവിതയെഴുതി സജീവമാകുന്നതു് കലാകൗമുദിയിലൂടെയായിരുന്നു.
?അരവിന്ദനും നമ്പൂതിരിയും
മലയാളിയുടെ സാംസ്കാരിക ജീവിതമെന്ന മനോഹരമായ മന്ദിരത്തിന്റെ പൂമുഖത്തു കത്തിച്ചുവച്ച കെടാവിളക്കു പോലയാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. അരവിന്ദനിലൂടെയായിരുന്നു നമ്പൂതിരിയെ പരിചയപ്പെടുന്നത്. മാതൃഭൂമിയുടെ ആര്‍ട്ടിസ്റ്റായിരുന്ന അദ്ദേഹം, സ്ഥലംമാറിയതോടെ തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. സ്ഥലം മാറ്റിയതിനാല്‍ അദ്ദേഹം വൈഷമ്യത്തിലായിരുന്നു. പിന്നീട് നാട്ടില്‍ താമസിച്ച് ചിത്രങ്ങള്‍ വരച്ച് കലാകൗമുദിക്ക് അയച്ചുതരുന്നത് പതിവായി. ശമ്പളത്തെക്കാള്‍ സ്വന്തം വീട്ടിലെ താമസത്തിനായിരുന്നു അദ്ദേഹം പ്രാധാന്യം നല്കിയത്. മാതൃഭൂമി പോലുള്ള അത്യുന്നതമായ സ്ഥാപനം വിട്ട് കലാകൗമുദിയില്‍ ചേര്‍ന്നു അദ്ദേഹം. അന്ന് തുടങ്ങിയ സ്നേഹബന്ധം ദിവസങ്ങള്‍ പിന്നിടുമ്പോഴും അത് കൂടുതല്‍ ദൃഢമായിക്കൊണ്ടിരുന്നു.
ഒടുവില്‍ പൊടുന്നനെ ഞാന്‍ കലാകൗമുദി വിട്ടപ്പോള്‍, അദ്ദേഹത്തെ അറിയിച്ചിരുന്നില്ല. വിവരം അറിഞ്ഞയുടന്‍ തന്നെ വരയ്ക്കാനുള്ള കൈയെഴുത്തുപ്രതികള്‍ എല്ലാം മടക്കിയയച്ചിട്ട്, ജയചന്ദ്രനില്ലാത്ത കലാകൗമുദിയില്‍ ഞാനെന്തു ചെയ്യാന്‍ എന്ന് അദ്ദേഹം ചോദിച്ചു. മലയാളത്തില്‍നിന്നും വിട്ട ഉടനെ, വരയ്ക്കാന്‍ സൂക്ഷിച്ചിരുന്ന കൈയെഴുത്തു പ്രതികള്‍ മടക്കി അയച്ചശേഷം നിങ്ങളില്ലാത്ത കലാകൗമുദിയും വേണ്ട മലയാളവും വേണ്ട എന്നു പറയാന്‍ ഈ ലോകത്തു ഒരേയൊരു മനുഷ്യന്‍ മാത്രമേ ഉണ്ടാവൂ. നമ്പൂതിരിയെന്ന ഈശ്വര ജന്മം.
?എം. കൃഷ്ണന്‍നായര്‍, എന്‍.വി., അങ്ങനെ വലിയ പിന്തുണയായിരുന്നല്ലോ ലഭിച്ചത്
കൃഷ്ണന്‍നായര്‍ സാറിന്റെ സാഹിത്യവാരഫലം. ഇ.വി. ശ്രീധരനായിരുന്നു കൃഷ്ണന്‍ നായര്‍ സാറിനെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ നിശിതമായ നിരീക്ഷണങ്ങള്‍, സജീവമായ ചര്‍ച്ചയ്ക്കും വിവാദത്തിനും വഴിമരുന്നിട്ടിരുന്നു. പൂച്ചെണ്ടും കല്ലേറും സ്വീകരിക്കുന്നതില്‍ ഒരിക്കലും കൃഷ്ണന്‍നായര്‍ സാറിന് വൈഷമ്യമില്ലായിരുന്നു. ആകാശം ഇടിഞ്ഞുവീണാലും തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും കാണിച്ചില്ല.
കേരളത്തിലെ മിക്കവാറും എല്ലാ എഴുത്തുകാരും കലാകൗമുദിയുമായി സഹകരിച്ചു. അങ്ങനെ ഇടയ്ക്ക് വച്ച് എം.ടി. വാസുദേവന്‍നായരും എന്‍പി മുഹമ്മദും കലാകൗമുദിയില്‍ പംക്തി കൈകാര്യം ചെയ്തിരുന്നു. അതിമനോഹരമായിരുന്നു ആ കുറിപ്പുകള്‍.
കടമ്മനിട്ടയുടെ ശാന്തയും സിഎന്റെ ലങ്കാലക്ഷ്മിയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മാപ്പുസാക്ഷി... അങ്ങനെ എത്രയെത്ര കൃതികളാണ് കലാകൗമുദിയിലൂടെ വായനക്കാരനിലെത്തിയത്. സഫലമായിരുന്നു ആ യാത്ര.
ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിരിച്ചുപോകും; സുഗതകുമാരി ടീച്ചര്‍ പറയുമായിരുന്നു:
"നിങ്ങളെ എനിക്ക് പേടിയാണ്. എന്നെ കണ്ടാലുടന്‍ നിങ്ങള്‍ ചോദിക്കും, ടീച്ചറേ കവിത."
?മാധവിക്കുട്ടി
മാധവിക്കുട്ടിയും അത്തരം പരാതിക്കാരിയായിരുന്നു. ബോംബെയില്‍ താമസിക്കുമ്പോള്‍ കത്തുകളിലൂടെ അവരെ നിരന്തരം അലോസരപ്പെടുത്തിയിരുന്നു. ഒരിക്കല്‍, ഇംഗ്ലീഷില്‍ കുത്തിക്കുറിച്ച കുറെ കടലാസുകള്‍ അയച്ചുതന്നിട്ട് അവരെഴുതി, ഇതു മാത്രമാണ് എന്റെ കൈവശമുള്ളത്. അവരുടെ ശൈലിയില്‍ ഞാനത് മലയാളത്തിലാക്കി കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചു. അതാണ് പിന്നീട് ‘രുഗ്മിണിക്കൊരു പാവക്കുട്ടി’യെന്ന പേരില്‍ പ്രശസ്തമായത്. ‘നീര്‍മാതളം പൂത്തകാല’വും അതുപോലെയാണ് എഴുതപ്പെട്ടത്. തിരുവനന്തപുരത്തു ശാസ്തമംഗലത്ത് ഒരു വാടക വീട്ടില്‍ ദാസ് ചേട്ടനും അവരും താമസിക്കുകയായിരുന്നു. എന്തെങ്കിലും അവരെക്കൊണ്ട് എഴുതിക്കലായിരുന്നു ആ സന്ദര്‍ശനോദ്ദേശ്യം. അങ്ങനെ ഒരു ദിവസം അവിടെ ചെന്നപ്പോള്‍, നീര്‍മാതളത്തിന്റെ ആദ്യ അദ്ധ്യായങ്ങള്‍ തരാനായി അവര്‍ ദാസ് ചേട്ടനെ ഏല്പിച്ചിരുന്നു. അദ്ധ്യായത്തിന് ഇരുന്നൂറ്റമ്പതു രൂപവീതം പ്രതിഫലം നല്കണമെന്ന ഡിമാന്റു മാത്രമായിരുന്നു ദാസ് ചേട്ടനുണ്ടായിരുന്നത്. അതനുസരിച്ച് എല്ലാ ആഴ്ചയിലും ഇരുന്നൂറ്റമ്പതു രൂപയുമായി ഞാന്‍ ചെല്ലുമായിരുന്നു. നീര്‍മാതളം പോലെ സ്നേഹലാവണ്യം നിറഞ്ഞ ഒരു കൃതി മാധവിക്കുട്ടി എഴുതിയിട്ടില്ലെന്നാണ് തോന്നുന്നത്.
?എം കെ കെ നായർ
ഫാക്ടിന്റെ മാനേജിങ് ഡയറക്ടർ എന്ന നിലയിലും കലാസ്വാദകൻ എന്ന നിലയിലും കേരളീയ ജീവിതത്തിൽ നിറഞ്ഞുനിന്നിരുന്ന എം കെ കെ നായർ തിരുവനന്തപുരത്ത് ശാസ്തമംഗലത്തെ വസതിയിൽ താമസിക്കുന്ന കാലത്ത് അദ്ദേഹത്തെ സന്ദർശിച്ചു. ആ സന്ദർശനം, അദ്ദേഹത്തിന്റെ ആത്മകഥാരചനയിൽ എത്തിച്ചു. ജീവിതകഥ രേഖപ്പെടുത്തി ഏൽപ്പിച്ചിട്ട് നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. “ആരോടും പരിഭവമില്ലാതെ” എന്ന ശീർഷകത്തിൽ അത് കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചു. എം കെ കെ യുമായുള്ള ഗാഢമായ ബന്ധത്തിലേക്കും നയിച്ചത് ആയിരുന്നു അത്.
