ആദ്യവായനയില്‍ ഭാര്യ ചൊടിച്ചു;'ദേശത്തിന്റെ കഥ'യിലെ എമ്മയുടെ മനോഹര രംഗം എസ്.കെ വെട്ടിമാറ്റി!

'ഹരിശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു' എന്ന് ആദ്യം കുറിച്ചതിനുശേഷം മാത്രമാണ് അച്ഛന്‍ എഴുത്ത് തുടങ്ങാറ്. അച്ഛന്‍ എഴുതുമ്പോള്‍ ഇടതുകൈകൊണ്ട് മുടി ചുരുട്ടിക്കൊണ്ടാണ് എഴുത്ത്. പേന അല്പം ചരിച്ചുപിടിക്കും. മഷിപ്പേനയുപയോഗിച്ചാണ് എഴുതാറുള്ളത്. പേനകളുടെ വലിയ ശേഖരംതന്നെയുണ്ട്. അതെല്ലാം ഞാന്‍ നിധിപോലെ സൂക്ഷിക്കുന്നു. അക്ഷരങ്ങള്‍കൊണ്ടുമാത്രം ജീവിച്ചയാളാണ് അച്ഛന്‍.
ജീവിച്ചിരുന്നകാലത്ത് ആ സ്‌നേഹത്തിന്റെ മധുരം ആവോളമറിഞ്ഞു. വിട്ടുപോയെങ്കിലും എവിടെയോ യാത്രപോയിരിക്കുകയാണെന്നും, വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ഏതുനിമിഷവും ഈ ഗേറ്റുതുറന്നൊരാള്‍ അകത്തേക്കുവരുമെന്നും കഥകളിലൂടെ, വര്‍ത്തമാനത്തിലൂടെ ചിരിയും ചിന്തയും ഇവിടെ നിറയുമെന്നും വെറുതെ നിനയ്ക്കാറുണ്ട്.
ദേശത്തിന്റെ കഥയെന്ന നോവലിന്റെ പശ്ചാത്തലമായ കോഴിക്കോട് ഫ്രാന്‍സിസ് റോഡിനടുത്തുള്ള തോട്ടുളിപ്പാടത്തെ 'ദേശക്കാര്‍', നോവലിലൂടെ തങ്ങളുടെ ദേശത്തെ അനശ്വരമാക്കിയ എഴുത്തുകാരന് നല്‍കിയ സ്വീകരണത്തിന്റെ ഓര്‍മകളാണ് ആദ്യം കടന്നുവരുന്നത്. അച്ഛന്‍ ജനിച്ചതും ഇരുപത്തിമൂന്ന് സംവത്സരങ്ങള്‍ ജീവിച്ചതും അവിടെയായിരുന്നു. ആ നോവലിന് കേന്ദ്ര സാഹിത്യപുരസ്‌കാരം ലഭിച്ച സമയത്തായിരുന്നു ദേശത്തിന്റെ മക്കള്‍ അവാച്യമായ സ്‌നേഹത്തിന്റെ അമൂല്യമായ ആ അവാര്‍ഡും നല്‍കിയത്. ആ ഭൂമികയിലെ മനുഷ്യരുടെ മോഹവും മോഹഭംഗങ്ങളും സ്വപ്നങ്ങളും കണ്ണുനീരുമെല്ലാം അതിരാണിപ്പാടമെന്ന വലിയ കാന്‍വാസില്‍ വരച്ചുകാട്ടിയ എഴുത്തുകാരന് നല്‍കിയ ആദരം സ്‌നേഹമസൃണവും ആവേശോജ്ജ്വലവുമായിരുന്നു. ഞങ്ങള്‍ കുടുംബസമേതമാണ് പങ്കെടുത്തത്. അന്ന് മറ്റൊരു വിശേഷദിവസംകൂടിയായിരുന്നു; അച്ഛന്റെ അറുപതാം പിറന്നാള്‍. അന്നവര്‍ അറുപതുതിരിയിട്ട് കത്തിക്കുന്ന നിലവിളക്ക് ഉപഹാരമായി നല്‍കി.
