കുലവന്‍ | നോവല്‍ ഭാഗം- 29

നിലപാടു തറ
ഇരുട്ടിനും തെളിച്ചതിനുമിടയിലെവിടെയോ നിഴല്‍പോലെ തറ നിലപാടു നിന്നു.
പുലരുന്നേയുള്ളൂ..
നിറഞ്ഞലങ്കരിച്ച നിലപാടു തറ പ്രാക്തനമായ ഏതോ വിഷാദത്തിന്റെ തട്ടുപോലെ തോന്നിച്ച. പിണഞ്ഞിട്ട കുരുത്തോല മാലകളും തെച്ചിത്തുളസി കൂട്ടുതൂക്കുകളും തുന്നാരന്‍ തോരണങ്ങളും അലുക്കു തുന്നിയ തഴകളും മകരമഞ്ഞില്‍ തണുത്തു തലകുനിച്ചു. നിറംതെളിയാതെ നാലുമൂലയിലും തിരിയിട്ടു വെച്ച പൊന്നില്‍ തീര്‍ത്ത കുത്തുവിളക്കുകള്‍. ചാണകം മെഴുകിമിനുക്കിയ തട്ടില്‍ വിരിച്ചിട്ട ചോരനിറം പേറിയഅറബിപ്പരവതാനി. ചീനത്തുകിലില്‍ തീര്‍ത്ത പന്തലിനു താഴെ തമ്പുരാന്റെ വെള്ളവിരിച്ച രാജകീയാസനം. തറയുടെ വലതു വശത്ത് വരി വരിയായി തൂക്കിയ അടിമക്കൊടികള്‍ കാറ്റുപിടിച്ചിട്ടും ഉശിരില്ലാതെ ഉറങ്ങി.
ആലഭാരമേന്തിയ ഏകനായ രംഗവേദി.
വേഷം കെട്ടിയിറങ്ങിയ തന്നെപ്പോലെത്തന്നെ.
പാതിരാത്രി ,അകിലും ചന്ദനവും കുറിയും ചാര്‍ത്തുന്നതു കണ്ടപ്പോള്‍ തന്നെ ചന്തപ്പന്‍ ആത്ഭുതം കൂറി
മച്ചൂനാ ഇതെന്തു പറ്റി..നടാടെയീ കാഴ്ച്ച...!
ഇന്നാണ് പുത്തലത്തിളയതിന്റെ ചമയല്‍. കാലെ വരുന്ന പ്രിയജനം കാണട്ടെ..
ഇരുപത്തൊന്നു മുഴം നീളത്തിലുള്ള കച്ചമറിഞ്ഞുമുറുക്കി, കുതിരമുഖം കെട്ടി. അതിനു പാവിട്ട് കസവു ചുറ്റി, മേലെ പവിഴം കെട്ടിയ ഓഢ്യാണവും കോര്‍ത്തു. മൂന്നിഴയുള്ള മുത്തുമാലയും മരതകങ്ങള്‍ മിന്നുന്ന കഴുത്തിലത്താലിയും മാറിലണിഞ്ഞു. മണിബന്ധകങ്കണവും വൈരക്കടുക്കനും ഇട്ടിട്ടും മതിയാവാത്ത പോലെ..
ഇന്നു നിനക്കു കൂട്ടു വരാന്‍ എനിക്കെന്താരാവേശം മച്ചൂനാ.. ഏതു നാടുവാഴിയും ഇക്കാഴ്ച്ചയില്‍ ചൂളും..
നീയിവിടെ, വാകയൂര്‍ കുന്നില്‍ കോവിലിനു കാവല്‍. കല്‍പ്പനയാണ്.
തുണപോരാനാണ് പുത്തലത്തവല്‍ പറഞ്ഞത്.
നീ കേള്‍ക്കണം മച്ചൂനാ..നിലപാടു തീര്‍ന്നാല്‍ നാലു വെടി പൊട്ടും. അപ്പോള്‍ അടിയോടിയെ കാവലേല്‍പ്പിച്ച് നീ വരണം. നീ വരാതെ ഞാന്‍ മടങ്ങില്ലെന്നോര്‍ക്കുക.
ചന്തപ്പന്‍ തലകുനിച്ചു. മറുത്തുപറയാന്‍ മടിച്ചാല്‍ പണ്ടെ അങ്ങനയാണവന്‍.
ചിണ്ടാ.....
ധര്‍മ്മോത്തിളയതാണ്.
രാരുവിനൊപ്പം തറയുടെ ഏണും കോണും പരിശോധിക്കുന്ന ആജാനുബാഹുവാണ് തെക്കു നിന്നു വന്ന ചേറ്റുവയിലെ ചെറായി പണിക്കര്‍. വടക്ക് പുത്തലത്താണെങ്കില്‍ തെക്ക് ചെറായിയാണ് അതിര്‍ത്തി കാപ്പുകാര്‍.
