'അച്ഛന്റെ അടുത്ത സുഹൃത്തുക്കളായ എഴുത്തുകാര്‍ നല്‍കിയിരുന്ന പേര് 'പ്രേം പൊറ്റാസ്' എന്നായിരുന്നു'

#സുമിത്ര ജയപ്രകാശ്
കോഴിക്കോട് മിഠായിത്തെരുവില്‍ സ്ഥിതിചെയ്യുന്ന എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമ, എസ്.കെ.യുടെ ഫയല്‍ചിത്രം |മാതൃഭൂമി
കോഴിക്കോട് മിഠായിത്തെരുവില്‍ സ്ഥിതിചെയ്യുന്ന എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമ, എസ്.കെ.യുടെ ഫയല്‍ചിത്രം |മാതൃഭൂമി

വര്‍ഷങ്ങള്‍ കടന്നുപോയത്
ഞാന്‍ അറിഞ്ഞില്ല.
''അതിരുകാണാത്ത
യാത്രയാണെങ്കിലും
മധുരമാണെനിക്കെന്നുമീജീവിതം''

ച്ഛന്‍ ഇപ്പോഴും സഞ്ചാരസാഹിത്യത്തില്‍ ദേശാന്തരങ്ങള്‍ താണ്ടുകയാണെന്ന് കരുതാനേ കഴിയുന്നുള്ളൂ. എഴുത്തിനെക്കാള്‍ അച്ഛന്‍ ഇഷ്ടപ്പെട്ടിരുന്നത് യാത്രകളായിരുന്നല്ലോ. അച്ഛന്റെ അച്ഛന്‍ കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്, കോഴിക്കോട്ടെ യൂറോപ്യന്‍ ബോയ്സ് സ്‌കൂളിലെ അധ്യാപകനായിരുന്നു. അദ്ദേഹത്തില്‍നിന്നായിരിക്കണം വായനയില്‍ അച്ഛന് പ്രചോദനം ലഭിച്ചത്. ആ വായനയാണ് അറിയപ്പെടാത്ത രാജ്യങ്ങളിലെ അജ്ഞാതരായ മനുഷ്യരെക്കുറിച്ചറിയാന്‍ ആഗ്രഹം ജനിപ്പിച്ചത്. വളര്‍ന്നപ്പോള്‍ സഞ്ചാരത്തിലായി താത്പര്യം. അങ്ങനെയായിരിക്കും അച്ഛന്‍ ലോകസഞ്ചാരിയായത്.

കുട്ടിക്കാലത്ത് അച്ഛന്റെ ഓമനപ്പേര് കുഞ്ഞന്‍ എന്നായിരുന്നു. എന്തുകാര്യം വേണമെങ്കിലും 'കുഞ്ഞന് വേണം' എന്ന് അച്ഛന്‍ സ്വയം സംബോധനചെയ്തിരുന്നു. ആ പേരില്‍ അറിയപ്പെടാനായിരുന്നു കൂടുതലിഷ്ടം. മുതിര്‍ന്നപ്പോള്‍ എസ്.കെ. പൊറ്റെക്കാട്ട് എന്ന് ചുരുക്കി. അച്ഛന്റെ ശരിയായ പേര് ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്. എസ്.കെ.യെന്നും പൊറ്റെക്കാട്ട് എന്നും എസ്.കെ. പൊറ്റെക്കാട്ട് എന്നുമൊക്കെ പലരും സ്‌നേഹത്തോടെ വിളിച്ചിരുന്നു. പിന്നീട് മാതൃഭൂമിയിലും പാക്കനാര്‍ എന്ന സിനിമാവിനോദ മാസികയിലും അരുണന്‍ എന്ന തൂലികാനാമത്തില്‍ ഹാസസാഹിത്യരചനകള്‍ നടത്തി.

അക്കാലത്തുള്ള അച്ഛന്റെ സുഹൃത്തുക്കളടക്കം പലരുടെയും പ്രവൃത്തികളെ അരുണനായിത്തന്നെ വിമര്‍ശിച്ചിരുന്നു. പക്ഷേ, അരുണന്‍ സ്വന്തം പേര് വെളിപ്പെടുത്തിയില്ല. അച്ഛന്‍ പിന്നീട് ഈ ഹാസസാഹിത്യരചനകള്‍ സമാഹരിച്ച് 'പൊന്തക്കാടുകള്‍' എന്നപേരില്‍ പുസ്തകമാക്കി. കഥയെഴുതിത്തുടങ്ങിയ കാലത്ത് എം.ടി. തന്റെ പേരില്‍ പലപരീക്ഷണങ്ങളും നടത്തിയിരുന്നു എന്നെഴുതിയിട്ടുണ്ട്. എസ്.കെ. പൊറ്റെക്കാട്ട് എന്നതിനെ അനുകരിച്ച് 'വി.എന്‍. തെക്കെപ്പാട്ട്' എന്ന പേരില്‍ ചിലതൊക്കെ എഴുതിയിരുന്നു. 

കാലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ് ബിരുദംനല്‍കി ആദരിക്കുന്നതിനുമുന്‍പ് കോഴിക്കോട്ടുള്ള സാഹിത്യകാരന്മാരുടെ സിന്‍ഡിക്കേറ്റ് അച്ഛന് പുതിയ ഒരു പേര് നല്‍കിയിരുന്നു. മലയാള സാഹിത്യത്തില്‍ നിത്യഹരിത കഥാകാരനായ അച്ഛന്റെ അടുത്ത സുഹൃത്തുക്കളായ എഴുത്തുകാര്‍ നല്‍കിയിരുന്ന പേര് 'പ്രേം പൊറ്റാസ്' എന്നായിരുന്നു. എന്‍.പി. മുഹമ്മദ്, തിക്കോടിയന്‍, എം.ടി. വാസുദേവന്‍ നായര്‍, പട്ടത്തുവിള കരുണാകരന്‍, എം.വി. ദേവന്‍, ഉറൂബ് തുടങ്ങിയവയിരുന്നു ഈ സിന്‍ഡിക്കേറ്റില്‍. പ്രേം പൊറ്റാസ് എന്ന പേര് അച്ഛന്‍ നന്നായി ആസ്വദിച്ചിരുന്നു. ഇനിയും കുറെക്കാലം അച്ഛന്‍ ഈ ലോകത്തുണ്ടായിരുന്നെങ്കില്‍ ഇതുപോലെ എത്രയെത്ര പേരുകളില്‍ അറിയപ്പെടുമായിരുന്നു!

(എസ്.കെ. പൊറ്റെക്കാട്ടിന്റെ മകളാണ് ലേഖിക.)


 

Content Highlights: S.K. Pottekkatt death anniversary, Sumithra Jayaprakash writes about her father S.K. Pottekkatt