അച്ഛന്‍ മനോഹരമായ ഒരു മറുപടിപ്രസംഗം നടത്തി: ''പാര്‍ലമെന്റില്‍ ഞാന്‍ എന്റെ കന്നിപ്രസംഗം ചെയ്യാന്‍ എഴുന്നേറ്റുനിന്നപ്പോള്‍ പോലും എനിക്ക് സംസാരിക്കാന്‍ ഇത്ര വിഷമം തോന്നിയിട്ടില്ല. കാരണം അവിടെ വികാരവിവശനായിത്തീരേണ്ടതില്ലല്ലോ. ഈ ദേശത്തെ ഓരോ പറമ്പും തൊടിയും മുക്കും മൂലയും എന്നില്‍ വൈകാരികസ്മരണകള്‍ ഉണര്‍ത്തുന്നു. അത്രയ്ക്കു പ്രിയപ്പെട്ടതാണ് ഈ ദേശം. ദേശത്തിന്റെ കഥയിലെ പലരും ഈ മണ്ണില്‍ മറഞ്ഞുകിടപ്പുണ്ട്. ജീവിതത്തില്‍ ആദര്‍ശപുരുഷനായി കരുതിയ എന്റെ അച്ഛനും വാത്സല്യം ഉള്ളിലൊതുക്കി എനിക്കു വിലയേറിയ ഉപദേശങ്ങള്‍ നല്‍കിയ എന്റെ കിട്ടേട്ടനും ഈ മണ്ണിലാണ് മരിച്ചത്. ഈ ദേശത്തിന്റെ ബാഹ്യപ്രകൃതിക്ക് ബൃഹത്തായ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും ഈ മണ്ണ് പഴയതുതന്നെയാണ്. ഞാന്‍ ശിശുവായിരുന്നപ്പോള്‍ വാരിത്തിന്ന മണ്ണുതന്നെ. ആ മണ്ണില്‍ നിന്നുകൊണ്ടാണ് ഞാന്‍ ഈ സ്വീകരണത്തിന്റെ പൂമാലകളും സ്തുതിഗീതങ്ങളും ഏല്‍ക്കുന്നതെന്നോര്‍ക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ വികാരവിവശനായിത്തീരുന്നു. ഇവിടെ ഞാന്‍ താമസിച്ചിരുന്ന എന്റെ വീട്ടിലെ, നോവലിലെ കന്നിപ്പറമ്പിലെ വീട്ടില്‍, ഞാന്‍ ഉറങ്ങിയിരുന്ന മുറിയുടെ ചുമരിന്റെ ഒരു കോണില്‍ അക്കാലത്തെ പെരുമാള്‍ച്ചെട്ടി വയലറ്റ് പെന്‍സില്‍കൊണ്ട് എഴുതിവെച്ച ഒരു മുദ്രാവാക്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു: Be patient to name in literature. ഞാന്‍ വീടുവിട്ടുപോന്നപ്പോഴും എന്റെ മോഹമുദ്രകള്‍ ആ ചുമരില്‍ മായാതെകിടന്നിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് ദേശത്തെ മണ്ണില്‍വെച്ച്, കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയതിന്റെ പേരില്‍ ഈ ദേശക്കാര്‍ സ്‌നേഹവായ്പ്പോടെ എനിക്കുനല്‍കിയ ഈ ഗംഭീരസ്വീകരണത്തോടെ ആ പ്രതിജ്ഞ പൂര്‍ണതേജസ്സോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരിക്കുന്നു.''
കുഞ്ഞുന്നാളിലേ അച്ഛന്‍ കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു എഴുത്തുജീവിതം. അതിന് നാടും കൂടെ നിന്നുവെന്ന് എനിക്കുതോന്നി. ഇതെഴുതുമ്പോള്‍ അച്ഛന്റെ അന്നത്തെ പ്രസംഗം ഇപ്പോഴും കാതില്‍ മുഴങ്ങുംപോലെ. ആ സ്വീകരണയോഗത്തില്‍ നിറയെ പൂക്കളുള്ള ഒരു റോസാച്ചെടി ഒരാള്‍ അച്ഛന് സമ്മാനമായി നല്‍കിയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അച്ഛന്‍ പറയുന്നത്, ആ ചെടി സമ്മാനമായി നല്‍കിയത് തെരുവിന്റെ കഥയിലെ ഓമഞ്ചി എന്ന കഥാപാത്രമായിരുന്നുവെന്ന്. അപ്പോള്‍ പറഞ്ഞിരുന്നെങ്കില്‍ ഒന്ന് നന്നായി നോക്കാമായിരുന്നല്ലോയെന്ന് എനിക്ക് തോന്നി.
ദേശത്തിന്റെ കഥ പിറന്നതിനെപ്പറ്റിയും അച്ഛന്‍ പറഞ്ഞുതന്നിരുന്നു. കുങ്കുമം വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്നതിനായി ഒരു നോവല്‍ അയച്ചുതരാന്‍ പത്രാധിപര്‍ അച്ഛനോട് ആവശ്യപ്പെട്ടു. അച്ഛന്‍ വളരെക്കാലമായി ആലോചിച്ചുകൊണ്ടിരുന്ന ആത്മകഥാപരമായ നോവല്‍ എഴുതിക്കൊടുക്കാമെന്നേറ്റു. അതാണ് ദേശത്തിന്റെ കഥ. കുങ്കുമം പത്രാധിപര്‍ വൈക്കം ചന്ദ്രശേഖരന്‍ നായരും പ്രൊപ്രൈറ്റര്‍ കൃഷ്ണസ്വാമി റെഡ്യാരും ചന്ദ്രകാന്തത്തില്‍ വന്നാണ് എഗ്രിമെന്റ് ഒപ്പിടുവിച്ചത്. നോവല്‍ പ്രസിദ്ധീകരിച്ച് തുടങ്ങുന്നതിന് മുന്‍പുതന്നെ വലിയ വാള്‍പോസ്റ്ററുകള്‍ വഴി ഇതിനവര്‍ പ്രചാരം കൊടുത്തിരുന്നു. പില്‍ക്കാലത്ത് നോവലിന് വളരെയധികം പ്രശസ്തി കിട്ടുമെന്ന് അവര്‍ക്ക് തോന്നിക്കാണുമായിരിക്കുമെന്ന് അച്ഛന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അവരുടെ പ്രേരണകൊണ്ടാണ് അച്ഛന്‍ ആ നോവല്‍ എഴുതിയത്. ഒന്നൊന്നര കൊല്ലംകൊണ്ടാണ് അത് വാരികയില്‍ പ്രസിദ്ധീകരിച്ച് പൂര്‍ത്തിയായത്. ഒരു തെരുവിന്റെ കഥ എഴുതിയപ്പോള്‍ അച്ഛന് വളരെയധികം ക്ലേശിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഒരു ദേശത്തിന്റെ കഥ എഴുതുമ്പോള്‍ എല്ലാം അനര്‍ഗളമായി ഒഴുകി വരുകയായിരുന്നു. ജീവിതത്തിലെ ഓര്‍മകളില്‍നിന്ന് പലതും പകര്‍ത്തുകയായിരുന്നു. ആ കഥയിലെ മിക്കവാറും ആളുകളും സംഭവങ്ങളും യാഥാര്‍ഥ്യങ്ങളായിരുന്നു. ആ കണ്ണികള്‍ കോര്‍ത്തെടുക്കാന്‍ കലയുടെ അംശങ്ങള്‍ ഉപയോഗിക്കുകയാണുണ്ടായത്. അച്ഛന്റെ അച്ഛന്റെയും അച്ഛന്റെ ജ്യേഷ്ഠന്റെയും മരണരംഗങ്ങള്‍ പകര്‍ത്തുന്ന സമയത്ത് അച്ഛന്‍ കരഞ്ഞുപോയിട്ടുണ്ട്. വീണ്ടും ആ രംഗങ്ങള്‍ വായിക്കുമ്പോള്‍ വികാരവിവശനാകാറുണ്ടെന്നും പലപ്പോഴും പറഞ്ഞതായി ഓര്‍ക്കുന്നു.