നിലപാടു തറക്കു മുന്നിലെ ചെറുപരപ്പ് തലേന്നു തന്നെ തെളിച്ചു തളിച്ചു വെച്ചിട്ടുണ്ട്. സാമന്തരും വാഴുന്നവരും ധര്‍മ്മോത്തു പണിക്കരുടെ പടയാളികളും വെടിവട്ടം പറയുന്നതിന്റെ മൂളല്‍.. തമ്പുരാനിടതും വലതും നിലനില്‍ക്കാനുള്ള സചിവന്‍മാര്‍ എത്തുന്നത് കാത്തിരിക്കുകയാണവര്‍. അതുകഴിഞ്ഞ് നാവാ മുകുന്ദന്റെ ക്ഷേത്രത്തിലേക്കു നീളുന്ന നടവരമ്പ്. അവിടെ സാമൂതിരിയുടെ പട പരിചചേര്‍ത്ത് നിരന്നുകഴിഞ്ഞു. വശങ്ങളില്‍ കുന്തക്കാര്‍, നേരില്‍ വാള്‍ക്കാര്‍.
നടതുള്ളിവരുന്ന അതിഥികളെ കാത്തിരിക്കുകയാണവര്‍. വരാനുള്ളത് വഴിയില്‍ ചാവുന്ന ഒട്ടക്കാര്‍ അല്ലെന്നിവര്‍ അറിയുന്നില്ല.
നിലം കാക്കുന്ന കുന്തപ്പാടിനുമപ്പുറം കാഴച്ച് കാണാന്‍ ആളുകള്‍ പെരുകിത്തുടങ്ങി.
തിരിക്കിനിടയല്‍ വെള്ള പ്രത്യക്ഷപ്പെട്ടു.
എന്താ കഥ...വേഷവിധാനം കേമം പണിക്കരെ.
കാണട്ടെ കെട്ടുകാഴ്ച്ച. കുറവരുത്തേണ്ടെന്നു കരുതി.
ചത്താലും ചമഞ്ഞുതന്നെയാകണം പുത്തലത്തിന്റെ പ്രൗഢി...
വെള്ള ഉറക്കെ ചിരിച്ചു.
അവര്‍ എത്തിയോ തിരുമേനി..
ഇരുട്ടഴിയുംമുമ്പ് തെക്കൊരാരവമുയര്‍ന്നു കേട്ടില്ലെ.. കൂരിയാലിന്‍ ചുവടെ ചാവേറുകള്‍ കൂടിയതിന്റതാണ്..
കാണാന്‍ ആവതായോ..
ഉവ്വ്. വൃത്താന്തങ്ങളും കൈമാറി.
നാവായിലെ കൂട്ടംകണ്ട് അവര്‍ അധീരരായോ.
ഭയങ്ങളൊക്കെ ഒഴിഞ്ഞിരിക്കുന്നു. ഭാവഭേദങ്ങള്‍ വറ്റിക്കല്ലിച്ച മനസ്സും മുഖവും. കണ്ടാല്‍ വേര്‍തിരിക്കാന്‍ പറ്റണില്ല. സര്‍വ്വം മുണ്ഡനം ചെയ്തു രൂപമമ്പേ മാറിയ ബീഭല്‍സങ്ങള്‍.
കേട്ടിരുന്നു. ആസകലം വടിച്ചെടുക്കുന്ന ആചാരങ്ങളെപറ്റി. എന്താണിപ്പോള്‍ പ്രാര്‍ഥിക്കേണ്ടത്. പഠിപ്പിച്ചതൊക്കെ തോന്നാതിരിക്കട്ടെ എന്നോ. അതോ നിണമണിഞ്ഞ സ്വപ്നങ്ങളില്‍ നിസ്സഹായനായി, വരാതിരിക്കട്ടെ എന്നോ.
കൂട്ടു കതിനകളുടെ മുഴക്കത്തില്‍ ആകമാനം ഞെട്ടി. മാമാങ്ക ഭൂമി വെളിവിലേക്ക് നടുങ്ങിയുണര്‍ന്നു
ആഴിമുഖത്ത് ആന പൊന്നണിഞ്ഞു തുടങ്ങിയിട്ടുണ്ടാവണം. വെള്ള പറഞ്ഞു.
നൂറ്റിപതിനാലു കണ്ണികളുള്ള സ്വര്‍ണ്ണച്ചങ്ങല. 73 ആലിലകള്‍ കൊത്തിയ സ്വര്‍ണ്ണനെറ്റിപ്പട്ടം. വെള്ളികെട്ടിയ കൊമ്പുള്ള തമ്പുരാന്റെ ആനയെ കണ്ടാല്‍ ഐരാവതവും കൊമ്പു കുത്തും....
വെള്ള പിന്നേയുമെന്തോക്കെയോ പറഞ്ഞു. അലങ്കരിച്ച ആനയല്ല, ആസകലം ക്ഷൗരം ചെയ്ത ഒരു രൂപമാണ് മനസ്സില്‍.