?വി ടി യെക്കുറിച്ചുള്ള ഓർമ്മ
മറ്റൊരിക്കൽ നടുവേദനയ്ക്കുള്ള ചികിത്സയ്ക്കായി അരവിന്ദനുമൊത്ത് വൈദ്യമഠം വലിയ നമ്പൂതിരിയെ പോയി കണ്ടു. അവിടെനിന്ന് മടങ്ങിയപ്പോഴാണ് വി ടി ഭട്ടതിരിപ്പാടിനെ സന്ദർശിച്ചത്. വെയിലത്ത് ചെന്ന ഞങ്ങളെ എങ്ങനെ സ്വീകരിക്കണമെന്ന് അറിയാതെ അന്ധാളിച്ചു നിൽക്കുന്ന വി ടി, ഒടുവിൽ അകത്തു ചെന്ന് മോര് വെള്ളം കൊണ്ടുവന്നു. അത്തരത്തിലൊരാളെ ഞാൻ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല. വി ടി യെ കണ്ട് പരിചയപ്പെടാനായിരുന്നോ ഞാൻ ഈ മണ്ണിൽ പിറന്നത്.
?വ്യക്തിപരമായ ഓർമ്മകൾ
കോഴിക്കോടുള്ള കേരളകൗമുദിയിൽ പോയിരുന്ന കാലത്ത് നിരവധി പേരുമായി ഇടപെട്ടിരുന്നുവെങ്കിലും ബഷീറിന്റെ വീട്ടിൽ പോകുന്നത് അതിന്റെ ഭാഗമായിരുന്നു. കെ പി ആർ ഗോപാലനുമായി ഉണ്ടായ പരിചയം മറക്കാവുന്നതല്ല. കയ്യൂർ കേസിൽ പ്രതിയായി തൂക്കുകയറിൽ നിന്ന് രക്ഷപ്പെട്ട കെ പി ആര്‍, സായാഹ്നങ്ങളിൽ മുന്നറിയിപ്പൊന്നുമില്ലാതെ കേരളകൗമുദി ഓഫീസ് സന്ദർശിക്കാറുണ്ടായിരുന്നു. ചൂടുള്ള ചായ മൊത്തി കുടിച്ചുകൊണ്ട് ഉച്ചത്തിൽ ചിരിക്കുന്നത് അദ്ദേഹത്തിന്റെ പ്രകൃതമായിരുന്നു. ബസ് കൂലിയുമായി മടങ്ങിപ്പോകുന്ന കെ പി ആർ എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു.
?വ്യത്യസ്തത പരിചയപ്പെടുത്തുന്നതില്‍ ശ്രദ്ധ നല്‍കിയിരുന്നതെങ്ങനെയാണ്
സമ്പൂര്‍ണ്ണ നാടകവും ദീര്‍ഘമായ കവിതയും ഒറ്റ ലക്കത്തില്‍ പ്രസിദ്ധീകരിച്ച് കലാകൗമുദി ചരിത്രം സൃഷ്ടിച്ചു. സി.എന്‍. എഴുതിയ ലങ്കാലക്ഷ്മി ആറോ ഏഴോ ലക്കങ്ങളിലായി പ്രസിദ്ധീകരിക്കാവുന്ന അത് ഒറ്റലക്കത്തിലായി പ്രകാശിപ്പിക്കുന്നത് സാഹസമാണെന്നറിഞ്ഞുകൊണ്ട് കലൗകൗമുദി അതിനു തയാറായി.
ആധുനിക ചിത്രകലാപ്രസ്ഥാനത്തെപ്പറ്റി ഒരു ലേഖനപരമ്പര കലാകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഫ്രാന്‍സില്‍ നടന്ന ആ കലാവിപ്ലവത്തെ മലയാളികളുടെ വായനാനുഭവമാക്കിയത് പ്രൊഫസറായിരുന്ന രവിവര്‍മ്മയായിരുന്നു. അതുപോലെ കിഷോരി അമോന്‍കറേയും ഭിംസെന്‍ ജോഷിയേയും പോലുള്ള ഹിന്ദുസ്ഥാനി
സംഗീതജ്ഞരെ ഇന്റര്‍വ്യൂ ചെയ്ത് വിജു വി നായര്‍ എഴുതിയ ലേഖനങ്ങള്‍ അതുവരെ അപരിചിതമായ അത്യാകര്‍ഷകമായ മറ്റൊരു മേഖലയിലേക്ക് വാനയക്കാരെ എത്തിച്ചു.
അയ്യപ്പപ്പണിക്കര്‍ സാറുമായി അക്കാലത്തുണ്ടായിരുന്ന ബന്ധം ഹൃദ്യവും ഊഷ്മളവുമായിരുന്നു. വല്ലപ്പോഴും അദ്ദേഹത്തെ വസതിയില്‍ ചെന്നു സന്ദര്‍ശിച്ചിരുന്നു. വ്യക്തിപരമായ നിരവധി ഖേദങ്ങള്‍ക്കിടയില്‍ കുസൃതിയും ചിരിയും അദ്ദേഹം കൈവിട്ടില്ല. ചില അവസരങ്ങളില്‍ ഫോണില്‍ ബന്ധപ്പെട്ട് പറയുമായിരുന്നു:
ഒരു കവിത എഴുതിയിട്ടുണ്ട് കലാകൗമുദിയ്ക്ക് അത് സ്വീകാര്യമാകുമോ?
ആ ചോദ്യം കേള്‍ക്കുന്ന നിമിഷം ഞാനവിടെയെത്തും.
അങ്ങനെയുള്ള ഒരു സന്ദര്‍ശനവേളയിലാണ് കലാമണ്ഡലം കൃഷ്ണന്‍നായരുടെ ആത്മകഥയെപ്പറ്റി അദ്ദേഹം പറഞ്ഞത്. അതനുസരിച്ച് ഫോര്‍ട്ടിലുള്ള മാര്‍ഗി ഓഫീസില്‍ ചെന്നു. എന്നെ കാത്തിരിക്കുകയായിരുന്നു മഹാനായ ആ കലാകാരന്‍. പ്രഭാതസ്നാനത്തിനുശേഷം പുറത്ത് കടയില്‍നിന്ന് കൊണ്ടുവന്ന ചമ്മന്തിയും ദോശയും കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ആത്മകഥയുടെ കൈയെഴുത്തു പ്രതി ഏല്പിച്ചിട്ട് അദ്ദേഹം ചോദിച്ചു: ‘ഒരു ലക്കത്തിന് മുന്നൂറു രൂപ കണക്കു വച്ച് പ്രതിഫലം തരുമോ? അദ്ദേഹത്തിനറിയില്ലായിരുന്നു ആ കൈയെഴുത്തു പ്രതി അമൂല്യമായ രേഖയാണെന്ന്. കഥകളി സാമ്രാജ്യത്തിലെ കുലപതിയുമായി ബന്ധപ്പെട്ടതിലൂടെയാണ് ‘മാര്‍ഗി’യെ കലാപരിശീലന സ്ഥാപനത്തിന്റെ അധിപതിയായിരുന്ന അപ്പുക്കുട്ടന്‍ പിള്ളച്ചേട്ടനുമായി പരിചയപ്പെട്ടത്. തിരുവനന്തപുരത്തുകാരനാണെങ്കിലും എക്സിക്യൂട്ടീവ് എഞ്ചിനീയറായി റിട്ടയര്‍ ചെയ്ത ശേഷം കലാപ്രവര്‍ത്തനങ്ങളുമായി ജീവിക്കുന്ന അദ്ദേഹവുമായി ഇടപഴകാന്‍ അവസരം അതുവരെ കിട്ടിയിട്ടില്ലായിരുന്നു. അസാധാരണനായ അദ്ദേഹവുമായി അടുക്കാന്‍ സാധിച്ചത് മറ്റൊരു മഹാഭാഗ്യമായാണ് ഞാന്‍ കാണുന്നത്.
