യാത്രയുടെ തുടക്കത്തിൽ മനസ്സിൽ ‘കളിവീടുറങ്ങിയല്ലോ’ എന്ന ഗാനം അലയടിച്ചു, എവിടെയോ രണ്ടുതുള്ളി കണ്ണീരും പൊടിഞ്ഞു.

#ഗാർഗി

പത്തൊൻപതാം വയസ്സിൽ ചേർത്തല റെയിൽവേ സ്റ്റേഷനിൽനിന്ന് ബോംബെയിലേക്ക് വണ്ടികയറിയ ഒരു വെച്ചൂർക്കാരൻ ചെറുപ്പക്കാരൻ. മൂന്നു പതിറ്റാണ്ടിനിപ്പുറം, ബിസിനസിന്റെ കയറ്റിറക്കങ്ങളും വഞ്ചനകളും പിന്നിട്ട്, ഇന്നയാൾ സ്വന്തം കൈകൊണ്ട് നട്ടുവളർത്തിയ ഒരു കാടിന്റെ നടുവിലിരുന്നാണ് ജീവിതം എഴുതുന്നത്. സജികുമാറിന്റെ ആത്മകഥ ‘നഗരകാന്താര’ത്തിന്റെ അന്തഃസത്തയാണിത്...

ഒരു ജനാലക്കാഴ്ചയിൽ തുടങ്ങിയത്

ചേർത്തല റെയിൽവേ സ്റ്റേഷനിൽ ജ്യേഷ്ഠനെ അനുഗമിച്ചാണ് ആ പത്തൊൻപതുകാരൻ ബോംബെ വണ്ടിയിൽ കയറിയത്. സ്ലീപ്പർ ടിക്കറ്റ്, നേത്രാവതി എക്‌സ്‌പ്രസ്. ആദ്യത്തെ ദീർഘദൂരയാത്രയായതിനാൽ, ബർത്തിനടുത്തുള്ള ജനലഴികൾക്കിടയിലൂടെ പുറത്തേക്കുനോക്കിയപ്പോൾ കൂടെ കാലവും യാത്രചെയ്യുന്നതുപോലെ അയാൾക്കുതോന്നി. ട്രെയിൻ ഷോർണൂർ കടന്നപ്പോൾ പതിയെ കണ്ണടച്ചു, തണുത്ത കാറ്റ് കൺപോളകളെ തഴുകുകയായിരുന്നു. പുറത്ത് ഇരുട്ടാർന്ന ആകാശംനിറയെ നക്ഷത്രങ്ങൾ -വെച്ചൂരിലെ പുളിയങ്ങാട് വീട്ടിലെ ഒറ്റപ്പെട്ട രാത്രികളിൽ മണിക്കൂറുകളോളം നോക്കിനിന്ന് പേരറിഞ്ഞ അതേ നക്ഷത്രങ്ങൾ. യാത്രയുടെ തുടക്കത്തിൽ മനസ്സിൽ ‘ദേശാടനം’ എന്ന സിനിമയിലെ ‘കളിവീടുറങ്ങിയല്ലോ’ എന്ന ഗാനം അലയടിച്ചു, എവിടെയോ രണ്ടുതുള്ളി കണ്ണീരും പൊടിഞ്ഞു.

പിറകിലേക്കില്ല, ഇനി മുന്നോട്ടുമാത്രം...

ബോംബെ എന്ന മഹാലോകം അയാളെ മാടിവിളിക്കുകയായിരുന്നു, തന്റെ ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള ഒരു ലോകം.