ദേശത്തിന്റെ കഥയിലെ മനോഹരമായൊരു ഭാഗം വെട്ടിമാറ്റിയ സംഭവവും ഉണ്ട്. വിദേശയാത്രയ്ക്കിടയില്‍ എമ്മ എന്ന ജര്‍മന്‍ പെണ്‍കുട്ടിയെ കണ്ടുമുട്ടിയ ഭാഗത്തെ ചില കാര്യങ്ങളാണ് ഒഴിവാക്കിയത്. അത് അമ്മയുടെ അഭ്യര്‍ഥനകൊണ്ടായിരുന്നു. ശീലചുറ്റിയ ചൂണ്ടുവിരല്‍ പ്രേമപന്തംപോലെ കാണിച്ച് അതിന് തീകൊളുത്തിക്കോളൂ എന്ന ഭാവത്തോടെ എമ്മ നോക്കിയിരുന്നു. കൈയെഴുത്തുപ്രതി വായിക്കുമ്പോള്‍ ഈ ഭാഗം കണ്ട് അമ്മ ചൊടിച്ചു. ഹോട്ടലില്‍ അത്താഴം വിളമ്പിയ എമ്മയുടെ കൈയില്‍ ശീല ചുറ്റിയിരിക്കുന്നത് കണ്ട് ശ്രീധരന്‍ ഇതെന്താണെന്ന് ചോദിക്കുന്നു. അവള്‍ വിരല്‍ നീട്ടിക്കൊടുക്കുമ്പോള്‍ അയാള്‍ ആ ശീല മുഴുവന്‍ അഴിച്ചെടുത്തു. ചെറിയൊരു മുറിവായിരുന്നു. അത് സാരമില്ലെന്ന് പറഞ്ഞ് അത് മുഴുവന്‍ തിരികെ ചുറ്റിക്കൊടുത്തു എന്ന സന്ദര്‍ഭമാണ് അമ്മയ്ക്ക് സഹിക്കാന്‍ പറ്റാഞ്ഞത്. അതിനെന്താ കുഴപ്പം എന്ന് ചോദിച്ചപ്പോള്‍ നിങ്ങളൊരു സ്ത്രീയെ തൊട്ട രംഗം അച്ചടിച്ച് വരുന്നതെനിക്ക് ഇഷ്ടമല്ലെന്നായിരുന്നു മറുപടി. അച്ഛന്‍ പിന്നെ ആ ഭാഗം പിന്നീടൊരു പതിപ്പിലും ചേര്‍ത്തില്ല. കാരണം അമ്മയുടെ വികാരങ്ങളെ അച്ഛന്‍ അത്രയേറെ മാനിച്ചിരുന്നു. വീട്ടിലെത്തിയാലുള്ള അച്ഛന്റെ 'ജയാ...' വിളികള്‍ ഇപ്പോഴും കാതില്‍ മുഴങ്ങാറുണ്ട്. അച്ഛന്‍ അമ്മയെക്കുറിച്ചെഴുതിയ കവിതയും ഡയറിത്താളുകളില്‍ നിന്നെനിക്ക് കിട്ടി.
ദേശത്തിന്റെ കഥയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചപ്പോള്‍ പത്രക്കാര്‍ വീട്ടിലേക്ക് ഒഴുകിയെത്തി. ഞങ്ങള്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരുമ്പോള്‍ വീടിന് മുന്നില്‍ ആള്‍ക്കൂട്ടം. വാര്‍ത്തയറിഞ്ഞ് അച്ഛന്‍ ആദ്യം പോയത് അമ്മയുടെ ഫോട്ടോയ്ക്ക് മുന്നിലായിരുന്നു. ഒരുനിമിഷം മൗനമായി എന്തോ ഓര്‍ത്തു. അക്കാദമി പുരസ്‌കാരം ലഭിച്ചപ്പോള്‍ ഇതിലും വലിയ അവാര്‍ഡ് നിങ്ങളെ തേടിവരുമെന്ന അമ്മയുടെ വാക്കുകളായിരുന്നു ആ മനസ്സില്‍. പുരസ്‌കാരം വാങ്ങുന്നത് നേരിട്ട് കാണാന്‍വേണ്ടി കാത്തിരുന്നതായിരുന്നു ഞാന്‍. എന്നാല്‍ ഒരു സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന സമയമായതിനാല്‍ ഡല്‍ഹിയില്‍ പോകാന്‍ കഴിഞ്ഞില്ല. പുരസ്‌കാരം വാങ്ങുന്നത് കാണാനും അച്ഛന്റെ 10 മിനിറ്റോളം നീണ്ട പ്രസംഗം കേള്‍ക്കാനും പറ്റിയില്ലല്ലോ എന്നോര്‍ത്ത് ഒരുപാട് സങ്കടപ്പെട്ടിരുന്നു. അവാര്‍ഡ് വാങ്ങി തിരിച്ചെത്തിയതിനുശേഷം അവിടെ നടന്നിരുന്ന ഓരോ ചെറിയ കാര്യങ്ങള്‍ വരെ അച്ഛന്‍ വിശദമായി വിവരിച്ചു. അത് കേട്ടപ്പോള്‍ ചടങ്ങ് നേരില്‍ കാണുംപോലെ തോന്നി. കണ്ട കാഴ്ചകള്‍ അക്ഷരങ്ങളിലൂടെ മാത്രമല്ല സംസാരത്തിലൂടെയും കേള്‍വിക്കാരുടെ മുന്നിലെത്തിക്കാനുള്ള കഴിവ് ആ വാക്കുകള്‍ക്കുണ്ടായിരുന്നു.