ചിണ്ടാ..
ധര്‍മ്മോത്തിളയപണിക്കര്‍ തറമോല്‍ നിന്നുറക്കെ വിളിച്ചു..
തമ്പുരാന്‍ ചമയം തുടങ്ങിക്കാണും. അടുത്ത കതിനക്ക് എഴുന്നള്ളത്ത്. തട്ടിലെ പഴുതുകള്‍ ചേറി നമുക്ക് നിലയേറണം.
വരുന്നെന്റെ ചങ്ങാതി..
നിലപാടു തറ നോക്കി വെള്ള കൈകെട്ടിനില്‍ക്കുന്നു..
തിരുമേനി, അനുഗ്രഹിക്കണം എന്നാവശ്യപ്പെടില്ല. പ്രാര്‍ഥനകള്‍വേണം. ഒരു യോദ്ധാവൂം ഈ നില ഏറാതിരിക്കാന്‍.
ഏറില്ല...വെള്ള ചിരിച്ചു.
പോവും മുമ്പ് ഒരു നിമിഷം. വെള്ള കൈ പിടിച്ചു നിര്‍ത്തി..
പുതുമന തറവാടിന്റെ മുകളില്‍ മച്ചു നോക്കി ഒരു സ്ത്രീ കിടന്നിരുന്നതില്ലെ..
ഉം. കണ്ടിട്ടില്ല, കണ്ടര് ധാരാളം പറഞ്ഞു കേട്ടിരുന്നു, മുകളിലെ വല്ല്യമ്മയെ പറ്റി..
അവര്‍ സിദ്ധികൂടി..
കഷ്ടമായി.. വകയിലെ ഒരു വലിയമ്മയാണത്രെ..
പുതുമനപ്പണിക്കര്‍ ഒരു കാര്യവുമിടക്കു പറഞ്ഞു. ആ ബാലന്‍ അയാളുടെ പെങ്ങളുള്‍ക്കുണ്ടായസന്തതിയല്ല..
പിന്നെ...?!
ശയ്യാവലംബിയായ ആ സ്ത്രീയുടെ മകനാണ്. മാനം കാക്കാന്‍ താവഴിക്കാരല്ലാത്ത ഏതോ ബന്ധുക്കള്‍ പേറാന്‍ നടതള്ളിയതാണ്. പേറുകഴിഞ്ഞ് തളര്‍ന്നു പോയതാണത്രെ... അതോ ആ പുതുമനയമ്മ...
ദേഷ്യമിരച്ചു കയറി....
ചാവിന് ആളൊപ്പിക്കാന്‍ തളിരു പൊടിയാത്ത ആരാന്റെ കുട്ടിയെയും ചെരച്ചുവടിച്ച്കൂട്ടിയിരിക്കുന്നു...കഷ്ടം...
ശേഖരന്‍ പല്ലിറുമ്മിപ്പറഞ്ഞു...
അവനിതറിയുമോ...
ഇല്ല.
അത്രയും നന്ന്.. ആരാണെന്നറിയാത്തതും ഇടക്ക് ഒരു ഭാഗ്യമാണ്.
ശിഷ്യന്‍ എന്തായാലും ഗുരുദക്ഷിണ തന്നയച്ചിട്ടുണ്ട്..
വെള്ള നമ്പൂതിരി ഒരു ചീളു ശീലത്തുണ്ട് നീട്ടി..
കൂട്ടുകതിനകള്‍ ചെകിടച്ചുപൊട്ടി. ആന പൊന്നണിഞ്ഞു കാണണം. കുന്നലക്കോനാതിരിക്ക് മാമാങ്കത്തിന് നിലപാടു നില്‍ക്കാന്‍ സമയമാഗതമായി.
ചിണ്ടാ എവിടെ നീ... ധര്‍മ്മോത്തിളയത് അക്ഷമനായി ഉറക്കെവിളിച്ചു..
ചീള് തുണ്ട് അരക്കച്ച മുറുക്കില്‍ തിരുകി തറയേറി.
മണിത്തറയുടെ വലത് ഞാനും മാടപ്പുറത്ത് ഉണ്ണിരാമനും കാക്കും.. തറയുടെ ഇടതു വശം നീ വലിഞ്ഞു നിലകൊള്ളണം. മുന്നില്‍ ചെറായി പണിക്കര്‍ നില്‍ക്കും. മനസ്സിലായോ..
പടത്തലവന്‍ കല്‍പ്പിക്കും പോലെ..
തറക്കു താഴെ അമ്രമോളി വൈദ്യരും ഇട്ടിക്കളത്തില്‍ മേനോനും വയ്യാവിനാട്ടു നമ്പിടിയും..അതുകഴിഞ്ഞാരും...
മുഴുമിപ്പിക്കാതെ പടത്തലവന്‍ മുഖത്തു നോക്കി..
വെറുതെ തലയാട്ടി..