വൈക്കത്തിന്റെയും തണ്ണീർമുക്കത്തിന്റെയും ഇടയ്ക്കുള്ള കായലോരഗ്രാമമായ വെച്ചൂരിലാണ് സജികുമാറിന്റെ ജനനം. പുളിയങ്ങാട് കുടുംബത്തിൽ, പ്രഭാകരൻ നായരുടെയും വിജയമ്മയുടെയും നാലാമത്തെ മകനായാണ് അദ്ദേഹം ജനിച്ചത്. താൻ ജനിച്ചുകഴിഞ്ഞപ്പോഴാണ് തറവാടിന് ക്ഷയം സംഭവിച്ചുതുടങ്ങിയതെന്ന കുറ്റപ്പെടുത്തൽ ഇടതടവില്ലാതെ അച്ഛനിൽനിന്ന് കേൾക്കേണ്ടിവന്ന കുട്ടിക്കാലമായിരുന്നു അത്. ധാരാളം ഭൂസ്വത്തുക്കളുണ്ടായിരുന്ന കുടുംബമായിരുന്നു അച്ഛന്റേത്. നാട്ടിലെ പ്രശസ്തമായ വെച്ചൂർ പള്ളിക്ക് സ്ഥലം കൊടുത്തത് പുളിയങ്ങാടൻ തറവാട്ടിൽനിന്നാണെന്ന കഥപോലുമുണ്ട്. എന്നാൽ, കാലം കുറെ നീങ്ങിയപ്പോൾ ആ സ്വത്തുക്കൾ കൈവിട്ടുപോയി. കറന്റില്ലാത്ത ഒരു ഓലപ്പുരയിലേക്ക് ജീവിതം ചുരുങ്ങി. അമ്മ വളരെ കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത് -തൊണ്ട് തല്ലുക, കയർ പിരിക്കുക തുടങ്ങിയ ജോലികളൊക്കെ ചെയ്തിട്ടായിരുന്നു ആ കാലങ്ങളിൽ അമ്മ മക്കളെ പോറ്റിയത്. പതിനാറ്-പതിനേഴ് വയസ്സാകുമ്പോഴേക്കും സ്വന്തമായി കറന്റ് കണക്‌ഷൻ വരുത്തിയതും പിന്നീട് ആ ഓലപ്പുര കോൺക്രീറ്റ് ‘വീടാ’ക്കി മാറ്റിയതും സജികുമാർ തന്നെയായിരുന്നു. അച്ഛൻ അൽഷിമേഴ്‌സ് ബാധിച്ച് അറുപത്തിയൊന്നാം വയസ്സിൽ മരിക്കുമ്പോൾ സജികുമാറിന് പതിനാലു വയസ്സേ ഉണ്ടായിരുന്നുള്ളൂ. ജനിച്ചപ്പോൾമുതൽ കുടുംബത്തിന്റെ കൂട്ടത്തിൽ കൂടാത്തവൻ എന്ന് മുദ്രകുത്തപ്പെട്ട ആ കുട്ടി, പത്താം ക്ലാസ് കഴിയുമ്പോഴേക്കും ആ മുദ്രകുത്തലുകളെ അവഗണിക്കാൻ പഠിച്ചിരുന്നു. അതേ പ്രായത്തിൽത്തന്നെ ദൈവവിശ്വാസവും അദ്ദേഹം ഉപേക്ഷിച്ചു.