ഭാരതത്തിന്റെ വൈകാരികൈക്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരള ഹിന്ദി സാഹിത്യമണ്ഡലം അച്ഛന്റെ വ്യക്തിത്വത്തെയും വിപുലമായ സാഹിത്യ സമ്പത്തിനെയും അഖിലേന്ത്യാതലത്തില്‍ പരിചയപ്പെടുത്തുന്നതിനായി ഹിന്ദിയില്‍ ഒരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിരുന്നു. എസ്.കെ. പൊറ്റെക്കാട്ട് ഔര്‍ ഉന്‍കി ശ്രേഷ്ഠ കഹാനിയാം (എസ്.കെ.പൊറ്റെക്കാട്ടും അദ്ദേഹത്തിന്റെ ശ്രേഷ്ഠ കഥകളും). കേരളത്തിലെ ഹിന്ദിപണ്ഡിതന്മാര്‍ തയ്യാറാക്കിയ ഈ ഗ്രന്ഥത്തിന്റെ ഒരു കോപ്പി ന്യൂഡല്‍ഹിയിലെ വിജ്ഞാനഭവനത്തില്‍ അച്ഛന് ജ്ഞാനപീഠപുരസ്‌കാരം സമ്മാനം നല്‍കിയ അതേ വേദിയില്‍വെച്ച് അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ് റെഡ്ഡി പ്രകാശനം ചെയ്തിരുന്നു. ജ്ഞാനപീഠം അവാര്‍ഡ് നേടിയ ഹിന്ദിക്കാരനല്ലാത്ത ഒരു ഗ്രന്ഥകാരനെപ്പറ്റിയും അദ്ദേഹത്തിന്റെ കലാസൃഷ്ടികളെക്കുറിച്ചും ഇത്ര വേഗത്തില്‍ ഒരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തുന്നത് ആദ്യമായാണ്. അച്ചടിയടക്കം രണ്ടുമാസത്തിനുള്ളിലാണ് ബൃഹത്തായ ഈ ഗ്രന്ഥം പുറത്തുകൊണ്ടുവന്നത്.
ഡല്‍ഹിയിലെ ഹിന്ദി സാഹിത്യകാരന്മാര്‍ ഈ ഗ്രന്ഥത്തെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. ജ്ഞാനപീഠം ഭാരവാഹികളും മലയാളികളായ ഹിന്ദിപണ്ഡിതന്മാരുടെ ഈ സംരംഭത്തെ അഭിനന്ദിച്ചതോര്‍ക്കുന്നു. കുഞ്ഞുണ്ണിമാഷ്, അച്ഛനയച്ചുകൊടുത്ത അഭിനന്ദനക്കുറിപ്പും മറക്കാന്‍ പറ്റില്ല. അത് ഇപ്രകാരമായിരുന്നു:
ജ്ഞാനപീഠത്തില്‍ കേറി
ശങ്കരന്‍ നേടി ജ്ഞാന
പീഠ സമ്മാനം ഹാഹാ
ശങ്കരക്കുറുപ്പാദ്യം
പിന്നെ ശങ്കരന്‍ കുട്ടി
വേദാന്ത സാഹിത്യങ്ങള്‍
ക്കൊന്നുപോലീക്കേരളം
ഭാരതത്തിനു പീഠ
മാക്കി ശങ്കരത്രയം.
അച്ഛന്റെ സാഹിത്യയാത്ര ആദ്യകാലത്ത് എത്ര കഷ്ടത നിറഞ്ഞതാണെന്ന് ഡയറിക്കുറിപ്പുകളിലൂടെ കടന്നുപോയപ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്. സ്വതന്ത്രമായി സഞ്ചരിക്കാനുള്ള മോഹവും സാഹിത്യരചനയെന്ന മോഹവും വര്‍ധിച്ചപ്പോള്‍ മേലിലാരേയും യജമാനനായി സ്വീകരിക്കാനോ ആര്‍ക്കും യജമാനനായിരിക്കാനോ ഇടവരരുതെന്ന ഒരു പ്രതിജ്ഞയെടുത്തിരുന്നു. 1944- ല്‍ ഉദ്യോഗം രാജിവെച്ച് മുംബൈയില്‍നിന്ന് നാട്ടിലേക്ക് മടങ്ങി. പ്രതിജ്ഞ മരണംവരെ പാലിച്ചു.