?അന്നത്തെ മാഗസില്‍ ജേര്‍ണലിസത്തില്‍ ശ്രദ്ധേയരായ കള്ളിക്കാട് രാമചന്ദ്രന്‍, കെ. വേലപ്പന്‍ അങ്ങനെ നിരവധിപേരെ വായനക്കാര്‍ മറന്നിട്ടില്ല
ന്യൂവേവ്, നിയോ റിയലിസ്റ്റ് ചലച്ചിത്രങ്ങളുടെയും സോവിയറ്റ് യൂണിയനില്‍ തളിരിട്ട പുത്തന്‍ ചലച്ചിത്രങ്ങളെയുംപറ്റി പൂനാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ച് പുറത്തിറങ്ങിയ കള്ളിക്കാട് രാമചന്ദ്രനും പുതിയ സാംസ്കാരിക പ്രവര്‍ത്തനങ്ങളെപ്പറ്റി വേലപ്പനും സ്ഥിരമായി എഴുതിയിരുന്നു. മൂവായിരം രൂപയുമായി ബിഹാറില്‍പോയി, മധുബാനി ചിത്രകലയെയും അവിടത്തെ അടിയാളപ്രസ്ഥാനത്തേയുംപറ്റി എഴുതിയ വേലപ്പനും ഡോ. കെ. എന്‍. രാജിനെയും ഡോ. വല്യത്താനേയും വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ മുരളിയും; ഞങ്ങള്‍ മുഖക്കുറിപ്പുകളെഴുതാന്‍ മണിയെ സഹായിച്ചു. രാകി രാകി മൂര്‍ച്ചകൂട്ടാറുള്ള പോലെയായിരുന്നു, വാക്കുകള്‍ ഉപയോഗിച്ചിരുന്നത്. ഭയകൗടില്യ ലോഭമില്ലാത്ത കുറിപ്പുകള്‍. ഉന്നതങ്ങളിലെ തോന്ന്യാസങ്ങള്‍ ആ കുറിപ്പുകള്‍ കണ്ടെത്തി കീറി മുറിച്ചു.
അവയൊക്കെ നല്ല മാധ്യമസ്മരണകളാണ്. അവരില്‍ കള്ളിക്കാടിന്റെയും വേലപ്പന്റെയുമൊക്കെ അകാല വിയോഗം വല്ലാതെ ദുഃഖം തന്ന അനുഭവങ്ങളാണ്.
?ബോബെയില്‍നിന്നും പ്രസിദ്ധീകരിച്ച ആദ്യ മലയാള പത്രമായിരുന്നു കലാകൗമുദി. അങ്ങനെയൊരാലോചന നാരായണപിള്ളയുടേതായിരുന്നല്ലോ
അതെ. ഗള്‍ഫ് മലയാളികള്‍ക്കു വേണ്ടി ബോംബെയില്‍നിന്ന് കലാകൗമുദി ദിനപത്രം തുടങ്ങാന്‍ നാണപ്പനായിരുന്നു പ്രേരണ. മാസത്തില്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും അതുമായി ബന്ധപ്പെട്ട് ബോംബെയില്‍ ഞാന്‍ താമസിച്ചു. കലാകൗമുദിയില്‍നിന്നും ബോംബെയിലെത്തിയ വിജു വി. നായരുടെ ചുമതലയിലായിരുന്നു ആ ദിനപത്രം.
?ആത്മസംഘര്‍മുണ്ടാക്കിയ അന്നത്തെ ഓര്‍മ്മകള്‍
നിങ്ങള്‍ ചോദിച്ചത് ശരിയാണ്. കലാകൗമുദിക്കാലം ആഹ്ലാദം തന്നതുപോലെ വേദനകളും തന്നിരുന്നു. എന്തിന് അതൊക്കെ വീണ്ടും ഓര്‍മ്മിക്കുന്നില്ല. പോയതെല്ലാം പോകട്ടെ.
?കലാകൗമുദി വിടാനുണ്ടായ കാരണം
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം കലാകൗമുദി എഡിറ്റര്‍ സ്ഥാനത്തു നിന്നൊഴിഞ്ഞതും ദുഃഖകരമായ ഒരനുഭവമായി. കലാകൗമുദിയില്‍നിന്ന് ഞാന്‍ വിട്ടുപോകുമ്പോള്‍ ഒരു ഇലപോലും കൊഴിഞ്ഞു വീഴുകയില്ലെന്ന് എനിക്കറിയാമായിരുന്നു.
എം.എസ്. മണിയുടെ മകന്‍ എം. സുകുമാരന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, അച്ഛന്റെ പാത തിരഞ്ഞെടുത്തു. അങ്ങനെ കലാകൗമുദിയിലെത്തിയ അദ്ദേഹം മാനേജിംഗ് ഡയറക്ടറായി നിയമിക്കപ്പെട്ടു. ഒരു പ്രസിദ്ധീകരണത്തിന് രണ്ടു എഡിറ്റര്‍മാര്‍ പ്രായോഗികമല്ലായിരുന്നു. അതിനൊരു പരിഹാരം കണ്ടെത്താന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ കയ്ചിട്ട് തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലായി കലാകൗമുദി മാനേജ്മെന്റ്. എന്റെ വികാരങ്ങള്‍ മുറിപ്പെടുമോയെന്ന തോന്നല്‍ എം.എസ്. മണിക്കോ കലാകൗമുദിയുടെ മറ്റ് ഉടമസ്ഥര്‍ക്കോ ഇല്ലാതെപോയി. എനിക്കത് ഊഹിക്കാന്‍ സാധിച്ചു. പരസ്പരബന്ധം തണുത്തു തുടങ്ങിയിരുന്നു. മറ്റൊന്നും ആലോചിക്കാന്‍ ഞാന്‍ തയാറായില്ല. ഒരു ദിവസം, എം.എസ്. മണിയെ അറിയിച്ചു. ഞാന്‍ കലാകൗമുദി വിടുകയാണ്. ആരും ഒന്നും പറഞ്ഞില്ല.
അറുപത്തിയഞ്ചിലോ അറുപത്തിയാറിലോ ആണ്, പേട്ടയിലെ കേരളകൗമുദി കോംപ്ലക്സില്‍ ഞാന്‍ കയറിചെല്ലുന്നത്. ക്ഷണിക്കപ്പെട്ട്. പരസ്പരം അറിയാതെ എം.എസ്. മണിയും ഞാനുമായുള്ള ബന്ധം ദൃഢമാകുകയായിരുന്നു. ഉടമയും ജീവനക്കാരനും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്. അടൂര്‍ തന്റെ ചലച്ചിത്രത്തില്‍ രേഖപ്പെടുത്തിയ വിധേയനമായിരുന്നില്ല ഞാന്‍. തുല്യനിലയില്‍, അന്യോന്യം പെരുമാറി.
സന്ധ്യയാകുന്നതോടെ ഞങ്ങള്‍ ട്രിവാന്‍ഡ്രം ക്ലബ്ബിലെത്തുന്നു. രാത്രി പത്തുമണിവരെ നീണ്ടുപോകുന്ന സദസ്സ്. പിന്നീട് അതെല്ലാം അവസാനിക്കുകയായിരുന്നു. സ്വമേധയാ ഞാന്‍ അതിലൊക്കെനിന്നു പിന്‍മാറി. ഊഷ്മളമായ അന്തരീക്ഷം തണുത്തുതുടങ്ങി. മരവിക്കാന്‍ അനുവദിക്കാതെ, ഞാന്‍ കലാകൗമുദിയില്‍നിന്ന് പോയി. യാത്രപറച്ചിലോ ഔപചാരികമായ ഒത്തുചേരലോ ഉണ്ടായില്ല. ഞാന്‍ പുറത്തിറങ്ങി വീട്ടില്‍ വന്നു. നടുകടലില്‍ എടുത്തു ചാടുകയാണെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും ആത്മാഭിമാനം പവിത്രമാണെന്ന വിചാരമായിരുന്നു എന്നെ നയിച്ചത്. അടുത്ത ദിവസം ആ മാസത്തെ ശമ്പളം ചെക്കായി എനിക്ക് കൊടുത്തയച്ചു. എന്നാല്‍ ഞാനത് സ്വീകരിച്ചില്ല. ചെക്കിനോടൊപ്പം, ഓഫീസില്‍നിന്ന് എനിക്ക് തന്ന കാറും കീയും കൊടുത്തയച്ചു. ഒരു മഹാദ്ധ്യായം അതോടെ അവസാനിച്ചു.
എന്റെ ജീവിതത്തെ കഴമ്പുള്ളതാക്കിയ മുപ്പതോളം കൊല്ലങ്ങള്‍. എങ്ങോട്ട് പോകും? മകനും മകളും വിദ്യാര്‍ത്ഥികള്‍. അക്ഷരാര്‍ത്ഥത്തില്‍, നാല് ചില്ലികാശിന്റെ നിക്ഷേപം എനിക്കില്ലായിരുന്നു. എനിക്ക് ഒന്നും ആലോചിക്കാന്‍ വയ്യാത്ത മരവിപ്പിലായിരുന്നു. വീട്ടുകാരെ അറിയിച്ചിട്ടു വെറുതെയിരുന്നു. ജീവിതത്തില്‍ ഒരു ദിവസംപോലും സാമ്പത്തിക ക്ലേശമില്ലാതെ അസ്തമിച്ചിട്ടില്ല. മാസവരുമാനമില്ലാതെ വന്നാല്‍? ആരോട് പറയാന്‍. അങ്ങനെ ഒന്നുരണ്ടു ദിവസം വെളുക്കുകയും കറുക്കുകയും ചെയ്തു.