അക്ഷരങ്ങളിലേക്കുള്ള ആദ്യചുവട്

ബോംബെയിലേക്കുള്ള ട്രെയിൻ യാത്രകളും ഓഫീസ് യാത്രകളുമാണ് സജികുമാറിനെ ഒരു വായനക്കാരനാക്കിയത്. വി.ടി. സ്റ്റേഷനു മുന്നിലെ ഒരു ബുക്‌സ്റ്റാളിൽനിന്നായിരുന്നു മലയാളം സാഹിത്യവാരികകൾ വാങ്ങിയിരുന്നത് -പുസ്തകങ്ങളില്ലെങ്കിൽ ജീവിക്കാൻപറ്റില്ല എന്ന അവസ്ഥവരെയായിരുന്നു അക്കാലത്ത്. ആ വായനയിൽനിന്നാണ് സ്വന്തമായി എഴുതാനുള്ള ധൈര്യം ഉടലെടുത്തത്. ആദ്യം എഴുത്തിന്‌ സഹായിച്ചത് ടെന്നി ചാക്കോ എന്ന സുഹൃത്തായിരുന്നു -അദ്ദേഹത്തിനു പറഞ്ഞുകൊടുക്കുമ്പോൾ അത് ടൈപ്പ് ചെയ്യും. അങ്ങനെ പിറന്ന ആദ്യരചന ‘കലാകൗമുദി’യിലേക്ക് അയച്ചു. ഒരു വരിപോലും തിരുത്താതെ ആ എഴുത്ത് അതേപടി പ്രസിദ്ധീകരിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായി അതിനെ ഇന്നും അദ്ദേഹം ഓർക്കുന്നു -തന്റെ എഴുത്തിന് അത്രയും വലിയൊരു അംഗീകാരം വേറെ എവിടെനിന്നു കിട്ടാൻ എന്നാണ് ചോദ്യം.

ബോംബെ: ബിസിനസിന്റെ ആദ്യപാഠങ്ങൾ

പ്രകാശ് ഷെട്ടി എന്നൊരാളുടെ ചെറിയ ക്ലിയറിങ്‌ ഓഫീസിലായിരുന്നു സജികുമാറിന്റെ ആദ്യജോലി. പിന്നീട് സ്വന്തമായി ഒരു ഓഫീസ് തുടങ്ങാനുള്ള ധൈര്യം കാണിച്ചു -ബുക്കിങ്ങും ക്ലിയറൻസുമായിരുന്നു പ്രധാനജോലി. ലൈസൻസോ മൂലധനമോ ഇല്ലാതെ, കടംവാങ്ങിയ ബുദ്ധിയും അധ്വാനവുംകൊണ്ട് തുടങ്ങിയ ആ കൊച്ച്‌ ഓഫീസ്, പതിയെ ലാഭമുണ്ടാക്കാൻ തുടങ്ങി. ‘പതിയെ ചെറുതായെങ്കിലും എന്റെ സംരംഭവും പച്ചപിടിച്ചുതുടങ്ങി’ എന്ന് അദ്ദേഹം എഴുതുന്നു. ഓരോ ഷിപ്പ്‌മെന്റിന്റെയും റേറ്റ് നിശ്ചയിക്കുന്നതും കണക്കുകൾ കൈകാര്യംചെയ്യുന്നതും സ്വയം പഠിച്ചെടുത്തതായിരുന്നു. ആ സ്വാതന്ത്ര്യത്തിൽ, ധൈര്യത്തിൽ, തന്റേതുമാത്രമായ ഒരു ഓഫീസ് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.

കയറ്റിറക്കങ്ങളും വഞ്ചനകളും

വർഷങ്ങൾ കടന്നപ്പോൾ ബിസിനസ് വളർന്നു. ഒരുഘട്ടത്തിൽ ഒരു കമ്പനിയുടെ തീരുമാനങ്ങളെല്ലാം നിയന്ത്രിക്കുന്ന ‘കിങ്‌ മേക്കർ’ പദവിയിലേക്കുവരെ അദ്ദേഹം ഉയർന്നു. എന്നാൽ, വിജയത്തിന്റെ ആ ഘട്ടത്തിൽത്തന്നെ ജീവിതം അഹങ്കാരത്തെയും പണത്തിന്റെ ഹുങ്കിനെയും തിരിച്ചറിയാൻ അവസരമൊരുക്കി ഭാര്യ ഗർഭിണിയായിരിക്കേ, രാത്രി വൈകിയും ഓഫീസിലിരുന്നു ജോലിചെയ്ത നാളുകൾ, ചെറിയൊരു മൊബൈൽ ബില്ലിന്റെ പേരിൽ അക്കൗണ്ട്‌സ് മാനേജരുമായുണ്ടായ അനാവശ്യപിണക്കം ഇതെല്ലാം അധികാരവും പണവും മനുഷ്യബന്ധങ്ങളെ എങ്ങനെ കീറിമുറിക്കുമെന്നതിന്റെ ഓർമ്മപ്പെടുത്തലുകളായി അദ്ദേഹം രേഖപ്പെടുത്തുന്നു.