പുതിയ തലമുറയെ കുറ്റം പറയുന്ന കൂട്ടത്തിലായിരുന്നില്ല അച്ഛന്‍. ഒരിക്കല്‍ എന്റെ രണ്ടാമത്തെ ചേട്ടന്‍ (ജയദേവന്‍) മുടി നീട്ടി വളര്‍ത്തിയിരുന്നു. അന്നത്തെ (ഹിപ്പി സ്‌റ്റൈല്‍) അതിനോട് അച്ഛന് ചെറിയ ഒരു ഇഷ്ടക്കേടുണ്ടായിരുന്നു. പക്ഷേ, ആ കാര്യം നേരിട്ട് ഏട്ടനോട് പറയാതെ പകരം അച്ഛന്‍ പഴയൊരു സംഭവം വിവരിച്ചുതന്നു. അച്ഛന്‍ സ്‌കൂള്‍ ഫൈനല്‍ ക്ലാസില്‍ പഠിക്കുന്ന കാലത്തുപോലും അച്ഛന്റെ മുടി പരിഷ്‌കൃത മട്ടില്‍ ക്രോപ്പ് ചെയ്യിക്കാന്‍ അച്ഛന്റെ അച്ഛന്‍ അനുവദിച്ചിരുന്നില്ല. അച്ഛന്‍ മൂക്കിനുതാഴെ ഒരു മുറിമീശ വളര്‍ത്തിയതിന്റെ പേരില്‍ അച്ഛന്റെ അമ്മ നെഞ്ചത്തടിച്ച് കരഞ്ഞിട്ടുണ്ടായിരുന്നു.
''സാഹിത്യം ജീവിതമാക്കണമെന്ന തീരുമാനം സാഹസം തന്നെയായിരുന്നു. എങ്കിലും, അച്ഛന്‍ പിന്തിരിയാതെ നിന്നു. അച്ഛന് ആ കാര്യത്തില്‍ സംതൃപ്തിയുണ്ടായിരുന്നു. മുംബൈയില്‍ സാഹിത്യംവിട്ട് മറ്റെന്തെങ്കിലും വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കില്‍ ഭൗതികനേട്ടങ്ങള്‍ ഉണ്ടാകുമായിരുന്നു. പക്ഷേ, ഒരു സാഹിത്യകാരനെന്ന നിലയില്‍ എത്രയോ മനുഷ്യഹൃദയങ്ങളില്‍ നിലകൊള്ളാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു''- അച്ഛന്റെ വാക്കുകളാണിത്.
ഏറ്റവും നല്ല കഥകള്‍ ഒരുപക്ഷേ, ഏറ്റവും വലിയ ദുരിതമനുഭവിച്ച കാലത്താണ് എഴുതിയിട്ടുള്ളത്. 'പുള്ളിമാന്‍' എന്ന കഥ അച്ഛന്‍ മുംബൈയില്‍ ഉദ്യോഗംതേടി അലഞ്ഞിരുന്നകാലത്ത് എഴുതിയതാണ്. ആ കാലത്ത് ഫൗണ്ടന്‍പേനയില്ല. ഒരു കുപ്പി മഷിയും സ്റ്റീല്‍പേനയുമായി അവിടത്തെ പാര്‍ക്കിലേക്ക് പോകും. കാറ്റത്തിരുന്ന് സുഖമായിട്ടെഴുതും. ഉച്ചയ്ക്ക് പുഴുങ്ങിയ കടലയും പച്ചവെള്ളവും കുടിച്ചിട്ട് ആ ബെഞ്ചില്‍ കിടന്നുറങ്ങും. അങ്ങനെയാണ് പുള്ളിമാനെന്ന കഥയെഴുതിയത്.
സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അച്ഛന്റെ ആഗ്രഹം ഒരു പെരുമാള്‍ച്ചെട്ടി വയലറ്റ് പെന്‍സില്‍ വാങ്ങണമെന്നതായിരുന്നു. അന്ന് അതാണ് ഏറ്റവും കേമം. രണ്ടണയാണ് വില. ആ ആഗ്രഹത്തോടുകൂടി കാശും സമ്പാദിച്ച് കോഴിക്കോട്ട് എത്തി. അന്ന് അധികം വാഹനങ്ങളൊന്നുമില്ല. ഒന്നോ രണ്ടോ കാറുകള്‍ ഉണ്ടായെന്നിരിക്കും. കുതിരവണ്ടികളും കാളവണ്ടികളും ഒക്കെ ധാരാളം. രണ്ടണ എന്ന് പറയുന്നത് അന്നത്തെ അരയ്ക്കാല്‍ രൂപയാണ്. വെള്ളിനാണയമാണ്. വിക്ടോറിയാ മഹാറാണിയുടെ ചിത്രമുള്ള ചെറിയൊരു തുട്ട്. അതുമായി പോകുമ്പോള്‍ തെരുവിന്റെ മൂലയില്‍ വാതംപിടിച്ച് കാലുകള്‍ രണ്ടും കുഴഞ്ഞ ഒരു ഭിക്ഷക്കാരന്‍. ഒരു പായ നാലാക്കി മടക്കി കെട്ടിവെച്ചിട്ടുണ്ട്. അവന്‍ തെരുവിന്റെ ഒരു ഭാഗത്തുനിന്ന് മറ്റേഭാഗത്തേക്ക് കടക്കാനുള്ള ശ്രമമാണ്. വളരെ ദയനീയമായ കാഴ്ച. സ്വാധീനമില്ലാത്ത അവന്‍ റോഡ് ക്രോസ്‌ചെയ്യുകയാണ്. ഇഴഞ്ഞിഴഞ്ഞ് നാലുഭാഗവും നോക്കി വണ്ടികളൊന്നും വരുന്നില്ല എന്ന് കണ്ടപ്പോള്‍ കടന്നു. ഏതാണ്ട് ഹിമാലയപര്‍വതം കയറിയിറങ്ങുന്ന പ്രയാസത്തോടുകൂടി. ആ രംഗം അച്ഛനെ വല്ലാതെ സ്പര്‍ശിച്ചു. അവന് എന്തെങ്കിലും കൊടുക്കണം എന്ന് തോന്നി. കൈയില്‍ പെരുമാള്‍ചെട്ടി പെന്‍സില്‍ വാങ്ങാനുള്ള അരയ്ക്കാല്‍രൂപ മാത്രമേയുള്ളൂ. പെന്‍സില്‍ വാങ്ങിയില്ലെങ്കിലും വിരോധമില്ല എന്ന് വിചാരിച്ച് അച്ഛന്‍ ആ രൂപ അവന് കൊടുത്തു. ആ വെള്ളിനാണയം അവനങ്ങനെ നോക്കി കണ്ണിനോടടുത്ത് പിടിച്ചു (പണ്ടുകാലത്ത് അരയ്ക്കാല്‍രൂപ എന്ന് പറഞ്ഞാല്‍ വലിയ വിലയാണ്). എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അത് വായിലിട്ടു. അതുകഴിഞ്ഞ് അവന്‍ ഒരബോധാവസ്ഥയില്‍ ഇര വിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ ഒരു കിടപ്പ്. അച്ഛനതുകണ്ട് വല്ലാതെ തോന്നി. പിന്നെ അതേപ്പറ്റി ഒരു കഥയെഴുതി. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ആ സ്ട്രീറ്റ് കടക്കുമ്പോഴൊക്കെ അച്ഛന്റെ വെള്ളി അരയ്ക്കാല്‍രൂപ വിഴുങ്ങിയ ആ ഭിക്ഷക്കാരന്‍ അവിടെ മയങ്ങിക്കിടക്കുന്നതായി അച്ഛന് തോന്നാറുണ്ടായിരുന്നു.