?പി. ഗോവിന്ദപിള്ളയുടെ ഇടപെടല്‍
ഈ വിവരമറിഞ്ഞ് പി.ജെയെന്ന് അഭിസംബോധന ചെയ്യാറുള്ള പി. ഗോവിന്ദപ്പിള്ള ഫോണില്‍ എന്നോട് പറഞ്ഞു:
“ഞാറിയാതെ നിങ്ങള്‍ ഒന്നും ചെയ്യരുത്”
ഇടതു മുന്നണിയുടെ ഭരണകാലം. ടി.കെ. രാമകൃഷ്ണനായിരുന്നു സാംസ്കാരികവകുപ്പ് മന്ത്രി. മത്തായി ചാക്കോ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി. കലാകൗമുദിയുടെ ഓഫീസ് കൂടെ കൂടെ സന്ദര്‍ശിക്കുന്നത് ചാക്കോയുടെ പതിവായിരുന്നു. ആ ബന്ധങ്ങള്‍ ഉപയോഗിക്കാനായിരുന്നോ പി.ജി. ഉന്നമിട്ടിരുന്നത്? അതൊന്നും ഞാന്‍ ആരാഞ്ഞില്ല.
തിരുവനന്തപുരത്ത് നടന്ന കവി സമ്മേളനത്തില്‍ പങ്കെടുത്ത കുഞ്ഞുണ്ണി മാസ്റ്റര്‍ എന്നെ വന്നു കണ്ടു. ആശ്വസിപ്പിക്കാനല്ല, ലോകം ഇങ്ങനെയൊക്കെയാണെന്ന് ഓര്‍മ്മിപ്പിക്കാന്‍.
?മലയാളം വാരികയുടെ തുടക്കം എങ്ങനെ
അപ്പോഴാണ് നാണപ്പന്റെ ഫോണ്‍വിളി. ഇതിനകം അദ്ദേഹം എല്ലാം അറിഞ്ഞിരുന്നു.
“നിങ്ങളെ കാണാന്‍ ടി.ജെ.എസ്. ജോര്‍ജ്ജ് വരുന്നുണ്ട്. പോയി കണ്ട് സംസാരിക്കണം.”
വളരെ വര്‍ഷങ്ങള്‍ മുമ്പേ അദ്ദേഹത്തെ എനിക്കറിയാമായിരുന്നു. മലയാളരാജ്യത്തില്‍ ജോലി ചെയ്തിരുന്ന കാലത്ത് പ്രസ് കണ്‍സള്‍ട്ടന്റായി അദ്ദേഹം കൊല്ലത്തു വന്നു താമസിച്ചിരുന്നു. കൃഷ്ണമേനോന്റെ ജീവചരിത്രകാരനെന്ന നിലയ്ക്ക് എത്രയോ കാലത്തിനു മുന്‍പേ എനിക്കദ്ദേഹത്തെ അറിയാമായിരുന്നു.
മാസ്കറ്റ് ഹോട്ടലില്‍ വച്ച് അദ്ദേഹവുമായി സംസാരിച്ചു. ഒരു മലയാളം പ്രസിദ്ധീകരണം തുടങ്ങാനുള്ള ഇന്ത്യന്‍ എക്സ്‌പ്രസിന്റെ നിശ്ചയം അറിയിച്ചശേഷം അതില്‍ താല്പര്യമുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞു. രണ്ടുവട്ടം എനിക്കാലോചിക്കേണ്ടതില്ലായിരുന്നു. ഒരേ ഒരു വ്യവസ്ഥമാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരണം തുടങ്ങുന്നതിനോട് എനിക്ക് താല്പര്യമില്ലായിരുന്നു. അങ്ങനെ എറണാകുളത്ത് ഞാനെത്തി. അതു നടന്നു. അതോടെ എന്റെ ജീവിതത്തിലെ മറ്റൊരു അദ്ധ്യായം തുടങ്ങി.
അങ്ങനെ മുൻവിധികളൊന്നുമില്ലാതെ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചു തുടങ്ങി. പത്രപ്രവർത്തനവുമായി അടുത്ത പരിചയമില്ലാത്തവരായിരുന്ന എന്റെ സഹപ്രവർത്തകർ പ്രസിദ്ധ എഴുത്തുകാരായ സുകുമാർ അഴീക്കോടും എം എൻ വിജയനും പംക്തികൾ എഴുതി. ആർട്ടിസ്റ്റ് നമ്പൂതിരി സ്വമേധയാ എന്നോടൊപ്പം വന്നു. ചിത്രങ്ങൾ അദ്ദേഹം വരച്ചിരുന്നത് കോഴിക്കോട് വീട്ടിൽ വച്ചായിരുന്നു. നേരത്തെ കഥകളും നോവലുകളും അയച്ചുകൊടുക്കും. ചിത്രങ്ങൾ വരച്ച് അവ മടക്കി അയക്കും. സാഹിത്യവാരഫലം എഴുതിയിരുന്ന കൃഷ്ണൻനായർ സാറും എന്നോടൊപ്പം ചേർന്നു. നാണപ്പന്റെ കോളവും. ഏതാണ്ട് പതിനഞ്ചില്‍പരം കൊല്ലങ്ങള്‍. സന്തോഷവും തൃപ്തിയും പ്രദാനം ചെയ്ത ദിവസങ്ങള്‍.
എഴുത്തുകാരുടെ പിന്തുണ അക്കാലത്തും നിർലോഭം ലഭിച്ചിരുന്നു. മലയാറ്റൂർ രാമകൃഷ്ണനും വി കെ എന്നും മലയാളത്തിൽ സ്ഥിരം എഴുത്തുകാരായി. കലാകൗമുദിക്കു പകരം മലയാളത്തെ മിക്ക എഴുത്തുകാരും സ്വീകരിച്ചു. ഇതു് എന്നെ ആഴത്തിൽ സ്പർശിച്ചു. ഞാൻ ഒറ്റപ്പെട്ടവനല്ലെന്ന തോന്നൽ ഉണ്ടായി എന്നതിനേക്കാൾ പലരും എന്നെ സ്നേഹിച്ചിരുന്നു എന്നതായിരുന്നു സത്യം.
അക്കാര്യത്തിൽ എന്നെ കീഴ്പ്പെടുത്തിയത് എം ടി വാസുദേവൻ നായർ തന്നെ. രണ്ടാമൂഴത്തിന്റ പ്രസിദ്ധീകരണത്തിനു ശേഷം മിക്കവാറും അദ്ദേഹം എഴുത്തിനോട് വിട പറഞ്ഞു വിശ്രമിക്കുകയായിരുന്നു. പുതിയ സംഭവവികാസങ്ങൾ വിവരിച്ചുകൊണ്ട് എഴുതിയ കത്തിൽ ഒരു നോവൽ എഴുതി തരണമെന്ന് ഞാൻ അഭ്യർത്ഥിച്ചു. സൗകര്യം പോലെ ചെയ്യാമെന്ന് എം ടിയുടെ കുറിപ്പ് രണ്ടാം ജന്മം കിട്ടിയത് പോലെയായിരുന്നു. മദ്രാസിൽനിന്ന് ഗോവയിൽ ഒരു സ്നേഹിതന്റെ വീട്ടിൽ പോയി നോവലെഴുതി തീർക്കാമെന്നും വൈകാതെ തരാമെന്നും അദ്ദേഹം പിന്നീട് അറിയിച്ചു. ഒന്നുമില്ലാത്തവന് തുണ ഈശ്വരൻ എന്ന് നാം വിശ്വസിക്കാറില്ലേ ? അതായിരുന്നു എന്റെ അവസ്ഥ.
വാരാണസി എന്ന ശീർഷകത്തിൽ അദ്ദേഹം എഴുതിയ നോവൽ, എന്നെ സംബന്ധിച്ചിടത്തോളം ഗ്രേറ്റ് ആണെന്ന് തോന്നിയിട്ടുണ്ട്. ഹൃദയത്തെ തൊടുന്ന ആ നോവൽ മലയാളം വാരികയ്ക്കു കരുത്തു പ്രദാനം ചെയ്തു.