ഒരു വൻകിട വിദേശകമ്പനിയുടെ ബിസിനസ് കൈകാര്യംചെയ്തിരുന്ന കാലത്ത്, തന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന രീതിയിൽ ആ കമ്പനിയുടെ പ്രതിനിധി പെരുമാറിയപ്പോൾ, ലാഭകരമായ ആ ബന്ധംതന്നെ അദ്ദേഹം സ്വയം അവസാനിപ്പിച്ചു. ‘നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് ഒരു കമ്പനിയുടെ ഓണറോടാണ്, ചെറുതായിരിക്കാം ഈ കമ്പനിയുടെ സർവാധിപതി ഞാനാണ്’ എന്ന് തിരിച്ചടിച്ച്, അന്നുതന്നെ ആ ബന്ധം അവസാനിപ്പിച്ച സംഭവം അധികാരത്തിനും പണത്തിനുംമുന്നിൽ വളയാത്ത ഒരു മനുഷ്യന്റെ നിലപാടായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വിജയത്തിന്റെ നടുവിൽവെച്ചാണ് സജികുമാറിനുള്ളിൽ ഒരു ചോദ്യമുയർന്നത് ഇതൊക്കെ മാത്രമാണോ ജീവിതം? ആ അസ്വസ്ഥതയാണ് അദ്ദേഹത്തെ ക്യാമറയിലേക്കും എഴുത്തിലേക്കും തിരിച്ചുവിട്ടത്. ആർട്ടിഫിഷ്യൽ ജീവിതത്തിനകത്തുനിന്ന് പ്രകൃതിയോടു ചേർന്നൊരു ജീവിതശൈലി ഫോട്ടോയിലൂടെ പകർത്താൻ തുടങ്ങിയപ്പോൾ, തന്റെ ചിന്തകൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുമെന്ന തോന്നൽ അദ്ദേഹത്തിലുണ്ടായി. കോവിഡ് കാലത്താണ് ബ്ലോഗെഴുത്തിലേക്ക് അദ്ദേഹം ഗൗരവമായി തിരിഞ്ഞത്; ആ കാലത്തെ അനുഭവങ്ങളും നിരീക്ഷണങ്ങളും ചേർത്ത് ഒരു പുസ്തകവും അദ്ദേഹം എഴുതി. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, അറിവില്ലായ്മകൊണ്ടും അറിഞ്ഞുകൊണ്ടും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം തുടർച്ചയായി എഴുതി.

അന്തർമുഖനും, മനസ്സിലുള്ളത് നേരിട്ട് പറയാൻ മടിയുള്ളവനുമായ തനിക്ക് എഴുത്താണ് ഏറ്റവും സത്യസന്ധമായ ഭാഷയെന്ന് അദ്ദേഹം സമ്മതിക്കുന്നു. എഴുതിയതോ ചെയ്തതോ ആയ ഒരു കാര്യവും ഒരിക്കലും തെറ്റായിപ്പോയെന്നു തോന്നിയിട്ടില്ല, ആ കാര്യം ചെയ്യുന്ന സമയത്ത് അത് ശരിയായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ അടിസ്ഥാനതത്ത്വം. തീരുമാനങ്ങളിൽ ഭൂരിഭാഗവും വായനക്കാരെ ബോധ്യപ്പെടുത്താൻ വേണ്ടിയല്ല, തനിക്ക് ശരിയെന്നു തോന്നുന്നത് എഴുതുക എന്ന ലളിതനിയമമാണ് അദ്ദേഹത്തിന്റെ എഴുത്തിനെ നയിക്കുന്നത്.