അച്ഛന്റെ കഥകള്‍ അധികവും അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ്. 'വധശിക്ഷ' എന്ന ചെറുകഥയില്‍ ഞങ്ങള്‍ മക്കള്‍ നാലുപേരും കഥാപാത്രങ്ങളാണ്. ചന്ദ്രകാന്തത്തില്‍ നടന്ന ഒരു സംഭവമാണ്. ആ കഥയുടെ തുടക്കം ഇങ്ങനെയാണ്. ''അന്ന് രാവിലെ ഞാന്‍ പോര്‍ട്ടിക്കോവില്‍ ഇരുന്നു പത്രം വായിച്ചുകൊണ്ടിരിക്കെ എന്റെ കൊച്ചുമോള്‍ ആചാരത്തോടെ അടക്കത്തോടെ (പതിവിന് വിപരീതമായി) എന്റെയടുക്കല്‍ വന്നുനിന്ന് ഒരഭ്യര്‍ഥന സമര്‍പ്പിച്ചു. ''അച്ഛാ വീട്ടില്‍ നല്ലൊരു നായക്കുട്ടിയെ പോറ്റണം. അടുത്ത വീട്ടിലെ അമ്മാളുവിന്റെ പുരയിലെ പട്ടി പെറ്റിട്ടുണ്ട്.'' എന്റെ നാല് സന്താനങ്ങളുംകൂടി നടത്തിയ ഒരു ഗൂഢാലോചനയാണെന്നത് എനിക്കുടന്‍ മനസ്സിലായി മൂത്ത മൂന്നുപേരുംകൂടി ആലോചിച്ച് കൊച്ചു മോളെ പിണിയാളാക്കി എന്റെയടുത്തേക്ക് പറഞ്ഞുവിട്ടിരിക്കുകയാണ്. എനിക്ക് അവളോട് ഒരു പ്രത്യേക വാത്സല്യമുണ്ടെന്ന് അവളുടെ രണ്ട് ചേട്ടന്മാര്‍ക്കും ചേടത്തിക്കും അറിയാം.'' അതെ, എനിക്കും അറിയാം ഇളയമകളായതുകൊണ്ട് അച്ഛന് എന്നോട് പ്രത്യേക വാത്സല്യമുള്ള കാര്യം. ഞങ്ങള്‍ ഓമനിച്ചുവളര്‍ത്തിയ ആ പട്ടിക്കുട്ടിയെ ഒരുദിവസം ഭ്രാന്തന്‍നായ കടിച്ചു. അതുകാരണം അതിനെ കൊന്നുകളയേണ്ടിവന്നു. ഏട്ടനായിരുന്നു എനിക്ക് ടോണി എന്ന് പേരുള്ള പട്ടിക്കുട്ടിയെ കൊണ്ടുതന്നത്. ഞാന്‍ അതിനെ വല്ലാതെ ഓമനിച്ചായിരുന്നു വളര്‍ത്തിയിരുന്നത്. പെട്ടെന്ന് ഒരുദിവസം അതിനെ കൊല്ലാന്‍പോകുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ ഒരുപാട് കരഞ്ഞു. ഈ സംഭവം അച്ഛന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. അതാണ് പിന്നീട് വധശിക്ഷ എന്ന കഥയായി മാറിയത്. അച്ഛന്‍ ഹൈസ്‌കൂള്‍വിദ്യാര്‍ഥിയായിരുന്നകാലത്തുണ്ടായ ഒരു സംഭവമാണ് അച്ഛനെ ചെറുകഥകളെഴുതാന്‍ പ്രേരിപ്പിച്ചതെന്നും പറഞ്ഞുകേട്ടിട്ടുണ്ട്.