വാകയൂര്‍ കുന്നില്‍ മുഴങ്ങിയ ആര്‍പ്പു വിളികള്‍ താഴെ പ്രതിധ്വനിച്ചു. പതിനാറമാലന്‍മാര്‍ ചുമക്കുന്ന പല്ലക്കില്‍ സാമൂതിരിപ്പാട് കൊട്ടിയെഴുന്നള്ളുകയാണ്. വെള്ളിയും പൊന്നും കെട്ടിയ പരിചയും വാളുമായി അകമ്പടി ജനം നടവിളിക്കുന്നു.
മണിത്തറിയിലെ പൊന്‍വിളക്കുകളില്‍ നന്ദാവനത്തു നമ്പി വന്ന് അഗ്‌നിപകര്‍ന്നു.
നെന്‍മിനി ചാത്തിരന്‍മാരുടെ പൂര്‍ണ്ണകുഭം കൈവെച്ചു സ്വീകരിച്ച സാമൂതിരി പല്ലക്കില്‍ നിന്നും ആയാസത്തോടെയിറങ്ങി. അസ്‌കിതകളെ ചിരി കൊണ്ടു തമ്പുരാന്‍ മറച്ചു.
കുമ്പിട്ടു വണങ്ങിയ പ്രഭുക്കള്‍ അകമ്പടി പകര്‍ന്ന് രാജാവിന് ഒറ്റവിളിച്ചു.
മാനവീയ വീരരായിര മാഹാപരാക്രമ അഖണ്ഡിതലക്ഷമിപ്രസന്നരാജ, മഹാമേരുസമാനധീരാന...
പ്രയാസപ്പെട്ട് എഴുന്നള്ളുന്ന മഹാമേരു..
തിരുമുടിപ്പട്ടവും മേല്‍കുപ്പായവും തിരുവാഭരണങ്ങളും ചാര്‍ത്തിയ പടുവൃദ്ധനായ രാജാവ് ആയാസത്തോടെ അനുചരരുടെ കൈപിടിച്ച തറയേറാന്‍ തത്രപ്പെട്ടു നടന്നു...
പൊന്‍കിണ്ടിയില്‍ തൃക്കാല്‍ കഴുകി കേരളസാമ്രാട്ട് തട്ടേറി ആസനത്തില്‍ ഇരുന്നപ്പോള്‍ ആളുകള്‍ ആര്‍പ്പു വിളിച്ചു. പള്ളിമാറാടിയും നാന്തകവും തറയുടെ പിന്നില്‍ നിരന്നു. സമയമായി. സാമൂതിരി നിലപാടു നില്‍ക്കാന്‍ മെല്ലെ എഴുന്നേറ്റു. തുര്‍ക്കിത്തൊപ്പിയും പട്ടുശീലയും പുതച്ച ഷാബന്ദര്‍ കോയ തട്ടേറി ഇടതു നിന്നപ്പോള്‍ തുപ്പാക്കികളില്‍ നിന്ന് തുരുതുരാവെടിപൊട്ടി. തൊഴുതുകയറിയ മങ്ങാട്ടച്ചന്‍ തമ്പുരാന് വലതു നിന്നു. തിനയഞ്ചേരിയും പാറ നമ്പിയും തമ്മേ പണിക്കരും കയറിത്തൊഴുത് ഇരുവശവും നില നിന്നു. നടപ്പാതക്കപ്പുറത്തുള്ള നാവായുടെ നാഥനെ തൊഴുത് സാമൂതിരി കൈയ്യുയര്‍ത്തി എല്ലാവരുടേയും സമ്മതം ചേദിച്ചു.
രാമാ...എന്നാല്‍ പിന്നെ നിലപാട് കൈക്കൊള്ളുകയല്ലേ..?
എറാന്‍. മങ്ങാട്ടച്ചന്‍ കൂറുപറഞ്ഞു.
മുത്തുകോര്‍ത്തപട്ടില്‍ പൊതിഞ്ഞ വാള്‍ ഒരു താലത്തില്‍ ധര്‍മ്മോത്തിളയ പണിക്കര്‍ അപ്പോള്‍ തമ്പുരാനു സമക്ഷം കൊണ്ടുവന്നു.
ചത്തും കൊന്നും രാജ്യം ഭരിക്കാന്‍ ചേരമാന്‍ പെരുമാള്‍ നല്‍കിയ പാതി പൊലിഞ്ഞ വാള്‍ സാമൂതിരിപ്പാട് പ്രയാസപ്പെട്ട് എടുത്തു. പിന്നെ കത്തിച്ച തൂക്കു വിളക്കിനു മുന്നില്‍ വന്നു നിന്നു.
ആയാസപ്പെട്ട് വാളിളക്കി രാജാവ് കൂട്ടത്തോടു ചോദിച്ചു.
പെരുനില നിന്ന് മാമകത്തിനും കേരളക്ഷോണിക്കും നാം രക്ഷാപുരുഷനാവുന്നതില്‍ വിരോധമാര്‍ക്കെങ്കിലുമുണ്ടോ...