?സമകാലിക മലയാളത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍
രാഷ്ട്രീയത്തില്‍ തുറന്ന സമീപനമായിരുന്നു മലയാളത്തിന്റേത്. അതിന്റെ ഭാഗമായി പലരേയും വിമര്‍ശിക്കേണ്ടിവന്നു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ നിഴല്‍ വീഴാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.
ദേശാഭിമാനിയിൽ നിന്നും പുറത്തുപോകേണ്ടിവന്ന ഐ വി ബാബു മലയാളത്തിൽ ചേർന്നു. വിജയൻ മാഷായിരുന്നു ‘എന്റെ കുട്ടി’ എന്നുപറഞ്ഞ് മലയാളത്തിലേക്ക് ബാബുവിനെ അയയ്ക്കുന്നത്. കടുത്ത രാഷ്ട്രീയ പക്ഷപാതിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളത്തിലൂടെ പ്രത്യക്ഷപ്പെട്ടിരുന്ന പൊതുകാര്യങ്ങൾ വിശേഷിച്ച് രാഷ്ട്രീയ പ്രശ്നങ്ങൾ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിൽ വീണ് വഴിതെറ്റാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. വസ്തുനിഷ്ഠമായില്ലെങ്കിൽ വായനക്കാരുടെ അനുഗ്രഹം ആവിയായി അപ്രത്യക്ഷമാകുമെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.
അധികാരത്തോടോ അധികാരസ്ഥാനങ്ങളോടോ പ്രതിപത്തി ഒരിക്കലും എനിക്കുണ്ടായിട്ടില്ല. വിദ്യാഭ്യാസകാലത്ത് എസ് എഫ് കാരനായിരുന്നു ഞാൻ. ഇന്റർ മീഡിയേറ്റ് കോളേജിൽ പഠിക്കുമ്പോൾ എഡിറ്റർ ഷിപ്പിനായി എന്നെ എസ് എഫ് നേതൃത്വം തെരഞ്ഞെടുത്തു. അതറിഞ്ഞ് ഞാൻ ഏതാണ്ട് മൂന്നാല് ദിവസം കോളേജിൽ പോയില്ല. സ്ഥാനാർത്ഥി ഒപ്പിട്ട് അപേക്ഷ കൊടുക്കാൻ എന്റെ അസാന്നിധ്യം നേതൃത്വത്തെ അലോസരപ്പെടുത്തി. ഒടുവിൽ എന്നോടൊപ്പം പഠിച്ചിരുന്ന കിളിമാനൂർ രമാകാന്തനെ സ്ഥാനാർത്ഥിയാക്കി. കവി എന്ന നിലയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നു. അങ്ങനെ അധികാര സ്ഥാനങ്ങളിൽ നിന്ന് ഓടിയൊളിക്കുമായിരുന്ന ഞാൻ ഒരൊറ്റ മന്ത്രിയേയും പോയി സന്ദർശിക്കാൻ ഒരുങ്ങിയില്ല. ശരിക്കും, എനിക്ക് ഭയമായിരുന്നു. ആൾക്കൂട്ടത്തെ ഞാൻ പേടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായിരുന്ന കെ അനിരുദ്ധന്റെ ഇലക്ഷൻ ഏജന്റായതാണ് എന്റെ ഏറ്റവും വലിയ രാഷ്ട്രീയപ്രവർത്തനം.
ഉമ്മൻ ചാണ്ടിക്കു ശേഷം വിഎസ് മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തെ സന്ദർശിക്കാൻ എനിക്കായില്ല. സഹപത്രാധിപന്മാർ മിക്കവാറും എല്ലാവരും വിഎസ് പക്ഷത്തായിരുന്നു. അദ്ദേഹത്തെ തലയിലേറ്റി നടക്കാൻ അവർ സ്വമേധയാ തയ്യാറായി. സ്വാഭാവികമായി ആ പിന്താങ്ങലിന്റെ അലകൾ ആഴ്ചപ്പതിപ്പിൽ കാണാമായിരുന്നു. ഒരു ഊഴം കൂടി മുഖ്യമന്ത്രിയാവാൻ രഹസ്യമായി അദ്ദേഹം കരുക്കൾ നീക്കിയിരുന്നു. അതിൽ പരാജയപ്പെടാൻ പ്രധാനകാരണം പാർട്ടി നേതൃത്വത്തിന്റെ എതിർപ്പായിരുന്നു. പാർട്ടിയേക്കാൾ താനാണ് വലിയവനെന്ന തോന്നൽ അദ്ദേഹത്തിന്റെ എല്ലാ കണക്കുകൂട്ടലുകളേയും തോൽപ്പിച്ചു. അധികാരം കൈവിട്ട് മിക്കവാറും വനവാസത്തിലായിരുന്നപ്പോൾ ഒരു ദിവസം അദ്ദേഹത്തെ ഞാൻ സന്ദർശിച്ചു. രഹസ്യമായ ക്ഷണപ്രകാരം മുഖത്തോടുമുഖം നോക്കാതിരിക്കുക അല്ലാതെ ഏതെങ്കിലും പ്രശ്നത്തെപറ്റി സംസാരിക്കുകയോ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്തില്ല. ഏറ്റവുമൊടുവിൽ അദ്ദേഹത്തെ സന്ദർശിച്ചതും ക്ഷണപ്രകാരമായിരുന്നു.
മലയാളം ആഴ്ചപ്പതിപ്പിൽ വിഎസിന്റെ ഭരണസാരഥ്യത്തെ പ്രശംസിക്കുന്ന റിപ്പോർട്ടുകൾ വന്നിരുന്നു. വിശേഷിച്ച് ഐടി മേഖലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ. അതിൽ അദ്ദേഹം സന്തുഷ്ടനും ആഹ്ലാദവാനുമായിരുന്നു എന്ന് എനിക്ക് അറിയാൻ സാധിച്ചിട്ടുണ്ട്.
?വി.എസ്സും പിണറായിയും
ശരിയാണ്, വി.എസ്സിനെ കലവറയില്ലാതെ പലപ്പോഴും പിന്താങ്ങിയിരുന്നു. അധികാരത്തിലെത്തുമ്പോള്‍ അദ്ദേഹത്തിന് ഒരുപാട് പ്രായമായിരുന്നു. മുഖ്യമന്ത്രിയാകാന്‍ അദ്ദേഹം കാത്തിരിക്കുകയാണെന്ന് പലപ്പോഴും തോന്നിയിരുന്നു. ഭരണകര്‍ത്താവെന്ന നിലയ്ക്ക് ഉന്നതനല്ലായിരുന്നുവെങ്കിലും, കേരളത്തിന്റെ താല്പര്യത്തിന് മുന്‍ഗണന നല്കിയ അദ്ദേഹം, അതിനാവശ്യമായ പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ യോഗ്യതയുള്ളവരെ കണ്ടെത്തിയിരുന്നു. അതിനിടയില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി അദ്ദേഹം യുദ്ധത്തിലായിരുന്നു. തമ്മില്‍ യാതൊരടുപ്പവുമില്ലാത്തവരെപ്പോലെയായി അവര്‍. ഒരേ പാര്‍ട്ടിക്കാര്‍ അത്രതന്നെ.
വി.എസ്സിനെപ്പോലെ പിണറായിയും അധികാരത്തോട് സവിശേഷമായ മമത പ്രദര്‍ശിപ്പിച്ച നേതാവാണ്. ഏതാണ്ട് പന്ത്രണ്ടില്‍പരം കൊല്ലങ്ങളായി കാത്തിരുന്ന കസേര കിട്ടിയപ്പോള്‍, അത് നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം പരമാവധി യത്നിക്കുന്നതും പ്രതിയോഗികള്‍ ഉണ്ടാവുന്നതും സ്വാഭാവികമാണ്. എല്ലാം തന്നില്‍ കേന്ദ്രീകരിക്കണമെന്ന അഭിലാഷം, അദ്ദേഹത്തെ നയിച്ചു.