''മകനെ സുഖമായി വളര്‍ത്താനും വിദ്യാഭ്യാസംചെയ്യിക്കാനും വേണ്ടി തന്റെ സകല മുതലും വിറ്റ് പോരാത്തതിന് അയല്‍വീടുകളില്‍ ഭൃത്യപ്പണി ചെയ്ത് വളരെ കഷ്ടങ്ങളനുഭവിച്ച അക്ഷരജ്ഞാനമില്ലാത്ത ഒരു വൃദ്ധമാതാവ്. അമ്മ ആഗ്രഹിച്ചതുപോലെ ആ മകന്‍ ഒരു ചെറിയ ഉദ്യോഗസ്ഥനായി. ഒടുവില്‍ ഒരു ഉദ്യോഗസ്ഥയില്‍ അനുരക്തനുമായി. ആ പ്രേമസത്വത്തെയുംകൊണ്ട് അകലെയൊരിടത്ത് അമ്മയെയും ഉപേക്ഷിച്ച് സുഖിക്കുകയാണ്. നിസ്സഹായതയിലും പട്ടിണിയിലും വലയുന്ന ആ വൃദ്ധമാതാവ് തന്റെ മകന്റെ മനസ്സിളക്കാന്‍വേണ്ടി നീണ്ട കത്തുകളെഴുതി അയക്കാന്‍ എന്റെയടുക്കല്‍ വന്നുകൊണ്ടിരുന്നു. ഞാന്‍ സ്‌കൂളിലേക്കുള്ള ഹോംവര്‍ക്ക് ചെയ്തുകൊണ്ടിരിക്കെ പാവം തള്ള ഏതോ സ്റ്റേഷനറിപ്പീടികയിലെ മുളങ്കോലില്‍ തൂങ്ങിക്കിടക്കുന്നിടത്തുനിന്ന് വാങ്ങിയ മണ്ണുപറ്റി മഞ്ഞച്ച ഒരു വരയന്‍ കത്തുകടലാസും ഒരു മുദ്രലക്കോട്ടും ഒരു കൈയില്‍ പിടിച്ച് മറ്റേ കൈകൊണ്ട് കോണിപ്പടി തപ്പിത്തപ്പി മാളികയിലെ വരാന്തയിലേക്ക് കയറിവരുന്ന രംഗം ഇപ്പോഴും മുന്‍പില്‍ കാണുന്നു. അവര്‍ കവറും കത്തും കടലാസും മേശപ്പുറത്ത് സ്ഥാപിച്ച് നിലത്ത് മുട്ടുമടക്കിയിരുന്ന് തന്റെ കഷ്ടപ്പാടുകളും മകനുവേണ്ടി താന്‍ ചെയ്ത ത്യാഗങ്ങളും ഓരോന്നായി എണ്ണിയെണ്ണിക്കൊണ്ട് കണ്ണുനീര്‍ തുടച്ചും മൂക്കുപിഴിഞ്ഞുംകൊണ്ട് അവര്‍ പറയും. അവന്റെ മനസ്സൊന്നിളക്കാന്‍ എന്റെ മോന്‍ (ഇത് എന്നെ ഉദ്ദേശിച്ചാണ്) ഇതെല്ലാം ഒന്ന് എഴുതി അയക്കണം. ദൈവത്തെ മറന്ന് കളിക്കെണ്ടാ എന്നും പറയണം. അക്ഷന്തവ്യമായ കൃതഘ്നതയോടെ പെരുമാറിയ തന്റെ പുത്രനോട് ആ അമ്മയ്ക്ക് ഒട്ടും വിദ്വേഷമില്ലായിരുന്നു. എനിക്ക് ആ വൃദ്ധയുടെ പരിതസ്ഥിതിയില്‍ വലിയ സഹതാപം തോന്നി. അവര്‍ കണ്ണീരില്‍ കലര്‍ത്തിപ്പറഞ്ഞ കഥകള്‍ എന്നെ വികാരപരവശനാക്കി. അവര്‍ പറഞ്ഞതെല്ലാം പാകപ്പെടുത്തി സ്വന്തം വകയായി ചില സരസ്വതീവിലാസങ്ങളും ചേര്‍ത്ത് ഞാന്‍ ആ മടയനായ മകന് തുടരെത്തുടരെ കത്തുകള്‍ എഴുതി അയച്ചു.
രണ്ടുമൂന്നുമാസം കഴിഞ്ഞപ്പോള്‍ അവന്‍ അമ്മയ്ക്ക് ഭാര്യ അറിയാതെ സ്വകാര്യമായി കുറേശ്ശെ പണം അയച്ചുതുടങ്ങി. അവന് ഒടുവില്‍ തന്റേടം ഉദിച്ചതുകൊണ്ടോ അതല്ല എന്റെ കത്തുകളിലെ വാഗ്ചാതുര്യംമൂലം മനസ്സിളകിയതുകൊണ്ടോ എന്നറിഞ്ഞുകൂടാ. ഒടുവില്‍ പറഞ്ഞതാണ് വാസ്തവമെന്ന് ബാലസഹജമായ അഭിമാനത്തോടെ ഞാനന്ന് വിശ്വസിച്ചു. ആ മകന്‍ ഒരിക്കല്‍ അമ്മയെ കാണാന്‍ വരികകൂടി ചെയ്തു. അപ്പോള്‍ അവന്‍ അമ്മയോട് ആരാണ് അവര്‍ക്ക് ഈ കത്തുകളെല്ലാം എഴുതിക്കൊടുക്കുന്നതെന്ന് ചോദിച്ചതായും 'ഒരു ഷ്‌ക്കോള്‍ക്കുട്ടി'യാണെന്ന് തള്ള മറുപടി പറഞ്ഞതായും അറിഞ്ഞു. അപ്പോള്‍ എന്റെ അഭിമാനം ഉച്ചകോടിയിലെത്തിപ്പോയി. ഏറെക്കാലം മകന്റെ സംഭാവനകൊണ്ട് സുഖിക്കാന്‍കഴിയുന്നതിനുമുന്‍പ് ആ വൃദ്ധമാതാവ് നിത്യശാന്തിയും തേടി മണ്ണിനടിയിലേക്ക് പോയി. അവരാണ് ചെറുകഥാരചനയില്‍ എന്റെ ആദ്യത്തെ ഗുരുനാഥ. അവരുടെ മകന് അന്ന് ഞാനെഴുതിയ കത്തുകളാണ് എന്റെ ആദ്യത്തെ 'ചെറുകഥകള്‍' എന്ന് പറയാം. ചെറുകഥകള്‍കൊണ്ട് ആളുകളുടെ മനസ്സിളക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. പക്ഷേ, എരിയുന്ന നെഞ്ചും പൊരിയുന്ന വയറുമായി നരകിക്കുന്ന ഒരു ദരിദ്രമാതാവിനെ അന്ത്യകാലത്ത് കുറഞ്ഞൊന്ന് ആശ്വസിപ്പിക്കാനും പ്രേമാന്ധനായി വഴിപിഴച്ച ഒരു യുവാവിനെ മാതൃഹൃദയത്തിന്റെ ഒരു ചിത്രം വരച്ചുകാണിച്ച് മനസ്സിളക്കിത്തീര്‍ക്കാനും ഒരിക്കല്‍ എനിക്ക് സാധിച്ചിട്ടുണ്ടെന്ന് ഞാന്‍ അഭിമാനത്തോടെ വിശ്വസിക്കുന്നു.'' അച്ഛന്‍ എഴുതിയതാണിത്.