പരിശയില്‍ വാള്‍ മുട്ടി ചങ്ങാത്തം ആര്‍ത്തപ്പോള്‍ രാജാവു പറഞ്ഞത് പകുതിയും കേട്ടില്ല.
കതിനകളും തുപ്പാക്കികളും മത്സരിച്ചു നിലത്തെ പ്രകമ്പനം കൊള്ളിച്ചപ്പോള്‍ ദൂരെ മറ്റൊരു ഹുങ്കരാമുയര്‍ന്നു.
ചാവേറുകള്‍.. ധര്‍മ്മോത്തുപണിക്കര്‍ മന്ത്രിച്ചു.
രാമാ, വിശേഷായിെട്ടാന്നും ണ്ടാവാന്‍ തരമില്ലല്ലോ അല്ലെ...
സാമൂതിരിപ്പാട് ചോദിച്ചു.
തോളിനു മീതെ പിന്നെ അടിയങ്ങളുടെ തലയെന്തിനു തമ്പുരാന്‍..
മങ്ങാട്ടച്ചന്‍ നെഞ്ചില്‍ കൈവെച്ചു.
ചാവേറുകള്‍ നടപൊട്ടിച്ചിരിക്കൂന്നൂ.. തടയാനെളുതല്ല.. തട്ടു ചത്തും കാക്കണം
താഴെ നിന്ന് വിളികള്‍ വന്നു.
കുഴഞ്ഞു മറിയുന്ന അവ്യക്തതയിലക്കു സൂക്ഷിച്ചു നോക്കി.
നടവരമ്പുതാണ്ടി, പിണങ്ങളെ കവച്ചുകടന്ന വ്യൂഹത്തില്‍ ഇപ്പോള്‍ ചോരയില്‍ കുളിച്ച അമ്മാവനും വളര്‍ത്തുമരുമകനും മാത്രം. തട്ടിനു താഴെ തീര്‍ത്ത മൈതാനത്ത് ഇടം തീര്‍ത്ത് ഓങ്ങിയും കയറിയും അവര്‍ വാള്‍ചുഴറ്റിയപ്പോള്‍ ശരീരഭാഗങ്ങള്‍ അറ്റുവീണു. കാറിവിളിച്ച് അമ്രമോളി വൈദ്യര്‍ കണ്ടരിനു നേരെ പായുന്നതു കണ്ടു. വലംതിരിഞ്ഞു കാറ്റുകണക്ക് വെട്ടിയപ്പോള്‍ വൈദ്യരുടെ വാള്‍ക്കൈ അറ്റു, അടുത്ത വീശില്‍ തലയും. പൂക്കുറ്റിയില്‍ എന്ന പോലെ പോലെ ചോരചീറ്റിയപ്പോള്‍ ചാവേറുകള്‍ അലറി. വാള്‍ക്കാര്‍ തിരിച്ചു നിന്നു.
മണിത്തറക്കു മുന്നില്‍ കുരതി തുടങ്ങി. കണ്ടരിനെ പരിരക്ഷിച്ച് പുതുമനപ്പണിക്കര്‍ അസാധ്യമായി പറന്നു വെട്ടി. കുതിച്ചു വന്ന ഒരു കുന്തം പരിചയും പിളര്‍ന്ന് അയാളുടെ അടിവറ്റില്‍ ചാണ്ടിക്കയറി. പിളര്‍ന്ന വയറില്‍ നിന്ന് ചാടിയ കുടല്‍മാല്‍ ഇടതു കൈകൊണ്ട് തള്ളിക്കയറ്റി കച്ചയിലാക്കി അയാള്‍ നിലച്ചക്രം പോലെ തെറിച്ചു വെട്ടിയപ്പോള്‍ കബന്ധങ്ങള്‍ ഉഴറിനടന്നു.. ചോരകക്കിയ വയ്യവിനാടു നമ്പിടിയും കളത്തില്‍ കരുണാകരമേനോനും പിടിച്ചു നില്‍ക്കാനാവാതെ നിലപാടു തറയിലേക്ക് അപകടസൂചനകള്‍ നല്‍കി..
പിടിതരാതെ പറന്നു വെട്ടുന്നുണ്ടവര്‍. ചിണ്ടാ.. തറയേറാന്‍ വിടരുത്, അഥവാ വന്നാല്‍ അവര്‍ നിന്നെ കാണണം... ധര്‍മ്മോത്തലറി.
ഞാനിതാ ചാടുന്നു പണിക്കരെ, തറയേല്‍പ്പിച്ചു പോകുന്നെ...
പകിടമറിഞ്ഞ് ചേറ്റുവ പണിക്കര്‍ താഴെയത്തി.