രാഷ്ട്രീയമായൊരു ഉണര്‍വിനു പുറമേ, വികസനത്തിന്റെ പുതിയ പടവുകള്‍ തേടിയുള്ള പ്രയാണത്തിലാണ് പിണറായി. ദൃഢചിത്തന്‍. വിട്ടുവീഴ്ചയ്ക്ക് അതീതന്‍. നല്ലൊരു ഭരണാധികാരിയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിനിടയില്‍, അദ്ദേഹത്തിനു ചുറ്റുമുള്ള ചിലര്‍ പല വീഴ്ചകളും വരുത്തിക്കൊണ്ടിരുന്നു. അതിനെ വിമര്‍ശിക്കാന്‍ മലയാളം ഒട്ടും മടികാണിച്ചിരുന്നില്ല. വ്യക്തിപരമായിരുന്നില്ല അത്. രാഷ്ട്രീയനിലപാടുകളുടെ പേരിലായിരുന്നു. അത് ആരീതിയില്‍ അദ്ദേഹം മനസ്സിലാക്കുമെന്നാണ് ഞാന്‍ കരുതുന്നതു്. പ്രതിപക്ഷചിന്തകളെ ആദരിക്കുന്ന നേതാക്കളെയാണ് ചരിത്രം വിസ്മരിക്കാതിരിക്കുന്നതു്. പിണറായി അതുമനസ്സിലാക്കുന്ന ആളാണെന്നു ഞാന്‍ കരുതുന്നു. പലപ്പോഴും ഞാനോര്‍മ്മിക്കുന്ന് ട്രോട്സ്കിയുടെ പലായനമാണ്. ബുഖാറിനെപ്പോലെ ഉന്നത വിപ്ലവകാരികളെ നശിപ്പിച്ച സ്റ്റാലിന്റെ കൈപ്പിടിയില്‍പ്പെടാതിരിക്കാന്‍ ലെനിന് സമശീര്‍ഷനായ ട്രോട്സ്കിക്ക് സ്വന്തം വീടും നാടും ഉപേക്ഷിക്കേണ്ടിവന്നു. എന്നിട്ടും സ്റ്റാലിന്‍ അയച്ച കൈക്കോടാലിയില്‍നിന്ന് രക്ഷപ്രാപിക്കാന്‍ അദ്ദേഹത്തിനായില്ല. (ഇസാക്ക് ദൂച്ചെറെഴുതിയ ട്രോട്സ്കിയെക്കുറിച്ചുള്ള മൂന്നു വാല്യങ്ങളുടെ പുസ്തകം വായിക്കണം അതറിയാന്‍.)
?ടിപി ചന്ദ്രശേഖരൻ വധം
അക്കാലത്തു നടന്ന ഒരു രാഷ്ട്രീയ കൊലപാതകം പൊതുജീവിതത്തെ അസ്വസ്ഥപ്പെടുത്തിയിരുന്നു. പാർട്ടിയുടെ ജില്ലാ നേതൃത്വത്തെ അനുസരിക്കാതെ സ്വന്തം നിലയിൽ പ്രവർത്തിച്ച ചന്ദ്രശേഖരനെ ഒരു രാത്രി ശത്രുക്കൾ ഒളിഞ്ഞിരുന്ന് വെട്ടിക്കൊന്നു. പ്രതിയോഗികളെ വക വരുത്തുന്നത് മാർക്സിസ്റ്റുകാരുടെയും ആർഎസ്എസിന്റെയും പരിപാടിയായിരുന്നു. കണ്ണൂരിൽ കുഗ്രാമങ്ങളിൽ പോലും ഉയർന്നുനിൽക്കുന്ന രക്തസാക്ഷി മണ്ഡപങ്ങൾ ആ ചോര ഒഴുക്കലിന്റെ കഥയാണ് നമ്മോട് പറയുന്നത്. അതുപോലെ ചന്ദ്രശേഖരനെ വെട്ടി കൊന്നത് കൊണ്ട് എന്തു നേടാനായി? ആ കുടുംബത്തെ അനാഥമാക്കിയ ബീഭൽസമായ ആ സംഭവത്തെ മലയാളം ആഴ്ചപ്പതിപ്പ് ചോദ്യം ചെയ്തു. കുറ്റവാളികളായി കരുതുന്നവരെ നിശിതമായി വിമർശിക്കുകയും ചെയ്തു.
അക്കാലത്ത് ദേശാഭിമാനി പത്രം ഒന്നു രണ്ടു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ആ കൊലയെ പരോക്ഷമായി ന്യായീകരിക്കുന്നവയായിരുന്നു അവയെല്ലാം. കവിയായ പ്രഭാവർമ്മയായിരുന്നു പത്രത്തിന്റെ പ്രധാന വക്താവ്.
അദ്ദേഹം രചിച്ച അതിമനോഹരമായ ശ്യാമമാധവം ഖണ്ഡമായി മലയാളം പ്രസിദ്ധീകരിക്കുന്ന കാലമായിരുന്നു. ആ കാവ്യത്തിന്റെ ഉള്ളു തൊട്ടു വരച്ച ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങൾ ഏവരുടെയും ശ്രദ്ധയിൽപെടുകയുണ്ടായി. എന്നാൽ അതിനീചമായ മനുഷ്യകുരുതിയെ പരോക്ഷമായെങ്കിലും ആ കാവ്യത്തിന്റെ രചയിതാവിനു ന്യായീകരിക്കാൻ എങ്ങനെ തോന്നി. മനുഷ്യകഥാനുഗായികൾ എന്ന് വിശേഷിപ്പിക്കാറുള്ള എഴുത്തുകാർക്ക് വിശേഷിച്ചും കവികൾക്ക് ഇത്തരം നൃശംസകളുമായി എങ്ങനെ പൊരുത്തപ്പെടാനാകും. ഇതൊക്കെയായിരുന്നു എന്റെ ആത്മവേദനകള്‍.
ഈ പശ്ചാത്തലത്തിൽ പ്രസിദ്ധമായ മോസ്കോ വിചാരണകളാണ് ഓർമ്മയിൽ വരുന്നത്. ലെനിനും ട്രോട്സ്കിയും നയിച്ച ചരിത്രത്തിലെ അതിമഹത്തായ വിമോചന വിപ്ലവത്തെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുന്നവരെ നിർമാർജനം ചെയ്യുന്ന ചരിത്ര കൃത്യമാണ് ആ വിചാരണകളിലൂടെ താൻ നിർവഹിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു. സ്വേച്ഛാധികാരിയായ തന്റെ ഇരിപ്പിടം ഉറപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉന്നം. മനുഷ്യരക്തത്തിൽ കുതിർന്നതായിരുന്നു ആ ഇരിപ്പിടം. ട്രോട്സ്കിയുടെയും ബുഖാരിന്റെയും ചോര വീണു നനഞ്ഞ അധികാരം. എല്ലാ സ്വേച്ഛാധികാരികളും ഇതുതന്നെയായിരുന്നു ചെയ്തിരുന്നത്. കേരളത്തിലും സംഭവിച്ചത് മറ്റൊന്നായിരുന്നില്ല. ഇത്തരം ഹീന കൃത്യങ്ങളെ എതിർക്കുന്നില്ലെങ്കിലും പരോക്ഷമായി പോലും അനുകൂലിക്കാൻ എങ്ങനെ സാധിക്കും. അതിന് ആരോടും മറുപടി പറയേണ്ടതില്ലായിരിക്കാം. എന്നാൽ മനസ്സാക്ഷിയുടെ മുൻപിൽ? മലയാളം വാരികയിൽ വര്‍മ്മയുടെ ആ കാവ്യം തുടർന്ന് പ്രസിദ്ധീകരിക്കുകയെന്ന് വെച്ചാൽ, ആ നീചകൃത്യത്തിൽ ഞാനും പങ്കാളിയാവുകയാണെന്ന തോന്നലിലായിരുന്നു ഞാൻ. അതു് അപ്പോഴത്തെ എന്റെ തീരുമാനമായിരുന്നു. തെറ്റായിരുന്നു എന്ന് ഇപ്പോഴും തോന്നുന്നില്ല.
?പിണറായി എന്ന രാഷ്ട്രീയ വ്യക്തിത്വം, രണ്ടാം പിണറായി സർക്കാർ
മതനിരപേക്ഷ ജനാധിപത്യത്തിന്റെ ആരൂഢത്തില്‍ പടുത്തുയര്‍ത്തിയ കൂറ്റന്‍ സൗധത്തിന്റെ ഓരോ ഇഷ്ടികയായി എടുത്തുമാറ്റി, അസഹിഷ്ണുതയുടെ അടിത്തറയില്‍ ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാന്‍ മോദി ഭരണകൂടം നടത്തുന്ന ശ്രമത്തിലേക്കു പ്രതിരോധം സൃഷ്ടിക്കുകയെന്ന ചരിത്രദൗത്യമാണ് പിണറായിയുടെ സാരഥ്യത്തിലുള്ള കേരളത്തിലെ ഭരണകൂടം നിര്‍വ്വഹിക്കാന്‍ നിയോഗപ്പെട്ടിരിക്കുന്നതു്. അതിനു സാധിക്കുമോ? കാത്തിരുന്നു കാണാം.