1943-ല്‍ അച്ഛന്‍ കോഴിക്കോട്ട് മാവൂര്‍ റോഡിലെ അരയിടത്തുപാലത്തിനടുത്ത് ഒരു പീടികമാളികയിലെ വലിയ ഒരു മുറി വാടകയ്‌ക്കെടുത്ത് ബ്രിഡ്ജ് വ്യൂ എന്ന പേരില്‍ എഴുത്തുമുറിയാക്കിയിരുന്നു. ബ്രിഡ്ജ് വ്യൂവിന്റെ ജാലകത്തിലൂടെ നോക്കിയാല്‍ ദൂരെ കിഴക്ക് ഇന്ദ്രനീലഭിത്തികള്‍ വ്യക്തമായി കാണാമെന്ന് അന്ന് അച്ഛന്‍ എഴുതിയിരുന്നു. ഇന്ദ്രനീലം, ചന്ദ്രകാന്തം, പത്മരാഗം തുടങ്ങിയ കല്ലുകളോട് അച്ഛന് എന്തോ മമതയുണ്ടായിരുന്നു. അന്ന് ഭാവനയില്‍ കണ്ടിരുന്നത് ഞങ്ങളുടെ ഇന്ദ്രനീലം വീടിന്റെ നീലഭിത്തികളായിരുന്നോ എന്ന് ഞാനിപ്പോള്‍ ഓര്‍ക്കാറുണ്ട്. അച്ഛന്‍ എനിക്ക് നല്‍കിയിരുന്ന ഇന്ദ്രനീലം എന്ന ചെറുകഥാസമാഹാരത്തിന്റെ പേരുതന്നെയാണ് ഞങ്ങളുടെ വീടിനും ഇട്ടത്.
എന്റെ ജനനംമുതല്‍ അച്ഛന്റെ മരണംവരെ ഞാന്‍ അച്ഛന്റെ കൂടെയുണ്ടായിരുന്നു. ലോകസഞ്ചാരിയായിരുന്നതുകൊണ്ടുതന്നെ അച്ഛനോടൊപ്പം ദൂരയാത്രകള്‍ ചെയ്യാന്‍ അധികമൊന്നും കഴിഞ്ഞിട്ടില്ല. പക്ഷേ, അച്ഛന്റെ എഴുത്തിലൂടെ ആ ലോകം ഞങ്ങള്‍ക്കും സ്വന്തമായിരുന്നു.
അച്ഛന് ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്ന സമയത്ത് ഞങ്ങളെ സകുടുംബം എം.ടി. വാസുദേവന്‍നായര്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് ക്ഷണിച്ചത് ഇപ്പോഴും മായാതെ ഓര്‍മയിലുണ്ട്. അച്ഛന്‍ ജ്ഞാനപീഠപുരസ്‌കാരം നേടിയതിനുശേഷം മദ്രാസ് ടി.വി.ക്കുവേണ്ടി എം.ടി. അച്ഛനെ ഇന്റര്‍വ്യൂചെയ്തിരുന്നു. അന്ന് എം.ടി. അച്ഛനോട് പുതുമയുള്ള ഒരു ചോദ്യം ചോദിച്ചു:
''എസ്.കെ. എന്തിന് എഴുതുന്നു?''
അച്ഛന്‍ പറഞ്ഞ മറുപടി: ''എനിക്ക് കുറെയേറെ കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. ഇതേ അതിന് മാര്‍ഗമുള്ളൂ എന്ന് തോന്നി. കുറെയൊക്കെ പറഞ്ഞു. ഇനിയും വളരെയധികം പറയാനുണ്ട്.''
എനിക്ക് പറയാനുള്ളത് എന്റെ അച്ഛനെപ്പറ്റിയും. അച്ഛന് ലോകമായിരുന്നു തറവാടെങ്കില്‍ എനിക്ക് അച്ഛനായിരുന്നു ലോകം. എത്ര പറഞ്ഞാലും എത്ര എഴുതിയാലും മതിയാവാത്ത അച്ഛനാണെന്റെ ദേശം.
(എല്ലാ ദേശങ്ങളുടേയും കഥയായി മാറിയ നോവലിനെക്കുറിച്ചും എസ്.കെ. പൊറ്റെക്കാട്ടിന്റെ എഴുത്തുജീവിതത്തെക്കുറിച്ചും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മകള്‍ സുമിത്ര ജയപ്രകാശ് എഴുതിയ ഓര്‍മക്കുറിപ്പ്. )
Content Highlights: sk pottekkat 42 death anniversary his daughter sumithra jayaprakash writes