പുറംതിരിഞ്ഞു പയറ്റുന്ന ചാവേറിന്റെ വശത്തു നിന്നും പരിശ മറച്ച് ചരിഞ്ഞു വീണ് അരക്കു താഴെ തുടയ്ക്ക് ചതിച്ചു വെട്ടിയപ്പോള്‍ പുതുമനപ്പണിക്കര്‍ അമര്‍ച്ചയോടെ കമിഴ്ന്നു വീണു.
പുറം ലാക്കാക്കി വന്ന അടുത്ത വെട്ടു തടുത്തിട്ട പണിക്കര്‍ ഇടതുകാലു താങ്ങി ചാടിപ്പൊങ്ങി ചേറ്റുവ പണിക്കരുടെ നാഭീമര്‍മ്മത്തില്‍ ആഞ്ഞു ചവിട്ടി. ചോരഛര്‍ദ്ദിച്ച് സാമൂതരിയുടെ പോരാളി വേച്ചു വീണു പിടഞ്ഞു. നിലത്തുവീണുപോയ പുതുമനപണിക്കര്‍ ഒറ്റ മുട്ടില്‍ എഴുന്നല്‍ക്കാന്‍ വൃഥാ ശ്രമിച്ചു. പറന്നെത്തിയ സൂചികുന്തങ്ങള്‍ പുറം തുളച്ചു കയറിയപ്പോള്‍ ആ കണ്ണും വായും പിളര്‍ന്നു വന്നു. ഞാണറ്റ വില്ലുപോലെ അയാളുടെ മുഖം വിറച്ചു..
ഏറുണ്ണീ ഏറ്.. ചോരകൊഴുത്ത അവസാന ശ്വാസമെടുപ്പിലും അയാള്‍ ചുണ്ടനക്കി. സാമൂതിരി നിലപാടു നില്‍ക്കുന്ന തറയിലേക്ക് വിറയ്ക്കുന്ന കൈചൂണ്ടി പുതുമനപണിക്കര്‍ കുന്തത്തില്‍ കോര്‍ത്തു വീണു.
ചിണ്ടാ നിയെന്തു കണ്ടു മിഴിച്ചു നില്‍ക്കുന്നു.. പരിശമറക്കാതെ വാള്‍ നീര്‍ത്തി നിലനില്‍ക്ക്. ധര്‍മ്മോത്തിയത് പുറത്തടിച്ചുറഞ്ഞു.
അറ്റുവീണ ആത്മബന്ധത്തിലുലഞ്ഞ കണ്ടര് അകാശത്തേക്ക് കണ്ണടച്ചലറി, പിന്നെ നിലപാടുതറ നോക്കി കലികൊണ്ടു.
ഇരുകൈവാള്‍ വീശി അവന്‍ പമ്പരം കറങ്ങാന്‍ തുടങ്ങി. പെരുകുന്ന പൊടിയും മിന്നല്‍വാള്‍പ്പിണറും തടുക്കാനാവാതെ, അടുക്കാനാവാതെ പടപതുങ്ങി നിന്നു..
അരക്കച്ചയില്‍ തിരുകിയ ഗുരുദക്ഷിണ മെല്ലെ ചികഞ്ഞെടുത്തു.
ഉണ്ണീ..ഗുരുദക്ഷിണയേറ്റ്, ഞാനിതാ നിന്നെ കൈക്കൊള്ളാന്‍ നിലനില്‍ക്കുന്നു.. ഈ പ്രകടനത്തിനു മുമ്പില്‍ നിനക്കു ഞാന്‍ ശിഷ്യന്‍ മാത്രം.
പൊതിഞ്ഞു വെച്ച ഒരു അംഗുലീയം..
വിരല്‍ തിരിഞ്ഞപ്പോള്‍ കല്ലില്‍ നിന്നൊരു മഞ്ഞരാശി കണ്ണില്‍ വീശി. പുഷ്യരാഗം.! മനം നിറഞ്ഞേറ്റു വാങ്ങിയ ആദ്യ സമ്മാനം. മനമലിഞ്ഞ് പകര്‍ന്ന ആദ്യ സമ്മോഹം.. കോട്ടയം തമ്പുരാന്‍ തിരുവിരലൂരിത്തന്ന അതേ പുഷ്യരാഗക്കല്ലുമോതിരം. പേരറിയാത്ത പ്രണയിനിക്കു വാക്കായി കൊടുത്ത അതേ മോതിരം.
തലച്ചോറില്‍ ആയിരം കതിനകള്‍ പൊട്ടി.. ശൂലപ്രോതമെന്ന നരകത്തിന്റെ ഉച്ചത്തില്‍ ശനി കണ്ടകനായിനിന്നട്ടഹസിച്ചു...
മേലൂരപ്പാ...ശേഖരന്‍ കരഞ്ഞു..
ചാവേറാനായി മകനെ അഛന്‍ പരിശീലിപ്പിക്കുമ്പോള്‍ മേലെ കിടന്നു ശബ്ദമില്ലാതെ കരഞ്ഞത് നീയായിരുന്നു !
