'പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ കണിക്കൊന്നയല്ലേ...' | വിഷുക്കവിതകള്‍

ഫോട്ടോ: ഗിരീഷ് കുമാര്‍ സി.ആര്‍.
ഫോട്ടോ: ഗിരീഷ് കുമാര്‍ സി.ആര്‍.

മലയാളികളുടെ മനസ്സില്‍ ഗൃഹാതുരതയുടെ മഞ്ഞപ്പൂക്കള്‍ വിരിയിച്ചുകൊണ്ട്‌ മറ്റൊരു വിഷുക്കാലംകൂടി. ചില കവിതാശകലങ്ങള്‍ വായിക്കാം... 

ആ വിഷുക്കണി കണ്ടും കൈനീട്ടം 
മേടിച്ചുമെന്‍
ജീവിതം മുന്‍കാണാത്ത ഭാഗ്യത്തെയല്ലോ നേടി! 
- വൈലോപ്പിള്ളി

മേട സംക്രമ പുലരി വരികയായ്
മേദിനീകദനമാറ്റുവാന്‍...
ഒരുമയില്‍ നമ്മളുണരണം
ദയാമധുരമാരിലും ചൊരിയണം
- ശ്രീകുമാരന്‍ തമ്പി

നല്ലോണം നല്ലോണം കണ്ടോളൂ 
നല്ലതുതന്നെ വരുമല്ലോ.
- സുഗതകുമാരി

വിഷുക്കാലമല്ലേ, പൂക്കാതിരി-
ക്കാന്‍ എനിക്കാവതില്ലേ കണിക്കൊന്നയല്ലേ.
- അയ്യപ്പപ്പണിക്കര്‍

മരംപൂത്തു മഞ്ഞയാകുന്ന 
കൊന്നപോല്‍
ഹരംമൂത്തു ഹര്‍ഷമാകുന്നു 
നിന്നില്‍ ഞാന്‍
- ആര്‍.കെ. ദാമോദരന്‍

കണികാണുംനേരം കമലനേത്രന്റെ നിറമേറും
മഞ്ഞത്തുകില്‍ ചാര്‍ത്തി കനകക്കിങ്ങിണി
വളകള്‍ മോതിരം അണിഞ്ഞുകാണേണം ഭഗവാനേ
- പൂന്താനം

ചിത്രീകരണം: മദനന്‍

ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ 
ചാര്‍ത്തി ഗുരുവായൂരപ്പാ നിന്നെ 
കണി കാണേണം
മയില്‍പ്പീലി ചൂടിക്കൊണ്ടും
മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം
- വയലാര്‍ രാമവര്‍മ

ഉലകു തനിക്കായ് തന്നില്‍ത്തനിയേ 
അഴകിലൊരുക്കിയ കണിയുരുളി അണയാത്തിരയാം
കിരണിനുചുറ്റും തിരിയും മരതകമണിയുരുളി
അതിലെക്കനിവും കനിയും 
പൊലിയും ചിതമായിങ്ങനെ 
തൃക്കണിയാക്കി 
അമ്മയൊരുക്കി കുഞ്ഞുരുളി
- പി. മധു

വേനലിന്നുരുളിയില്‍ കൃഷ്ണമേഘമായ്,
മിന്നില്‍പ്പിണരിന്‍
കണിക്കൊന്നപ്പൂവുമായ് വിഷു മുന്നില്‍
വെടിയും പടക്കവും ചെകിട് പൊടിച്ചാലും 
കടലായ് വര്‍ഷത്തിന്റെ കൈനീട്ടം പൊലിച്ചെങ്കില്‍.
- ഡോ. എസ്.വി. ആര്യാംബിക

Content Highlights: Vishu related poem excerpts in Malayalam literature