2003-ലാണ് അനുപമയുമായുള്ള വിവാഹം. ഒരു വർഷത്തിനുള്ളിൽത്തന്നെ ആദ്യമകൾ കല്യാണി ജനിച്ചു, 2007-ൽ രണ്ടാമത്തെ മകൾ മീനാക്ഷിയും. സംഗീതത്തോടും രാഗങ്ങളോടും ഇഷ്ടമുള്ള കല്യാണിയെ അദ്ദേഹം തന്റെ ‘ഭയങ്കര ഭ്രാന്തി’ എന്ന് സ്നേഹത്തോടെ വിളിക്കുന്നു. അനുപമ കടുത്ത ദൈവവിശ്വാസിയാണ്; സജികുമാർ പൂർണമായും അവിശ്വാസിയും. വിശ്വാസത്തിന്റെ കാര്യത്തിൽ രണ്ടു ധ്രുവങ്ങളിലാണെങ്കിലും പരസ്പരം അഭിപ്രായവ്യത്യാസങ്ങൾ അംഗീകരിച്ചുകൊണ്ട്, ഒരാൾ മറ്റൊരാളെ പ്രോത്സാഹിപ്പിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യാതെ ഒരുമിച്ചു ജീവിക്കാമെന്നതിന്റെ നേർസാക്ഷ്യമായി ആ ബന്ധത്തെ അദ്ദേഹം അവതരിപ്പിക്കുന്നു.

‘സവേദ’: ഒരു കാടിന്റെ കഥ

നഗരകാന്താരം എന്ന പുസ്തകത്തിന്റെ ഹൃദയഭാഗം അദ്ദേഹം സ്വയം വളർത്തിയെടുത്ത ‘സവേദ’ എന്ന പച്ചത്തുരുത്താണ്. മഹാനാകാൻ വേണ്ടിയല്ല, പ്രകൃതിയോട് തനിക്കുള്ള കടപ്പാട് വീട്ടാൻവേണ്ടിയാണ് ആയിരക്കണക്കിന് മരങ്ങൾ പലയിടങ്ങളിലായി താൻ നട്ടതെന്ന് അദ്ദേഹം പറയുന്നു. ‘ഇന്ന് സാധാരണ കൃഷിചെയ്യുന്നവർവരെ പത്രത്തിൽ ഇടംനേടുന്നത് കാണാറുണ്ട്, പക്ഷേ, ഞാൻ ചെയ്യുന്നത് ആരും അറിയാനോ കേൾക്കാനോ വേണ്ടിയല്ല’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ആ പ്രവൃത്തിയുടെ നിഷ്‌കളങ്കതയെ അടയാളപ്പെടുത്തുന്നു. ജോലിസ്ഥാനത്തിന്റെയും പദവിയുടെയും അലങ്കാരങ്ങൾ അഴിച്ചുവെച്ച് വരാൻ; കാരണം സവേദയിൽ എല്ലാവരും വെറും മനുഷ്യർ മാത്രം.