ബലിമൃഗമായി പരിശീലിപ്പിച്ച മകന്‍ അതാ അവിടെ പത്മവ്യൂഹത്തില്‍ അഭിമന്യുവിനെപ്പോലെ ചോരയില്‍കുളിച്ച് പരാക്രമം കാണിക്കുകയാണ്. ചക്രം ഭേദിക്കാനാവാതെ ഒരഛനിതാ നിസ്സഹായനായി ഇവിടെ നില്‍ക്കുന്നു
ഇരട്ടവാള്‍ ചുഴറ്റി പഴുതിനോക്കി കണ്ടര് കുതികൊണ്ടു. ആഞ്ഞു നിന്ന ധര്‍മ്മോത്തിളയതിനെ ഒരു ചതിക്കുതിപ്പില്‍ വെട്ടിച്ചൊഴിഞ്ഞ് തറയുടെ പടിക്കെട്ടിലൂന്നി ആവന്‍ പെട്ടന്ന് തട്ടിലേക്ക് ആയത്തില്‍ ഉയര്‍ന്നു ചാടി.
സാമൂതിരിപ്പാടും പരിവാരവും സ്തംഭിച്ചു നിന്നു..
പുത്തലത്തു പണക്കരെ വെട്ടികള....
പാറ നമ്പി സംഭ്രമിച്ചു കാറി...
ചോരയില്‍ കുളിച്ച് അലറിവന്ന ബാലന്റെ കണ്ണുകള്‍ പെട്ടന്ന് അവിശ്വസനീയതയോടെ ആന്തി..
ഉണ്ണീ.........ശേഖരന്റെ കരയും പോലെ വിളിച്ചു.
തന്റെ കൈകളിലേക്ക് ചാടി വരുന്ന ഒരു കുഞ്ഞിനെ ശേഖരന്‍ അപ്പോള്‍ കണ്ടു.
വെട്ടിക്കള...ചിണ്ടാ...
രാരു വാള്‍ നീട്ടി താഴെനിന്ന് അലറി...
മാറിപ്പോ.... വാളുയര്‍ത്തി കണ്ടര് നിലവിളിച്ചു...
ലക്ഷ്യം തെറ്റി ആഞ്ഞു പതിച്ച വെട്ടില്‍ നിറഞ്ഞു കത്തിയ തുക്കുവിളക്കിന്റെ തലതെറിച്ചുരുണ്ടു..
കുഴഞ്ഞിരുന്ന കേരളഭൂപതിയെ മന്ത്രിമാരേയും പരിശക്കാര്‍ പൊതിഞ്ഞു കൊണ്ടു പോയി...
വെട്ടിക്കള... വെട്ടിക്കള...നൂറായിരം പേര്‍ അലറിവിളിക്കുന്നപോലെ ശേഖരനു തോന്നി..
വാളുതാഴ്ത്തി അമ്പരപ്പുമാറാതെ തിരിഞ്ഞു നോക്കിയ മകന്റെ കഴുത്തുകണക്കാക്കി ശേഖരന്‍ വാളുവീശി...
ഇടനേരം നെടുകെ നിന്ന്, തലയറ്റ ചെറിയഉടല്‍ നിണമൊലിപ്പിച്ച് നിലപാടു തറയില്‍ മലച്ചു വീണു. ഉണ്ണിരാമന്‍ ചവുട്ടിത്തെറുപ്പിക്കും മുമ്പ്, വീണുരുണ്ടതലയില്‍ നിന്ന് അവിശ്വസനീയതയോടെ തന്നെ തുറിച്ചു നോക്കുന്ന കലങ്ങിയ രണ്ടു കണ്ണുകള്‍ ശേഖരന്‍ കണ്ടു.
മാമാങ്കജനം ആര്‍പ്പുകൂട്ടി ആന്ദന്ദനൃത്തമാടി.
തറകേറിയ ചാവേറും ചത്തിരിക്കുന്നു..!
കാഴ്ച്ചക്കും കഥക്കുമുള്ളതായിരിക്കുന്നു..!
പത്തിമടക്കിയ കറുത്തവാള്‍ ശേഖരന്‍ തറയില്‍ കുത്തിയിറക്കി. നടുകണക്കാക്കി ചവിട്ടിയപ്പോള്‍ അതു പകുതിയറ്റു തെറിച്ചു.. പിന്നെ കച്ചയഴിച്ച,് ഒടിഞ്ഞ വാള്‍ത്തല നാലാമത്തെ വാരിയെല്ലിനിടയിലൂടെ കുത്തിയറക്കി....
ഓടി വന്ന ധര്‍മ്മോത്തിളയതിനെ നോക്കി ശേഖരന്‍ കഷ്ടിച്ചു
പറഞ്ഞു.
മകനായിരുന്നു...
വേണ്വോ.. വേണ്വോ....
ബോധാബോധത്തിന്റെ അടുരകളിലൂടെ ആരുടെയോ ശബ്ദം ഇറങ്ങി വരുന്നു.