?മലയാളം വാരികയുടെ പത്രാധിപസ്ഥാനം വിടാനുണ്ടായ സാഹചര്യം
കഠിനമായ അധ്വാനത്തിലൂടെ മലയാളം ആഴ്ചപ്പതിപ്പ് സ്വന്തമായ ഒരു മേൽവിലാസം ഉണ്ടാക്കുന്നതിനിടയിൽ എന്റെ വ്യക്തിജീവിതം താറുമാറാകുകയായിരുന്നു. നടുവേദന ഉറക്കം അപഹരിച്ചു. പുറമേ നിരന്തരമായി ബാംഗ്ലൂരിലേക്ക് നടത്തിയിരുന്ന യാത്രകൾ, എല്ലാ ആഴ്ചയിലും ശനിയാഴ്ച രാത്രി ബാംഗ്ലൂരിലേക്ക് പോകും. മിക്കവാറും ബസ്സിൽ ആയിരിക്കും. ബുധനാഴ്ച മടങ്ങും. എന്റെ കുടുംബം അന്ന് ബാംഗ്ലൂരിലായിരുന്നു. ഒരുദിവസം ബാംഗ്ലൂരിലായിരുന്നപ്പോഴാണ്, ഇതിനോട് മാനേജ്മെന്റ് അഹിതം അറിയിച്ചത്.
"എല്ലാം ശരിയാക്കിയ ശേഷം മടങ്ങിവരും വരെ മറ്റാർക്കെങ്കിലും ചാർജ് കൊടുത്തുകൂടെ"
എന്ന് ഉടമ ചോദിച്ചു. അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. മടങ്ങിയെത്തിയ ഉടൻ രാജിക്കത്ത് കൊടുത്തു. കൊച്ചിയിൽ നിന്നും നാട്ടിലേക്ക് മടങ്ങി. അങ്ങനെ ഞാൻ വീണ്ടും തൊഴിൽരഹിതനായി.
?അവിസ്മരണീയമായ മറ്റ് ഓർമ്മകൾ? വ്യക്തികൾ
പത്രപ്രവർത്തന കാലത്തെപ്പറ്റി ഓർമ്മിക്കുമ്പോഴെല്ലാം രണ്ടു മണിസ്വാമിമാരെയും ഷണ്മുഖദാസിനെയും കുറിച്ച് പറയാരിക്കാനാവില്ല.
‘ദിനമണി’ എന്ന ദിനപത്രത്തിൽ നിന്ന് കേരളജനതയിലെത്തുമ്പോഴേക്കും മണിസ്വാമി നല്ലൊരു മദ്യപാനിയായി മാറിയിരുന്നു. തിരക്കിനിടയിൽ പുറത്തിറങ്ങി രണ്ടു കവിൾ കുടിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. മുൻകാലത്ത് വാർത്തകൾ ടെലഗ്രാമിലായിരുന്നു എത്തിയിരുന്നത്. കാശ്മീരിലെ പെരുമഴയിൽ ഉറങ്ങിക്കിടന്ന നാനൂറു പേർ ഒഴുകിപ്പോയെന്ന് അച്ചടിക്കുമ്പോൾ സ്ലീപ്പേഴ്സ് എന്ന വാക്കിന്റെ അർത്ഥം മനസ്സിലാ ക്കാതെ തർജ്ജമ ചെയ്തത് വിവാദമായി.
ആ വാർത്ത വലിയ ബഹളം ഉണ്ടാക്കി. പ്രസ് കമ്മീഷൻ റിപ്പോർട്ടിൽ പോലും ശ്രദ്ധകുറവിന്റെ മികച്ച ഉദാഹരണമായി ആ വാർത്ത ഉദ്ധരിക്കുകയുണ്ടായി. അതിൽ നിന്നുണ്ടായ മാനഹാനി അദ്ദേഹത്തെ മദ്യപാനിയാക്കി. ‘മലയാളരാജ്യം’ ദിനപത്രം വിട്ട് ഏതാനും മാസങ്ങൾ ഞാൻ കേരള ജനതയിൽ ജോലി നോക്കിയിരുന്നു. മണിസ്വാമിയായിരുന്നു സഹപ്രവർത്തകൻ. ഞാനെത്തിയ പശ്ചാത്തലത്തിൽ, ആരെയും അറിയിക്കാതെ മണി സ്വാമി ഒരു ദിവസം അപ്രത്യക്ഷനായി. ഇപ്പോൾ അക്കാര്യം ഓർമ്മിക്കുമ്പോൾ മണി സ്വാമിയുടെ ദയനീയമായ മുഖം മനസ്സിൽ തെളിയാറുണ്ട്.....വാർത്തകളിൽ കുരുങ്ങി ജീവിതം തള്ളിനീക്കിയ ഒരു പാവം.
രണ്ടാമത്തെ മണിയെന്ന് ഞാൻ എഴുതുന്നത് കെ സി എസ് മണിസ്വാമിയെ കുറിച്ചാണ്. ‘കൗമുദി’ ദിനപത്രത്തിൽ ഞാൻ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്നു. സ്വാതന്ത്ര്യത്തിനായി ജീവത്യാഗത്തിന് സന്നദ്ധനായി, സ്വേച്ഛാധികാരിയായ സി പി രാമസ്വാമി അയ്യരെ വെട്ടി ഒാടിച്ച സാഹസികനായിരുന്നില്ല, ഞാൻ പരിചയപ്പെട്ട മണിസ്വാമി. അക്ഷരാർത്ഥത്തിൽ എല്ലാം കെട്ടടങ്ങിയ അഗ്നിപർവ്വതം. മിക്കവാറും എല്ലാ ദിവസവും, അർദ്ധരാത്രിക്ക് ശേഷം അദ്ദേഹവും മറ്റൊരു സഹപ്രവർത്തകനായ ജി വേണുഗോപാലുമായിട്ടായിരിക്കും വീട്ടിലേക്ക് ഒന്നിച്ചു നടക്കുക. പേട്ടയിൽ നിന്ന് നടന്ന് ഓവർ ബ്രിഡ്ജിലെത്തി വഴിപിരിയുന്നതിനിടയിൽ പല കാര്യങ്ങളും ചർച്ചാവിഷയമാകുമെങ്കിലും സിപി വധശ്രമം സംഭാഷണ വിഷയമാക്കാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. ഒരു ദുഃസ്വപ്നം പോലെ, അത് അദ്ദേഹത്തെ വേട്ടയാടിയിരുന്നോ? ആ സംഭവത്തിന്റെ പേടകം തുറന്നു നോക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
ഫ്രാൻസ് കഫ്കയുടെ വിശ്വപ്രശസ്തമായ മെറ്റഫോർസിസ് എന്ന കഥ, രൂപാന്തര പ്രാപ്തിയെന്ന ശീർഷകത്തിൽ വിവർത്തനം ചെയ്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഷണ്മുഖദാസിനെ ആരും ഓർമ്മിക്കുന്നുണ്ടാവില്ല. എന്റെ കൗമുദി കാലത്താണ് അദ്ദേഹത്തെ ഞാൻ പരിചയപ്പെടുന്നത്. പാലയിൽ താമസിക്കുകയായിരുന്ന അദ്ദേഹം മുന്നറിയിപ്പൊന്നും കൂടാതെ എന്നെ കാണാൻ വന്നു. സാഹിത്യസംബന്ധമായ ചില കാര്യങ്ങൾ സംസാരിക്കുകയായിരുന്നു ആ സന്ദർശനോദ്ദേശ്യം. കൂടെ കൂടെ അദ്ദേഹം എന്നെ വന്നു കാണുകയും, യാത്ര പറഞ്ഞു പോകുമ്പോൾ അൻപത് രൂപ സഹായമായി ചോദിച്ചു വാങ്ങുകയും ചെയ്തിരുന്നു. ക്രമേണ അതൊരു പതിവായി. ജോലി ഇല്ലായിരുന്ന വരുമാനമില്ലാതെ സ്നേഹിതന്മാരുടെ ഉദാരതയിലായിരുന്നു അദ്ദേഹം ജീവിച്ചത്. കുറേ കാലം പിന്നിട്ടപ്പോൾ അദ്ദേഹവും വേദനിപ്പിക്കുന്ന ഒരോർമയായി.
?ഒരു പുതിയ ചലച്ചിത്ര സംസ്കാരത്തിനൊപ്പം തുടങ്ങിയ യാത്ര. സിനിമയോടുള്ള ഭ്രമം. ഫിലിംമാഗസിന്‍ തുടങ്ങിയത്
അതിനു മറുപടി പറയാന്‍ തുടങ്ങിയാല്‍ അത് അവസാനിക്കില്ല. എങ്കിലും മനസ്സില്‍ അവശേഷിക്കുന്ന ചില കാര്യങ്ങള്‍ മാത്രം സ്മരിക്കാം.