സംതൃപ്തിയെക്കുറിച്ചുള്ള സജികുമാറിന്റെ കാഴ്ചപ്പാട് ശ്രദ്ധേയമാണ് -നല്ല സമയവും ചീത്ത സമയവും തീരുമാനിക്കുന്നത് നമ്മുടെ മനസ്സ്, അഥവാ ‘തലച്ചോറ്’ ആണെന്നും, ചുറ്റുപാടോ ബന്ധുക്കളോ അല്ല, തലച്ചോറിന് വേണ്ടതുമാത്രം ‘ഫീഡ്’ ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം എഴുതുന്നു. കുട്ടിക്കാലത്ത് ഇൻഫീരിയോറിറ്റി കോംപ്ലക്‌സ് അനുഭവിച്ച ഒരാൾ എന്നനിലയിൽ, തന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക എന്നത് ഒരു കടമയായി അദ്ദേഹം കാണുന്നു. ജന്മദിനങ്ങൾ ഒരിക്കലും ആഘോഷിക്കാത്ത, മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കാത്ത, തന്റെ പ്രതിച്ഛായ സംരക്ഷിക്കാൻപോലും മെനക്കെടാത്ത ഒരാളാണ് താനെന്ന് അദ്ദേഹം തുറന്നെഴുതുന്നു. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളും ഈ ലാളിത്യത്തിന്റെ തുടർച്ചയാണ്. ജീവിതത്തെ കൃത്രിമമായി ഒരിടത്ത് പിടിച്ചുനിർത്താൻ ശ്രമിക്കാതെ, ജീവിതം ജീവിച്ചുതന്നെ തീർക്കുക എന്നതാണ് തന്റെ രീതിയെന്ന് അദ്ദേഹം പറയുന്നു. അമിതമായ ആർഭാടജീവിതം സൃഷ്ടിക്കുന്ന അസുഖങ്ങൾക്കെതിരേ പോരാടിയോ ഒരു രോഗിയായോ ജീവിക്കാൻ തനിക്ക് താത്‌പര്യമില്ലെന്ന ആ തുറന്നുപറച്ചിൽ, മരണഭയമില്ലാതെ ജീവിതത്തെ സമീപിക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ ആർജവമായി വായിക്കാം.

നാളെയെക്കുറിച്ചുള്ള സ്വപ്നം

പുസ്തകത്തിന്റെ അവസാനതാളുകളിൽ സജികുമാർ വിശാലമായ ആശങ്കകളിലേക്ക് കടക്കുന്നു -കാലാവസ്ഥാവ്യതിയാനം, കൃത്രിമബുദ്ധിയുടെ കടന്നുകയറ്റം, ലോകമെമ്പാടും വളരുന്ന യുദ്ധസമാനമായ സംഘർഷങ്ങൾ. കൃത്രിമബുദ്ധി സമൂഹത്തിൽ ചെലുത്തുന്ന തെറ്റായ സ്വാധീനങ്ങളെക്കുറിച്ചും മുതലാളിത്ത വിപണനതന്ത്രങ്ങളെക്കുറിച്ചും പുതിയ പുസ്തകങ്ങൾ എഴുതിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. നിലവിൽ തോൽപ്പെട്ടിയിൽ കാനനത്തോട് ചേർന്ന ഇടത്തിലാണ് താമസം

ഒരു റെയിൽവേ സ്റ്റേഷനിൽ തുടങ്ങിയ യാത്ര, ബോംബെയുടെ തിരക്കിലൂടെയും വഞ്ചനകളിലൂടെയും കടന്ന്, ഒടുവിൽ സ്വയം നട്ടുവളർത്തിയ ഒരു കാടിന്റെ തണലിൽ വന്നുനിൽക്കുമ്പോൾ, നഗരകാന്താരം എന്ന തലക്കെട്ട് വെറുമൊരു വാക്കല്ലാതാവുന്നു. തോറ്റിടത്തുനിന്ന് എഴുന്നേൽക്കാനും കിട്ടിയതിൽ തൃപ്തിപ്പെടാതെ എന്നാൽ, അത്യാഗ്രഹിക്കാതെയും ജീവിക്കാനും സ്വന്തം വഴിയിൽ ഉറച്ചുനിൽക്കാനുമുള്ള ഒരു ക്ഷണമായി ഈ ജീവിതകഥ മാറുന്നു.

Content Highlights: Sajikumar's inspiring life journey from a challenging childhood in Vaikom to building a business in Bombay., The creation of 'Saveda', a self-grown forest reflecting his deep bond with nature., Insights into his autobiography 'Nagarakantharam' focusing on resilience, self-reliance, and principles over profit.