ഏതന്ധതാമിസ്രത്തിലാണ് പൂണ്ടുപോയത്.. ഇരുണ്ട കൂപത്തിന്റെ ഈ ആഴങ്ങളില്‍ നിന്നെങ്ങനെ കരകയറും.
ആരാണ് പിടിച്ചു താഴ്ത്തുന്നത്.
അംഗങ്ങള്‍ ഛേദിക്കപ്പെട്ട ശരീരങ്ങള്‍ കെട്ടുപിണയുന്നു..
പോ..മാറിപ്പോ.. കൈകള്‍വീശിയടിച്ചു...
വെളിച്ചത്തിന്റെ വെള്ളിത്തരി അങ്ങു കാണാം..
വേണ്വോ....
ആരാണ് വിളിക്കുന്നുത്.. അബോധത്തിന്റെ ആഴത്തില്‍ നിന്ന് ഇനിയെത്ര ദൂരം കാലിട്ടടിച്ചു പൊങ്ങണം..
ശ്വാസം മുട്ടുന്നുണ്ടോ...ഇല്ല.. ഇല്ല. മുകളിലേക്ക് ആരോ കൈ പിടിച്ച് ഉയര്‍ത്തുകയാണ്. പാളികള്‍ ഭേദിച്ച് ബോധത്തിന്റെ ഉണര്‍ച്ചയിലേക്ക്..
വേണു കണ്ണു തുറന്നു.. ഇലഞ്ഞിക്കു മീതെ സൂര്യന്‍ ജ്വലിക്കുന്നു..
വേണ്വോ... എടാ...
ആകുലതയോടെ വിളിക്കുന്ന ഇസ്മായിലിന്റെ മുഖം.
ദെന്തു പറ്റി പഹയാ...യ്യ് ആളെ പേടിപ്പിച്ച്യാള്‍ഞ്ഞല്ലോ..രാത്രീം ആളെ കാണാഞ്ഞിറ്റ് നാട്ടിലും മുഴുവന്‍ തപ്പി..
വേണു കൈകല്‍ കുത്തി എഴുന്നേറ്റു.. കുതിര്‍പ്പു മാറാത്ത ഈ പടര്‍പ്പുകളില്‍ രാത്രി മുഴുവന്‍ മതികെട്ടുറങ്ങിയോ..
ഒറങ്ങിപ്പോയി ഇസ്‌മ്യേ..
പാമ്പും കുറുക്കനും ള്ള ഈ സ്തലത്തോ ഹമ്‌ക്കെ... വീട്ടിലെ് ഊയ്യാരം അറഞ്ഞിറ്റ് അങ്ങാടീന്ന് പീട്യ പൂട്ടി പാഞ്ഞ് വന്നതാ. ലാസ്റ്റില് ഒന്നൂടെ നോക്കാന്ന് വിചാരിച്ച് കേറ്യേതാ..പൊട്ടക്കെണറ്റില് നോക്കാനാ സത്യത്തില് വന്നത്.. നോക്കുമ്പോ മഴേത്ത് അപ്പടി നനഞ്ഞ് ബടെ മലര്‍ന്നു കിടക്കുന്നു..
പൊട്ടിപ്പൊളിഞ്ഞ ഇലഞ്ഞിത്തറയില്‍ ഘനീഭവിച്ച ഭൂതകാലം ഒരു കറുത്ത കല്ലായി മൂടിക്കിടക്കുന്നു..
ആളികത്തിക്കെട്ടുപോയ ഒരു പന്തം അവിടെയുണ്ടായിരുന്നല്ലോ...അതോ തോന്നലോ..
എന്ത്ന്നാടാ കുരിപ്പെ ആലോയ്ക്ക്‌ന്നെ...
ഇസ്മായീല്‍ വേണുവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു..
എടാ നല്ല ന്യൂസ്ണ്ട്... രാവിലെ പോസ്റ്റ്മാഷ് വന്നീനു.. പെങ്ങക്ക് പി എസ്സി വന്നിറ്റിണ്ട്.. ന്തു കാര്യം പറേണ്ടാള് ഇവിടെ കെടന്നുസുഖിക്ക്യല്ലെ..
വെളിപാടില്ലാതെ ഒറങ്ങീട്ട്. മന്ഷ്നെ ബേജാറാക്കി മയ്യത്താക്കി ഹമ്ക്കെ..
വെളിപാട്...
വേണു പതുക്കെപ്പറഞ്ഞു..
എങ്ങുനിന്നോ ഒരു കാറ്റ് വഴിതെറ്റിക്കയറി. ഇലകള്‍ കുടഞ്ഞ് ഇലഞ്ഞി വെഞ്ചാമരമായി..
വേണു തിരിഞ്ഞു നോക്കി
തറയിലപ്പടി ഇലഞ്ഞിപ്പൂക്കള്‍..
(അവസാനിച്ചു)
Content Highlights: 'Kulavan' malayalam novel chapter