ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സത്യന്‍ അന്തിക്കാട് എഴുതിയ കഥ 'പ്രണയതീരം'

ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന തന്റെ കഥ 'പ്രണയതീരം' ഫേസ്ബുക് പേജിലൂടെ വായനക്കാരുമായി പങ്കുവെച്ചിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. എഴുത്തുകാരന്റെ കുറിപ്പും കഥയും വായിക്കാം.
''1998-ലാണ്. മാതൃഭൂമിയില്‍ നിന്ന് വാരാന്തപ്പതിപ്പിലേക്ക് ഒരു 'മിനിക്കഥ' അയച്ചു തരുമോ എന്നു ചോദിച്ച് വിളിച്ചു. കുറേ എഴുത്തുകാരുടെ കുഞ്ഞുകഥകള്‍ ചേര്‍ത്ത് അവര്‍ ഒരു മിനിക്കഥാപതിപ്പ് ഇറക്കുന്നുണ്ടായിരുന്നു. ഏതോ സിനിമയുടെ ജോലികള്‍ക്കിടയിലായിരുന്നെങ്കിലും എഴുത്തിനോടുള്ള താല്‍പര്യം കൊണ്ട് ഒരു കൊച്ചുകഥ എഴുതി അയച്ചു കൊടുത്തു. അവരത് പ്രസിദ്ധീകരിക്കുകയും ഞാനത് മറക്കുകയും ചെയ്തു. ഈയിടെ മാതൃഭൂമി ബുക്‌സിലെ നൗഷാദ് ആ കഥ തപ്പിയെടുത്ത് അയച്ചു തന്നിരിക്കുന്നു!
വായിച്ചപ്പോള്‍ ഒരു കൗതുകം. അത് ഇവിടെപങ്കു വെക്കുന്നു. 24 വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയത് എന്ന പരിഗണനയോടെ വേണം വായിക്കാന്‍.''
പ്രണയതീരം
കൈലേസുകൊണ്ടു കണ്ണു തുടച്ചുനിന്ന സെലീനാ മാത്യുവിനെ ബസില്‍ കയറ്റിയിരുത്തിയിട്ടു രാജേഷ് പറഞ്ഞു.
'ധൈര്യമായിരിക്കൂ. ഞായറാഴ്ചയ്ക്കുമുന്‍പു നമ്മള്‍ രണ്ടുപേരും വിവാഹരജിസ്റ്ററില്‍ ഒപ്പുവച്ചിരിക്കും.'
തിരിച്ചു വീട്ടിലേക്കു ബൈക്കോടിക്കുമ്പോള്‍ അവന്റെ മനസ്സുമുഴുവന്‍ കണക്കുകൂട്ടലുകളായിരുന്നു.
ഏകമകന്‍ ഒരു ക്രിസ്ത്യാനിപ്പെണ്ണിനെ വധുവാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നു കേട്ടാല്‍ അമ്മ ബോധംകെട്ടു വീഴും. അച്ഛന്‍ മുറിക്കുള്ളിലിട്ടു പൂട്ടും. എന്തും വരട്ടെ, നേരിടാന്‍ തയ്യാര്‍! ഒളിച്ചോട്ടത്തിനുള്ള ഏര്‍പ്പാടുകളൊക്കെ ചെയ്തുകഴിഞ്ഞല്ലോ. വെള്ളിയാഴ്ച രാവിലെ കോളേജിലേക്കെന്ന വ്യാജേന സെലീന വരും. ഉണ്ണികൃഷ്ണന്റെ ചുവന്ന മാരുതി കാറില്‍ കയറും. നേരെ എറണാകുളത്തേക്ക്. സാക്ഷികളുമായി സുരേഷും കൂട്ടരും കാത്തുനില്‍പ്പുണ്ടാവും. സാധിച്ചാല്‍ അന്നു തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നു. ബാക്കി കാര്യമൊക്കെ പിന്നെ.
അത്താഴം കഴിഞ്ഞു അച്ഛന്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പാണ് പ്രശ്‌നം അവതരിപ്പിച്ചത്. ചെകിടടച്ച് ഒരടിയും പ്രതീക്ഷിച്ചു നില്‍ക്കുമ്പോള്‍ അച്ഛന്‍ പൊട്ടിച്ചിരിച്ചു.
'ഗുഡ്! ഒരു പെണ്ണിനെ പ്രേമിക്കാനുള്ള ധൈര്യമൊന്നും നിനക്കുണ്ടാവില്ലെന്നാണു ഞാന്‍ കരുതിയത്.'
അമ്പരപ്പു പുറത്തു കാണിക്കാതെ രാജേഷ് പറഞ്ഞു.
'അവളൊരു ക്രിസ്ത്യാനിപ്പെണ്ണാണ്.'
'നന്നായി!' അമ്മയുടെ മുഖത്തും സന്തോഷം.
'ക്രിസ്ത്യാനിക്കുട്ടികളാവുമ്പോള്‍ കുടുംബം നടത്തിക്കൊണ്ടുപോകാനുള്ള മിടുക്കു കൂടും.'
'അവര്‍ പാവങ്ങളാണ്. സ്ത്രീധനമൊന്നും കിട്ടില്ല.'
'നിന്റെ ഭാര്യയുടെ പണംകൊണ്ടു വേണ്ടല്ലോ നമുക്കു ജീവിക്കാന്‍.'
മുറിയില്‍ തനിച്ചായപ്പോള്‍ താന്‍ വിഡ്ഢിയാക്കപ്പെട്ടതുപോലെ തോന്നി രാജേഷിന്. ചാടാന്‍ മതിലുകളില്ലെങ്കില്‍, പൊട്ടിച്ചെറിയാന്‍ വിലങ്ങുകളില്ലെങ്കില്‍ പ്രേമത്തിനെന്തു പ്രസക്തി? ഒളിച്ചോട്ടം, ചെയ്സ്, പോലീസ്, കോടതി... എല്ലാം വെറും സ്വപ്നം! ഉറക്കം നഷ്ടപ്പെട്ട രാത്രിയുടെ അവസാനയാമത്തില്‍ രാജേഷ് എഴുതി:
'പ്രിയപ്പെട്ട സെലീന, നമ്മള്‍ പിരിയുകയാണ്. ഒരിക്കലും എന്നെക്കുറിച്ച് ഓര്‍ക്കരുത്. നിനക്ക് നന്മവരട്ടെ.'
( സത്യന്‍ അന്തിക്കാട് മിനിക്കഥ മാതൃഭൂമി വാരാന്ത്യപ്പതിപ്പ്, 1998)
Content Highlights: sathyan anthikkad face book post on a short story pranayatheeram written 24 years before