അന്‍പത്തിയേഴിലോ അന്‍പത്തിയെട്ടിലോ ആണെന്നു തോന്നുന്നു പഥേര്‍ പാഞ്ചാലി പ്രേക്ഷകരിലെത്തുന്നത്. ഇന്ത്യയിലെ പട്ടിണി വിദേശത്തു വില്ക്കാനാണ് ഈ ചലച്ചിത്രത്തിലൂടെ സത്യജിത് റായി ശ്രമിക്കുന്നത് എന്ന് വിശ്രുതനടിയായ നര്‍ഗീസ് ആരോപിച്ചെങ്കിലും, സെല്ലുലോയിഡിലെ ആ കാവ്യം ആസ്വദിക്കുന്നതില്‍നിന്ന് പ്രേക്ഷകര്‍ മാറിപ്പോയില്ല. തിരുവനന്തപുരത്ത് ചിത്ര എന്ന പേരിലുണ്ടായിരുന്ന തിയേറ്ററിലായിരുന്നു അത് പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഞാനൊരു ആസ്വാദനക്കുറിപ്പെഴുതി കൗമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു. അത് വായിച്ച നടന്‍ സത്യന്‍ ആക്ഷേപിച്ചു സംസാരിച്ചു. അത് കേട്ടിരുന്ന ബാലയണ്ണന്‍ കോപിഷ്ഠനായി “സത്യജിത് റായിയുടെ ചെരുപ്പിന്റെ വാര്‍ അഴിക്കാനുള്ള യോഗ്യത നിനക്കൊന്നുമില്ലെന്ന്” പറഞ്ഞതായി കേട്ടിട്ടുണ്ട്. മുഖത്തുനോക്കി എന്തും ആരോടും പറയാന്‍ ബാലയണ്ണനു് മടിയുണ്ടായിരുന്നില്ല.
?അടൂര്‍ ഗോപാലകൃഷ്ണനും സുഹൃത്തുക്കളും ചേര്‍ന്നു തുടങ്ങിയ ചിത്രലേഖ ഫിലിം സൊസൈറ്റിയുമായുള്ള സഹകരണം
പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും മടങ്ങിവന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ സ്നേഹിതനായ കുളത്തൂര്‍ ഭാസ്കരന്‍ നായരുമൊത്ത് ചിത്രലേഖ ഫിലിം സൊസൈറ്റി രൂപീകരിക്കുന്നത് അക്കാലത്താണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോവിയറ്റു യൂണിയനിലും നിന്നുള്ള മികച്ച ചലച്ചിത്രങ്ങള്‍ സൊസൈറ്റി വഴി പ്രദര്‍ശിപ്പിച്ചത് പുതിയൊരു ആസ്വാദന അവബോധം രൂപപ്പെടുത്താന്‍ വഴി തെളിയിച്ചു. അതിന് സമാന്തരമായാണ് പുതുതായി ആരംഭിച്ച ശ്രീകുമാര്‍ തിയേറ്റര്‍ ഹോളിവുഡ് ചലച്ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. രണ്ടുദിവസം മാത്രം ഒരു ചലച്ചിത്രം. അങ്ങനെ പ്രദര്‍ശിപ്പിക്കാന്‍ എത്തിയ ചലച്ചിത്രങ്ങള്‍ ഒന്നൊഴിയാതെ കാണുന്നത് എന്റെ ഒരു ശീലമായിരുന്നു.
വായനയും ചലച്ചിത്രങ്ങളും നിറഞ്ഞ ദിവസങ്ങള്‍. എന്റെ സ്നേഹിതനായ ബാലനിലൂടെയാണ് (ശ്രീവരാഹം ബാലകൃഷ്ണന്‍നായര്‍) അടൂരിനെ ഞാന്‍ പരിചയപ്പെട്ടത്. .എം.കെ.കെ. നായരുടെ രക്ഷാധികാരത്തില്‍ എം. ഗോവിന്ദനും സി.എന്‍. ശ്രീകണ്ഠന്‍ നായരും സാരഥ്യം വഹിച്ച അഖിലേന്ത്യാ സാഹിത്യ സമ്മേളനം കേരളത്തിന്റെ സാംസ്കാരിക ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച സംഭവമായിരുന്നു. ആ സമ്മേളനത്തോട് ചേര്‍ന്ന് നടന്ന ചലച്ചിത്രപ്രദര്‍ശനം മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സമാന്തരസിനിമ, സംവേദനത്തിന് അന്തരീക്ഷം സൃഷ്ടിക്കുകയുണ്ടായി. ആ ചലച്ചിത്രങ്ങള്‍ ജില്ലാതലത്തിലും പ്രേക്ഷകരെ തേടിയെത്തി. മലയാളരാജ്യത്തില്‍ ജോലി ചെയ്തിരുന്ന കാലമായിരുന്നു അപ്പോള്‍. അവധി ദിവസങ്ങളില്‍ വീട്ടില്‍ വരുമ്പോള്‍ ചിത്രലേഖ ഫിലിംസൊസൈറ്റി ഓഫീസില്‍ പോകുന്നത് പതിവായി.
സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്വന്തമായൊരു ചലച്ചിത്രം എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തില്‍ അടൂര്‍ മുഴുകി. മലയാളിയുടെ ചലച്ചിത്രാസ്വാദന അവബോധത്തെ ആഴത്തില്‍ സ്വാധീനിച്ച ‘സ്വയംവരം’ എന്ന ചലച്ചിത്രത്തിലെത്തുന്നതിനു മുമ്പ് സി.എന്നും എം.വി. ദേവനുമൊക്കെ ചേര്‍ന്നു ഒരു ചലച്ചിത്രം നിര്‍മ്മിക്കാന്‍ ശ്രമിച്ചു. ‘കാമുകി’യെന്ന പേരില്‍. അതിനുമുമ്പ് തിരക്കഥ എഴുതാനായി, ഞാന്‍ താമസിച്ചിരുന്ന കൊല്ലത്തെ തിരുമുല്ലാവാരത്തെ വീട്ടില്‍ വന്ന് ഒരാഴ്ച ചെലവിട്ടത് ഞാനോര്‍ക്കുന്നുണ്ട്. ചിത്രലേഖാ ഫിലിംസൊസൈറ്റി ക്രമേണ കൊ-ഓപ്പറേറ്റീവ് സൊസൈറ്റിയാവുകയും സ്വന്തമായൊരു സ്റ്റുഡിയോ സ്ഥാപിക്കുകയും ചെയ്തു.
അക്കാലത്ത് അടൂരും കുളത്തൂരുമൊത്ത് പ്രവര്‍ത്തിച്ചിരുന്ന കെ.പി. കുമാരന്‍ ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ചു. ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ കോണ്‍ഫറന്‍സില്‍ അതിന് സമ്മാനം കിട്ടി. എന്നാല്‍ അതിന്റെ അവകാശം ചിത്രലേഖാ സൊസൈറ്റിക്കാണെന്ന് തര്‍ക്കിച്ചെങ്കിലും കുമാരന് തന്നെ അതു കിട്ടി. അങ്ങനെ തടുത്തും എതിര്‍ത്തും ചിത്രലേഖാ സൊസൈറ്റി വളര്‍ന്നു, അടൂരും. ഇന്ന് അദ്ദേഹം ലോകപ്രശസ്തനായ ചലച്ചിത്രകാരനായിരിക്കുന്നു.
അന്നു് ലോകക്ലാസിക്കുകള്‍ ആവേശത്തോടെ കണ്ട കാലമായിരുന്നു. മഹാരഥന്മാരായ ചലച്ചിത്രകാരന്മാരുടെ രചനകള്‍ കണ്ട് അത്ഭുതപ്പെട്ട നാളുകള്‍. ഇന്നും നല്ല സിനിമകള്‍ കാണുന്നതിന്റെ ആനന്ദം ചെറുതല്ല.
?പിറവിയുടെ പിറവി
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി വ്യത്യസ്തമായ ഒരു ശ്രമമായിരുന്നു. പല ലോകചലച്ചിത്രമേളകളിലും അത് പ്രദര്‍ശിപ്പിച്ചു. ഛായാഗ്രാഹകനായ ഷാജിക്ക് സംവിധായകനെന്ന നിലയില്‍ പിറവി ഏറെ പ്രശസ്തി നല്‍കി. ആ സിനിമയ്ക്കൊപ്പം നില്‍ക്കാനായതില്‍ സന്തോഷമുണ്ട്.
?കുടുംബം
ഭാര്യയും രണ്ടു മക്കളും. മകന്‍ ബ്രിട്ടനില്‍ ഓര്‍ത്തോ സര്‍ജന്‍. മകന്റെ മകള്‍ മെഡിസിനു് വെയില്‍സില്‍. മകള്‍ ഐടി രംഗത്ത്. മകളുടെ മകള്‍ അമേരിക്കയില്‍ എം.ഐ.ടിയില്‍ പറിക്കുന്നു.
Content Highlights: senior editor writer s jayachandran nair interview republish